സിനിമയും സാഹിത്യ വിമർശനവും 
Literature

സിനിമയും സാഹിത്യ വിമർശനവും

ഭാഷാപരമായ അലസതയെയും അടിമത്ത മനോഭാവത്തെയും തോൽപ്പിച്ചുകൊണ്ടാണ് വിമർശകൻ ഭാഷയെ ചരിത്രത്തിലെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചെടുക്കുന്നത്

ഒരു ചലച്ചിത്രകാരൻ തിരക്കഥയെ മാത്രം ആശ്രയിച്ചല്ല സിനിമയെടുക്കുന്നത്. വലിയ സംവിധായകരുടെ കാര്യമാണു പറയുന്നത്. സത്യജിത് റായ്, താർക്കോവ്സ്കി തുടങ്ങിയ ക്ലാസിക് ചലച്ചിത്രകാരന്മാർ തിരക്കഥയിൽ എഴുതിവച്ചത് അതേപടി ഷൂട്ട് ചെയ്യുന്നവരല്ല. അവർക്ക് അതിൽ കൂടുതൽ പറയാനുണ്ട്; കണ്ടെത്താനുണ്ട്. വലിയ സംവിധായകർ ചിത്രീകരിക്കുന്ന ദൃശ്യത്തിനപ്പുറം വേറേ ചിലത് അവശേഷിപ്പിക്കുന്നു. സിനിമ സാങ്കേതികതയുടെ കലയാണ്. ഒരു സമീപനം, നോക്കിക്കാണൽ, ഉൾക്കൊള്ളൽ ഇവിടെ പ്രധാനമാണ്. കഥ പറയുക എന്ന മിനിമം പരിപാടിക്കപ്പുറം കലാകാരൻ എന്ന നിലയിൽ സംവിധായകനും സഞ്ചരിക്കുകയാണ്. സത്യജിത് റായിയുടെ "പഥേർ പാഞ്ചാലി' (ഇങ്ങനെയാണ് റായ് ഇന്‍റർവ്യൂകളിൽ ഉച്ചരിക്കുന്നത്) എന്ന ചിത്രം വിഭൂതിഭൂഷൻ വന്ദ്യോപാധ്യയയുടെ അതേ പേരിലുള്ള നോവലാണല്ലോ. എന്നാൽ സിനിമ ആ നോവലിൽ നിന്നു വ്യത്യസ്തമാണ്. നോവലിലെ ഒരു രംഗത്തിന് ആവശ്യമായ വിവരണമല്ല റായി ഉപയോഗിക്കുന്നത്. അത് വേറൊരു നോട്ടമാണ്.

ചലച്ചിത്ര സൈദ്ധാന്തികനായ റുഡോൾഫ് ആർണീം "ഫിലിം ആസ് ആർട്ട് ' എന്ന കൃതിയിൽ പറഞ്ഞു, ഏത് പ്രവൃത്തിയും ഒരു ദൃശ്യപരമായ വിധിനിർണയമാണെന്ന്. ഈ വിധിനിർണയം ചലച്ചിത്രകാരൻ എന്ന കലാകാരന്‍റേതാണ്. ഏതൊരു വസ്തുവും സിനിമയിൽ കലാവസ്തുവാണ്. ഒരു മുറിയിൽ നിരത്തിയിരിക്കുന്ന കസേര, മേശ, റോഡുവക്കിലെ ഇലക്‌ട്രിക് ലൈറ്റ്, ഓട്ടൊറിക്ഷ, കെട്ടിടങ്ങൾ, മനുഷ്യർ തുടങ്ങിയവ സിനിമയിൽ കലാവസ്തുക്കളാണ്. ഒരു കലാവസ്തുവിലൂടെ കലാകാരൻ സവിശേഷമായ നോട്ടവും അനുഭവവും അർഥവുമാണ് സന്നിവേശിപ്പിക്കുന്നത്. സിനിമയിലെ ഓരോ വസ്തുവും കലാപരമായ ഉപയോഗത്തിനുള്ളതാണ്. അതുകൊണ്ട് അത് നാം പുറംലോകത്ത് കാണുന്ന വസ്തുവല്ല. അതിൽ കലാകാരന്‍റെ ജഡ്ജ്മെന്‍റ് നിലനിൽക്കുന്നു. എന്താണ് ജഡ്ജ്മെന്‍റ്? അത് സംവിധായകൻ സിനിമയ്ക്ക് വേണ്ടി കണ്ടുപിടിക്കുന്നതാണ്; തിരക്കഥയിലുള്ളതല്ല. ആർണീമിന്‍റെ മറ്റൊരു നിരീക്ഷണം ഇങ്ങനെയാണ്: "എല്ലാ കാഴ്ചകളും ചിന്ത തന്നെയാണ്. എല്ലാ യുക്തിവിചാരങ്ങളും അന്തർദർശനമാണ്. എല്ലാ നിരീക്ഷണങ്ങളും കണ്ടുപിടുത്തമാണ് '.

