കിട്ടിയാൽ കിട്ടി, അല്ലെങ്കിൽ ചട്ടി 
Literature

കിട്ടിയാൽ കിട്ടി, അല്ലെങ്കിൽ ചട്ടി

സിദ്ധി കൂടിയ കാരണവർ ഇനി തിരിച്ചുവരില്ലെന്ന് ഉറപ്പായതോടെ തറവാട്ടു ഭരണം പുതിയ തലമുറയിലെ തലമുതിർന്ന അംഗം ഏറ്റെടുത്തു

തറവാട്ടിലെ ഉഗ്രപ്രതാപിയായിരുന്ന കാരണവർ മരിച്ചു. ഈ വിയോഗം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും മക്കളും മരുമക്കളും ചേർന്നു സംസ്കാരം, പുലകുളിയടിയന്തരം, സർവാണി സദ്യ, ചിതാഭസ്മ നിമജ്ജനം, കരിമരുന്നു പ്രയോഗം തുടങ്ങിയ ഷോഡശ കർമങ്ങൾ ഭംഗിയായി നടത്തി. തറവാട്ടു കാര്യസ്ഥന്‍റെ ഉടമസ്ഥതയിലുള്ള ഈവന്‍റ് മാനെജ്മെന്‍റ് കമ്പനിക്കായിരുന്നു മേൽപ്പറഞ്ഞ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ചുമതല.

സിദ്ധി കൂടിയ കാരണവർ ഇനി തിരിച്ചുവരില്ലെന്ന് ഉറപ്പായതോടെ തറവാട്ടു ഭരണം പുതിയ തലമുറയിലെ തലമുതിർന്ന അംഗം ഏറ്റെടുത്തു. തുടർന്ന് പുതിയ കാരണവരുടെ അധ്യക്ഷതയിൽ തറവാട്ടിലെ ഭരണ സമിതിയുടെ ആദ്യയോഗം ചേർന്നു.

പഴയ കാരണവരുടെ മരണാനന്തര ചടങ്ങുകളുടെ വരവുചെലവു കണക്കുകൾ ചർച്ച ചെയ്യാനും ധനസ്ഥിതി അവലോകനം ചെയ്യാനുമായിരുന്നു തറവാട്ടിൽപ്പിറന്നവരുടെ മഹായോഗം കൂടിയത്.

കണക്ക് ഹാജരാക്കാനായി ഈവന്‍റ് മാനെജ്മെന്‍റ് കമ്പനിയുടെ ഉടമസ്ഥനായ കാര്യസ്ഥനും കണക്കുപുസ്തകവും താങ്ങി മീറ്റിങ്ങിനെത്തി.

നാടകം തുടങ്ങുന്നു

സ്ഥാനമേറ്റ കാരണവർ: "ഞങ്ങടെ മൂപ്പിലാന്‍റെ ചാവടിയന്തിരത്തിന് എത്ര കാശു ചെലവായി? കാര്യങ്ങൾ വിശദമായിപ്പറയണം. നിങ്ങളുടെ റിപ്പോർട്ടു പ്രകാരമാണ് ഞങ്ങൾ തുക അനുവദിക്കുന്നത് എന്നറിയാമല്ലോ!'

കാര്യസ്ഥൻ: "കണക്കെല്ലാം വിശദമായി ലഡ്ജറിൽ എഴുതി കൊണ്ടുവന്നിട്ടുണ്ട്. വായിക്കാം. സമക്ഷത്തു നിന്ന് പണം അനുവദിച്ചു തന്നാൽ മതി.'

കാരണവർ: "എങ്കിൽ കണക്കപ്പിള്ളയായ താങ്കൾ കാര്യങ്ങൾ അളന്നുതൂക്കി പറയുക. പിള്ളമനസിൽ കള്ളമില്ലെന്നെല്ലേ ചൊല്ല്.'

കാര്യസ്ഥൻ: "ഓരോന്നായി വിശദമാക്കാം. നല്ല വീര്യമുള്ള ഒരു ഗ്ലാസ് മുന്തിരിങ്ങാ വെളളം ഗംഗാജലവും സോഡയും ചേർത്ത് ചാകും മുമ്പ് മൂപ്പീന്നിന്‍റെ വായിൽ വീഴ്ത്തിയതിന് നാലായിരം രൂപ. പത്തു പത്രങ്ങളിൽ മരണ വാർത്ത കൊടുത്തതിന് മുപ്പതിനായിരം, ഇതിനുള്ള വണ്ടിക്കൂലി ആയിരം. മൃതദേഹത്തിന്‍റെ കഴുത്തും താടിയും ഇതരഭാഗങ്ങളും കൂട്ടിക്കെട്ടാൻ തുണിയും ചരടും കൗപീനവും വാങ്ങിയ വകയിൽ നാലായിരം. ശവക്കച്ചയ്ക്ക് മൂവായിരം. പറമ്പിലെ കാടുവെട്ടി ചുടലയൊരുക്കിയതിന് പതിനായിരം. അവിലും മലരും കുന്തിരിക്കവും വാങ്ങിയ വകയിൽ മറ്റൊരു പതിനായിരം. ചുടലഭദ്രകാളിക്കും ഭൂതഗണങ്ങൾക്കും കുടിനീരിന് എഴുപതിനായിരം.'

