അജയൻ
മതനിരപേക്ഷതയെ കുഴിച്ചു മൂടുന്നതിനായി മിത്തിനെ ശാസ്ത്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നതിലെ അനവധി രഹസ്യ പാളികളെ തുറന്നു കാണിച്ചു കൊണ്ടുള്ള സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) ഇന്ത്യയെക്കുറിച്ചുള്ള ഒരു വഴി കാട്ടിയാണ് ശാസ്ത്ര ചരിത്രകാരി മീര നന്ദന്‍റെ പുതിയ പുസ്തകം. ഒരു കാലത്ത് നാനാത്വം ശക്തമായിരുന്ന ഒരു രാജ്യത്തിനെ അതിൽ നിന്ന് വ്യതിചലിപ്പിച്ച ശക്തികളെ തുറന്നു കാണിക്കുന്നതിനൊപ്പം അപചയം ഇക്കാലഘട്ടത്തെ എങ്ങനെയെല്ലാം ഭീഷണിപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും നന്ദ വ്യക്തവും ശക്തവുമായ വാക്കുകളാൽ വരച്ചു കാട്ടുന്നു.
ഇസ്രയേലിന്‍റെ വംശീയ ജനാധിപത്യവും 2014ൽ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിൽ അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയിലുണ്ടായ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ ഉണ്ടായ മാറ്റങ്ങളും സമാന്തരമായി പുസ്തകത്തിലെ ലേഖനങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. വസ്തുതകളുടെയും ഭാവനകളുടെയും അദൃശ്യമായ അതിരുകൾക്കിടയിലൂടെയുള്ള ഇന്ത്യയുടെ യാത്രയും സത്യാനന്തര കാലത്തേക്കുള്ള പ്രവേശനവും മതനിരപേക്ഷാനന്തര കാലത്തെ യാത്രകളുമെല്ലാം ലേഖനങ്ങൾ തുറന്നു കാണിക്കുന്നു.
തെറ്റിദ്ധാരണകളും തെറ്റായ വാർത്തകളും പച്ചക്കള്ളങ്ങളും വഴി വിശുദ്ധഗ്രന്ഥങ്ങളിൽ എഴുതിവച്ചിരിക്കുന്ന അവ്യക്തമായ അവകാശങ്ങൾ സത്യമാണെന്നും അതാണ് ശാസ്ത്രമെന്നും വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളിൽ ഒരു പരിധി വരെ ഹിന്ദുത്വ വിജയിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ മിത്തുകൾ ചരിത്രമായി മാറുകയും മിത്തുകളുടെ കാലം സത്യമായി മാറുകയും ചെയ്യുന്നു. എന്നാൽ യഥാർഥ അർഥത്തിൽ അവ നുണകളായി തന്നെ തുടരും.
'Big Lies and Deep Lies' എന്ന ആദ്യ ലേഖനത്തിൽ ട്രംപിന്‍റെ അമേരിക്കയും മോദിയുടെ ഇന്ത്യയും (നന്ദയുടെ വാക്കുകളിൽ ആഴത്തിലുള്ള നുണകൾ) തമ്മിലുള്ള വൈജ്ഞാനിക പ്രതിസന്ധിയും സത്യാനന്തര കാലഘട്ടവും തമ്മിൽ അമ്പരപ്പിക്കും വിധം താരതമ്യം ചെയ്യുന്നുണ്ട്. പ്രശസ്തമായ ഗവേഷണ കേന്ദ്രങ്ങളിലേതു മുതൽ സ്കൂൾ കരിക്കുലങ്ങളിൽ വരെയുള്ള ഇന്ത്യൻ വൈജ്ഞാനിക ശൃംഖലയിൽ കേന്ദ്രം നടത്തുന്ന ഇടപെടലുകളെ നന്ദ ഉയർത്തിക്കാട്ടുന്നുണ്ട്. പാഠ്യഭാഗങ്ങളിൽ ഐതിഹ്യം ചരിത്രമായി മാറുകയും ആത്മീയ നിരീക്ഷണം അഥവാ മഹർഷിമാരുടെ നിരീക്ഷങ്ങൾ ശാസ്ത്രീയ നിരീക്ഷണങ്ങളായി മാറുകയും ചെയ്യുന്നു. ഈ അപചയത്തിന്‍റെ ശക്തി വർധിപ്പിച്ചു കൊണ്ട് ഹിന്ദു ശാസ്ത്രങ്ങളെ അംഗീകൃത ശാസ്ത്രമായി മാറ്റുന്നതോടെ അനുഭവപരമായ സത്യവും പ്രത്യയശാസ്ത്രപരമായ കെട്ടിച്ചമയ്ക്കലും തമ്മിലുള്ള അതിരുകൾ കൂടുതൽ അവ്യക്തമായി മാറുന്നു.
Defending Tradition, Defying Science: Ayurveda in the Time of COVID-19 എന്ന ലേഖനത്തിൽ കോവിഡ് കാലത്ത് ആഗോളതലത്തിൽ ആരോഗ്യരംഗം പ്രതിസന്ധി നേരിട്ടപ്പോൾ കേന്ദ്ര സർക്കാർ ആയുർവേദത്തെ ശക്തമായി പ്രൊമോട്ട് ചെയ്തതിനെക്കുറിച്ച് പറയുന്നു. ശാസ്ത്രീയമായ ഇടപെടലുകൾ നിർണായകമായൊരു കാലഘട്ടത്തിൽ യാതൊരു വിധ അടിസ്ഥാനവുമില്ലാതെ പരമ്പരാഗത ഔഷധങ്ങൾക്ക് മുൻഗണന നൽകി. അതുവഴി നിരവധി ആത്മീയ വ്യക്തികൾ ഉയർന്നു വന്നു. അവരിപ്പോഴും ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നതാണ് യാഥാർഥ്യം. പരമ്പരാഗത സമ്പ്രദായങ്ങൾക്കുള്ള ഈ ഊന്നൽ വിശാലമായ അജണ്ടയുമായി യോജിപ്പിക്കുമ്പോൾ, പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടുവെങ്കിൽ പോലും ഈ രോഗശാന്തി രീതികളെ ലേഖിക രൂക്ഷണായി തന്നെ വിമർശിക്കുന്നുണ്ട്.
The Dark Age of the Unicorn Indigenous Aryans എന്ന അധ്യായത്തിൽ ഇൻഡസ് താഴ്വരയിൽ നിന്ന് കണ്ടെടുക്കപ്പെട്ട പുരാതന മുദ്രകളെ കുറിച്ചുള്ള വസ്തുതകൾ പോലും മാറ്റിമറിക്കുന്നതിനെക്കുറിച്ച് ലേഖിക പറയുന്നു. പിന്നീട് കുതിരയായി പരിണമിച്ചുവെന്ന് കരുതപ്പെടുന്ന യൂണികോണാണ് ഇതിൽ പ്രധാനം. ഒറ്റക്കൊമ്പ് യോഗ ആചാര്യന്മാരായ ആര്യ മഹർഷിമാരുടെ പുരികങ്ങൾക്കിടയിൽ നിന്ന് പുറപ്പെടുന്ന ശക്തമായ വെളിച്ചമാണെന്നാണ് പറയപ്പെടുന്നത്. ഋഷ്യശൃംഗ മഹർഷിയെക്കുറിച്ച് പറയുമ്പോൾ പോലും ഈ മുദ്ര പരാമർശിക്കപ്പെടുന്നുണ്ട്. ഋഷ്യശൃംഗനെക്കുറിച്ച് പരാമർശിക്കുന്ന രാമായണം എഴുതപ്പെട്ടത് 300 ബിസിയിലാണെങ്കിൽ യൂണികോണിനെക്കുറിച്ചുള്ള മുദ്രകൾക്ക് 2000 ബിസി പഴക്കമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് മറ്റൊരു വസ്തുത.
India’s Long Goodbye to Darwin”എന്ന അധ്യായത്തിൽ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് നിശബ്ദമായി ചാൾസ് ഡാർവിന്‍റെ പരിണാമ സിദ്ധാന്തം നീക്കം ചെയ്യപ്പെട്ടതിനെ ചൂണ്ടിക്കാട്ടുന്നു. പകരം ഡാർവിനേക്കാൾ 2000 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന പതഞ്ജലിയാണ് പരിണാമസിദ്ധാന്തം കണ്ടെത്തിയതെന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിയുടെ തെരഞ്ഞെടുക്കലിനു പകരം കർമയും പുനർജന്മവുമാണ് പതഞ്ജലിയുടെ സിദ്ധാന്തത്തിൽ ഉൾപ്പെടുന്നത്. എന്തുകൊണ്ടാണ് ഒരിക്കൽ പോലും ഒരു കുരങ്ങൻ മനുഷ്യനായി മാറുന്നത് കാണാൻ സാധിക്കാത്തതെന്ന് ഒരു പ്രമുഖ നേതാവ് പരിണാസിദ്ധാന്തത്തെ ചോദ്യം ചെയ്തു കൊണ്ട് ഉന്നയിക്കുന്നുണ്ട്. ശാസ്ത്രത്തെ പാഠപുസ്തകത്തിൽ നിന്ന് പുറത്താക്കിയതിനു ശേഷം നാമൊന്നും കുരങ്ങിന്‍റെ പിൻതലമുറയല്ലെന്നും പകരം ഋഷി വര്യന്മാരുടെ തലമുറയാണെന്നും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മിത്തിനെ ശാസ്ത്രവുമായി കൂട്ടിക്കുഴക്കുന്നതിന്‍റെ മറ്റൊരുദാഹരണം. ചാൾസ് ഡാർവിനോട് ഗുഡ് ബൈ പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.
ആഗോളതലതതിൽ യോഗാ ദിനം ആചരിക്കുന്ന കാലഘട്ടത്തിലാണ് Yogic Perceptions and Hindu Sciences എന്ന ലേഖനം ശ്രദ്ധേയമാകുന്നത്. പതഞ്ജലിയുടെ യോഗ സൂത്രത്തിൽ നിന്നുള്ള വരികളോടെയാണ് മീര ലേഖനം ആരംഭിക്കുന്നത്. ഇന്ദ്രിയങ്ങൾക്കും കാരണങ്ങൾക്കുമപ്പുറം മനക്കണ്ണ് കൊണ്ട് സത്യത്തെ കാണണം എന്നാണ് പതഞ്ജലി എഴുതിയിരിക്കുന്നത്. നിർഭാഗ്യവശാൽ ഈ ഉൾക്കണ്ണ് സാധാരണ മനുഷ്യന് സ്വായത്തമാകാറില്ല. യോഗാത്മക ദർശനത്തിലെ അനുഭവജ്ഞാനം കൊണ്ട് എങ്ങനെയാണ് സ്വാമി വിവേകാനന്ദൻ അക്കാലഘട്ടത്തിലുള്ളവരെ സ്വാധീനിച്ചിരുന്നതെന്നും നന്ദ ആഴത്തിൽ പറയുന്നു. “Science Sanskritized: How Modern Science Became a Handmaiden of Hindu Nationalism,”എന്ന ലേഖനത്തോടെയാണ് നന്ദ അവസാനിപ്പിക്കുന്നത്. ശാസ്ത്രത്തെ വേദിക് ചിന്തകളുടെ തുടർച്ചയായി മാറ്റാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് ലേഖനത്തിൽ വിശദമാക്കുന്നത്. ദേശീയതയിൽ ഊന്നിയുള്ള അജണ്ടയ്ക്കു വേണ്ടി ശാസ്ത്രീയമായ സിദ്ധാന്തങ്ങളെ വേദപുസ്തകങ്ങളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യത്തെ തന്നെ മാറ്റിയെഴുതുന്നതിനു തുല്യമാണ്. ശാസ്ത്രത്തെ വേദവുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങൾ ചെറിയ രീതിയിൽ മാത്രമേ എതിർക്കപ്പെടുന്നുള്ളൂ. അക്കാദമിക് രംഗത്തെ വിദഗ്ധരടക്കമുള്ളവർ ഈ വിഷയത്തിൽ നിശബ്ദത പാലിക്കുമ്പോൾ ഈ വിഷയം എത്തരത്തിലാണ് ഇന്ത്യൻ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുകയെന്നതിനെക്കുറിച്ച് മീര നന്ദ ശക്തമായ വാക്കുകളിലൂടെ ഉറച്ച ശബ്ദത്തിൽ വിളിച്ചു പറയുന്നു.