തുഞ്ചത്ത് എഴുത്തച്ഛൻ ഭാവനാചിത്രം
Literature

മലയാള സാഹിത്യത്തിന്‍റെ വിശാലലോകം | പഠനം

ഭാഷയുടെ ഏറ്റവും സുന്ദരമായ ആവിഷ്‌കാരമാണ് സാഹിത്യം. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വിശാല ലോകത്തെ പരിചയപ്പെടാം.

തയാറാക്കിയത്: എൻ. അജിത്കുമാർ

ഭാഷകൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്നത്. ഭാഷകൊണ്ടു തന്നെയാണവന്‍ ആശയവിനിമയം നടത്തുന്നതും. ഭാഷയുടെ ഏറ്റവും സുന്ദരമായ ആവിഷ്‌കാരമാണ് സാഹിത്യം. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വിശാല ലോകത്തെ പരിചയപ്പെടാം. എല്ലാ ക്ലാസിലെയും മലയാള പാഠങ്ങള്‍ക്കും പരീക്ഷാ റഫെറന്‍സിനും ഇത് സഹായകരമാകും.

കഥാസാഹിത്യം

The Epic of Gilgamesh

പ്രധാന സാഹിത്യശാഖകളിലൊന്ന്. മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങുകയും മൃഗങ്ങളുടേതില്‍നിന്നും വ്യത്യസ്തമായി ബുദ്ധിവികാസം പ്രാപിച്ച് ആശയവിനിമയത്തിന് പ്രാപ്തിനേടുകയും ചെയ്തതോടെ കഥയുടെ ആരംഭമായി. മിക്കവാറും എല്ലാ സാഹിത്യരൂപങ്ങളുടെയും അന്തര്‍ഘടനയില്‍ കഥയുണ്ടായിരിക്കും. എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രാചീനമായ കഥ ബാബിലോണിയന്‍ കഥയായ 'ഗില്‍ഗമേഷിന്‍റെ ഇതിഹാസം' ആണ്. പദ്യരൂപത്തിലുള്ള കൃതിയാണിത്.

വേദങ്ങളിലും ഉപനിഷത്തുകളിലും ലഘുകഥകളുണ്ട്. വിവിധ ജനതകള്‍ തലമുറകളായി പറഞ്ഞും പാടിയും പോരുന്ന കഥകള്‍ മിക്കവയും ഗാനരൂപത്തിലുള്ളവയാണ്.ഗദ്യത്തിലുള്ള കല്പിതകഥാവിഭാഗം എന്ന അര്‍ത്ഥത്തിലാണ് കഥാസാഹിത്യത്തെ ആധുനികസാഹിത്യത്തില്‍ പരിഗണിക്കുന്നത്. ചെറുകഥ, നോവല്‍ തുടങ്ങിയ സാഹിത്യരൂപങ്ങള്‍ ഉള്‍പ്പെടുന്ന വിശാലവിഭാഗമാണിത്.

പ്രാചീന കഥകള്‍ ആസ്വാദകര്‍ക്ക് മാനസികോല്ലാസം പകരുന്നതിനൊപ്പം അവരുടെ ജീവിതാവബോധത്തെയും ധാര്‍മ്മികഭാവത്തെയും രൂപീകരിക്കുക എന്ന ധര്‍മ്മംകൂടി നിര്‍വഹിക്കുന്നു. കെട്ടുകഥ, ജന്തുകഥ, യക്ഷിക്കഥ, അന്യാപദേശം, ദൃഷ്ടാന്തകഥ, ഐതിഹ്യം, മിത്ത്, അനുഭവകഥനം എന്നിങ്ങനെ ആദ്യകാലകഥകളെ വിഭജിച്ചിട്ടുണ്ട്.

ഇതിഹാസം

ഹോമറുടെ മാർബിൾ ശിൽപ്പം.

പുരാണപുരുഷന്മാരുടെ അപദാനങ്ങള്‍ ധര്‍മോപദേശരൂപത്തില്‍ പ്രതിപാദിക്കുന്ന വിപുലമായ ആഖ്യാനകാവ്യങ്ങള്‍. തലമുറകളായി കൈമാറിവന്ന കഥകള്‍ സോദ്ദേശ്യം മുന്‍നിര്‍ത്തി മഹാകവികള്‍ ക്രോഡീകരിച്ച് സുവിസ്തൃതമായി രചിച്ചവയാണ് ഇതിഹാസങ്ങള്‍. വീരചരിതങ്ങള്‍ക്കാണ് ഇത്തരം കഥകളില്‍ മുന്‍തൂക്കം. ഭാരതത്തിലെ രാമായണവും മഹാഭാരതവുമാണ് ഈ വിഭാഗത്തിൽ വരുന്നത്. ഗ്രീസിലെ ഹോമറുടെ ഇലിയഡ്, ഒഡീസി എന്നിവയും ഇതിഹാസമഹാകാവ്യങ്ങളുടെ ഉത്തമമാതൃകകളാണ്.