കാരണവർ: "നിർത്തൂ! ഇതിനൊക്കെ ഒരു ലോജിക്കില്ലേ? ഇത്രയും വലിയ തുക എങ്ങനെ ചെലവായി?'

കാര്യസ്ഥൻ: "ഇതൊന്നും ഒരു ചെലവല്ല. സർക്കാർ വയനാട്ടിൽ ക്ലെയിം ചെയ്ത തുകയും താരിപ്പുമാണ് ഇപ്പോൾ നാട്ടുനടപ്പ്. ഞാൻ അത്രയും ചോദിക്കുന്നില്ല.'

കാരണവർ: "സർക്കാർ ഇതിനൊക്കെ കണക്കു നിശ്ചയിച്ചോ! ചത്തു പോകുന്ന സാധാരണക്കാർ ഇനി എന്തുചെയ്യും?'

കാര്യസ്ഥൻ: "സർക്കാർ സമ്മതിച്ച കണക്കാണ് ഇനി നാട്ടുനടപ്പ്. വയനാട്ടിൽ ഒരു മൃതദേഹം കുഴിച്ചിടാൻ പോലും എഴുപത്തയ്യായിരം രൂപയാണ് സർക്കാർ റേറ്റ്. മനുഷ്യർക്ക് ഉടുതുണി വാങ്ങാൻ സർക്കാരിനു വേണ്ടത് പതിനൊന്നു കോടിയും! ഭക്ഷണത്തിന് തൊണ്ണൂറു ദിവസത്തേക്ക് പതിനാറു കോടി! വണ്ടിക്കൂലി നാലു കോടി! അതൊക്കെ നോക്കുമ്പോൾ ഞാൻ എന്തുമാത്രം മര്യാദ കാണിച്ചു!'

കാരണവർ: "വയനാട്ടിലെ സർക്കാരിന്‍റെ കണക്ക് നാട്ടുവഴക്കമാക്കിയാൽ നാട് കുട്ടിച്ചോറാകും. അതുകൊണ്ട് നിങ്ങളിനി വയനാടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്! താൻ ചെലവാക്കിയ ദ്രവ്യത്തിന്‍റെ കണക്ക് പറഞ്ഞാൽ മതി!'

കാര്യസ്ഥൻ: "എനിക്കു ചെലവായ പണത്തിന്‍റെ കണക്കാണ് ഞാൻ പറയുന്നത്. ഇതിനിടയിൽ സർക്കാരിന്‍റെ കണക്കുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ! പരേതന്‍റെ തറവാട് അടിച്ചുവാരിയതിനും വഴിയിലെ ചെളി കോരിമാറ്റിയതിനും ഇരുപത്തേഴായിരം തരണം. മരണവീട്ടിൽ വന്നവർക്ക് മുറുക്കാനും ബീഡിയും സിഗരറ്റും കൊടുത്ത വകയിൽ ചെലവായത് പതിനേഴായിരം രൂപ അമ്പതു പൈസ.'

കാരണവർ : "തീർന്നോ?'

കാര്യസ്ഥൻ: "ഇല്ല! മരണവീട്ടിലെ സന്നദ്ധ പ്രവർത്തകർക്കുള്ള ടോർച്ച്, കുട, റെയിൻ കോട്ട് എന്നിവയ്ക്ക് രണ്ടായിരം രൂപ വ്യയം ചെയ്തു.'

കാരണവർ : "അയ്യോ!'

കാര്യസ്ഥൻ: "എന്തയ്യോ? വയനാട്ടിൽ സർക്കാരിന് ഈ വകയിൽ രണ്ടരക്കോടി വേണം! അതേ തോതിൽ ഞാൻ പറഞ്ഞോ?'

കാരണവർ: "പിന്നെ എന്തൊക്കെയുണ്ട്?'

കാര്യസ്ഥൻ: "ജനറേറ്റേറിന് പതിനായിരം. പക്ഷെ, വയനാട്ടിൽ സർക്കാർ കണക്കുപ്രകാരം ഏഴുകോടി രൂപയാണ്!'

കാരണവർ: "കമന്നു വീണാൽ കാൽപ്പണം! അല്ലേ! ഇത്രയും തുകയൊന്നും എന്തായാലും തരില്ല.'

കാര്യസ്ഥൻ: "തരില്ലേ? സർക്കാർ റേറ്റിലും എത്രയോ താഴെയാണ് എന്‍റെ റേറ്റ്!'

കാരണവർ: " ഇങ്ങനെയാണ് കണക്കെങ്കിൽ ചില്ലിക്കാശ് തരികയില്ല. മരിക്കാൻ ആഗ്രഹിക്കുന്നവർ നേരേ ഉടലോടെ സ്വർഗത്തു പോകട്ടെ!'

കാര്യസ്ഥൻ (അനുനയത്തിൽ): "നിങ്ങൾക്ക് ഇക്കണോമിക്സും പൊളിറ്റിക്സും ഒന്നുമറിഞ്ഞുകൂടാ! പാവം! ഞാനും സർക്കാരും പറഞ്ഞതൊക്കെ വേണമെന്നു വെച്ചിട്ടു പറഞ്ഞതല്ല! ഇതൊക്കെ ഒരു മെമ്മോറാണ്ടമാണ്, ഒരു പ്രൊപ്പോസൽ! ഒരു തമാശ! ഇതൊന്നും എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്‍റെല്ല എന്നർഥം! നിങ്ങൾ കാര്യങ്ങൾ അസ്സസ് ചെയ്തിട്ട് അതിനനുസരിച്ചുള്ള രൂപ തന്നാൽ മതി.'

കാരണവർ: "അമ്പമ്പട രാഭണാ! അപ്പോൾ നിങ്ങൾ പറഞ്ഞ കാശാന്നും ഞങ്ങൾ തരേണ്ടെന്നാണോ?'

കാര്യസ്ഥൻ: "അതെ! ഞാൻ പറഞ്ഞ കണക്ക് ഒരു പ്രൊജക്ഷനാണ്. ഇപ്പോഴുള്ള ചെലവുകളും വരാനിരിക്കുന്ന ദുർവ്യയങ്ങളും കൂടി കൂട്ടിച്ചേർത്തതാണ്! നിങ്ങളൊക്കെ തട്ടിപ്പോകുമ്പോഴും ശരീരങ്ങളെ ചുടലകളിൽ വയ്ക്കേണ്ടേ?'

കാരണവർ: "കാഞ്ഞ ബുദ്ധി തന്നെ! ഇതാണ് മലയാളി വൈഭവം! ഞാനും ഒരു മലയാളിയായതു കൊണ്ട് ഈ വേല കണ്ടുപിടിച്ചെന്നു പറഞ്ഞാൽ മതിയല്ലോ!'

കാര്യസ്ഥൻ: "നാട്ടിൽ പണ്ടേ നിലനിന്നുപോരുന്ന ഡിസാസ്റ്റർ മാനെജ്മെന്‍റ് ആക്റ്റനുസരിച്ചാണ് ഈ കള്ളക്കണക്കുകൾ സർക്കാരും ഞങ്ങളും തയാറാക്കിയിരിക്കുന്നത്.'

കാരണവർ: "ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിഞ്ഞു! മിടുക്കന്മാർ!'

കാര്യസ്ഥൻ: "എറിയാൻ അറിയുന്നവന്‍റെ കൈയിൽ വടിയും കാണും. എന്തായാലും കള്ളി പൊളിഞ്ഞ സ്ഥിതിക്ക് തത്കാലം ഇതിന്‍റെ പകുതിത്തുക തന്നാലും മതി. പ്ലീസ്!'

കാരണവർ: " ചുണ്ടങ്ങ കാൽപ്പണം, ചുമട്ടു കൂലി മുക്കാൽപ്പണം!'

കാര്യസ്ഥൻ: "സോറി! ലക്ഷങ്ങളുടെ കണക്കു പറഞ്ഞെങ്കിൽ മാത്രമേ പതിനായിരമെങ്കിലും കീശയിൽ വീഴുകയുള്ളൂ!'

കാരണവർ: "കിട്ടിയാൽ കിട്ടി, അല്ലെങ്കിൽ ചട്ടി! അല്ലേ?'

കാര്യസ്ഥൻ: "അതുമല്ലെങ്കിൽ പൊട്ടി!'

(ഇരുവരുടെയും അർഥഗർമായ പൊട്ടിച്ചിരി വയനാടു വരെ മാറ്റൊലികൊളളുന്നു.)

(ലേഖകന്‍റെ ഫോൺ: 9447809631)

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