ഡിനോ കൈനാടത്ത്
കൊടകര: രണ്ടാം ക്ലാസുകാരി മേയ് സിതാര എഴുതിയ കഥ ഇനിമുതല്‍ മൂന്നാം ക്ലാസിലെ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും. കൊടകര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെയ് സിതാര എഴുതിയ പൂമ്പാറ്റുമ്മ എന്ന കഥയാണ് മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്‍റെ രണ്ടാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം താന്‍ എഴുതിയ കഥ പഠിക്കാനുള്ള അപൂര്‍വ ഭാഗ്യവും മെയ് സിതാരക്കുണ്ട്. കൊടകര കാവനാട് സ്വദേശിയായ മെയ് സിതാര കുട്ടിക്കാലം മുതല്‍ പറഞ്ഞിരുന്ന കഥകളെല്ലാം അമ്മ പാര്‍വതി കുറിച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് ഇവയെല്ലാം കൂട്ടി ചേര്‍ത്ത് പൂര്‍ണ പബ്ലിക്കേഷന്‍റെ സമ്മാന പ്പൊതി സീസൺ ഏഴില്‍ സുട്ടു പറഞ്ഞ കഥകള്‍ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു.
ഈ പുസ്തകത്തിലെ ഒരു കഥയായ പൂമ്പാറ്റുമ്മ യാണ് മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മെയ് സിതാരയുടെ അമ്മ പാര്‍വതി പറഞ്ഞു. ഒരു കുട്ടി പൂമ്പാറ്റയോട് സംസാരിക്കുന്നത് കുഞ്ഞു ഭാവനയില്‍ ഉള്ളതാണ് കഥ. തങ്ങളുടെ സ്‌കൂളില്‍ നിന്നും ഒരു വിദ്യാർഥിയുടെ കഥ സംസ്ഥാന സാര്‍ക്കാരിന്റെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തിയത് കൊടകര ഗവണ്‍മെന്‍റ് എല്‍.പി സ്‌കൂളിന് അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രധാന അധ്യാപിക എം.കെ ഡൈനി പറയുന്നു.
മേയ് സിതാരയുടെ അമ്മ പാർവതി ഇതേ സ്‌കൂളിലെ താത്കാലിക അധ്യാപികയാണ്. ചലച്ചിത്ര രംഗത്തെ സൗണ്ട് എന്‍ജിനീയര്‍ അജയന്‍ അടാട്ടാണ് പിതാവ്. മെയ് സിതാരയുടെ കഥ പാഠപുസ്തകത്തില്‍ അച്ചടിച്ച് വന്നതറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.