ആഖ്യായിക

സി.വി. രാമൻ പിള്ള

നീണ്ട ഗദ്യകഥ. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലേയും മറ്റും കഥാവിവരണത്തിനു സമാനമായി ചരിത്രപുരുഷന്മാരുടെ കഥകള്‍ ഇതിവൃത്തമാക്കി ഗദ്യത്തില്‍ രചിക്കുന്ന കൃതികള്‍. സംസ്‌കൃതത്തിന്‍റെ രീതിയനുസരിച്ച് ചരിത്രപരമായ ഇതിവൃത്തത്തെ സൂചിപ്പിക്കുന്ന നോവലുകള്‍ക്ക് മലയാളത്തില്‍ 'ചരിത്രാഖ്യായികകള്‍' എന്നു പറഞ്ഞുവരുന്നു. സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മ രാജ തുടങ്ങിയവ ചരിത്രാഖ്യായികകള്‍ എന്ന നിലയില്‍ പ്രസിദ്ധങ്ങളാണ്. നോവല്‍ എന്ന ഇംഗ്ലീഷ് പദം പ്രചാരത്തിലായതിനെത്തുടര്‍ന്ന് ചരിത്രാഖ്യായികകള്‍ ചരിത്രനോവലുകള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ഇക്കാലത്ത് സംസ്‌കൃതസാഹിത്യത്തില്‍ നീണ്ടകഥകള്‍ക്കു പറഞ്ഞുവന്നിരുന്ന സാങ്കേതികപദം എന്ന നിലയിലേ ആഖ്യായിക അറിയപ്പെടുന്നുള്ളൂ.

ചരിത്രാഖ്യായികകള്‍

Appan Thampuran

ചരിത്രസംഭവങ്ങളെ ഭാവനയോടിണക്കി പുനഃ സൃഷ്ടിക്കുന്ന നോവലുകള്‍. ചരിത്രനോവലുകള്‍ എന്ന് ആധുനികകാലത്ത് അറിയപ്പെടുന്നു. സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ, രാമരാജാ ബഹദൂര്‍, അപ്പന്‍ തമ്പുരാന്‍റെ ഭൂതരായര്‍ തുടങ്ങിയവ ചരിത്രാഖ്യായികകളാണ്. ജീവചരിത്രസാഹിത്യം : ഒരു വ്യക്തിയുടെ ജീവിതകഥ മറ്റൊരാള്‍ കലാസുന്ദരമായി അവതരിപ്പിക്കുന്ന സാഹിത്യരൂപമാണ് ജീവചരിത്രം. വ്യക്തിയുടെ കര്‍മമണ്ഡലത്തോടൊപ്പം മാനസികഭാവങ്ങളെയും യഥാതഥമായി വെളിപ്പെടുത്തുമ്പോഴേ ഉത്തമ ജീവചരിത്രമാവുകയുള്ളൂ. ആദ്യത്തെ ലക്ഷണയുക്തമായ ജീവചരിത്രം ഗ്രീക്കുകാരനായ പ്ലൂട്ടാര്‍ക്ക് (എ.ഡി. 26-120) രചിച്ച അന്‍പതു പ്രശസ്ത വ്യക്തികളുടെ ജീവചരിത്രം ആണ്. അര്‍ണോസ് പാതിരി എഴുതിയ മിശിഹാചരിത്രം, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്‍റെ ക്രിസ്തുവിന്‍റെ ജീവിതം അഥവാ സുവിശേഷസംഗ്രഹം, വെള്ളയുടെ ചരിത്രം, ഇന്ത്യാ ചക്രവര്‍ത്തിനി വിക്ടോറിയ അമ്മ മഹാരാജ്ഞി അവര്‍കളുടെ ചരിത്രസംക്ഷേപം തുടങ്ങിയവ ജീവചരിത്രസാഹിത്യഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലയാളത്തിലെ ആദ്യകാല കൃതികളാണ്. കേരളത്തിലെ വടക്കന്‍പാട്ടുകളിലും തെക്കന്‍പാട്ടുകളിലും ഗാനരൂപത്തിലുള്ള ജീവിതചരിതങ്ങള്‍ ധാരാളമുണ്ട്. സമീപകാലത്ത് രൂപംകൊണ്ട ജീവചരിത്രനോവല്‍ എന്ന സാഹിത്യരൂപത്തില്‍ സംഭാഷണങ്ങളും ഇതിവൃത്തഘടനയും ഉദ്വേഗജനകമായ സംഭവങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നോവലിന്‍റെ രൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.

കവിത

ഒരു പ്രധാന സാഹിത്യശാഖ. കവിതയെക്കുറിച്ച് ഭാരതീയവും അല്ലാത്തതുമായ അനേകം സിദ്ധാന്തങ്ങളുണ്ട്. ഭാരതീയാചാര്യന്മാര്‍, സാഹിത്യകാരന്‍ എന്ന അര്‍ത്ഥത്തിലാണ്കവിശബ്ദം പ്രയോഗിച്ചിരുന്നത്. സാഹിത്യത്തെ മൊത്തത്തില്‍ വിവക്ഷിക്കുവാനായി കവിത, കാവ്യം എന്നി പദങ്ങളും ഉപയോഗിച്ചു.

ഭൗതികവും ആധ്യാത്മികവുമായ സുഖത്തെക്കുറിച്ചുള്ള വ്യക്തമായ അറിവാണ് ദര്‍ശനം. ഈ ദര്‍ശനവും വര്‍ണനയും സാധിക്കുന്നവരാണ് കവികള്‍. ആദികവിയുടെ ദര്‍ശനം വര്‍ണനയായി വെളിപ്പെട്ടപ്പോഴാണ് അത് കവിതയായത്. അപ്പോള്‍ ദര്‍ശനനിര്‍ഭരമായ ആവിഷ്‌കരണത്തിലൂടെ സ്വയം പ്രകാശിക്കുന്നവന്‍ കവിയാകുന്നു.

സമഞ്ജസമായി സമ്മേളിച്ച ശബ്ദാര്‍ത്ഥങ്ങളാണ് കാവ്യം എന്ന് ഭാമഹന്‍ പറയുന്നു. കവിത ഭാവനയും സ്വപ്നവും വികാരവും സംഗീതവും കൂടിച്ചേര്‍ന്നതും യുക്തിക്കതീതവുമാണെന്നാണ് പാശ്ചാത്യ കവിതാസങ്കല്പം.

കോള്‍റിജ് പറഞ്ഞിരിക്കുന്നത് തികഞ്ഞ ദാര്‍ശനികനല്ലാത്ത ഒരാള്‍ക്കും മഹാനായ കവിയാകാന്‍ കഴിയില്ല എന്നാണ്. എല്ലാ വിജ്ഞാനത്തിന്‍റെയും (ചിന്തകളുടെയും വികാരങ്ങളുടെയും) അനുഭൂതിയുടെയും ഭാഷയുടെയും പൂവും മണവുമാണ് കവിത എന്ന് കാരണമായി അദ്ദേഹം വിശദീകരിക്കുന്നു.

'ഉത്കടമായ വികാരങ്ങളുടെ ശക്തമായ കുത്തൊഴുക്ക്' എന്ന് വേഡ്‌സ്വര്‍ത്ത് കവിതയെപ്പറ്റി പറയുന്നു. സാഹിത്യവിചാരത്തില്‍ കാവ്യനിര്‍വചനങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുന്ന എം.പി. പോള്‍ അവസാനം എത്തിച്ചേരുന്നത് കവി എഴുതുന്നതെന്തോ അത് കവിത എന്ന നിഗമനത്തിലാണ്.

മഹാകാവ്യം

Azhakathu Padmanabha Kurup

മഹാകാവ്യ ലക്ഷണപ്രകാരം നിരവധി സര്‍ഗങ്ങള്‍ (ഭാഗങ്ങള്‍) ഉണ്ടാവണം. ഓരോ സര്‍ഗത്തിലും അന്‍പതില്‍ കുറയാത്ത പദ്യങ്ങള്‍ വേണം. ഇതിവൃത്തം ഇതിഹാസപുരാണങ്ങളില്‍ ഉള്ളതോ കവികല്പിതമോ ആകാമെങ്കിലും നായകന്‍ ധീരോദാത്തനും പ്രതാപവാനുമായിരിക്കണം. വൃത്തവൈചിത്ര്യം, ശബ്ദാലങ്കാരങ്ങള്‍, ഉദാത്തചിന്തകള്‍ തുടങ്ങിയ പൊതുസ്വഭാവങ്ങള്‍ ഉണ്ടായിരിക്കണം. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമഹാകാവ്യം അഴകത്തു പത്മനാഭക്കുറുപ്പിന്‍റെ രാമചന്ദ്രവിലാസമാണ്. പന്തളം കേരളവര്‍മ്മയുടെ രുഗ്മാംഗദചരിതം, ഉള്ളൂരിന്‍റെ ഉമാകേരളം, കെ.സി. കേശവപിള്ളയുടെ കേശവീയം എന്നിവയാണ് മലയാളത്തിലെ പ്രശസ്തമായ ഇതര മഹാകാവ്യങ്ങള്‍.

വിലാപകാവ്യം

ഖണ്ഡകാവ്യം എന്ന ശാഖയില്‍ ഉള്‍പ്പെടുന്നു. ഒരു വ്യക്തിയുടെ മരണത്തില്‍ അനുശോചിച്ചോ ജീവിതത്തിന്‍റെ ദുരന്തഭാവത്തെ ധ്യാനിച്ചോ എഴുതുന്ന ഭാവഗീതം. ആത്മനിഷ്ഠവിഭാഗത്തിലാണ് വിലാപകാവ്യങ്ങള്‍ ഉള്‍പ്പെടുന്നത്. 1902 ല്‍ സി.എസ് സുബ്രഹ്മണ്യന്‍ പോറ്റി എഴുതിയ 'ഒരു വിലാപ'മാണ് മലയാളത്തിലെ ആദ്യ വിലാപകാവ്യം. വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം (1908), എം. രാജരാജവര്‍മ്മയുടെ പ്രിയവിലാപം (1903), ഏ.ആര്‍. രാജരാജവര്‍മ്മയുടെ പ്രരോദനം (1919) എന്നിവ മലയാളത്തിലെ പ്രധാന വിലാപകാവ്യങ്ങളാണ്.

സന്ദേശകാവ്യങ്ങള്‍

പ്രണയിനിക്ക് അയയ്ക്കുന്ന സന്ദേശത്തിന്‍റെ രൂപത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള കാവ്യങ്ങള്‍. സന്ദേശകാവ്യപ്രസ്ഥാനത്തിന്‍റെ ജനയിതാവ് കാളിദാസനാണ്. അദ്ദേഹത്തിന്‍റെ മേഘദൂതം സന്ദേശകാവ്യങ്ങളില്‍ ഔന്നത്യം പുലര്‍ത്തുന്നു.

കേരളത്തിലുണ്ടായ സംസ്‌കൃത സന്ദേശകാവ്യങ്ങളാണു ലക്ഷ്മീദാസിന്‍റെ ശുകസന്ദേശം, ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശം, പയ്യൂര്‍ വാസുദേവഭട്ടതിരിയുടെ ചകോരസന്ദേശം, ഹംസസന്ദേശം, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍റെ വിപസന്ദേശം തുടങ്ങിയവ. മേഘദൂതിനെ അടിസ്ഥാനമാക്കിയാണ് സന്ദേശകാവ്യത്തിന്‍റെ ലക്ഷണം നിര്‍ണയിച്ചിരുന്നത്. മലയാളത്തില്‍ ഉണ്ണുനീലിസന്ദേശം, മയൂരസന്ദേശം തുടങ്ങിയവയടക്കം മുപ്പതോളം സന്ദേശകാവ്യങ്ങളുണ്ടായിട്ടുണ്ട്.

ആഖ്യാനകാവ്യം

ഒരു കഥയുടെയോ സംഭവത്തിന്‍റെയോ കവിതാരൂപത്തിലുള്ള വിവരണാത്മകമായ ആവിഷ്‌കാരം. എല്ലാ ഭാഷകളിലെയും ആദ്യസാഹിത്യരചനകള്‍ ആഖ്യാനാത്മക കവിതകളായിരുന്നു. ഇതിഹാസകാവ്യങ്ങളും വീരഗാഥകളും നാടോടിക്കഥാഗാനങ്ങളും ഉത്തമ മാതൃകകളാണ്. മലയാളത്തിലെ ആദ്യകാല ആഖ്യാനകാവ്യങ്ങളില്‍ പ്രധാനപ്പെട്ടത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയാണ്. വടക്കന്‍പാട്ടുകളും ഈ വിഭാഗത്തില്‍പ്പെടുന്നു.

ആട്ടക്കഥ

കഥകളിയുടെ സാഹിത്യരൂപം. കഥകളി ഒരു ദൃശ്യകലയും അതിനാവശ്യമായ 'കഥ' നല്‍കുന്നത് ആട്ടക്കഥ എന്ന സാഹിത്യരൂപവുമാണ്. ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്‍റെ രാമായണം ആട്ടക്കഥയാണ്.

തുള്ളല്‍സാഹിത്യം

തുള്ളല്‍ എന്ന കേരളീയകലയുമായി ബന്ധപ്പെട്ട സാഹിത്യപ്രസ്ഥാനം. തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ ജനയിതാവായ കലക്കത്ത് കുഞ്ചന്‍നമ്പ്യാര്‍ തുള്ളല്‍കലയുടെ രംഗാവിഷ്‌കരണത്തിന് അനുയോജ്യമായ വിധത്തില്‍ രചിച്ച കൃതികളാണ് ഇവയില്‍ ആദ്യത്തേത്. ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കഥകളി, പടയണി, കോലംതുള്ളല്‍ തുടങ്ങിയ കലാരൂപങ്ങളുടെ പല അംശങ്ങളും സ്വീകരിച്ചു സര്‍വജനസ്പര്‍ശിയായ ഒരു കലാസാഹിത്യപ്രസ്ഥാനത്തിനു രൂപം നല്‍കുകയാണ് നമ്പ്യാര്‍ ചെയ്തത്.

ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പറയുന്ന നാല് അഭിനയരീതികള്‍ തുള്ളലിലും ഉണ്ട്. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നായും തുള്ളലുകളെ തരംതിരിക്കാറുണ്ട്. ഈ മൂന്നു വിഭാഗം തുള്ളലുകള്‍ക്കും പ്രത്യേകം പ്രത്യേകം കൃതികളും നമ്പ്യാര്‍ രചിച്ചിട്ടുണ്ട്. സ്യമന്തകം, ഘോഷയാത്ര, നളചരിതം, രുക്മിണീസ്വയംവരം തുടങ്ങിയവ ഓട്ടന്‍തുള്ളല്‍ വിഭാഗത്തിലും, കല്യാണസൗഗന്ധികം, കൃഷ്ണലീല, പ്രഹ്‌ളാദചരിതം തുട ങ്ങിയവ ശീതങ്കല്‍ തുള്ളല്‍ വിഭാഗത്തിലും, ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം തുടങ്ങിയവ പറയന്‍തുള്ളല്‍ വിഭാഗത്തിലുമാണ്. ഫലിത പരിഹാസങ്ങളും യഥാതഥവും സ്വാഭാവികവുമായ വര്‍ണനകളും നിറഞ്ഞ തുള്ളല്‍കൃതികളില്‍ പുരാണകഥകളാണ് ആധാരമായിട്ടുള്ളത്. കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം നിരവധി തുള്ളല്‍ കൃതികള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്.

ആത്മകഥാസാഹിത്യം

ഒരു വ്യക്തി രചിച്ച സ്വന്തം ജീവിതകഥയാണ് ആത്മകഥ. വൈക്കത്ത് പാച്ചു മൂത്തത് എഴുതിയ 'ആത്മകഥാസംക്ഷേപം' (1878) ആണ് മലയാളത്തിലെ ആദ്യത്തെ ആത്മകഥ.

ഉപന്യാസം

ഗദ്യസാഹിത്യത്തിലെ ഒരു പ്രധാനശാഖ. ഇംഗ്ലീഷില്‍ എസ്സേ എന്നു പേരുള്ള ഈ സാഹിത്യരൂപം മലയാളത്തില്‍ പ്രബന്ധമെന്നും ഉപന്യാസമെന്നും അറിയപ്പെടുന്നു. വിഷയത്തിനു പ്രാധാന്യം കൊടുക്കാതെ വ്യക്തിപരമായ മനോഭാവത്തിന് പ്രാധാന്യം നല്‍കി രചിക്കപ്പെടുന്ന ഉപന്യാസങ്ങളെ ആത്മനിഷ്ഠമെന്നും വിഷയത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടു രചിക്കുന്നവയെ വസ്തുനിഷ്ഠമെന്നും രണ്ടായി തിരിച്ചിരിക്കുന്നു.

കാല്പനിക പ്രസ്ഥാനം

പതിനെട്ടാം നൂറ്റാണ്ടില്‍ യാഥാസ്ഥിതികര്‍ക്കെതിരായി പശ്ചിമയൂറോപ്പില്‍ രൂപംകൊണ്ട സാഹിത്യപ്രസ്ഥാനം. ഭാവനയ്ക്കു പ്രാധാന്യം നല്‍കുന്ന ഈ പ്രസ്ഥാനം കവിത, നാടകം, നോവല്‍, ചെറുകഥ മുതലായ സാഹിത്യരൂപങ്ങളിലും സംഗീതം, ചിത്രകല തുടങ്ങിയ കലാരൂപങ്ങളിലും ഗണ്യമായ സ്വാധീനം ചെലുത്തി.

ഭാവതീവ്രതയാണ് കാല്പനികതയുടെ മുഖമുദ്ര. രൂപമല്ല, ഭാവമാണ് റൊമാന്‍റിസിസത്തില്‍ പ്രധാനം. വേഡ്‌സ്വര്‍ത്ത്, കോള്‍റിജ്, വില്യം ബ്ലേക്ക്, കീറ്റ്‌സ് തുടങ്ങിയവര്‍ ആംഗലേയസാഹിത്യത്തിലെ കാല്പനികപ്രസ്ഥാനത്തിന്‍റെ പ്രണേതാക്കളായിരുന്നു. മലയാളസാഹിത്യത്തില്‍ കാല്പനികത ഔന്നത്യത്തിലെത്തിയത് കുമാരനാശാന്‍റെ കാവ്യങ്ങളിലൂടെയാണ്. ചങ്ങമ്പുഴ, ഇടപ്പള്ളി, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി മുതലായവര്‍ കാല്പനികസ്വഭാവം പ്രകടിപ്പിച്ച കവികളാണ്.

കിളിപ്പാട്ടുപ്രസ്ഥാനം

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍റെ കാലത്ത് മലയാളസാഹിത്യത്തില്‍വളര്‍ന്ന ഒരു പ്രസ്ഥാനം. 16 മുതല്‍ 19 വരെയുള്ള ശതകങ്ങളിലെ മലയാളസാഹിത്യത്തില്‍ കിളിപ്പാട്ടുകളുടെ ആധിപത്യം കാണാം. സംസ്‌കൃതത്തിന്‍റെ ആധിക്യമുള്ള മണിപ്രവാളം, ഗ്രാമീണതയ്ക്കു മുന്‍തൂക്കമുള്ള പാട്ടുകള്‍ എന്നിങ്ങനെ രണ്ടുതരം പദ്യകൃതികള്‍ കേരളത്തിലുണ്ടായിരുന്നു. ഉന്നതസ്ഥാനീയരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ളത് മണിപ്രവാളവും സാധാരണക്കാര്‍ക്ക് പ്രാപ്യമായത് പാട്ടുകളും ആയിരുന്നു. നിരണംകൃതികളും കൃഷ്ണഗാഥയും മറ്റും ഉള്‍പ്പെട്ട പാട്ടുശാഖയുടെ പരിഷ്‌കൃതരൂപമായാണ് കിളിപ്പാട്ടുകള്‍ രൂപംകൊണ്ടത്. എഴുത്തച്ഛന്‍റെ കാലമാകുമ്പോഴേക്ക് രണ്ടു ശാഖകളുടെയും സംയോഗഫലമായി ഹൃദ്യവും ശുദ്ധവുമായ ആധുനികരീതി ഉടലെടുത്തു. കവിയുടെ അപേക്ഷ അനുസരിച്ച് കിളി കഥപറയുകയും ഗ്രന്ഥകാരന്‍ അത് ഉദ്ധരിക്കുകയും ചെയ്യുന്ന രീതിയിലാണ് കിളിപ്പാട്ടുകള്‍ രചിച്ചിട്ടുള്ളത്.

ഗാഥാപ്രസ്ഥാനം

മലയാളത്തിലെ ഒരു സാഹിത്യപ്രസ്ഥാനം. 'ഗാനം' എന്നാണ് 'ഗാഥ' എന്ന വാക്കിന്‍റെ അര്‍ത്ഥം. പുരാതനകാലത്ത് യാഗങ്ങള്‍ക്കും മറ്റും ഉപയോഗിച്ചിരുന്ന ഗാനങ്ങള്‍ ഈ പേരില്‍ അറിയപ്പെട്ടു. പിന്നീട് സംസ്‌കൃതസാഹിത്യത്തില്‍ വൃത്തങ്ങള്‍ക്ക് രൂപവും ലക്ഷണവും ദൃഢമായിത്തീര്‍ന്നപ്പോള്‍ അവയില്‍ ഉള്‍പ്പെടാത്ത പദ്യങ്ങളെ ഗാഥ എന്നു പറഞ്ഞുവന്നു. മലയാളത്തില്‍ മഞ്ജരിവൃത്തത്തിലാണ് ഗാഥകള്‍ രചിക്കപ്പെട്ടിരിക്കുന്നത്. ചെറുശ്ശേരി കൃഷ്ണഗാഥയെന്ന മഹാകാവ്യം ശുദ്ധമലയാളത്തില്‍ രചിച്ചതോടെയാണ് ഗാഥാപ്രസ്ഥാനം ഉണ്ടായത്. ഭാരതഗാഥ, ഭാഗവതഗാഥ, ഗിരിഗാഥ, ചക്രഗാഥ തുടങ്ങിയ കൃതികളും ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമായുള്ളതാണ്.

നാടന്‍പാട്ടുകള്‍

ഭാഷയിലും സാഹിത്യത്തിലും പാണ്ഡിത്യവും അഭ്യാസവും വേണ്ടത്ര നേടിയിട്ടില്ലാത്ത സാധാരണജനങ്ങളുടെ നൈസര്‍ഗികമായ സൗന്ദര്യബോധം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പദ്യത്തിലുള്ള ആവിഷ്‌കാരങ്ങളാണ് നാടന്‍പാട്ടുകള്‍. ഇത്തരം ഗാനങ്ങള്‍ക്ക് അതാതു പ്രദേശത്തെ ഭൂപ്രകൃതിയോടും കാലാവസ്ഥയോടും ജനതയുടെ സ്വഭാവ സവിശേഷതകളോടും ആചാരാനുഷ്ഠാനങ്ങ ളോടും തൊഴിലുകളോടും ഭാഷയുടെ വളര്‍ച്ചയോടും അഭേദ്യമായ ബന്ധമുണ്ട്. ലോകത്തിലെ എല്ലാ ഭാഷകളിലും നാടന്‍പാട്ടുകളുണ്ട്.

മാപ്പിളപ്പാട്ട്

മലബാറിലെ മുസ്ലീങ്ങളുടെ ഇടയില്‍ പ്രചാരമുള്ള ഒരു ഗാനസമ്പ്രദായം. തലമുറകളിലൂടെ വാമൊഴിയായി കൈമാറിവന്നിട്ടുള്ള പല പാട്ടുകളും ഉള്‍പ്പെടുന്ന ഇവയില്‍ 700 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗാനങ്ങളുമുണ്ട്. അറബി, പേര്‍ഷ്യന്‍, ഉര്‍ദു, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ പദങ്ങള്‍ മലയാളത്തോടൊപ്പം ഇവയില്‍ ഉപയോഗിക്കുന്നുണ്ട്. 1606- 1607 കാലത്തു രചിക്കപ്പെട്ടിട്ടുള്ള മുഹിയിദ്ദീന്‍മാല, 1773ലുള്ള നൂല്‍മാല, കപ്പപ്പാട്ട്, മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍മുനീര്‍ തുടങ്ങിയവ പ്രശസ്ത മാപ്പിളപ്പാട്ടുകളാണ്.

നാടകം

ദൃശ്യകാവ്യങ്ങളിലെ ഒരു വിഭാഗമായ രൂപകങ്ങളില്‍ മുഖ്യസ്ഥാനമുള്ള നാടകം അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റിയതും സംഭാഷണപ്രധാനവുമായ സാഹിത്യരൂപമാണ്. പുരാതനകാലത്ത് നൃത്തത്തിന്‍റെയും സംഗീതത്തിന്‍റെയും അകമ്പടിയോടുകൂടിയ മതാനുഷ്ഠാനപരമായ വീരഗാഥകളില്‍നിന്നുമാണ് നാടകത്തിന്‍റെ ആവിര്‍ഭാവം എന്നു വിശ്വസിക്കപ്പെടുന്നു. 'ഡ്രാമ' എന്ന ഗ്രീക്കുപദത്തിന് 'നടത്തപ്പെടുന്ന കാര്യം' എന്ന അര്‍ത്ഥം കല്പിക്കുമ്പോള്‍ 'നാടകം'എന്ന സംസ്‌കൃതപദത്തിനാകട്ടെ 'നടിക്കപ്പെടുന്നത്' എന്ന അര്‍ത്ഥമാണു സ്വീകരിച്ചിരിക്കുന്നത്. ദൃശ്യകലകളെ നാട്യം, നൃത്തം, നൃത്യം എന്നിങ്ങനെ മൂന്നായി ഭാരതീയാചാര്യന്മാര്‍ വിഭജിച്ചിരിക്കുന്നതില്‍ നാട്യത്തിലാണ് നാടകത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യനാടകങ്ങളില്‍ പഴക്കം ഏറിയത് ഗ്രീക്കുനാടകങ്ങള്‍ക്കാണ്. പുരാതന കാലത്തുതന്നെ വികാസമാര്‍ജിച്ചിരുന്ന ഭാരതീയനാടകവേദിയില്‍ പ്രമുഖസ്ഥാനം ക്ലാസിക്കല്‍ അഥവാ സംസ്‌കൃതനാടകവേദിക്കാണ്. കാളിദാസന്‍റെ ശാകുന്തളം, ഭവഭൂതിയുടെ ഉത്തരരാമചരിതം തുടങ്ങിയവ ക്ലാസിക്കല്‍ നാടകങ്ങളാണ്. മലയാള നാടകപ്രസ്ഥാനം ആരംഭിക്കുന്നത് 1882 ല്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അഭിജ്ഞാനശാകുന്തളം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതോടെയാണ്.

ഭക്തിസാഹിത്യം

ഈശ്വരഭക്തി വളര്‍ത്തുന്നതിനു സഹായകരമായ സാഹിത്യം. സ്‌തോത്രങ്ങള്‍, പുരാണേതിഹാസങ്ങളും അവയുടെ പുനരാഖ്യാനങ്ങളും, കീര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഭക്തിസാഹിത്യത്തില്‍ ഉള്‍പ്പെടുന്നു. ഹിന്ദിയില്‍ സൂര്‍ദാസ്, തുളസീദാസ്, കബീര്‍ദാസ്, മീര തുടങ്ങിയവരും മലയാളത്തില്‍ പൂന്താനം, എഴുത്തച്ഛന്‍, ചെറുശ്ശേരി, മേല്പത്തൂര്‍ നാരായണഭട്ടതിരി എന്നിവരും ഭക്തിസാഹിത്യശാഖയ്ക്ക് അമൂല്യസംഭാവനകള്‍ നല്‍കിയവരാണ്.

സഞ്ചാരസാഹിത്യം

യാത്രാവിവരണസാഹിത്യശാഖ. സഞ്ചാരം നടത്തുന്ന രാജ്യങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ക്കുപരി ആ നാടിന്‍റെ ഭൂമിശാസ്ത്രപരവും ചരിത്രപരവും ആയ പ്രത്യേകതകള്‍, ജനങ്ങളുടെ ജീവിതരീതി, സംസ്‌കാരം, സാമൂഹിക സ്ഥിതിവിശേഷങ്ങള്‍ തുടങ്ങിയവയാണ് യാത്രാവിവരണ സാഹിത്യത്തില്‍നിന്നു പ്രതീക്ഷിക്കുന്നത്.ലഭ്യമായിട്ടുള്ള ആദ്യത്തെ യാത്രാവിവരണഗ്രന്ഥം 'ഗില്‍ഗമേഷ്' ആണ്.

