അജയൻ
''ഇംഗ്ലണ്ടിലെ ഏറ്റവും മനോഹരമായ ഗ്രാമം'' എന്നാണ് ഗ്ലോസ്റ്റർഷെയറിലെ ബൈബറിക്ക് വില്യം മോറിസ് നൽകിയ വിശേഷണം. കലാകാരനും ഡിസൈനറും എഴുത്തുകാരനുമൊക്കെയായിരുന്ന മോറിസ് ജീവിച്ചിരുന്നത് 19ാം നൂറ്റാണ്ടിലാണ്. പക്ഷേ, ഇംഗ്ലണ്ടിലെ കോട്‌സ്‌വോൾഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബൈബറിയുടെ മനോഹാരിതയ്ക്ക് കുറവൊന്നുമില്ല.
തെയിംസ് നദിയുടെ കൊച്ചു കൈവഴിയായ കോൺ നദി ഒഴുകുന്നുണ്ട് ബൈബറിയിലൂടെ. കൂർത്ത മേൽക്കൂരകളുമായി കരിങ്കല്ലിൽ തീർത്ത കോട്ടേജുകൾ, കാലാതിവർത്തിയായ മനോഹാരിതയാണ് ഈ കെട്ടിടങ്ങൾ ബൈബറിക്കു നൽകുന്നത്. ഈ കെട്ടിടങ്ങളിൽ ചിലതിന്‍റെ ചിത്രങ്ങൾ ബ്രിട്ടീഷ് പാസ്‌പോർട്ടിൽ പോലും ഇടംപിടിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ചരിത്രത്തിലും നിർണായക സ്ഥാനമുള്ള ഗ്രാമമാണ് ബൈബറി. 1681ൽ സ്ഥാപിതമായ ബൈബറി ക്ലബ്, ലോകത്തെ ആദ്യ കുതിരയോട്ട ക്ലബ്ബാണ്. ഇന്നും ഈ ഗ്രാമത്തെരുവുകളിൽക്കൂടി നടക്കുന്നവരുടെ ഹൃദയം കവരുന്നത്ര സുന്ദരമാണ് ഇവിടത്തെ കാഴ്ചകളും കഥകളും. ''ലോർഡ് ഓഫ് ദ റിങ്സ്'' എഴുതാൻ ജെ.ആർ.ആർ. ടോക്കീനു പ്രചോദനമായത് ബൈബറിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ബൈബറിയുടെ സൗന്ദര്യ കിരീടത്തിലെ ജ്വലിക്കുന്ന വൈഡൂര്യമാണ് 1380ൽ നിർമിച്ച ആർലിങ്ടൺ റോ കോട്ടേജുകൾ. വള്ളിച്ചെടുകൾ പടർന്നുകയറിക്കിടക്കുന്ന ഈ കോട്ടേജുകൾ ഒരുകാലത്ത് നെയ്ത്തുകാരുടെ കേന്ദ്രമായിരുന്നു. ഇവർ നെയ്ത കമ്പിളി വസ്ത്രങ്ങൾ വൃത്തിയാക്കാൻ കൊടുത്തിരുന്ന ആർലിങ്ടൺ മിൽ ഇന്ന് സ്വകാര്യ വസതിയാണ്.
ചതുപ്പും ഹരിതാഭയും നിറഞ്ഞ ഈ മേഖല വിവിധ ഇനങ്ങളിൽപ്പെട്ട പക്ഷികളുടെ ഇഷ്ടഭൂമി കൂടിയാണ്. ഇവയിൽ പലതും മുട്ടിയിടുന്നതും അടയിരിക്കുന്നതും ഇവിടെയാണ്. ഇവിടെ കോൺ നദിയിലാകട്ടെ, മീൻപിടിത്തം പൂർണമായി നിരോധിച്ചിരിക്കുന്നു. ചൂണ്ടയിടാൻ ശ്രമിച്ച ഒരു ടൂറിസ്റ്റിനെ മിനിറ്റുകൾക്കുള്ളിൽ പൊലീസുകാർ കൊണ്ടുപോയത് പ്രദേശവാസികൾ പറഞ്ഞറിഞ്ഞു.
ബോക്സിങ് ഡേയിൽ (ക്രിസ്മസിനു പിറ്റേന്ന്) ഇവിടെ നടത്തുന്ന ഡക്ക് റെയ്സ് പ്രസിദ്ധമാണ്. ആയിരക്കണക്കിന് കളിപ്പാട്ടം താറാവുകളെയാണ് ഇതിന് നദിയിലിറക്കുക.
ജനസംഖ്യ തീരെ കുറഞ്ഞ, ശാന്തമായ ഈ ഗ്രാമം വേനൽക്കാലത്ത് വിനോദസഞ്ചാരികളെക്കൊണ്ട് നിറയും. ഇതിനെ തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണുന്ന തദ്ദേശവാസികൾ ഏറെയാണ്. ഇതിനകം അവർ പലവട്ടം പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. സന്ദർശകരുടെ എണ്ണം കുറയ്ക്കാനും വലിയ വാഹനങ്ങളിലെ സന്ദർശകരെ കൊണ്ടുവരുന്നത് നിരോധിക്കാനുമെല്ലാം ചർച്ചകൾ പുരോഗമിക്കുന്നു.
ബൈബറിയിൽ നിന്ന് അധികം അകലെയല്ലാതെ മറ്റൊരു ചേതോഹരമായ ഗ്രാമഭൂമി, കോട്ട്സ്‌വോൾഡ്സിലെ തന്നെ ബൗർട്ടൺ-ഓൺ-ദ-വാട്ടർ. പെയിന്‍റിങ്ങുകൾ പോലെ മനോഹരമായ കരിങ്കൽപ്പാലങ്ങളാൽ പ്രസിദ്ധമാണ് ഇവിടം. കോട്ട്സ്‌വോൾഡ്സിലെ വെനീസ് എന്നൊരു വിളിപ്പേരുപോലുമുണ്ട്.