എം.ആര്‍.രാഘവവാര്യര്‍, സി.എല്‍.ജോസ്‌, കല്‍പ്പറ്റ നാരായണന്‍ 
Literature

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; എം.ആര്‍.രാഘവവാര്യര്‍ക്കും സി.എല്‍. ജോസിനും ഫെല്ലോഷിപ്പ്

അമ്പതിനായിരം രൂപയും രണ്ട് പവന്‍റെ സ്വര്‍ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം

തൃശൂര്‍: 2023-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പും പ്രഖ്യാപിച്ചു. എം.ആര്‍.രാഘവവാര്യര്‍ക്കും സി.എല്‍.ജോസിനും അക്കാദമിയുടെ വിശിഷ്ടാംഗത്വമായ ഫെല്ലോഷിപ്പ് നല്‍കും. അമ്പതിനായിരം രൂപയും രണ്ട് പവന്‍റെ സ്വര്‍ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മികച്ച കവിതയ്ക്ക് കല്‍പ്പറ്റ നാരായണനും (തെരഞ്ഞെടുത്ത കവിതകള്‍), നോവലിന് ഹരിതാ സാവിത്രിയും (സിന്‍), ചെറുകഥയ്ക്ക് എന്‍.രാജനും ( ഉദയ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്) അവാര്‍ഡിന് അര്‍ഹരായി.

ഗിരീഷ്.പി.സി.പാലം- നാടകം ( ഇ ഫോര്‍ ഈഡിപ്പസ്), പി.പവിത്രന്‍- സാഹിത്യവിമര്‍ശനം (ഭൂപടം തലതിരിക്കുമ്പോള്‍), ബി.രാജീവന്‍- വൈജ്ഞാനിക സാഹിത്യം ( ഇന്ത്യയെ വീണ്ടെടുക്കല്‍), കെ.വേണു- ജീവചരിത്രം/ആത്മകഥ ( ഒരന്വേഷണത്തിന്‍റെ കഥ), നന്ദിനി മേനോന്‍ യാത്രാവിവരണം ( ആംചൊ ബസ്തര്‍), എ.എം.ശ്രീധരന്‍- വിവര്‍ത്തനം (കഥാകദികെ), ഗ്രേസി- ബാലസാഹിത്യം (പെണ്‍കുട്ടിയും കൂട്ടരും), സുധീഷ് വാരനാട്- ഹാസസാഹിത്യം (വാരനാടന്‍ കഥകള്‍ ) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹത നേടി.

മലയാള സാഹിത്യത്തിനുള്ള സമഗ്രസംഭാവന പരിഗണിച്ച് കെ.വി.കുമാരന്‍, പ്രേമജയകുമാര്‍, പി.കെ.ഗോപി, ബക്കളം ദാമോദരന്‍, എം.രാഘവന്‍, രാജന്‍ തിരുവോത്ത് എന്നിവരെ പുരസ്‌കാരം നല്‍കി ആദരിക്കും. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും, പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

സി.പി.കുമാര്‍ അവാര്‍ഡിന് കെ.സി.നാരായണനും ( മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും- ഉപന്യാസം), കെ.ആര്‍.നമ്പൂതിരി അവാര്‍ഡിന് കെ.എന്‍.ഗണേശും ( വൈദികസാഹിത്യം- തഥാഗതന്‍), ജി.എന്‍.പിള്ള അവാര്‍ഡിന് ഉമ്മുല്‍ ഫായിസയും ( വൈജ്ഞാനിക സാഹിത്യം- ഇസ്ലാമിക ഫെമിനിസം), ഗീതാ ഹിരണ്യന്‍ അവാര്‍ഡിന് സുനു.എ.വിയും ( ചെറുകഥ- ഇന്ത്യന്‍ പൂച്ച), യുവ കവിതാ അവാര്‍ഡിന് ആദിയും (പെണ്ണപ്പന്‍), പ്രൊഫ.എം.അച്യുതന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡിന് ഒ.കെ.സന്തേഷും (സാഹിത്യവിമര്‍ശനം- അനുഭവങ്ങള്‍ അടയാളങ്ങള്‍) അര്‍ഹത നേടി. തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തില്‍ പ്രവീണ്‍.കെ.ടിയ്ക്കാണ് ( സീത- എഴുത്തച്ഛന്‍റേയും കുമാരനാശാന്‍റേയും) അവാര്‍ഡ്. സാഹിത്യ അക്കാദമിയില്‍ നടന്ന വാർത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് കെ.സച്ചിദാനന്ദന്‍, സെക്രട്ടറി സി.പി.അബൂബക്കര്‍, വൈസ് പ്രസിഡന്‍റ് അശോകന്‍ ചരുവില്‍ പങ്കെടുത്തു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...