അനുഭൂതിക്ക് പിന്നാലെ

ഒരു സിനിമയുടെ ചിത്രീകരണത്തിൽ ഇതെല്ലാമടങ്ങിയിരിക്കുന്നു. ഒരു കഥയോ നാടകമോ അവതരിപ്പിക്കുന്നതു മാത്രമല്ല വലിയ സംവിധായകരുടെ ലക്ഷ്യം. അവർക്ക് ജീവിതത്തെക്കുറിച്ച് തങ്ങൾ മനസിലാക്കിയ ചില ചിന്തകൾ, അന്തർദർശനങ്ങൾ, കണ്ടുപിടിത്തങ്ങൾ സംവേദനം ചെയ്യാനുണ്ട്. സത്യജിത് റായ് "പഥേർ പഞ്ചാലി' ചെയ്തത് ദാരിദ്ര്യത്തിലും ദുഃഖത്തിലും ആണ്ടുപോയ ഒരു കുടുംബത്തിന്‍റെ കഥ പറയാൻ മാത്രമല്ല. ആ കഥയ്ക്കുള്ളിൽ മനുഷ്യന്‍റെ വിചിത്രവും നടുക്കുന്നതുമായ അതിസൂക്ഷ്മലോകങ്ങളുണ്ട്. അത് ഒരു നഗരത്തിനോ വികസിത രാജ്യത്തിനോ മനസിലാവണമെന്നില്ല. റായി പറയുന്നത് അതിദരിദ്രരെക്കുറിച്ചാണ്. അത് പരിഷ്കൃതനായ നഗരവാസിക്ക് മനസിലാക്കാൻ പ്രയാസമാണ്. അവൻ അതുപോലുള്ള ദയനീയമായ മനുഷ്യാവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. കിടക്കാൻ ഇടമില്ലാത്ത, മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരുന്ന ഒരു ദരിദ്രയായ വയോധികയുടെ മനോവ്യഥ (പഥേർ പാഞ്ചാലി'യിൽ ചുനിബാലാ ദേവിയുടെ ഇന്ദിർ എന്ന കഥാപാത്രം) നഗരങ്ങളിലെ വരേണ്യസ്ത്രീകൾക്ക് പിടികിട്ടുകയില്ല. മുഖ്യധാരയിൽ പ്രവേശിക്കാൻ പോലും യോഗ്യതയില്ലാത്ത മനോവ്യഥകൾക്ക് പിന്നാലെ ക്യാമറയുമെടുത്ത് പായുന്ന റായിക്ക് എന്താണ് സംഭവിക്കുന്നത്? അല്ലെങ്കിൽ സംഭവിച്ചത്?

റായി ഒരു കണ്ടുപിടിത്തത്തിന്, വികാരത്തിന്,അനുഭൂതിക്ക്, ആന്തരികദർശനത്തിനു പിന്നാലെ അലയുകയാണ്. ഒരു സംവിധായകനാകുന്നയാൾ തന്‍റെ സാഹസികവും ഭ്രാന്തുപിടിച്ചതുമായ വികാരങ്ങളുടെ നിയന്ത്രണത്തിനും നിർവ്വഹണത്തിനുമാണ് ഒരുമ്പെടുന്നത്. അയാൾ പൊതുസമൂഹം അനുഭവിക്കാത്തത് തേടിച്ചെന്ന് തലയിലേറ്റുന്നു. അയാൾക്ക് അതിന്‍റെ ആവശ്യമുണ്ട്. അയാൾ ദുരനുഭവങ്ങളുടെ ആഴം തേടി സ്വയം കുരുക്കായി മാറുന്നു. സ്വയം അഴിച്ചെടുക്കുന്നതാണ് അയാളുടെ സിനിമ. താർക്കോവ്സ്കിയുടെ -സിനിമ അത് വ്യക്തമാക്കിത്തരും.

എന്നാൽ സംവിധായകൻ തന്‍റെ കലാപരമായ അന്വേഷണങ്ങൾക്ക് സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ടി വരുന്നു. മനസിന്‍റെ അതിലോലഭാവങ്ങളെ, ജീവിതത്തിലെ, പ്രകൃതിയിലെ മറഞ്ഞിരിക്കുന്ന ഭാവങ്ങളെ പുറത്തെടുക്കേണ്ടി വരുമ്പോൾ കലുഷിതമായ ബഹളംവയ്ക്കുന്ന പശ്ചാത്തലവും സംഗീതവും തടസമായി വരും. അതുകൊണ്ടാണ് ആർണീം ചൂണ്ടിക്കാട്ടിയത്, സാങ്കേതികതയുടെ അതിപ്രസരം സിനിമ എന്ന കലാരൂപത്തെ നശിപ്പിക്കുമെന്ന്. അദ്ദേഹം ചാർലി ചാപ്ലിൻ ചെയ്ത നിശബ്ദ സിനിമകളിലാണ് കലയുടെ അനുഭവം കൂടുതലായി കാണുന്നത്. ആവിഷ്കാരത്തിന്‍റെ കൃത്യത അവിടെ കാണാം. അത് യാഥാർഥ്യത്തെ അതേപടി പകർത്തുന്നില്ല. എന്നാൽ സിനിമാ സംവിധായകന് അഭിനേതാക്കളെ ആവശ്യമുണ്ട്. ക്യാമറ വേണം. മേയ്ക്കപ്പ് വേണം. പ്രകാശം വേണം. ഇതെല്ലാം സംവിധായകനു സ്വന്തമായി സൃഷ്ടിക്കാനാവില്ല. മറ്റുള്ളവരെ ഏറെ ആശ്രയിക്കണം. കെ.എസ്. സേതുമാധവനു സത്യൻ വേണമായിരുന്നു. "അനുഭവങ്ങൾ പാളിച്ചകൾ' ഓർക്കുക. സത്യൻ ഒരു കലാവസ്തുവാണ്. ആ കലാവസ്തുവിനെ തന്‍റെ ആവശ്യത്തിനു വിദഗ്ധമായി ഉപയോഗിക്കേണ്ടതാണ്. അപ്പോഴും സത്യൻ എന്ന ബാഹ്യവസ്തു അനിവാര്യമാണ്. സിനിമയുടെ കലാപരമായ വിജയം എത്ര വലുതാണെങ്കിലും അവിടെ ധാരാളം കലാകാരന്മാരുടെയും കലാവസ്തുക്കളുടെയും സഹായം വേണം. ശബ്ദം നന്നായി റെക്കോഡ് ചെയ്തില്ലെങ്കിൽ സിനിമ പരാജയപ്പെടില്ലേ,എത്ര വലിയ സംവിധായകനാണെങ്കിലും? ഛായാഗ്രാഹകൻ പരാജയപ്പെട്ടാൽ സംവിധായകനു വിജയിക്കാനാവില്ല. നടീനടന്മാരുടെ പരാജയം സംവിധായകന്‍റേതുമാണ്.

കലാകാരനായ വിമർശകൻ

ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് സിനിമയെയും സാഹിത്യവിമർശനത്തെയും താരതമ്യം ചെയ്യുന്നത്.ഈ താരതമ്യം ഇന്നത്തെ സംസ്കാരികരംഗത്ത് ഒരു അവശ്യവസ്തുവാണെന്ന ധാരണയില്ല. ഇത് ബുദ്ധിപരമായ അഭ്യാസമായി കണ്ടാലും മതി. അതിലൂടെ ചില വസ്തുക്കൾ പുറത്തുവരികയാണെങ്കിൽ അത് നല്ലതായിരിക്കുമല്ലോ. സാഹിത്യവിമർശനത്തിനു സാങ്കേതിക വിദഗ്ധരെ ആവശ്യമില്ല; മറ്റു കലാവസ്തുക്കളെയും ആവശ്യമില്ല. വിമർശകനു സ്വന്തം അറിവും കലാബോധവുമാണ് വേണ്ടത്.

സാഹിത്യ വിമർശനം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യപാദങ്ങളിൽ നിന്നു മുന്നേറിയ സാഹചര്യമാണുള്ളത്. വിമർശകൻ ഒരു കലാകാരനാണെന്നു സ്വയം തീരുമാനിക്കുന്ന പക്ഷം അയാൾക്ക് സാഹിത്യകൃതിയെ വെറുതെ വായിച്ച് എന്തെങ്കിലും വിശദീകരണം എഴുതിയാൽ പോരാ. ഈ നൂറ്റാണ്ടിൽ, സാഹിത്യ വിമർശകൻ കൃതിയെക്കുറിച്ച് വായനക്കാരനു ക്ലാസെടുക്കുന്ന വ്യക്തിയല്ല. സാഹിത്യം പഠിപ്പിക്കുന്നതും വിമർശനം എഴുതുന്നതും തമ്മിൽ ഒരു ബന്ധവുമില്ല. സാഹിത്യം പഠിപ്പിക്കുന്നതോടെ സാഹിത്യം ഇല്ലാതാവും. ഇടശേരിയുടെ "പൂതപ്പാട്ട് ' എങ്ങനെയാണ് പഠിപ്പിക്കുന്നത്? വാക്കുകളുടെ അർഥവും കവിതയുടെ ഉള്ളടക്കവും പറയാം. എന്നാൽ പൂതപ്പാട്ട് മനുഷ്യാത്മാവിന്‍റെ ഉപബോധത്തിൽ അടിഞ്ഞുകൂടിയ പാപബോധത്തിന്‍റെ നീറ്റലും കലമ്പലുമാണ് ഉൾക്കൊള്ളുന്നത്. ഇത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഒരു അധ്യാപകനും വളർന്നിട്ടില്ല. കാരണം, കവിത ഒരു വ്യക്തി അനുഭവിക്കാനുള്ളതാണ്. അതിനു അഭിരുചി വേണം. കവിയുടെ ഏകപക്ഷീയമായ അഭിരുചിയിൽ ആത്മീയമായി ഇടപെടാൻ ശേഷിയുള്ള വായനക്കാർ ഉണ്ടാകണം. ഇന്നത്തെ വിമർശനം സ്വയം കണ്ടെത്തുകയാണ്; ഒരു കവിതയ്ക്കോ കഥയ്ക്കോ പഠനം എഴുതുകയല്ല. പഠനം എഴുതുന്നത് വിമർശനമായി കാണാനാവില്ല. യഥാർഥ വിമർശകൻ ഒരു എഴുത്തുകാരന്‍റെയും പ്രചാരവേല ഏറ്റെടുക്കില്ല. നോവലിസ്റ്റിന്‍റെയോ കവിയുടെയോ പ്രശസ്തി വർധിപ്പിക്കാൻ വേണ്ടി വിമർശകൻ എഴുതേണ്ടതില്ല. അതൊക്കെ പുസ്തക നിരൂപകർ ചെയ്യും. വിമർശകനു സിനിമാ സംവിധായകനേക്കാൾ ഭാരിച്ച ജോലിയാണുള്ളത്.

ഒരു കൃതി വായിച്ച് അതിന്‍റെ തിരക്കഥയെ ഉപജീവിച്ച് ഒരു കലാനുഭവത്തിനു മുതിരുന്ന സംവിധായകനു നിയതമായ ഒരു മാർഗരേഖയുണ്ട്. അത് നേരത്തെ തീരുമാനിച്ചതാണ്. തോപ്പിൽ ഭാസി "യുദ്ധകാണ്ഡം' സംവിധാനം ചെയ്യുന്നത് സ്വന്തം തിരക്കഥയിലാണ്. അത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരാശയമാണ്. എന്നാൽ വിമർശകനു മുൻനിശ്ചയിച്ച ഒരു വഴിയില്ല. വിമർശകന്‍റെ ഓരോ ചുവടുവയ്പും മുൻപില്ലാത്ത മേഖലകളിലൂടെയാണ്. തന്‍റെ കലാഭിരുചിക്ക് ഇണങ്ങുന്ന വിധത്തിൽ അയാൾ ഒരു കൃതിയെ അതിന്‍റെ ഉറച്ചുപോയ ഭാവുകത്വത്തിൽ നിന്നു മാറി നിന്നു പരിശോധിക്കുകയാണ്.

ഹെമിംഗ്‌വേയുടെ "ദ് ഓൾഡ് മാൻ ആൻഡ് ദ് സി' (കിഴവനും കടലും) എന്ന കൃതിയെക്കുറിച്ച് എഴുതുമ്പോൾ നേരത്തെ പലരും വായിച്ച രീതിയിൽ ആയിരിക്കരുത് എന്നു നിഷ്കർഷിക്കുകയാണ് വിമർശകന്‍റെ പ്രാഥമികമായ ജോലി. നോവലിൽ വലിയ മീനിനെ കുന്തം കൊണ്ട് കുത്തി കയറിട്ട് വലിച്ച് കരയ്ക്കടുപ്പിച്ചപ്പോൾ അസ്ഥികൂടം മാത്രമാണ് ശേഷിച്ചത്. ഈ ക്രൂരത മനുഷ്യന്‍റെ വിജയമല്ല തകർച്ചയാണെന്നു വിവരിച്ച് ഞാൻ എഴുതിയതിന്‍റെ പശ്ചാത്തലം ഇതാണ്. മറ്റുള്ളവർ സ്വീകരിച്ച നിലപാടുകൾ വിമർശകൻ അംഗീകരിക്കുകയില്ല. അയാൾക്ക് ചരിത്രത്തിൽ തന്നെ പുതിയ വഴി വേണം. ഒരു കൃതി പ്രചാരത്തിൽ കൊണ്ടുവരാനല്ല അയാൾ എഴുതുന്നത്; സ്വയം അറിയാനാണ്. കലാപരവും ആത്മീയവും സൗന്ദര്യാത്മകവുമായ ഒരു പുതിയ കവാടം തുറക്കാനാണ് ശ്രമിക്കുന്നത്. ഇതിനാകട്ടെ, മുൻകൂട്ടി നിശ്ചയിച്ച ഒരു സ്ക്രിപ്റ്റില്ല.

കെ.പി. അപ്പൻ എം.ടിയുടെ "മഞ്ഞി'നെക്കുറിച്ച് എഴുതുമ്പോൾ അതിനു "സമയതീരങ്ങളിലെ സംഗീതം' എന്നു പേരിടുന്നു. "മഞ്ഞി'ലെ സമയബോധവും ഭാഷയിലെ സംഗീതവുമാണ് അദ്ദേഹത്തെ ആകർഷിച്ചത്; മഞ്ഞിലെ വിമലയുടെ കാത്തിരിപ്പോ പ്രണയമോ അല്ല. ഇത് രണ്ടും ഉപയോഗിച്ച് യുക്തിവിചാരം ചെയ്യുകയാണ് അപ്പൻ. അപ്പനു അതിനായി പുതിയ ഗദ്യം സൃഷ്ടിക്കേണ്ടി വരുന്നു. അത് കലയുടെ ലോകമാണ്. എം.ടിയെക്കുറിച്ചുള്ള പാഠങ്ങളിൽ നിന്നു വിടുതൽ നേടി പുതിയ പാഠം സൃഷ്ടിക്കുകയാണ്. എം.ടിയിലെ സംഗീതകാരനെ നിരീക്ഷിക്കുകയാണ് വിമർശകൻ. അവിടെ വിമർശകന്‍റെ സംഗീതബോധം കൂടിച്ചേരണം.

ഭാഷ എന്ന കലാരൂപം

വിമർശകന്‍റെ ഗദ്യം അയാൾ സൃഷ്ടിക്കുന്നതാണ്. ഒരു ക്യാമറാമാൻ ഇതിൽ സഹായിക്കുന്നില്ല. വിമർശകന്‍റെ ഗദ്യം കലാരൂപമാണ്. അവിടെ മേക്കപ്പ്മാനില്ല. ഭാഷയ്ക്ക് നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാൻ വേണ്ടി സാഹസികമായ പരിവേക്ഷണങ്ങളിൽ ഏർപ്പെടാൻ വിമർശകൻ വിധിക്കപ്പെട്ടിരിക്കുന്നു. സംവിധായകനു കാണികളെ മുന്നിൽ കാണാതെ സിനിമയെപ്പറ്റി ആലോചിക്കാനാവില്ല. സിനിമയ്ക്ക് ധാരാളം പണം വേണം. ഈ പണത്തിന്‍റെ സുരക്ഷയ്ക്കായി ഫ്രെയിമിൽ വിട്ടുവീഴ്ച ചെയ്യാൻ സംവിധായകൻ നിർബന്ധിതനാണ്. എന്നാൽ വിമർശകനു വായനക്കാരുടെ മുഖം നോക്കേണ്ടതില്ല. അയാളെ ഒരു ഘട്ടത്തിലും വായനക്കാർ ഭരിക്കുന്നില്ല. ശ്രദ്ധാലുക്കളായ വായനക്കാർ വിമർശകന്‍റെ നിലയിലേക്ക് ഉയരുകയാണ് ചെയ്യുന്നത്. വിമർശകൻ നവീനമായ വായന സൃഷ്ടിക്കുന്നു. ഈ വായന ചരിത്രപരമാണ്. അത് സർഗാത്മകമായ രചനയുടെ ഭാഗമാണ്.

ഭാഷാപരമായ അലസതയെയും അടിമത്ത മനോഭാവത്തെയും തോൽപ്പിച്ചുകൊണ്ടാണ് വിമർശകൻ ഭാഷയെ ചരിത്രത്തിലെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചെടുക്കുന്നത്. "ഭാഷ എനിക്കൊരു ഞരമ്പുരോഗമായി പരിണമിച്ചു' എന്നു അമെരിക്കൻ വിമർശകൻ യൂജിൻ ജൊലാസ് പറഞ്ഞത് വിമർശകന്‍റെ ആന്തരികമായ അന്തഃഛിദ്രത്തിനുള്ള തെളിവാണ്. സൗന്ദര്യത്തിന്‍റെ പേരിൽ വിമർശകൻ ഞരമ്പുരോഗിയാവുകയാണ്. യൂജിൻ ജൊലാസ് ഇങ്ങനെ പ്രഖ്യാപിച്ചു: "നമുക്ക് പുതിയ വാക്കുകൾ വേണം. പുതിയ മനോലയങ്ങൾ വേണം. പുതിയ ചിത്രലിപികൾ, പ്രതീകങ്ങൾ, മിത്തുകൾ വേണം.' അദ്ദേഹം കലാപരമായ അസ്വസ്ഥതകളുടെ ഫലമായി പ്രത്യേകതരം മാനസികപ്രശ്നങ്ങളെ നേരിടുകയാണ്. ഒരിക്കലും എവിടെയുമില്ലാത്ത ഒരു സ്ഥലത്തേക്ക് മടങ്ങിപ്പോകണമെന്നു ഐറിഷ് എഴുത്തുകാരൻ ജയിംസ് ജോയ്സിനോട് പറയുന്നിടത്താണ് ജൊലാസിന്‍റെ വിഭ്രാന്തികൾ എത്തിച്ചേരുന്നത്.

രജത രേഖകൾ

1) വൈക്കം മുരളി ഹംഗേറിയൻ സാഹിത്യകാരനായ സിലാർദ് ബോർബിലിയുടെ "കാഫ്കാസ് സൺ' എന്ന കൃതിയെക്കുറിച്ച് എഴുതിയത് (ലാവണ്യമുള്ള നോവൽ - കാഫ്കയുടെ പുത്രൻ, പ്രഭാതരശ്മി, ഒക്റ്റോബർ) ശ്രദ്ധേയമായി. 2021ൽ പ്രസിദ്ധീകരിച്ച ഈ നോവൽ കിഴക്കൻ യൂറോപ്പിന്‍റെ പശ്ചാത്തലത്തിലാണ് എഴുതിയിരിക്കുന്നത്. വൈക്കം മുരളി എഴുതുന്നു: "ഇത് കാഫ്കയുടെ യാത്രകളെക്കുറിച്ചുള്ള ഒന്നാണ്'. ഓസ്ട്രിയൻ - ചെക്ക് എഴുത്തുകാരനായ കാഫ്കയുടെ ഭ്രമാത്മകലോകത്തിനു തുല്യമായ ഒന്നാണ് ഈ നോവലിലും കാണാനാവുക. മുരളിയുടെ വാക്കുകൾ : "പ്രതിഭ ശരിക്കും ക്രൂരമായ ഒരു തലത്തിലേക്ക് സമന്വയിക്കുന്നതിന്‍റെ ദർശനങ്ങൾ ഈ നോവലിലുണ്ട്. ബോർബിലിയുടെ രചനയുടെ രീതി ഈ നോവലിൽ ശരിക്കും മികച്ച രീതിയിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അതിലൂടെയാണ് അദ്ദേഹത്തിന്‍റെയും കാഫ്കയുടെയും രചനകളുടെ സംവിധാനം ബന്ധപ്പെട്ടിരിക്കുന്നതിന്‍റെ സമാനതകളും നമുക്ക് മനസിലാകുന്നത്.'

2) ഷാജി വേങ്കടത്ത് എഴുതിയ "അമ്മമനസ്' (ഗ്രാൻഡ് ബുക്സ്, കോട്ടയം) എന്ന നോവൽ ജീവചരിത്ര പ്രധാനമായ ആത്മാവിഷ്കാരമാണ്. സ്വാതന്ത്ര്യസമരഭടന്മാർക്ക് ആദരവായി എഴുതിയ ഈ കൃതി അന്ന എന്ന ലേഡി ഡോക്റ്ററുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ജീവിതം നഷ്ടപ്പെടുത്തിയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന സത്യം ഈ നോവൽ ഒന്നുകൂടി ഉറപ്പിക്കുകയാണ്.ആൻഡമാൻ - നിക്കോബാർ ദ്വീപുകളിൽ പീഡയനുഭവിച്ചു കഴിഞ്ഞ സ്വാതന്ത്ര്യ സമരഭടന്മാർക്ക് ആശ്രയമായ ഡോ. അന്നയിലൂടെ നോവൽ നമ്മുടെ ചരിത്രത്തെ പുനഃസന്ദർശനം നടത്തുകയാണ്.

3) ഡോ. എസ്. സുഷമയുടെ "തിരഞ്ഞെടുത്ത കവിതകൾ' (വേർഡ് കോർണർ) സമീപകാലത്ത് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള വിഷയങ്ങളെ മനസിലിട്ട് നീറ്റി എഴുതിയ കവിതകളുടെ സമാഹരണമാണ്.

"രണ്ടുണ്ടു കിഡ്നിയും,

കരളും പകുത്തേകാം

പകുതി മതിയത്രേ,

ജീവിച്ചുപോകാൻ.

എന്നാലും വേണ്ടില്ല

കടമെല്ലാം തീർത്തിട്ടു

ശാന്തമായിട്ടൊ-

ന്നുറങ്ങിടണം -

പറ്റിയാലൊരു കൊച്ചു

വീടും പണിയണം

കടലിന്‍റെ തിരമാല -

ക്കിപ്പുറത്തായ്.'

(അത്താണി)

4) പലർ ഉപയോഗിച്ച് മുഷിഞ്ഞ ഒരു ഷർട്ട് നമുക്ക് ധരിക്കാനാവില്ല; ദുർഗന്ധവും അഴുക്കും ദുഃസഹമായിരിക്കും. ഇതുപോലെയാണ് ഭാഷയുടെ കാര്യവും. ധാരാളം പേർ ഒരേ മട്ടിൽ പ്രയോഗിച്ച ഭാഷ വീണ്ടും വീണ്ടും ഉപയോഗിച്ചാൽ ദുർഗന്ധമുണ്ടാവും. തോറ്റങ്ങൾ ഒരു പഠനം, കോവിലൻ ഒരു പഠനം, ഖസാക്കിന്‍റെ ഇതിഹാസം ഒരു പഠനം, നോവലിനു ഒരാമുഖം, ഇന്ത്യ ഇന്നലെ ഇന്ന് നാളെ മറ്റെന്നാൾ, ഞാൻ കണ്ട യൂറോപ്പ് തുടങ്ങിയ പദപ്രയോഗങ്ങൾ ജീർണിച്ചതാണ്. മേൽപ്പറഞ്ഞ ദുർഗന്ധം ഈ ഭാഷയിൽ നിന്നു വമിക്കുന്നു. ഈ ദുർഗന്ധത്തിൽ നിന്നു രക്ഷനേടാനാണ് ഞാൻ ആത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങൾ, ഓർമയുടെ ശാകുന്തളം, ബുദ്ധിസ്റ്റ് നീലാകാശങ്ങൾ എന്നെല്ലാം പുസ്തകങ്ങൾക്ക് പേരിട്ടത്.

5) ഇന്നത്തെ ഗദ്യത്തിനു ജീവനില്ലാതായി. അതാരെയും വികാരം കൊള്ളിക്കുന്നില്ല. ബുദ്ധിയെ മാത്രമാണ് അത് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ നല്ല ഗദ്യത്തിനു ജീവനുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച മാമ്പുഴ കുമാരൻ, പി.എൻ. ദാസ് എന്നിവരുടെ ഗദ്യം ശ്രദ്ധിക്കണം.

6) ഡിജിറ്റൽ നവലോകം മനുഷ്യനെ അതിവേഗതയിലേക്ക് തള്ളിവിട്ടിരിക്കുന്നു. വാട്സപ്പിൽ സന്ദേശമയച്ചാൽ ഉടനെ മറുപടി കിട്ടിയിരിക്കണം. കിട്ടിയില്ലെങ്കിൽ അത് സ്നേഹരാഹിത്യമായി വ്യാഖ്യാനിക്കും. അല്പംപോലും ക്ഷമിക്കാൻ മനസില്ല. സാവധാനം പോകുന്നതെല്ലാം കുറ്റകരമാണെന്ന വ്യാഖ്യാനം വന്നു കഴിഞ്ഞു. വാഹനങ്ങൾ പതുക്കെ ഓടിക്കുന്ന ഡ്രൈവർമാരോട് വെറുപ്പാണ്. മനുഷ്യനെ ബാധിച്ചിരിക്കുന്ന ഈ വേഗത എന്ന പ്രശ്നം ഒരു ഞരമ്പുരോഗമായി മാറി കഴിഞ്ഞിരിക്കുന്നു.

7) പേർഷ്യൻ എഴുത്തുകാരൻ സാദഖ് ഹിദായത്തിന്‍റെ (1903-1951)"ദ് ബ്ലൈൻഡ് ഓവ്ൾ' (കുരുടൻ മൂങ്ങ) എന്ന നോവലിൽ കാമുകിയെ നഷ്ടപ്പെട്ട് ഒരു ചിത്രകാരൻ നിരാശയിലാകുന്നു. തന്‍റെ മുറിയിലെ ഭിത്തിയിൽ അയാൾ കാണുന്ന തന്‍റെ നിഴലിനു മൂങ്ങയോടു സാദൃശ്യം. അത് അന്ധമാണ്. അയാൾ അതിനോടു എല്ലാം തുറന്നു പറയുന്നു. ജീവിതത്തിൽ മരണമാണ് സത്യമെന്ന ചിന്തയിൽ അയാൾ എത്തിച്ചേരുന്നു. നോവലിൽ ഇങ്ങനെ പറയുന്നു: "ചില വ്യക്തികളുടെ ജീവിതത്തിൽ മരണത്തിന്‍റെ പേരിലുള്ള വ്യഥകൾ ഇരുപത് വയസിൽ ആരംഭിക്കുന്നു. എന്നാൽ ചിലർ ഏറ്റവും അവസാനമായിരിക്കും മരിക്കുക, ശാന്തമായി, സമാധാനത്തോടെ. മുഴുവൻ എണ്ണയും കത്തിത്തീരുന്ന വിളക്ക് പോലെ.' അസ്തിത്വത്തിന്‍റെ ദുഃഖവും തീവ്രമായ അസ്വസ്ഥതയും ആവിഷ്കരിച്ച ഈ കൃതി കഴിഞ്ഞ നൂറ്റാണ്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.

8) അമെരിക്കൻ കോമേഡിയനും നടനുമായ ഗ്രൂഷോ മാർക്സ് പറഞ്ഞു: "മനുഷ്യനു സ്വന്തം വിധിയെ നിയന്ത്രിക്കാനാവില്ല; അവന്‍റെ ജീവിതത്തിലെ പെണ്ണുങ്ങളാണ് അത് അവനു വേണ്ടി ചെയ്യുന്നത്.'

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം