എൻ. അജിത്കുമാർ
സ്വാതന്ത്ര്യാനന്തര ഭാരതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയാണു ജവഹര്‍ലാല്‍ നെഹ്റു. ഇന്ത്യയിലെ യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തിന്‍റെ ജന്മദിനം ശിശുദിനമായി നാം ആചരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ 17 വര്‍ഷങ്ങള്‍ അദ്ദേഹം രാജ്യത്തിനു വഴികാണിച്ചു. അക്കാലത്ത് ജവഹര്‍ലാല്‍ ഇല്ലാത്ത ഒരു ഇന്ത്യയെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണത്തിനുശേഷം, നാലു ദശാബ്ദങ്ങള്‍ക്കുശേഷം ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു നാം കടക്കവേ നെഹ്റുവില്‍ നിന്നും ഇന്ത്യ എത്രയോ മാറിപ്പോയിരിക്കുന്നു. നെഹ്റുവിയന്‍ പാരമ്പര്യത്തിന്‍റെ അടിസ്ഥാന ശിലകളായ ജനാധിപത്യ സ്ഥാപനങ്ങളുടെ നിർമാണം, മതേതരത്വം, സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ, ചേരിചേരാനയം എന്നിവയെല്ലാം ഇന്നു ചോദ്യം ചെയ്യപ്പെടുകയാണ്.
പുരാതനമായൊരു കശ്മീരി ബ്രാഹ്മണകുടുംബത്തില്‍ 1889 നവംബര്‍ 14നു മോത്തിലാല്‍ നെഹ്റുവിന്‍റെയും സ്വരൂപ് റാണിയുടെയും രണ്ടാമത്തെ പുത്രനായാണു ജവഹര്‍ലാല്‍ ജനിച്ചത്. മൂത്ത സഹോദരി വിജയലക്ഷ്മി ഇളയ സഹോദരി കൃഷ്ണ.
അലഹബാദിലെ കൊട്ടാരതുല്യമായ ആനന്ദഭവനത്തില്‍ ഏകാന്തമായി ബാല്യകാലം. പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു. ഫെര്‍ഡിനന്‍റ് ടി. ബ്രൂക്ക് എന്ന സായ്പ് ആയിരുന്നു ട്യൂഷന്‍ മാസ്റ്റര്‍. ഉപരിപഠനത്തിനായി കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. അവിടത്തെ ഹാരോ പബ്ലിക് സ്കൂളിലും കേംബ്രിഡ്ജിലും ഇന്നര്‍ടെമ്പിളിലും ഉന്നത വിദ്യാഭ്യാസം. 1912 ല്‍ ബാരിസ്റ്റന്‍ പരീക്ഷ ജയിച്ച് ഇന്ത്യയിലേക്കു മടങ്ങി.
അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകവൃത്തിയുമായി കോടതി ജോലികളില്‍ അച്ഛനെ ആവുംപോലെ സഹായിച്ചുനടന്ന കാലത്താണ് ബന്ദിപ്പൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ (1912) പ്രതിനിധിയായി നെഹ്റു പങ്കെടുത്തത്. ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സെര്‍വന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി, ആന്‍റി ബസന്‍റിന്‍റെ ഹോം റൂള്‍ ലീഗ് എന്നിവയോട് അടുപ്പം കാണിച്ച് നെഹ്റു പൊതുവേദിയില്‍ ആദ്യമായി പ്രസംഗിക്കുന്നത് 1915ലാണ്. 1916 ല്‍ കമലാ കൗളിനെ വിവാഹം ചെയ്തു. 1916 ലെ കോണ്‍ഗ്രസിന്‍റെ ലഖ്നൗ വാര്‍ഷികസമ്മേളനത്തിലാണു നെഹ്റു ഗാന്ധിജിയെ ആദ്യമായി കാണുന്നത്. മഹാത്മാഗാന്ധിയുടെ വ്യക്തിപ്രഭാവത്തിലും നേതൃത്വത്തിലും ആകൃഷ്ടനായ നെഹ്റു ഇന്ത്യന്‍ സ്വതന്ത്ര പ്രസ്ഥാനത്തില്‍ സജീവമാകാന്‍ തീരുമാനിച്ചു. 1917 ല്‍ ഏക പുത്രിയായ ഇന്ദിരാ പ്രിയദര്‍ശിനി ജനിച്ചു.
ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. രാജ്യമൊട്ടാകെ നടന്ന് പ്രസംഗങ്ങള്‍ നടത്തി. ആ പ്രഭാഷണചാതുരിയില്‍ ജാതിമതഭേദമെന്യേ ജനങ്ങള്‍ ആകൃഷ്ടരായി. അദ്ദേഹം ഭാരതത്തിലെ ജനസമ്മതനായ നേതാവായി ഉയരുകയായിരുന്നു.
1919 ല്‍ പിതാവ് മോത്തിലാലിനോടൊപ്പം ഇന്‍ഡിപെന്‍ഡന്‍റ് എന്ന വര്‍ത്തമാന പത്രം ആരംഭിച്ചു. 1923 അലഹബാദ് മുന്‍സിപ്പാലിറ്റിയുടെ ചെയര്‍മാനായി. അതേവര്‍ഷംതന്നെ എഐസിസി ജനറല്‍ സെക്രട്ടറി. 1935ല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ്. 1936ല്‍ ഇന്ദിരാ പ്രിയദര്‍ശിനിയെ നെഹ്റുവിന്‍റെ കൈകളിലേല്‍പ്പുച്ച് ക്ഷയരോഗബാധിതയായ കമലാ നെഹ്റു അന്തരിച്ചു.
രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങി അൽപ്പനാൾക്കകം ആദ്യ ജയില്‍ജീവിതം നെഹ്റുവിനെ തേടിയെത്തി. ഖിലാഫത്ത് പ്രക്ഷോഭത്തെ തുടര്‍ന്ന് 1921 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1921 മുതല്‍ 1945 വരെയുള്ള കാലഘട്ടത്തില്‍ വിവിധ കുറ്റങ്ങളുടെ പേരില്‍ 9 വര്‍ഷം അദ്ദേഹം ജയില്‍വാസമനുഭവിച്ചു. 1930 ല്‍ ഉപ്പ് നിയമത്തിനെതിരേ സംഘടിപ്പിച്ച പ്രചാരണങ്ങളെ തുടര്‍ന്ന് നെഹ്റു അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദണ്ഡിമാര്‍ച്ചില്‍ പങ്കെടുത്ത പത്നി കമലയും അറസ്റ്റ് വരിച്ചു.
1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ തുടര്‍ന്ന് മറ്റ് ഉന്നത നേതാക്കള്‍ക്കൊപ്പം നെഹ്റു വീണ്ടും ജയിലിലായി. ജയില്‍ ജീവിതം ഏകാന്തവും യാതനകള്‍ നിറഞ്ഞതും ആയിരുന്നെങ്കിലും വായിക്കാനും ചിന്തിക്കാനും എഴുതാനുമുള്ള അവസരമായി അദ്ദേഹം ആ കാലഘട്ടത്തെ പ്രയോജനപ്പെടുത്തി. തടവറയില്‍വെച്ചാണ് നെഹ്റുവിന്‍റെ പ്രശസ്ത കൃതികള്‍ രചിക്കപ്പെട്ടത്. ജയില്‍വാസക്കാലത്ത് മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്തുകള്‍ സമാഹരിക്കപ്പെട്ടതാണ് ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍.
1930 നവംബര്‍ 19ന് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പതിമൂന്നാം ജന്മദിനത്തില്‍ പിറന്നാള്‍ സമ്മാനമായാണ് ജയിലില്‍ കഴിയുന്ന നെഹ്റു ആദ്യ കത്ത് മകള്‍ക്കയച്ചത്. വിവിധ ജയിലുകളില്‍ നിന്നായി 3 വര്‍ഷംകൊണ്ട് 196 കത്തുകള്‍ അച്ഛന്‍ മകള്‍ക്കയച്ചു. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ അമ്പാടി ഇക്കാവമ്മ ഈ പുസ്തകം ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.
നെഹ്റുവിന്‍റെ മറ്റു പ്രധാന കൃതികള്‍:
ആത്മകഥ: ഇന്ത്യയെ കണ്ടെത്തല്‍.
ഇന്ത്യയില്‍ 18 മാസം , വിശ്വചരിത്രാവലോകം , ഇന്ത്യയും ലോകവും , മഹാത്മാഗാന്ധി, സോവിയറ്റ് റഷ്യ, ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക്, ഇന്ത്യയുടെ ഏകത, ഒരുകൂട്ടം പഴയ കത്തുകള്‍.
1940-ല്‍ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യഗ്രഹത്തില്‍ ആദ്യ സത്യഗ്രഹിയായ വിനോഭാബാവയെ തുടര്‍ന്ന് നെഹ്റുവായിരുന്നു രണ്ടാമന്‍. ജയിലിലായ നെഹ്റുവിനെ തന്‍റെ രാഷ്‌ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചു.
1942-ല്‍ അവതരിപ്പിച്ച ക്വിറ്റിന്ത്യാ പ്രമേയം തയാറാക്കിയതും നെഹ്റുവാണ്. സ്വാതന്ത്ര്യത്തിനു മുന്നോടിയായി 1946 സെപ്റ്റംബര്‍ രണ്ടിനു രൂപീകരിച്ച ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷനായി നെഹ്റു ചുമതലയേറ്റു. തുടര്‍ന്ന് 1947 ആഗസ്റ്റ് 15ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റ ജവഹര്‍ലാല്‍ നെഹ്റു 1951-52 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി. 1957 ലും 1962 ലും നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 1964 മെയ് 27 നു മരിക്കും വരെയുള്ള പതിനേഴു വര്‍ഷക്കാലം പ്രധാനമന്ത്രി കസേരയിലിരുന്ന് അദ്ദേഹം ഭാരതത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഫലപ്രദമായ നേതൃത്വം നല്‍കി.
പൊതുമേഖലയേയും സ്വകാര്യമേഖലയേയും സമന്വയിപ്പിച്ച് മിശ്രസമ്പദ് വ്യവസ്ഥയ്ക്ക് രൂപം നല്‍കിയ നെഹ്റു മൂന്ന് പഞ്ചവത്സര പദ്ധതികള്‍ക്ക് അധ്യക്ഷം വഹിച്ചു. ദേശീയകത്വവും ജനാധിപത്യവും സോഷ്യലിസവും മതേതരത്വവുമാണ് ഇന്ത്യന്‍ സാമൂഹ്യക്രമത്തിന്‍റെ നെടുംതൂണുകളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശത്തില്‍ അധിഷ്ഠിതമായ ജനാധിപത്യ ഭരണസമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കിയത് നെഹ്റുവിന്‍റെ നേതൃത്വത്തിലായിരുന്നു. 1948 ല്‍ ഐക്യരാഷ്‌ട്രസഭയുടെ അസംബ്ലിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ലോകത്തിലെ സമുന്നതനായ രാജ്യതന്ത്രജ്ഞന്‍ എന്ന ഖ്യാതി നെഹ്റുവിന് സമ്മാനിച്ചു. അനുപമമായ വാഗ്മിതയിലൂടെ അന്താരാഷ്‌ട്രരംഗത്ത് അദ്ദേഹം ബഹുമാന്യനായി.
''ആ ദീപം പൊലിഞ്ഞപ്പോൾ...''
1948 ജനുവരി 30ന് ഗാന്ധിജി വെടിയേറ്റു മരിച്ച ദിവസം രാത്രി ദുഃഖാകുലനായി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ വാക്കുകളാണിത്. നമ്മുടെ ജീവിതത്തിലെ ദീപം അണഞ്ഞിരിക്കുന്നു.
ചേരിചേരാ നയം
ശീതസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം; വന്‍ ശക്തികളുടെ കിടമത്സരങ്ങളില്‍ നിന്ന് മൂന്നാം ലോക രാഷ്‌ട്രങ്ങളെ മാറ്റിനിര്‍ത്തി ചേരിചേരാനയം എന്ന വിഖ്യാതമായ വിദേശനയം ആവിഷ്കരിച്ച നെഹ്റു ഇന്ത്യയെ മൂന്നാം ലോകത്തിന്‍റെ നേതൃസ്ഥാനത്തെത്തിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിനോടൊപ്പം യുഗോസ്ലാവിയന്‍ പ്രസിഡന്‍റ് മാര്‍ഷല്‍ ടിറ്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് നാസര്‍, ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് സുകാര്‍ണോ എന്നിവരായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കള്‍. 1958ല്‍ ഇന്തോനേഷ്യയിലെ ബന്ദൂജിന്‍വെച്ചാണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപക സമ്മേളനം നടന്നത്.
ഇന്ത്യയുടെ സ്വരം
ശീതയുദ്ധത്തിന്‍റെ തണുത്തുറഞ്ഞ കാറ്റാണ് ഞാന്‍ രുചിച്ചറിഞ്ഞത് - 1960 ല്‍ ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ജവഹര്‍ലാല്‍ നെഹ്റു തന്‍റെ പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു. അമെരിക്കന്‍ പ്രസിഡന്‍റ് ഐസന്‍ഹോവര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോള്‍ഡ് മില്ലര്‍, സോവിയറ്റ് യൂണിയന്‍റെ നികിത ക്രൂഷ്ചേവ്, ക്യൂബയുടെ ഫിഡറല്‍ കാസ്ട്രോ തുടങ്ങി പ്രമുഖരായ ഒട്ടേറെ നേതാക്കള്‍ അണിനിരന്ന വേദിയായിരുന്നു അത്. ലോകം ഇന്ത്യയുടെ സ്വരത്തിന് കാതോര്‍ത്തു തുടങ്ങിയ കാലമായിരുന്നു അത്.
ഹിന്ദി ചീനി ഭായ് ഭായ്
1954 ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ - ഇന്‍ ലായിയും ഡല്‍ഹിയില്‍ സമ്മേളിച്ച് പഞ്ചശീല തത്ത്വങ്ങള്‍ എന്ന കരാറിനു രൂപംകൊടുത്തു. സമാധാനം, സഹവര്‍ത്തിത്വം, സഹകരണം എന്നിവയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ ഒപ്പുവെച്ച ഈ കരാര്‍ കാറ്റില്‍പ്പറത്തി ചൈന 1962 ഒക്ടോബറില്‍ അപ്രതീക്ഷിതമായി ഇന്ത്യയെ ആക്രമിച്ചു. ലഡാക്കിലും വടക്കുകിഴക്കന്‍ പ്രവിശ്യകളിലുമുള്ള 38,000 ച. കി.മീ പ്രദേശം അവര്‍ പിടിച്ചടക്കി. ആകെ തകര്‍ന്ന നെഹ്റു അതിനെ കരുതിക്കൂട്ടിയുള്ള കണ്ണില്‍ച്ചോരയില്ലാത്ത തിരുമാനം എന്നാണ് വിശേഷിപ്പിച്ചത്. നവംബറില്‍ ചൈന വീണ്ടും ആക്രമിച്ചതോടെ ഇന്ത്യന്‍ സൈന്യത്തിലേക്ക് യുവാക്കള്‍ ഒഴുകി. ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 1383 ഇന്ത്യന്‍ സൈനികര്‍ ഈ കടന്നുകയറ്റത്തില്‍ കൊല്ലപ്പെട്ടു. 3968 പേരെ തടവിലാക്കി. 1696 പേരെ കാണാതായി. ഇതില്‍ ദുഃഖിതനായി തകര്‍ന്ന മനസോടെയായിരുന്നു നെഹ്റുവിന്‍റെ അന്ത്യം.
ദലൈലാമയ്ക്ക് അഭയം
1959ലാണ് മാതൃദേശം എന്നേക്കുമായി അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നത്. ചൈനക്കെതിരേ നടത്തിയ പരാജയപ്പെട്ട ഒരു തിബത്തന്‍ കലാപത്തിനുശേഷം ലാസയിലെ പോട്ടല കൊട്ടാരത്തിനു നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ദലൈലാമയും പതിനായിരത്തോളം അനുയായികളും ഇന്ത്യയിലേക്കു കടന്നു. തിബറ്റിന്‍റെ ആത്മീയ നേതാവായിരുന്ന ദലൈലാമയ്ക്ക് രാഷ്‌ട്രീയാഭയം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്റുവാണ്. ദലൈലാമയ്ക്ക് ഇന്ത്യയിലെവിടെയും സഞ്ചരിക്കാനും തിബറ്റിനെ മോചിപ്പിക്കാന്‍ ലാമയുടെ ശ്രമങ്ങള്‍ക്കുള്ള എല്ലാവിധ പിന്തുണയും നെഹ്റു പ്രഖ്യാപിച്ചു. ധര്‍മ്മശാലയില്‍ അവര്‍ക്കുവേണ്ടി പ്രത്യേക ആസ്ഥാനം സ്ഥാപിച്ചു. 1962 ഒക്ടോബര്‍ 30ന് ചീന ഇന്ത്യയെ ആക്രമിക്കാന്‍ ഇതും ഒരു കാരണമാണ്.
നെഹ്റുവിയൻ സോഷ്യലിസം
ഭൂരിഭാഗംവരുന്ന പട്ടിണിപ്പാവങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കപ്പെടാത്ത കാലത്തോളം രാജ്യം നേടിയ രാഷ്‌ട്രീയ സ്വാതന്ത്ര്യം നിരര്‍ഥകമായിരിക്കുമെന്ന് നെഹ്റു വിശ്വസിച്ചു. കൃഷിയുടേയും വ്യവസായങ്ങളുടെയും മുന്നേറ്റങ്ങള്‍ക്ക് പ്രധാന്യം കൊടുത്തുള്ള ആസൂത്രണാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലേക്ക് രാജ്യത്തെ ആനയിച്ച് തന്‍റെ ലക്ഷ്യം നേടാന്‍ അദ്ദേഹം യത്നിച്ചു. ഈ ലക്ഷ്യത്തിനായാണ് നെഹ്റു തന്നെ അധ്യക്ഷനായുള്ള ഒരു ആസൂത്രണ കമ്മീഷന് 1950ല്‍ രൂപം നല്‍കിയത്. ജോസഫ് സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയന്‍റെ മാതൃകയെ അടിസ്ഥാനമാക്കിയാണ് ഈ ആശയത്തിന് അദ്ദേഹം രൂപം കൊടുത്തത്.
പഞ്ചവത്സരപദ്ധതി
1951ല്‍ തുടങ്ങിയ ആദ്യ പഞ്ചവത്സര പദ്ധതി കൃഷിക്ക് ഊന്നല്‍ നല്‍കി. 2069 കോടി രൂപയുടെ പദ്ധതിയില്‍ 446 ശതമാനം കൃഷിക്കായി മാറ്റി. 1955 - 56 പദ്ധതിയില്‍ ഭക്രാനങ്കല്‍, ഹിരാക്കുഡ്, മേട്ടൂര്‍ അണക്കെട്ട് പദ്ധതികള്‍ക്ക് തുടക്കമായി. വ്യവസായത്തിന് 173 കോടി രൂപ. ഗതാഗത വാര്‍ത്താവിനിമയത്തിന് നീക്കിവെച്ചത് 497 കോടി രൂപ.
ആസൂത്രണ കമ്മീഷൻ
1929 - 1933 കാലത്തെ ലോക സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയാതെ നിന്ന രാജ്യമായിരുന്നു സോവിയറ്റ് യൂണിയന്‍. അതിന് സഹായിച്ചത് അവിടത്തെ സോഷ്യലിസത്തില്‍ ഊന്നിയ വികസനാസൂരതണമായിരുന്നു. ഇതില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് 1938 ല്‍ ഇന്ത്യയിലും ഒരു ദേശീയ ആസൂത്രണസമിതി രൂപീകരിച്ചു. നെഹ്റുവായിരുന്നു ആ സമിതിയുടെ അധ്യക്ഷന്‍. പല തരക്കാര്‍ ഉള്‍പ്പെട്ട ഒരു അസാധാരണ സമിതി എന്നാണ് നെഹ്റു ആ സമിതിയെ വിശേഷിപ്പിച്ചത്. പ്രവിശ്യാ ഗവണ്‍മെന്‍റുകളുടെയും നാട്ടുരാജാക്കന്മാരുടെയും പ്രതിനിധികള്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തൊഴിലാളി സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവര്‍ ആ സമിതിയില്‍ അംഗങ്ങളായിരുന്നു.
സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള ഒരു ആസൂത്രണ രൂപരേഖ ആ സമിതി തയാറാക്കി. വ്യവസായവല്‍ക്കരണത്തിലൂടെ മാത്രമേ രാജ്യം നേരിടുന്ന ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നതായിരുന്നു സമിതിയുടെ വിലയിരുത്തല്‍. കൃഷി വികസിപ്പിക്കുന്നതിനായി സഹകരണ പ്രസ്ഥാനത്തെ പ്രയോഗത്തില്‍കൊണ്ടുവരിക, കൃഷിഭൂമി, ഖനികള്‍, നദികള്‍, വനങ്ങള്‍ എന്നിവ ദേശീയ സമ്പത്തായിക്കണ്ട് അവ ജനസാമാന്യത്തിന്‍റെ ഉടമസ്ഥതയിലാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഈ സമിതി മുന്നോട്ടുവച്ചു. സ്വാതന്ത്ര്യാനന്തരം 1950 ഏപ്രില്‍ ഒന്നിന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ ആസൂത്രണക്കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന നെഹ്റുവാണ് പതിനാലുവര്‍ഷക്കാലം ഇതിന്‍റെ ചുക്കാന്‍ പിടിച്ചത്. മൂന്ന് പഞ്ചവത്സരപദ്ധതികളാണ് നെഹ്റുവിന്‍റെ കാലത്ത് നടപ്പാക്കപ്പെട്ടത്.
പഞ്ചായത്തീരാജ്
രണ്ടാം പദ്ധതിയുടെ ആരംഭകാലത്താണ് ഗാന്ധിജിയുടെ ആശയാഭിലാഷ പൂര്‍ത്തീകരണം എന്ന നിലയില്‍ പഞ്ചായത്തീരാജ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ഗാന്ധിയനുമായ ബല്‍വന്ത് റായ് മേത്തയേ നെഹ്റു നിയോഗിച്ചത്.
ബന്‍വന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം പഞ്ചായത്തീരാജ് സംവിധാനത്തിന് നെഹ്റു ഇന്ത്യയില്‍ തുടക്കമിട്ടു, രാജസ്ഥാനിലെ നാഗൂരില്‍. ഇതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച നെഹ്റു ഇങ്ങനെ പറഞ്ഞു: സ്വാതന്ത്ര്യാനന്തരം ഒരു ജനകീയ ഭരണസംവിധാനമാണ് ഇന്ത്യയില്‍ നിലവില്‍ വന്നത്. ഇന്ത്യയിലെ ഓരോ പൗരനും വോട്ടവകാശം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും യഥാര്‍ത്ഥ ജനാധിപത്യം നടപ്പിലാക്കുക സാധ്യമല്ല. ഗ്രാമീണ ജനത രാഷ്‌ട്രീയമായി ഉല്‍ബുദ്ധരാകുമ്പോഴാണ് ഇന്ത്യ പുരോഗമിക്കുന്നത്. രാജ്യ പുരോഗതിയാകട്ടെ ഗ്രാമപുരോഗതിയുമായി ബന്ധിതമാണ്. ഈ രീതിയില്‍ നമ്മുടെ ഗ്രാമങ്ങളെല്ലാം പുരോഗമിക്കുമ്പോള്‍ ഇന്ത്യ ശക്തമായൊരു ജനാധിപത്യ രാജ്യമായി മാറും.
ഏഷ്യന്‍ ഗെയിംസ്
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാന കായി മാമാങ്കമാണല്ലോ ഏഷ്യന്‍ ഗെയിംസ്. ഇതു നടത്താന്‍ മുന്‍കൈയെടുത്തത് ജവഹര്‍ലാല്‍ നെഹ്റു ആണ്.
1951 ല്‍ ഡല്‍ഹിയില്‍ ആദ്യ ഏഷ്യന്‍ഗെയിംസിന് കൊടിയേറി. ഡോ. രാജേന്ദ്രപ്രസാദാണ് ആദ്യ ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തത്.
വിശപ്പെന്ന പ്രശ്നം പരിഹരിക്കാന്‍ ശാസ്ത്രത്തിനേ കഴിയുകയുള്ളൂ. ദാരിദ്ര്യവും അറിവില്ലായ്മയും അനാരോഗ്യവും ഉന്മൂലം ചെയ്യുന്നതിനും രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നതിനും ശാസ്ത്രവും സാങ്കേതിക ജഞാനവും ഉപയോഗപ്പെടുത്തണമെന്ന് നെഹ്റു വാദിച്ചു. ഇതിനായി ദേശീയ ശാസ്ത്ര - വ്യാവസായിക കൗണ്‍സില്‍ സ്ഥാപിച്ച നെഹ്റു ഇതിന്‍റെ ആദ്യ പ്രസിഡന്‍റായും ചുമതല വഹിച്ചു.
1964 ല്‍ അണുശക്തി വകുപ്പ് സ്ഥാപിച്ചപ്പോള്‍ പ്രതിരോധവകുപ്പിന്‍റെ ചുമതല നെഹ്റുവിന് തന്നെയായിരുന്നു. ഭക്ര ഡാമിന്‍റെ ഫൗണ്ടേഷനിലേക്ക് ആദ്യ ബക്കറ്റ് കോണ്‍ക്രീറ്റ് ചൊരിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. കുറച്ചുപേരുടെയോ നൂറില്‍പ്പരം ആളുകളുടെയൊ മിടുക്കുകൊണ്ടല്ല, മറിച്ച് ലക്ഷക്കണക്കിന് ജനങ്ങളുടെ സഹകരണത്തോടുകൂടിയുള്ള കഠിനാധ്വാനംകൊണ്ട് പുതിയൊരു ഇന്ത്യ നിർമിക്കാം. 690 അടി ഉയരവും 7.4 മില്യന്‍ ഏക്കര്‍ ഭൂമിക്ക് ജലസേചനം ലഭ്യമാക്കാന്‍ ശേഷിയുള്ള ഭക്രയായിരുന്നു അന്നത്തെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഡാം. ഇന്നുകാണുന്ന ശാസ്ത്രസാങ്കേതിക വിപ്ലവത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ ഇന്ത്യയില്‍ സൃഷ്ടിച്ചത് നെഹ്റുവായിരുന്നു.
അമെരിക്കന്‍ എഡിറ്ററായ നോര്‍മന്‍ കസിന്‍സ് ഒരിക്കല്‍ നെഹ്റുവിനോട് ചോദിച്ചു. എന്താണ് നെഹ്റുവിന്‍റെ പ്രധാന സംഭാവന? സ്വയം ഭരിക്കാന്‍ കഴിയുന്ന 40 കോടി ഇന്ത്യക്കാര്‍ (അന്നത്തെ കണക്ക്) എന്നായിരുന്നു നെഹ്റുവിന്‍റെ മറുപടി. ജനാധിപത്യമാണ് നെഹ്റുവിന്‍റെ ചിരന്തനമായ സംഭാവന. അപരിമേയമായ അധികാരം കൈയിലൊതുക്കുന്നതിനുപകരം തന്‍റെ ജനങ്ങളാല്‍ ജനാധിപത്യബോധം രൂഢമൂലമാക്കാന്‍ അദ്ദേഹം യത്നിച്ചു. 120 കോടിയിലധികം വരുന്ന ജനങ്ങള്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ജനാധിപത്യത്തില്‍ സ്വയം ഭരണം നടത്തുന്നുവെന്നത് ഈ അസാധാരണ മനുഷ്യന്‍റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ലഭിച്ച അംഗീകാരമാണ്.
പ്ലേ ബോയ് മാസികയിൽ അഭിമുഖം
നെഹ്റു മരിക്കുന്നതിന് ഏതാനുമാസം മുമ്പ് ഇംഗ്ലണ്ടിലെ പ്ലേ ബോയ് എന്ന പ്രസിദ്ധീകരണത്തിനനുവദിച്ച അഭിമുഖത്തില്‍ നെഹ്റു ഇങ്ങനെ പറഞ്ഞു: എന്നില്‍ അവശേഷിക്കുന്ന ഏക അഭിലാഷം ജീവിതാവസാനംവരെ രാജ്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യാന്‍ കഴിയട്ടെ എന്നതുമാത്രമാണ് എന്‍റെ പണി ചെയ്തുകഴിഞ്ഞാല്‍ എന്നെയൊരു ചവറുകൊട്ടയിലേക്ക് മാറ്റാം. എന്‍റെ പണി ചെയ്തു കഴിഞ്ഞാല്‍ പിന്നീടെന്നെ പരിഗണിക്കേണ്ട യാതൊരാവശ്യവും ഇല്ല.
നെഹ്റു പുരസ്കാരങ്ങള്‍
രാജ്യാന്തര ധാരണയ്ക്കുവേണ്ടി മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഇന്ത്യാ ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരമാണ് ജവഹര്‍ലാല്‍ നെഹ്റു അന്തര്‍ദേശീയ പുരസ്കാരം. 15 ലക്ഷം
രൂപയാണ് അവാര്‍ഡുതുക. ആദ്യ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ യു - താന്‍റ് ആണ് ആദ്യമായി ഈ പുരസ്കാരത്തിന് അര്‍ഹനായത്. 1965 ല്‍ നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത മദര്‍ തെരേസയാണ്. ഈ പുരസ്കാരം ലഭിച്ച ആദ്യ ശാസ്ത്രജ്ഞനാണ് ജോനാസ് സാല്‍ക്ക്.
മുഖചിത്രത്തിലെ നെഹ്റു
ടൈം മാഗസിന്‍റെ മുഖചിത്രത്തില്‍ വന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്, അതും 1942നും 1962നും ഇടയിൽ ആറു തവണ.
''എന്‍റെ മരണത്തെത്തുടര്‍ന്ന് മതപരമായ യാതൊരു ചടങ്ങുകളും നടത്തണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. എന്‍റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് എന്‍റെ ആഗ്രഹം. എന്‍റെ ചിതാഭസ്മത്തില്‍ ഒരുപിടി അലഹബാദില്‍വെച്ച് ഗംഗയിലൊഴുക്കണം. അതിന് മതപരമായ പ്രാധാന്യമൊന്നുമില്ല. ബാല്യകാലം മുതല്‍ ഞാന്‍ അലഹബാദില്‍ ഗംഗയും യമുനയുമായി ബന്ധപ്പെട്ടവനാണ്. ഗംഗ ഭാരതത്തിന്‍റെ സംസ്കാര ത്തിന്‍റെയും പരിഷ്കാരത്തിന്‍റെയും പ്രതീകമാണ്.
എന്‍റെ ചിതാഭസ്മത്തിന്‍റെ ഭൂരിഭാഗവും വിമാനത്തില്‍ ഇന്ത്യയിലെ കൃഷിക്കാര്‍ വിയര്‍പ്പൊഴുക്കുന്ന വയലേലകളില്‍ വിതറണം അങ്ങനെ അത് ഇന്ത്യയുടെ മണ്ണിലും പൊടിയിലും ചേര്‍ന്ന് ഇന്ത്യയില്‍ നിന്നു വേര്‍പെടുത്താന്‍ വയ്യാത്തൊരു ഘടകമായിത്തീരണം.''
1954 ജൂണ്‍ 21ന് നെഹ്റു തയാറാക്കിയ മരണ പത്രത്തില്‍ ഇങ്ങനെ എഴുതിവച്ചിരുന്നു. യമുനയുടെ തീരത്ത് ശാന്തിഘട്ടമെന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് നെഹ്റുവിന്‍റെ മൃതദേഹം സംസ്കരിച്ചു. മരണപത്രത്തിലെ അനുശാസനമനുസരിച്ച് ചിതാഭസ്മത്തില്‍ ഒരംശം ഗംഗയില്‍ ഒഴുക്കി ശേഷമുള്ളത് മാതൃഭൂമിയിലെ വയലേലകളിലും വിതറി.