മെഗസ്തനീസ്, ഫാഹിയാന്‍, ഹ്യുയാന്‍സാങ്, അല്‍ബറൂണി, മാര്‍ക്കോപോളോ തുടങ്ങിയവരുടെ സഞ്ചാരക്കുറിപ്പുകള്‍ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നവയാണ്.പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ എഴുതിയ വര്‍ത്തമാനപുസ്തകം ആണ് മലയാളത്തിലെ ആദ്യ സഞ്ചാരസാഹിത്യകൃതി.

ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിന്‍റെ ഊര്‍ശ്ലോം യാത്രാവിവരണമാണ് മലയാള ത്തിലെ ആദ്യം അച്ചടിച്ച യാത്രാവിവരണം. മലയാളസാഹിത്യത്തില്‍ സഞ്ചാരസാഹിത്യത്തിനു മഹത്തായ സംഭാവന നല്‍കിയത് എസ്.കെ. പൊറ്റെക്കാട്ടാണ്. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ദൃശ്യയാത്രാവിവരണ പരമ്പര 'സഞ്ചാരം' ഈ ശാഖയിലെ വ്യത്യസ്തതയാര്‍ന്ന ചുവടുവയ്പാണ്.

ഹാസസാഹിത്യം

ഹാസ്യരസപ്രധാനമായ സാഹിത്യം. നവരസങ്ങളില്‍ ഒന്നായ ഹാസ്യരസത്തിന്‍റെ സ്ഥായിഭാവമാണ് ഹാസം. പാശ്ചാത്യമതപ്രകാരം ഹാസത്തെ വിറ്റ് (ഫലിതം അഥവാ ഉക്തിഹാസ്യം), സറ്റയര്‍ (ആക്ഷേപഹാസ്യം), ഹ്യൂമര്‍ (വിനോദം അഥവാ ഹാസ്യം) എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തില്‍ തോലന്‍, കുഞ്ചന്‍ നമ്പ്യാര്‍, വെണ്‍മണി പ്രസ്ഥാനത്തിലെ ചിലകവികള്‍, സഞ്ജയന്‍, വി.കെ. എന്‍. തുടങ്ങിയവര്‍ ഹാസസാഹിത്യത്തിന് സംഭാവന നല്‍കിയവരാണ്.

ആക്ഷേപഹാസ്യം

ഹാസസാഹിത്യത്തിലെ ഒരു ഉപവിഭാഗം. വ്യക്തികളിലെയും സമൂഹത്തിലെയും സാഹിത്യകൃതികളിലെയും മറ്റും ദുഷ്പ്രവണതകളെ പരിഹസിക്കുന്ന സാഹിത്യപ്രസ്ഥാനമാണിത്. ഇംഗ്ലീഷില്‍ സറ്റയര്‍ എന്നറിയപ്പെടുന്നു.

മലയാളസാഹിത്യത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍, സഞ്ജയന്‍, ഈ.വി. കൃഷ്ണപിള്ള തുടങ്ങിയവരുടെ കൃതികള്‍ ആക്ഷേപഹാസ്യത്താല്‍ സമ്പന്നമാണ്.

പഴഞ്ചൊല്ലുകള്‍

പുതിയ തലമുറയ്ക്ക് അറിവു പകരുന്നതും അനുഭവസിദ്ധമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്നതുമായ പഴയ ചൊല്ലുകള്‍. ഒരു ജനതയുടെ ദീര്‍ഘകാലത്തെ അനുഭവങ്ങളും ചിന്തകളും വീക്ഷ ണഗതികളുമെല്ലാം അടങ്ങിയിട്ടുള്ള ഇവ കാലാകാലങ്ങളായി ആളുകള്‍ ഉദ്ധരിച്ചുവരുന്നു. ചില കവിവാക്യങ്ങളും പഴഞ്ചൊല്ലുകളായിത്തീരാറുണ്ട്. മിക്കവാറും എല്ലാ വിഷയങ്ങളുമായും ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ നിലവിലുണ്ട്.

ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

എറണാകുളത്തെ 10 വീടുകളിൽ കുറുവ സംഘത്തിന്‍റെ മോഷണശ്രമം

ഭാര്യയാണെങ്കിലും 18 വയസിനു മുൻപുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: കോടതി

ഒറ്റ ഇന്നിങ്സിൽ കേരളത്തിന്‍റെ 10 വിക്കറ്റും വീഴ്ത്തി ഹരിയാന ബൗളർ | Video

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു