അക്ഷരജാലകം | എം.കെ. ഹരികുമാർ
നിരുപാധികമായ അന്വേഷണമാണ് ജർമൻ - സ്വിസ് എഴുത്തുകാരൻ ഹെർമൻ ഹെസെയുടേത് (1877-1962). അദ്ദേഹം എല്ലാ സംഘടിത വിശ്വാസങ്ങളിൽ നിന്ന്, പൊതുധാരകളിൽ നിന്ന് അകന്ന് വ്യക്തിപരമായ ജ്ഞാനതൃഷ്ണയോടെ രചനകളിൽ മുഴുകി. അത് ഏകാന്തതയുടെ വിധിയായിരുന്നു. സാഹിത്യ രചനകളിലാണ് ഇതൊക്കെ സാധ്യമാവുകയുള്ളൂ എന്ന് തോന്നുന്നു. സമൂഹ ജീവിതത്തിൽ നിന്ന് ഒരെഴുത്തുകാരന് പൂർണമായി വിട്ടു നിൽക്കാനാവില്ല. കാരണം, അയാൾ എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടതുണ്ട്.
ഒന്ന്, പല്ലു തേക്കണമെങ്കിൽ ബ്രഷും പേസ്റ്റും വാങ്ങണം. ഇത് മറ്റുള്ളവർ ഉണ്ടാക്കിയതാണ്. ഭക്ഷണം കഴിക്കണമെങ്കിൽ ഹോട്ടലും ബേക്കറിയും വേണം. എവിടെയാണ് സ്വാതന്ത്രനാവുക? എന്തെങ്കിലും വായിക്കണമെങ്കിൽ പത്രമോ വാരികയോ പുസ്തകമോ വാങ്ങണം. ഇതൊക്കെ മറ്റുള്ളവർ എഴുതി പ്രസിദ്ധീകരിക്കുന്നതല്ലേ? മറ്റുള്ളവർ എഴുതിയതിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടാൻ പ്രയാസമാണ്. ഒരു കവിതയോ കഥയോ എഴുതിയാൽ പോലും അതിലെല്ലാം ഭൂതകാലത്തിലെ രചനകളാണ് പ്രതിധ്വനിക്കുന്നത്.
സർവത്ര ബന്ധിതമായ ഒരു ലോകത്താണ് ഹെർമൻ ഹെസെ ആത്മീയമായ സ്വാതന്ത്ര്യത്തിന്‍റെ അർഥം ആരാഞ്ഞത്.
നിലവിലുള്ള വ്യവസ്ഥിതിയിലൂടെ അന്വേഷിക്കേണ്ടതല്ല സത്യം എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എല്ലാറ്റിന്‍റെയും കെട്ടുപാടുകളിൽ നിന്ന് അകന്നു മാറി ഒരു പരിവ്രാജകനെ പോലെ ഹെസെ പുസ്തകങ്ങളിലൂടെയും പ്രകൃതിയിലൂടെയും സഞ്ചരിച്ചു. സാഹിത്യ രചനയ്ക്ക് ഇതാവശ്യമായിരുന്നു; അല്ലെങ്കിൽ ഇങ്ങനെയായിരിക്കണം. എഴുതാൻ പലരും ഉപയോഗിച്ച ഒരു ലെൻസ് ഇനി ആവശ്യമില്ല. പലരും കണ്ടതും വിലയിരുത്തിയതുമായ ഒരു ആംഗിൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിൽ അർഥമില്ല.
ഹെസെയുടെ യഥാർഥ പേര് ഹെർമൻ കാൾ ഹെസെ എന്നാണ്. നൊബേൽ സമ്മാനം നേടിയ നോവലിസ്റ്റ് എന്നത് ചെറിയ പദവിയല്ലല്ലോ. അദ്ദേഹത്തിക്കുറിച്ച് വിമർശകരും വായനക്കാരും പൊതുവിൽ പറയുന്നത് സ്വയം കണ്ടെത്താൻ യത്നിച്ച ഒരു എഴുത്തുകാരൻ എന്നാണ്. അദ്ദേഹത്തിനു ദൈവശാസ്ത്ര വിദ്യാഭ്യാസമാണുള്ളത്, സർവകലാശാലാ ബിരുദമില്ല. 1922ൽ പ്രസിദ്ധീകരിച്ച "സിദ്ധാർഥ'യാണ് ഹെസെയുടെ അത്ഭുതകരമായ രചന. സ്റ്റെപ്പൻ വുൾഫ്, ദ് ഗ്ലാസ് ബെഡ് ഗെയിം എന്നിവ മറ്റു പ്രധാന രചനകളാണ്. ഹെസെയുടെ അമ്മ മേരി ഗുണ്ടർട്ട് ഇന്ത്യയിലാണ് ജനിച്ചത്. അവരുടെ മാതാപിതാക്കൾ മിഷനറി പ്രവർത്തകരായിരുന്നു. പിതാവ് ജോഹന്നാസ് ഹെസെ റഷ്യയുടെ അധീനതയിലായിരുന്ന ഈസ്റ്റോണിയയിലാണ് ജനിച്ചത്. അങ്ങനെ ചെറുപ്പത്തിൽ തന്നെ ഹെസെക്ക് ജർമൻ, റഷ്യൻ പാരമ്പര്യങ്ങൾ ലഭിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിനു മുൻപു പലവട്ടം ഇന്ത്യ സന്ദർശിച്ച ഹെസെ തന്‍റെ മതപരമായ, പ്രാപഞ്ചികമായ സത്യാന്വേഷണത്തിൽ നേരിട്ട പ്രതിസന്ധികൾക്കു ഉത്തരം തേടുകയായിരുന്നു. മതവിശ്വാസിയായിരിക്കെ തന്നെ ഹെസെ ഒരു സന്ദേഹിയും സത്യം സ്വന്തം അനുഭവത്തിലൂടെ കണ്ടെത്തുന്നതിൽ കണിശക്കാരനുമായിരുന്നു. അധ്യാപകരോ ഗുരുക്കന്മാരോ പറഞ്ഞുകൊടുക്കുന്ന സത്യങ്ങൾ അദ്ദേഹം വിശ്വസിച്ചില്ല. തന്‍റെ അനുഭവത്തിലൂടെ അത് വെളിപ്പെട്ട് കിട്ടാൻ വേണ്ടി എല്ലാ ഗുരുക്കന്മാരെയും ഉപേക്ഷിക്കുകയാണ് ചെയ്തത്. ബുദ്ധമതത്തിൽ ആകൃഷ്ടനായ ഹെസേ അവിടെ സത്യം എങ്ങനെയാണ് സംവേദനക്ഷമമാകുന്നതെന്ന് ആരാഞ്ഞുകൊണ്ടിരുന്നു.
നമ്മുടെ കാലഘട്ടത്തിൽ സത്യാന്വേഷണം തന്നെ അവസാനിച്ചിരിക്കുകയാണ്. ഇപ്പോൾ ഏതെങ്കിലും ഒരു ജീനിയസ് സ്വതന്ത്രമായി സത്യം അന്വേഷിക്കുമോ ? ജനാധിപത്യ വ്യവസ്ഥിതിയിലും നാം ഏറ്റവും നിയന്ത്രിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുകയാണ്. സ്വതന്ത്രമായി എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ, ജനാധിപത്യവ്യവസ്ഥ നമ്മെ കേസുകളിൽപ്പെടുത്തി ശ്വാസം മുട്ടിക്കുന്നു. ഇന്നാരെങ്കിലും ഹെസെയെ പോലെ നിലവിലുള്ള വ്യവസ്ഥിതിയിൽ അതൃപ്തനായി, ഗുരുക്കന്മാരിൽ നിന്ന് മുഖം തിരിച്ചു സ്വന്തം പാത തേടി, വന്യമായി, ഭ്രാന്തമായി ഒറ്റയ്ക്ക് സത്യത്തെ തേടുമോ? എല്ലാവരും വ്യവസ്ഥാപിതമായ സത്യത്തിൽ സന്തോഷത്തോടെ മുഴുകുകയല്ലേ ചെയ്യുന്നത്? ഇന്ന് യൂട്യൂബ് ചാനലുകളാണ് സത്യത്തെ വ്യാഖ്യാനിക്കുന്നത്. ഭൗതികതയുടെ മൃതശരീരത്തിൽ വെട്ടിയും കുത്തിയും രമിക്കുകയാണ് ആധുനികലോകം. ഇവിടെ ആത്മീയത പോലും ഭൗതികജീവിതത്തിലെ ലാഭവും കൊതിയും കുത്തും അലർച്ചയും അസൂയയും നിറഞ്ഞതായിരിക്കുന്നു.
മറ്റാരുടെയോ ആത്മീയതയ്ക്ക് വേണ്ടി മനുഷ്യൻ അവരുടേതാണെന്ന മിഥ്യാസങ്കൽപ്പത്തിൽ എന്തെല്ലാമോ ചിന്തിക്കുന്നു. "സിദ്ധാർഥ'യിൽ സന്യാസജീവിതം നയിച്ചിട്ടും തനിക്ക് എന്തുകൊണ്ടാണ് ബോധോദയം ഉണ്ടാകാത്തതെന്ന വ്യഥയിൽ അലയുകയാണ് പ്രധാന കഥാപാത്രം. ഗൗതമന് ആത്മീയതയും കാമസ്വാമിക്ക് ബിസിനസും ഉണ്ടെങ്കിലും സിദ്ധാർഥയ്ക്ക് അവിടെ തന്‍റെ ലക്ഷ്യം കണ്ടെത്താനാവുന്നില്ല. ഒടുവിൽ വാസുദേവനാണ് സിദ്ധാർഥനെ ചില സത്യങ്ങളുടെ വാതിൽക്കൽ എത്തിക്കുന്നത്. ഒരു നദിയുടെ തീരത്തിരിക്കുമ്പോൾ സിദ്ധാർഥൻ ഓളങ്ങളുടെ ശബ്ദത്തിൽ നിന്ന് ഓങ്കാരത്തിന്‍റെ പൊരുളിലേക്ക് ഉയർത്തപ്പെടുന്നു. അപാരവും അവാച്യവുമായ പൊരുളുകൾ വിരിയുകയാണ്. പ്രപഞ്ചരഹസ്യത്തിന്‍റെ ഏകാത്മകത, അതിൽ തന്നെ കാണപ്പെടുന്ന പരസ്പരബന്ധങ്ങൾ, കാലങ്ങൾ, ജന്മങ്ങൾ എല്ലാം വെളിവാകുകയാണ്. സത്യത്തെ തേടാതെ തന്നെ ധർമവും സത്യവും അവനിലേക്ക് എത്തിച്ചേരുന്നു. ഇത് ലേഖനങ്ങളിൽ നിന്നോ മറ്റു രചനകളിൽ നിന്നോ ലഭിക്കില്ല. ഗുരുക്കന്മാർക്ക് പോലും യഥാർഥ സത്യത്തെ മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കാനാവില്ല. അത് നാം സ്വയം കണ്ടെത്തണം. അതിനു മനസ് സജ്ജമാകേണ്ടതുണ്ട്. എല്ലാ അറിവുകളുടെയും ഭാരം ഒഴിയുമ്പോൾ പ്രകൃതി നമുക്കായി മാത്രം തുറക്കപ്പെടുകയാണ്. പരമസത്യങ്ങൾ എവിടെനിന്നും പഠിക്കാനാവില്ല. അതിനുള്ള പാഠശാല നമ്മളിൽ തന്നെയാണ്.
"സ്റ്റെപ്പൻ വുൾഫ്' എന്ന നോവലിൽ പകുതി മനുഷ്യനും പകുതി ചെന്നായയുമായി ജീവിക്കുന്ന ഒരുവന്‍റെ അന്യവത്കൃത ജീവിതമാണ് പകർത്തുന്നത്. ഹാരി ഹാലർ എന്ന മധ്യവയസ്കന്‍റെ കുറിപ്പുകളാണ് നോവലിനു ആധാരം. മുതലാളിത്ത സമൂഹത്തിൽ പൊരുത്തപ്പെടാനാകാതെ നിരന്തരം സ്വയം പുറത്താക്കപ്പെടുന്ന, അലങ്കോലമാക്കപ്പെടുന്ന ഒരാളുടെ അനുഭവങ്ങളാണ് അനാവരണം ചെയ്യപ്പെടുന്നത്. നവകാലത്ത് മനുഷ്യൻ നേരിടുന്ന അപരിഹാര്യമായ ഏകാന്തതയും ദുഃഖവുമാണ് ഹെസെയുടെ പ്രമേയം. സ്റ്റെപ്പൻ വുൾഫ് വായിക്കാതെ സാഹിത്യരചനയിലേർപ്പെടരുതെന്ന് ഹെമിംഗ്വേ വിദ്യാർഥികളെ ഉപദേശിച്ചത് ഓർക്കുകയാണ്.
ഏകാന്തത ഒരു ഭാരമാണെങ്കിലും അയാൾ അതിൽ നിന്ന് പുറത്തു കടക്കുന്നില്ല. കാരണം, അത് അയാൾ തന്നെ സൃഷ്ടിച്ചതാണ്. സ്വയം നിർമിക്കുന്ന പ്രതിഛായകൾ ഒരിക്കലും ഉപേക്ഷിക്കപ്പെടുകയില്ല. നോവലിൽ ഇങ്ങനെ വായിക്കാം: "നമ്മുടെയുളളിലെ യാഥാർഥ്യമല്ലാതെ മറ്റൊന്നും നിലവിലില്ല. അതുകൊണ്ടാണ് ധാരാളമാളുകൾ അത്തരം അയഥാർഥ ജീവിതം ജീവിക്കുന്നത്. അവർ പുറത്തുള്ള പ്രതിഛായകളെ യാഥാർഥ്യമായി പരിഗണിക്കുന്നു; എന്നാൽ ഒരിക്കലും അവർ ഉള്ളിലേക്ക് നോക്കാൻ അനുവദിക്കില്ല."
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ ദേന ബെയ്ൻ ടെയ്‌ലറുടെ പേജ് കണ്ടത്. അവർ ഒരു നല്ല സാഹിത്യാസ്വാദകയും എഴുത്തുകാരിയും പാട്ടുകാരിയുമാണ്. ഇതിലുപരി ടൊറെന്‍റോ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. അവരുടെ ബോൺസ് ആൻഡ് കിപ്സ് എന്ന കൃതി ഫാന്‍റസിയാണ്. ദേനാ ബെയ്ൻ ടെയ്‌ലർ എല്ലാ ദിവസവും, മൺമറഞ്ഞ വിശ്രുത എഴുത്തുകാരെ ഫേസ്ബുക്കിൽ പരിചയപ്പെടുത്താറുണ്ട്. എഴുത്തുകാരുടെ ചിന്തകളോടുള്ള ആദരവും സ്നേഹവുമാണ് ആ പരിചയപ്പെടുത്തലിൽ നിറയുന്നത്.
ബ്രിട്ടീഷ് നാടകകൃത്ത് ടോം സ്റ്റൊപ്പാർഡ്, ഫ്രാൻസ് കാഫ്ക, കോളിറിഡ്ജ്, ജോർജ് ഓർവെൽ, ബ്ലേക്ക്, യീറ്റ്സ്, അലൻ ഗിൻസബെർഗ് തുടങ്ങിയവരെപ്പറ്റി വിവിധ ദിവസങ്ങളിലായി ടെയ്‌ലർ ഫേസ്ബുക്കിൽ എഴുതി. ഈ കൂട്ടത്തിൽ ഹെർമൻ ഹെസെയെക്കുറിച്ച് ഒരു ചെറിയ കുറിപ്പും ചില ഉദ്ധരണികളും ചേർത്ത് എഴുതിയത് എന്നെ ആകർഷിച്ചു. ഹെസെയുടെ അപൂർവ്വ സുന്ദരമായ ഫോട്ടോയും ചേർത്തിട്ടുണ്ട്. ഹെസെ ഒരു ലൈബ്രറിയിൽ ഏതോ ഒരു പുസ്തകം ഗൗരവപൂർവം വായിച്ചുകൊണ്ട് അലമാരിയിൽ ചാരിനിൽക്കുന്നതാണ് ആ ഫോട്ടോ. വായനയിലും ചിന്തയിലുമുള്ള ആഴ്ന്നിറങ്ങൽ, അതിന്‍റെ ലഹരി അതിൽ സ്പഷ്ടമാണ്.
അവർ ഉദ്ധരിച്ച വാക്യങ്ങളിലൊന്ന് ഇങ്ങനെയാണ്: "നിങ്ങൾ ഒരാളെ വെറുക്കുകയാണെങ്കിൽ, നിങ്ങൾ അവനിൽ വെറുക്കുന്നത് നിങ്ങളിൽ തന്നെയുള്ള എന്തിനെയോ ആണ്. നമ്മുടെ ഭാഗമല്ലാത്തത് നമ്മെ അലോസരപ്പെടുത്തുകയില്ല.'
എത്ര ചിന്തനീയമായ പ്രസ്താവന! നമ്മെ ആകമാനം ഇളക്കിമറിക്കുന്ന സത്യം. ഫേസ്ബുക്കിന്‍റെ ഒരു ഗുണമിതാണ്. എഴുത്തുകാർക്കും കലാകാരന്മാർക്കും മരണാനന്തരം തിരിച്ചുവരാനാവും, പല ആളുകളുടെ പേജുകളിൽ, പല തലങ്ങളിൽ.
വി.ജി. തമ്പിയുടെ "ഇദം പാരമിതം' ഈ കാലത്ത് വളരെ അപൂർവമായി ലഭിക്കുന്ന സ്വയം തിരിഞ്ഞുനോട്ടമോ, സത്യാന്വേഷണമോ, സൗഹൃദത്തിന്‍റെ ആഴമന്വേഷിക്കലോ ആണ്. താരതമ്യേന വലിയൊരു നോവലാണിത്. ഇത്തരം നോവലുകൾ ഒരാൾ എഴുതുന്നത് അനുഭവങ്ങളിൽ ഒരാധിപത്യം വരുമ്പോഴാണ്; അനുഭവിച്ചത്, സംവദിച്ചത്, പകർന്നത്, പങ്കിട്ടത് എന്തൊക്കെയാണെന്ന് കുറച്ചൊക്കെ തിരിച്ചറിയുമ്പോഴാണ്. നടന്നുവന്ന വഴികളോട് ആത്മാവിന്‍റെ ആഴത്തിൽ നിന്നുണ്ടാകുന്ന ഒരു പ്രേമമുണ്ട്. നഷ്ടങ്ങളെക്കുറിച്ച് നേരിയ വിഷാദത്തോടെ ഓർക്കുമ്പോൾ തെളിയുന്ന ചിലതുണ്ട്. കൃതാർഥതയോടെ മനുഷ്യരിലേക്കും പ്രകൃതിയിലേക്കും സഞ്ചരിക്കുകയാണ് നോവലിസ്റ്റ്.
ഇത് വി.ജി. തമ്പിയുടെ ആദ്യ നോവലായിരിക്കാം. എന്നാൽ ഇത് അദ്ദേഹത്തിന്‍റെ മനസിൽ കുറേക്കാലമായി അടിഞ്ഞു കിടന്ന കൃതിയാണ്. ഇപ്പോൾ ഒരു ഭാഷ കണ്ടെത്തി പുറത്തുവന്നുവെന്നു മാത്രം. കവിയായതു കൊണ്ടാണ് തമ്പിക്ക് ഇതിന്‍റെ ആഖ്യാനത്തിൽ ഇത്രയും അലിവ് ചേർക്കാൻ കഴിഞ്ഞത്. അനുതാപവും മമതയുമാണ്, ഇതിലെ കഥാപാത്രങ്ങളോട് നോവലിസ്റ്റ് പുലർത്തുന്ന വികാരങ്ങൾ. മഞ്ഞുപോലെ നേർത്ത, അലിഞ്ഞുതീരുന്ന സ്നേഹത്തിന്‍റെ അർഥമെന്താണ്? സ്നേഹത്തിന്, പഴകുമ്പോൾ എന്താണ് സംഭവിക്കുന്നത്? സ്നേഹം മുറിവുകളായി രൂപാന്തരപ്പെടാനുള്ളതാണ്. എന്തുകൊണ്ട്? അത് സ്നേഹമായിരുന്നതുകൊണ്ട്. സ്നേഹത്തിന് കാലവുമായാണ് സംഘർഷം.
കസൻദ് സാക്കീസിന്‍റെ ഒരു വാക്യം ഓർക്കുകയാണ്: "ഞാൻ നിറയെ മുറിവുകളുമായി നിൽക്കുകയാണ്. എന്നാൽ ഞാൻ ഒറ്റയ്ക്കാണ്.' ഈ നോവലിൽ ലെവിൻ പറയുന്ന ഒരു കഥയിൽ സംന്യാസത്തെ നോവലിസ്റ്റ് നിർവചിക്കുന്നത് കാണാം. കഥ കേട്ടയാൾ കൗപീനം മാത്രം ധരിച്ച്, ചായക്കോപ്പയുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണ്, യാതൊരു മുന്നറിയിപ്പുമില്ലാതെ. സംന്യാസം ഒരാനന്ദമാണ്. അത് ജീവിതത്തിന്‍റെ മറ്റൊരു ആഘോഷമാണ്. പരിത്യാഗത്തിലൂടെ ആനന്ദം നേടുകയാണ്. സംന്യാസിയല്ലാത്ത ഗുരു നിത്യയും ഫെഡ എന്ന പെൺകുട്ടിയുമായുള്ള ബന്ധം ഒരു പൂ വിരിയുന്നത് പോലെ മൃദുവായി എഴുതിയിട്ടുണ്ട്. നിത്യയോടൊപ്പം ലോകസഞ്ചാരം. അവൾ ശരീരത്തിനപ്പുറം തേടുന്നവളായിരുന്നു. അവൾ പാരീസിലെ പ്രശസ്തമായ സെമിത്തേരികൾ നിത്യയ്ക്ക് കാണിച്ചു കൊടുത്തു.
നിത്യയുടെ ചില ഗ്രന്ഥങ്ങൾക്കും ഹെഡ നിമിത്തമായത്രേ: സിമോൺ ദ് ബുവേ അവളുടെ കഥ പറയുന്നു, നളിനി എന്ന കാവ്യശിൽപം, നെരൂദയുടെ ഓർമക്കുറിപ്പുകൾ, ഒമർ ഖയ്യാമിന്‍റെ പ്രണയലഹരികൾ, റൂമിയുടെ മസ്നാവി, പ്രേമവും ഭക്തിയും. ഹെഡ നിത്യയുടെ കാമുകിയും സഖിയുമായി ജീവിച്ചു എന്ന് നോവലിസ്റ്റ് എഴുതുന്നു. "അവൾക്കുള്ളിലെ ആത്മീയാകാംക്ഷകളുടെ നിലവിളികൾ നിത്യ കേട്ടു'. മനുഷ്യജീവിതത്തിന്‍റെ മറഞ്ഞിരിക്കുന്ന സൗന്ദര്യം ഈ കൃതിയിൽ അനുഭവിക്കാനാകും.
1) വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളെപ്പറ്റി ആത്മാർഥതയോടെ സമീപകാലത്ത് എഴുതിയത് കവി പത്മദാസാണ്. അദ്ദേഹം ഇങ്ങനെ കുറിക്കുന്നു: "ധാർമികത, അപരിഗ്രഹത്വം, അഹിംസ, സത്യോപാസന തുടങ്ങിയ പൂർവ്വ നൈതിക പാരമ്പര്യങ്ങളെ അപ്രാവർത്തികം എന്ന് പറഞ്ഞു തള്ളിക്കളയുകയല്ല, തന്നാലാവുന്ന വണ്ണം ജീവിച്ചിരിക്കെ ആത്മ കർമ മണ്ഡലങ്ങളിൽ പ്രാവർത്തികമാക്കുകയും അവയെ തന്‍റെ കവിതകളിൽ സന്നിവേശിപ്പിച്ച് പ്രോജ്വലിപ്പിക്കുകയും അനുവാചക ഹൃദയങ്ങളിലുറപ്പിക്കുകയുമാണ് ചെയ്തത്.'
ഇത് വളരെ അർഥവത്തായ നിരീക്ഷണമാണ്. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളെപ്പറ്റി ആദരവോടെയേ എഴുതാനാവൂ. എന്തെന്നാൽ കവിതയെ ഇത്ര പവിത്രമായി, നിർമലമായി സമീപിച്ചവർ ചുരുക്കമാണ്. അദ്ദേഹത്തിന് കവിത ഒരു പ്രാർഥനാലയം പോലെയായിരുന്നു. (പ്രിയപ്പെട്ട 101 വിഷ്ണുനാരായണൻ നമ്പൂതിരിക്കവിതകൾ, മാതൃഭൂമി )
2) ജയചന്ദ്രൻ പൂക്കരത്തറയുടെ "ഒറ്റയ്ക്ക് പോയ വാക്ക്'(ഡിസി) കാലത്തിന്‍റെ മിഥ്യകളാൽ നിലനിർത്തുന്നതും അപഹാസ്യവും അർഥശൂന്യവുമായ കാഴ്ചകളെ പിന്തുടരുകയാണ്. വാക്കുകളുടെ മൂർച്ചക്കായി കവി കാത്തിരുന്നതിന്‍റെ പ്രതീതി.
"കരിമ്പടം പുതച്ച്
രഹസ്യങ്ങൾ
ചൂട്ടും ടോർച്ചും മിന്നിക്കും
രാത്രിയിൽ.
നായ്ക്കൾ കുരയ്ക്കും മനുഷ്യസംസ്കാരം
വാ പൊത്തി ചുമയ്ക്കും'
3) ജീവിതത്തോടുള്ള സത്യസന്ധതയാണ് ഒരു സാഹിത്യകൃതിയുടെ പ്രഥമയോഗ്യത. ആ സത്യസന്ധതയിൽ വിജയിക്കുന്നവർക്ക് മറ്റു തത്ത്വങ്ങൾ ആവശ്യമേയില്ല. എന്നാൽ ഈ സത്യസന്ധത അനുവാചകനിൽ ഒരു വികാരമായി പകരാനാവണം. അതിനുവേണ്ടതായ കഴിവാണ് കല. കല ഒരു സാമർഥ്യമാണ്. മറ്റൊരു മനസിൽ അതിവിദഗ്ധമായി കടന്നു കയറി വാസമുറപ്പിക്കാനുള്ള വിദ്യയാണത്. സംഗീതസംവിധായകൻ വി. ദക്ഷിണാമൂർത്തി പറഞ്ഞതുപോലെ മറ്റൊരു മനസിനെ പൂജിക്കുമ്പോൾ തിരിച്ചും ആ പൂജ കിട്ടും.
4) എം.ബി. സന്തോഷ് എഴുതിയ "ആടുകഥ' (പൂർണ പബ്ലിക്കേഷൻസ്) സമകാല ജീവിതത്തിലെ പരക്കം പാച്ചിലുകളെ ആടിന്‍റെ രൂപകത്തിലൂടെ ആക്ഷേപഹാസ്യമാക്കി അവതരിപ്പിക്കുന്നു. ഒരു പത്രപ്രവർത്തകന്‍റെ ലോകമാണിത്. രാഷ്‌ട്രീയവും പത്രവ്യവസായവും ചേർന്ന് സൃഷ്ടിക്കുന്ന നൈമിഷികമായ വൈകാരിക കടലുകൾ പ്രത്യക്ഷമാകുകയാണ്. മുഖ്യമന്ത്രിയുടെ വീട്ടിലെ ആടിൽ നിന്ന് തുടങ്ങുന്ന ആടുപുരാണം ഒരു ഭ്രമാത്മകലോകം സൃഷ്ടിക്കുന്നു. അജാസ് ഗോട്ട് മിൽക്ക്, ആട്ടിൻ പൂട പ്രസാദം, ആടമ്മ തുണയ്ക്കട്ടെ, ഇന്‍റർനാഷണൽ ഗോട്ട് സ്റ്റഡി സെന്‍റർ, കുന്നത്തൂർ അജാരാധന സപ്ലിമെന്‍റ്, ആടുമതം, അജാരാധന, ആടിന്‍റെ പൂർണകായ പ്രതിമ, അജസ്തവം കവിത, ആടുദൈവം സിനിമ ഇങ്ങനെ പോകുന്നു ആടുപുരാണം. ജീവിതം യുക്തിയില്ലാത്ത ഒരു ചിരിയാണെന്ന് തോന്നിപ്പിക്കുന്ന നോവൽ പൊതു വ്യവഹാരങ്ങളിലെ മിഥ്യകൾ ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തെ തമാശയോടെ നോക്കിക്കാണുന്ന നോവൽ.
5) ഉണ്ണികൃഷ്ണൻ പുതൂർ എഴുതിയ "ആനപ്പക' എന്ന നോവലിന്‍റെ അമ്പതാം വർഷം പ്രമാണിച്ച് ടി. ബാലകൃഷ്ണൻ എഴുതിയ ലേഖന (ആനപ്പകയ്ക്ക് അരനൂറ്റാണ്ട്, ഗ്രന്ഥാലോകം, മെയ്, 2024) ത്തിൽ ഇങ്ങനെ വായിക്കാം: "നോവലിൽ ആനക്കൂട്ടം തന്നെയുണ്ടെങ്കിലും പേര് പോലെ ഒരു ആനയുടെ പകയും പ്രതികാരവുമല്ല കഥാവിഷയം. പക എന്ന വികാരത്തെയാണ് ആനപ്പക പ്രതീകവൽക്കരിക്കുന്നത്'. ഇത് പ്രത്യേകം പറഞ്ഞത് നന്നായി. ഉണ്ണികൃഷ്ണൻ പുതൂർ എന്തിനാണ് ആനക്കഥ എഴുതിയത് എന്ന് ചോദിച്ചവർക്കുള്ള മറുപടിയാകട്ടെ ഇത്.
6) ശ്യാം ബനഗലിന്‍റെ "അങ്കുർ' (അനന്ദ് നാഗ്, ശബാന അസ്മി, 1974) എന്ന സിനിമയിലെ അവസാന രംഗത്ത് നമ്മുടെ തണുത്തുറഞ്ഞ മനസുകൾക്കൊരു ശിക്ഷ പോലെയാണ്, സംവിധായകൻ ഒരു ബാലനെ കൊണ്ട് അനീതിക്കെതിരേ കല്ലെറിയിക്കുന്നത്. സിനിമ കണ്ടവർ ആ ദൃശ്യം മറക്കില്ല. മാത്യു സണ്ണി കെ ഇതിനെക്കുറിച്ച് എഴുതിയ "അങ്കുറിലെ മറക്കാനാവാത്ത ആ ദ്യശ്യം' എന്ന ലേഖനം (ഡബ്ല്യുടിപി ലൈവ് ഡോട്ട് ഇൻ, ജൂൺ 20) ശ്രദ്ധേയമാണ്. ഒരു ക്രൂരമായ ദളിത് പീഡനത്തിനു സാക്ഷികളായി ധാരാളം പേർ അവിടെ കൂട്ടംകൂടി നിന്നതല്ലാതെ ആരും പ്രതികരിച്ചില്ല. അപ്പോഴാണ് അവരെല്ലാം പോയി മറയുന്നതോടെ ഒരു ബാലൻ പ്രതീക്ഷപ്പെടുന്നത്. മാത്യു സണ്ണി എഴുതുന്നു: "പുറംതിരിഞ്ഞുള്ള നടപ്പ് പ്രതിഷേധക്കാനുള്ള അവന്‍റെ ദൃഢനിശ്ചയം കാട്ടിത്തന്നു. അവൻ പ്രേക്ഷകരുടെ പ്രതിനിധിയായി മാറുന്നു. ജന്മിത്തത്തിന്‍റെ പ്രതീകമായ ജനാലച്ചില്ല് കല്ലെറിഞ്ഞ് പൊട്ടിക്കുന്നു'.
എത്ര വലിയ ശക്തിയാണ് മറുവശത്തെങ്കിലും അതിനോട് തന്നാലാവും വിധം ആ ബാലൻ പ്രതികരിക്കുകയാണ്. അവന്‍റെ പ്രതിഷേധത്തിൽ സത്യവും നന്മയുമുണ്ട്. അവന് പ്രതികരണ ക്ഷമതയുണ്ട്. അവൻ ഒത്തുതീർപ്പിലെത്തുന്നില്ലല്ലോ. എതിർപ്പ് മറച്ചുവയ്ക്കുന്നുമില്ല.
7) അമെരിക്കൻ സംവിധായകനായ വൂഡി അല്ലൻ പറഞ്ഞു: "സെക്സും പ്രണയവും തമ്മിലുള്ള വ്യത്യാസം ഇതാണ്: സെക്സ് ടെൻഷൻ ഇല്ലാതാക്കും; എന്നാൽ പ്രണയം ടെൻഷനുണ്ടാക്കും'.