അക്ഷരജാലകം | എം.കെ. ഹരികുമാർ
പതിറ്റാണ്ടിനു മുൻപ് കഥ ഇന്നത്തെ രൂപത്തിലേക്ക് വികസിച്ചിരുന്നില്ലല്ലോ. അന്ന് കഥ ഒരു രൂപത്തിലല്ല നിലനിന്നത്; ജീവിതത്തിലേക്കുള്ള ചുഴിഞ്ഞുനോട്ടത്തിലാണ്. ജീവിതം എത്ര പഠിച്ചാലും തീരില്ല. പഴയ നിയമത്തിലെ സഭാപ്രസംഗകൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: 'പിന്നെ, ഞാൻ ഉണ്ടാക്കിയവയെയും അതിനു വേണ്ടി ചെയ്ത അധ്വാനത്തെയും ഞാൻ നിരൂപണം ചെയ്തു.എല്ലാം മിഥ്യയും പാഴ് വേലയുമായിരുന്നു. സൂര്യന് കീഴെ ഒരു നേട്ടവുമില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു.' ഈ കണ്ടെത്തൽ വലിയ ഒരനുഭവത്തിൽ നിന്നുണ്ടായതാണ്. ക്രൂരമായ സത്യമാണ് സഭാപ്രസംഗകൻ പറഞ്ഞത്. മനുഷ്യന്‍റെ പ്രയത്നം വിഫലമാകുന്നത് കണ്ട് സത്യം പറയാൻ സഭാപ്രസംഗകൻ നിർബന്ധിതനായി.
ഇതുപോലെയല്ലെങ്കിലും പേർഷ്യൻ ഭാഷയിൽ 1258 ൽ 'സഅദി'എന്ന പേരിൽ അറിയപ്പെടുന്ന മുഷരിഫുദ്ദീൻബ്നു മുസ്ലിഹുദ്ദീൻ അബ്ദുല്ല എഴുതിയ 'ഗുലിസ്ഥാൻ' എന്ന കൃതി ജീവിതസമീപനങ്ങളെയും ധാർമ്മികതയെയും ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. ഈ കൃതിയെക്കുറിച്ച് ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്. വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷിൽ തന്നെ വിവിധ പരിഭാഷകൾ വന്നിട്ടുണ്ട്. ഫ്രാൻസിസ് ഗ്ളാഡ്വിൽ, എഡ്വേർഡ് ബി. ഈസ്റ്റ്വിക്ക്, സർ റിച്ചാർഡ് ബർട്ടൻ, സർ എഡ്വിൻ ആർനോൾഡ് എന്നിവർ 'ഗുലിസ്ഥാൻ' വിവിധ കാലങ്ങളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡോ. ഉബൈദ് എ ആണ്. മധ്യകാലഘട്ടത്തിലെ പ്രധാന പേർഷ്യൻ കവിയായാണ് സാഹിത്യലോകം സഅദിയെ കാണുന്നത്. ഗുലിസ്ഥാൻ എന്ന വാക്കിന്‍റെ അർത്ഥം റോസ് ഗാർഡൻ എന്നാണ്.
വളരെ ചെറിയ കഥകളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. ഇതിന്‍റെ ഭാഷ കാവ്യാത്മകമാണ്. വളരെ സംക്ഷിപ്തമായി ആശയങ്ങൾ അവതരിപ്പിക്കുന്ന സിദ്ധി സഅദിയിൽ കാണാം. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്‍റെ രചനകൾ പാശ്ചാത്യലോകത്ത് പരക്കെ സ്വീകരിക്കപ്പെട്ടത്. മനുഷ്യജീവിതത്തിന്‍റെ ആഴത്തിൽ ചെന്ന് സത്യം കണ്ടുപിടിച്ച ഒരു മഹാരചയിതാവാണ് സഅദി. 1257ൽ പ്രസിദ്ധീകരിച്ച ബുസ്താൻ സഅദിയുടെ മറ്റൊരു പ്രധാന കൃതിയാണ്. പേർഷ്യൻ, അറബി, ഉറുദു ഭാഷകൾ അറിയാമായിരുന്ന സഅദിക്ക് വിപുലമായ ഒരു സാഹിത്യ സാംസ്കാരിക പശ്ചാത്തലമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട രാജാവിനു വേണ്ടി എഴുതിയതാണ് ഇതിലെ മിക്ക കഥകളും. ജീവിതത്തിൽ മറ്റെന്തിനേക്കാൾ ശാശ്വതമായി നിലനിൽക്കുന്നത് ഈ കഥകളാണെന്ന് പുസ്തകത്തിന്‍റെ ആദ്യഭാഗത്ത് തന്നെ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്.
സ്വർണവും വെളളിയും
'ഗുലിസ്ഥാൻ' ജീവിതജ്ഞാനമാണ് പ്രകാശിപ്പിക്കുന്നത്. ഒരാൾക്ക് ജീവിതത്തിൽ ആർജിക്കാനാവുന്നതിനേക്കാൾ അധികം വിവേകവും ജ്ഞാനവും ഈ കഥകളിലൂടെ സഞ്ചരിച്ചാൽ കിട്ടും. പലവട്ടം ജനിച്ചതുപോലെ തോന്നും. നാം ജീവിക്കുന്നതുകൊണ്ട് ജീവിതത്തെ അറിയണമെന്നില്ല. നമ്മളിലേക്ക് വരുന്നതിനോട് പ്രതികരിക്കാനേ കഴിയൂ. നമ്മളിൽ പ്രതികരണമോ പ്രചോദനമോ സൃഷ്ടിക്കാത്ത യാതൊന്നിനോടും നമുക്ക് സത്യസന്ധമായി പ്രതികരിക്കാനാവില്ല. അവിടെയാണ് ഈ പേർഷ്യൻ എഴുത്തുകാരൻ ആത്മാർത്ഥതയോടെ വിവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നത്.
'ഗുലിസ്ഥാനി'ലെ 'മനുഷ്യർ ഖനികളാണ്, വെള്ളിയും സ്വർണവും പോലെ വ്യത്യസ്തങ്ങൾ' എന്ന കഥ ഇങ്ങനെയാണ്: 'ഒരു പാദുഷ തന്‍റെ മകനെ ഒരു അധ്യാപകന്‍റെ പരിചരണത്തിനു വിട്ടുകൊണ്ട് പറഞ്ഞു, ഇത് നിങ്ങളുടെ മകനാണ്, നിങ്ങളുടെ മക്കളിൽ ഒന്നാണെന്ന് കരുതി അവനെ നിങ്ങൾ പഠിപ്പിക്കണം. അയാൾ ആ രാജകുമാരനെ വിദ്യ അഭ്യസിപ്പിക്കാൻ കുറെ വർഷങ്ങൾ പണിപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. എന്നാൽ ആ ഗുരുവിന്‍റെ സ്വന്തം പുത്രന്മാരാകട്ടെ വിദ്യയിലും വാഗ്വൈഭവത്തിലുമൊക്കെ മഹത്തായ നേട്ടം കൈവരിക്കുകയും ചെയ്തു. രാജാവ് ആ പണ്ഡിതനെ വാക്ക് പാലിച്ചില്ലെന്ന അർത്ഥത്തിൽ കുറ്റപ്പെടുത്തുകയുണ്ടായി. അതുകൊണ്ട് അയാളുടെ പേരിൽ ശിക്ഷാനടപടി കൈക്കൊള്ളുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. അയാൾ പറഞ്ഞു: അല്ലയോ രാജാവേ! അഭ്യസിപ്പിച്ചത് ഒരേ വിദ്യ തന്നെയായിരുന്നു. പക്ഷേ സഹജഗുണങ്ങൾ കുട്ടികളിൽ വ്യത്യസ്തമാണ്. സ്വർണവും വെള്ളിയും മണ്ണിൽ നിന്നാണ് വരുന്നതെങ്കിലും എല്ലാ മണ്ണിലും സ്വർണവും വെള്ളിയും ഉണ്ടാവുകയില്ല. കാനോപ്പസ് (ചൂടുകാലത്ത് പ്രത്യക്ഷപ്പെടാറുള്ള ഒരു നക്ഷത്രം) ലോകമാസകലം പ്രകാശിപ്പിക്കുന്നുണ്ടെങ്കിലും അത് ചിലയിടങ്ങളിൽ ചാക്ക് നൂലും മറ്റു ചിലേടങ്ങളിൽ അദീമും(യമനിലെ മിനുസമേറിയ തുകൽ. കാനോപ്പസ് പ്രകാശിക്കുന്ന സമയത്താണ് ഏറ്റവും മിനുസമേറിയ തുകൽ ഉൽപ്പാദിപ്പിക്കപ്പെടാറ്) ഉല്പാദിപ്പിക്കുന്നു.(പരിഭാഷ: ഉബൈദ് എ) .എത്ര ദീപ്തമായ നിരീക്ഷണമാണിത്! മനുഷ്യർക്കെല്ലാം പല ഗുണങ്ങളുള്ളതുകൊണ്ട് ഒരേപോലെ ആയിരിക്കുന്നില്ല.
രാക്കുയിൽ പാടട്ടെ
ജീവിതപാലനത്തിനുള്ള വ്യവസ്ഥകൾ എന്ന ഭാഗത്ത് കുറെ മൊഴിമുത്തുകൾ വാരി വിതറിയിരിക്കയാണ്. അതിൽ നിന്ന് രണ്ടെണ്ണം തിരഞ്ഞെടുത്തു അവതരിപ്പിക്കുന്നു. 1) കാഴ്ചയിൽ കൊഴുപ്പ് തോന്നിക്കുന്ന ഒരു ശവത്തിന്‍റെ ഊതിവീർത്ത കാലു പോലുള്ള ഒരു വ്യാജസ്തുതിയിൽ ഒരു വങ്കൻ തൃപ്തിയടയും. കുറഞ്ഞ വിലയ്ക്ക് നിന്നിൽ നിന്നും ആദായമുണ്ടാക്കാൻ കൊതിക്കുന്ന മുഖസ്തുതി പറയുന്നവന്‍റെ വാക്കുകൾക്ക് ചെവി കൊടുക്കുന്നത് സൂക്ഷിച്ചു വേണം ;അവന്‍റെ ആഗ്രഹപൂരണത്തിനു ഒരു ദിവസം നീ പരാജയമടഞ്ഞാൽ നിന്‍റെ ഇരുനൂറ് ന്യൂനതകൾ അവൻ എണ്ണിപ്പറയും. 2) ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഒരു വർത്തമാനം നിനക്കറിയാമെങ്കിൽ മറ്റുള്ളവർ അത് പുറത്തു പറയുവോളം നീ മൗനം പാലിക്കുക. രാക്കുയിലേ ! വസന്തത്തിന്‍റെ സന്ദേശം കൊണ്ടുവരിക, ദുർവാർത്ത കൂമന് വിട്ടുകൊടുക്കുക."
അർത്ഥമില്ലാത്ത ലോകത്ത് അർത്ഥം കണ്ടെത്താൻ വിധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു സഅദി.അദ്ദേഹം സമുന്നതമായ ഒരു ലോകക്രമത്തെ നിർമ്മിച്ചെടുക്കാനാണ് എഴുതിയത്.
ഒരു പനിനീർ പൂന്തോട്ടത്തിന്‍റെ ദളങ്ങളെ ശരത്കാല ഹസ്തങ്ങളുടെ നിഷ്ഠൂരതയ്ക്ക് സ്പർശിക്കാനോ കാലത്തിന്‍റെ ചെയ്തികൾക്ക് അതിന്‍റെ വസന്തോല്ലാസത്തെ ശരത്കാല ചാഞ്ചല്യമാക്കി മാറ്റുവാനോ കഴിയില്ല' - എന്നാണ് അദ്ദേഹത്തിന്‍റെ ഉറച്ച അഭിപ്രായം. അദ്ദേഹം പൂന്തോട്ട നിർമ്മാണത്തോടാണ് സാഹിത്യരചനയെ ഉപമിക്കുന്നത്. ഹൃദയം നിറയെ വസന്തകാലത്തിന്‍റെ അനുരണനങ്ങളുമായി ജീവിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.
വളരെ പ്രസക്തമായ ഒരു സൂത്രം അദ്ദേഹം എഴുതുന്നുണ്ട്: 'ചീത്ത ആൾക്കാരുമായി സഹവസിക്കുന്ന ഒരു വൻ നല്ലതൊന്നും കാണില്ല. ഒരു മാലാഖ ഒരു പിശാചുമായി സഹവസിച്ചാൽ ഭയവും കപടതയും വഞ്ചനയും മാത്രമേ അവനിൽ നിന്നും അഭ്യസിക്കുകയുള്ളൂ. ദുർമാർഗിയിൽ നിന്നും നിനക്ക് ദുർമാർഗമേ അഭ്യസിക്കാനാവൂ. ഒരു ചെന്നായയെ കൊണ്ട് ആരും ഉടുപ്പ് തുന്നിക്കാറില്ല.' ചെന്നായകൾ കൂട്ടത്തോടെ ഉടുപ്പ് തുന്നാൻ നിൽക്കുന്ന ഒരു ലോകത്ത് ഉടുപ്പ് തന്നെ വേണ്ടെന്നു വയ്ക്കുകയാണ് ഒരു ആദർശവാദി ചെയ്യുന്നത്. എന്നാൽ ആദർശവാദി എവിടെ? നട്ടുച്ചയ്ക്ക് റാന്തലുമായി നടന്ന് സത്യസന്ധനായ മനുഷ്യനെ തേടിയ ഗ്രീക്ക് തത്ത്വജ്ഞാനി ഡയോജനീസിനെപ്പോലെ അലയേണ്ടി വരും.
മനുഷ്യത്വമാണ് ധനം
ഉന്നതമായ മാനവികതയാണ് സഅദിയുടേത്. 'മനുഷ്യത്വമില്ലാത്തവനു ഒരു ആനയുടെ മസ്തകം പിളർത്താൻ കഴിഞ്ഞാൽ പോലും അവൻ മനുഷ്യനല്ല. മണ്ണുകൊണ്ടുള്ളവനാണ് മനുഷ്യൻ. അവനു വിനയമില്ലെങ്കിൽ അവൻ മനുഷ്യനല്ല'- അദ്ദേഹം എഴുതി. 'യാചനയാണ് ഭേദം' എന്ന കഥ ഇങ്ങനെയാണ്: 'ഒരു കള്ളൻ ഒരു യാചകനോട് ചോദിച്ചു: ഇക്കണ്ട നീചന്മാരോടെല്ലാം ഒരു നെന്മണിത്തൂക്കം വെള്ളിക്കുവേണ്ടി നിങ്ങളുടെ കൈനീട്ടാൻ നിങ്ങൾക്ക് ലജ്ജയാവുന്നില്ലേ? യാചകൻ പ്രതിവചിച്ചു :ഒരു ധാന്യമണിയിട വെള്ളിക്കു വേണ്ടി കൈനീട്ടുന്നത് ഒന്നര ദാങ് (കാൽ ദിർഹമാണ് ഒരു ദാങ്) വെള്ളിക്ക് വേണ്ടി അത് മുറിച്ചു കളയുന്നതിനേക്കാൾ എത്രയോ ഭേദം (കട്ടവന്‍റെ കൈ മുറിക്കണമെന്ന നിയമമാണ് സൂചന) .ജീവിതത്തിന്‍റെ യുക്തിയാണിത്.കൂടുതൽ വെള്ളി മോഷ്ടിച്ചാൽ കൈവെട്ടിക്കളയും. അതുകൊണ്ട് നെന്മണിത്തൂക്കം വെളളി യാചിക്കുന്നതാണ് സുരക്ഷിതം. യുക്തിയുണ്ടെങ്കിൽ നമുക്ക് ജീവിക്കാൻ അനേകം ഇടങ്ങൾ തുറന്നു കിട്ടും. ഒരു യുക്തി ആയിരം അന്ധതമസുകൾ ഇല്ലാതാക്കും.
'ജീവിതകാലം മുഴുവൻ സമ്പാദിച്ചു വയ്ക്കുകയും ആ സമ്പാദ്യം മറ്റുള്ളവർക്കായി ഉപേക്ഷിച്ചിട്ട് മരണമടയുകയും ചെയ്യുന്നവനേക്കാൾ മൂഢൻ ആരാണ് ? 'എന്ന ഒരു കഥയുണ്ട്'ഗുലിസ്ഥാനി'ൽ. ഈജിപ്റ്റിലെ ഒരു ധനികന്‍റെ കഥയാണ്. അയാൾ മരിച്ചപ്പോൾ സമ്പാദ്യമെല്ലാം ബന്ധുക്കൾ സ്വന്തമാക്കി. അവർ പഴയ രീതി ഉപേക്ഷിച്ച് മേൽത്തരം പട്ടുവസ്ത്രങ്ങൾ തുന്നിച്ച് ധരിച്ചു. അവർ കുതിരപ്പുറത്ത് സവാരി ചെയ്തു. സേവകൻമാരെ അടിമകളാക്കി. അപ്പോൾ കഥാകൃത്ത് ചോദിക്കുന്നത് ഇതാണ്: ഹാ ,മരിച്ച ആ മനുഷ്യൻ അയാളുടെ ബന്ധുജനങ്ങളിലേക്ക് മടങ്ങി വരികയാണെങ്കിൽ കാണാൻ കഴിയുന്നത് സ്വന്തം ബന്ധുവിന്‍റെ മരണത്തിൽ അവർക്കുള്ള ദുഃഖമായിരിക്കുമോ? അതോ അവർക്ക് കൈയിൽ കിട്ടിയ സ്വത്തുക്കൾ തിരിച്ചു കൊടുക്കേണ്ടി വരുന്ന വേദനയായിരിക്കുമോ? ' ജീവിതാനുഭവങ്ങളെ എങ്ങനെ സമീപിക്കണമെന്നതാണ് ഇവിടെ ജ്ഞാനം.നമുക്ക് രണ്ടാമതൊന്നു ജീവിക്കാനാവില്ല. എന്നാൽ ജീവിതം എപ്പോഴും പാളിപ്പോകുന്നു, ഒന്നു തിരുത്താൻ അവസരമില്ല. അനാവശ്യമായ ധാർഷ്ട്യവും പിടിവാശിയും സ്വാർത്ഥതയും മൂലം നമുക്ക് സുന്ദരമായ മാനവിക വസന്തോത്സവങ്ങൾ നഷ്ടപ്പെടുന്നു.
ചോദ്യങ്ങളേയുള്ളു, ഉത്തരങ്ങളില്ല
സഅദിയെപ്പോലെ മാനുഷിക നന്മയ്ക്കു വേണ്ടി യാതനയനുഭവിക്കുകയും സാത്വിക ചേതനയ്ക്ക് വേണ്ടി മനുഷ്യരിൽ നിന്ന് അകലം പാലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്ന എഴുത്തുകാരിയാണ് ഈ വർഷം നോബൽ സമ്മാനം ലഭിച്ച ദക്ഷിണ കൊറിയക്കാരി ഹാൻ കാംഗ്.
2007 ൽ കൊറിയൻ ഭാഷയിൽ എഴുതിയ 'വെജിറ്റേറിയൻ' എന്ന നോവൽ പരിഭാഷപ്പെടുത്തിയത് ദെബോറ സ്മിത്ത് എന്ന ബ്രിട്ടീഷുകാരിയാണ്. ഈ നോവലിനു ഇരുവർക്കും കൂടി 2016ലെ മാൻ ബുക്കർ ഇൻറർനാഷണൽ പ്രൈസ് ലഭിച്ചിരുന്നു. അതോടുകൂടി ഹാൻ കാങ് പാശ്ചാത്യ സാഹിത്യലോകത്ത് ശ്രദ്ധ നേടുകയായിരുന്നു. 2015ൽ മാൻ ബുക്കർ പ്രൈസിന്‍റെ നിയമാവലി മാറ്റിയെഴുതിയിരുന്നു. ഒരു പ്രതിഭയുടെ മുഴുവൻ കൃതികളെയും അടിസ്ഥാനമാക്കിയാണ് അതിനുമുമ്പ് പ്രൈസ് കൊടുത്തിരുന്നത്. ഒരു നോവലിനു പ്രൈസ് കിട്ടുന്നത് ഹാൻ കാങിന്‍റെ ഈ കൃതി തിരഞ്ഞെടുത്ത തോടെയാണ്.
ഒരു സാധാരണസ്ത്രീ സസ്യഭുക്കാകാൻ നടത്തുന്ന ശ്രമങ്ങളാണ് ഇതിന്‍റെ ഇതിവൃത്തം. ഒരു സ്വപ്നത്തിന്‍റെ നടുക്കത്തിൽ നിന്നു വിട്ടുമാറാതിരുന്ന അവൾ തന്‍റെ ജീവിതത്തിലെ ഇഷ്ടങ്ങളുടെ മുൻഗണനാക്രമം തെറ്റിക്കുന്നു. ഒരു സസ്യഭുക്കാകുന്നത് മാനുഷികമാണ്, മനുഷ്യത്വമാണ്. ബർനാഡ് ഷാ സസ്യഭുക്കായത് യേറ്റ്സിന്‍റെ കവിത വായിച്ചതുകൊണ്ടാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
ദ് വൈറ്റ് ബുക്ക്, ഹ്യൂമൻ ആക്റ്റ്സ്, വി ഡു നോട്ട് പാർട്ട്, ഗ്രീക്ക് ലെസൻസ് തുടങ്ങിയവയാണ് ഹാൻ കാങിന്‍റെ മറ്റ് പ്രധാന നോവലുകൾ. ഇൻറർനാഷണൽ ബുക്കർ പ്രൈസ് കിട്ടിയത് കൊണ്ടാണ് തന്‍റെ നോവൽ വിദേശഭാഷകളിലേക്ക് പരിഭാഷ ചെയ്യാനും കൂടുതൽ വായനക്കാരെ ലഭിക്കാനും സഹായകമായതെന്ന് കാങ് തന്നെ പറഞ്ഞിട്ടുണ്ട്. കാരണം, അവാർഡ് കിട്ടുമ്പോഴാണ് ഒരു പുസ്തകത്തെക്കുറിച്ച് ചർച്ചയുണ്ടാകുന്നത്, ഒരു രചയിതാവിനെ ലോകം അറിയുന്നത്. ഒരു മനുഷ്യജീവിയായിരിക്കുന്നതിന്‍റെ അർത്ഥം എന്താണെന്നു തിരയുന്നതിനാണ് താൻ നോവൽ എഴുതിയതെന്ന് അവർ വിശദീകരിക്കുന്നു :'ഈ ലോകത്തെക്കുറിച്ചും മനുഷ്യരാശിയെക്കുറിച്ചും ചില ചോദ്യങ്ങൾ എന്നിൽ ഉയരുന്നുണ്ടായിരുന്നു. ചോദ്യങ്ങളേയുള്ളു, ഉത്തരങ്ങളില്ല. നിശ്ശബ്ദതയിൽ കരയുന്ന രണ്ട് സ്ത്രീകളെ ഞാൻ നോവലിൽ കൊണ്ടുവന്നത് ഇതിനു വേണ്ടിയാണ്. ഒരുവൾ മനുഷ്യജീവിയായിരിക്കാൻ വേണ്ടി ഇറച്ചിഭക്ഷണം ഒഴിവാക്കുന്നു. അവൾ ഒരു സസ്യമാണെന്ന് സ്വയം വിശ്വസിക്കുന്നു. മറ്റൊരുവൾ തന്‍റെ സഹോദരിയെ മരണത്തിൽ നിന്നു രക്ഷിച്ചു നിർത്തുന്നു.' ലോകത്തിന്‍റെ പാപവും ദുഃഖവും അറിയുന്ന ഒരുവൾ അതിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നതിൽ നന്മയുണ്ട്. ഒരു സസ്യത്തെപോലെ ധർമ്മത്തെ അനുസരിക്കുന്നതിൽ സൗന്ദര്യമുണ്ട്.
'ഒരു നോവൽ എഴുതിക്കഴിഞ്ഞാലും ചോദ്യങ്ങൾ അവസാനിക്കുന്നില്ല. അതാണ് അടുത്ത നോവലിനു കാരണമാകുന്നത്. എങ്ങനെയാണ് മനോഹരവും അതേസമയവും ക്രൂരവുമായ ഒരു ജീവിതവുമായി ഒത്തുപോകുന്നത് ?'-അവർ ചോദിക്കുന്നു. എന്താണ് തന്‍റെ പ്രചോദനമെന്നു ഹാൻ കാങ് ഇങ്ങനെ അറിയിക്കുന്നു: എന്‍റെ കുട്ടിക്കാലത്ത് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് എഴുത്തുകാർ ജീവിതത്തിന്‍റെ അർത്ഥം അന്വേഷിക്കുന്നു എന്നാണ്. ചിലപ്പോൾ അവർ അതിൽ പരാജയപ്പെടും, ചിലപ്പോൾ ലക്ഷ്യത്തിൽ മുന്നേറും.അവരുടെ പരിശ്രമങ്ങളും മനശ്ശക്തിയും എന്‍റെ പ്രചോദനമായിരുന്നിട്ടുണ്ട്. '
രജതരേഖകൾ
1) ഇന്നു പ്രസക്തിയില്ലാത്തവരും ശൂന്യരുമായ കഥാപാത്രങ്ങളാണ് കാക്കനാടൻ സൃഷ്ടിച്ചതെന്ന് അംബികാസുതൻ മാങ്ങാട് അഭിപ്രായപ്പെട്ടുവത്രേ. കഥാകൃത്ത് വിനു എബ്രാഹവുമായുള്ള സംഭാഷണത്തിൽ (പച്ചമലയാളം, ഒക്ടോബർ, ബിജു നെട്ടറ) ചോദ്യ കർത്താവ് അറിയിക്കുന്നതാണിത്. അംബികാസുതനോട് സഹതാപമേയുള്ളു.കാക്കനാടന്‍റെ കഥകളുടെ സൗന്ദര്യാത്മകമായ തീവ്രത ഉൾക്കൊള്ളാനുള്ള ശേഷി അംബികാസുതനില്ല. ഇവിടെ പലരും ധാരാളം കഥകൾ എഴുതുന്നുണ്ട്. എന്നാൽ സത്യത്തിൽ സാഹിത്യത്തിന്‍റെ ജീനിയസ് ഇതുവരെയും അവർക്ക് പിടികിട്ടിയിട്ടില്ല. കാക്കനാടന്‍റെ കഥകൾക്ക് ആഴമുണ്ട്;അംബികാസുതന്‍റെയും മറ്റും കഥകൾക്ക് ആ ഗുണമില്ല. കാക്കനാടൻ മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ പ്രശ്നമാണ് അന്വേഷിച്ചത് ;ഉപരിപ്ളവ യാഥാർത്ഥ്യമല്ല. വിനു എബ്രഹാം നൽകിയ മറുപടി ഇതാണ് :'കാലപ്പഴക്കം, കച്ചവടം തുടങ്ങി എത്രയോ ഗംഭീര ചെറുകഥകൾ. ഇവയിലൊക്കെ എക്കാലവും പ്രസക്തിയുള്ള, പല മാനങ്ങളിലുള്ള, സത്ത നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങളുണ്ട്. അതേസമയം ഇവയെല്ലാം പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ പ്രബലമായി തീർന്നിരിക്കുന്ന കപട പുരോഗമന രാഷ്ട്രീയ ഫാഷൻ ഉടുപ്പിട്ട കൃതികളുമല്ല.'
2) ദിവാകരൻ വിഷ്ണുമംഗലത്തിന്‍റെ 'ചോറ്റുപാഠം '(ഡിസി) എന്ന കവിതാ സമാഹാരത്തിൽ ഇങ്ങനെ വായിക്കാം.
'നാമരൂപങ്ങളെല്ലാമഴിഞ്ഞും
പാപപുണ്യങ്ങളൊന്നായൊഴിഞ്ഞും
അന്ധകാരവും വെട്ടവുമെങ്ങും
ഒന്നുചേർന്നു ലയിക്കുമാകാശം'
(ജീവസംഗീതം)
വിഷ്ണുമംഗലത്തിന്‍റെ കവിതകളിൽ എപ്പോഴും അനന്തതയുടെ നേർക്കുള്ള ഒരു നോട്ടമുണ്ട്. താൻ ഈ മഹാപ്രപഞ്ചത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവാണത്. ഒരു കവി എന്ന നിലയിൽ ഭാഷയെ തനിക്കിണങ്ങുന്ന വിധം പുനരാവിഷ്ക്കരിക്കാൻ കഴിയുന്നു വിഷ്ണുമംഗലത്തിന്.
' അക്കിത്തക്കനിവ്' എന്ന കവിതയിലെ വരികൾ ഇങ്ങനെ:
'സർവ്വമാം മതസാരങ്ങൾ -
ക്കേകത്വം നിൻ വിശാലത
നല്കുമക്ഷരയജ്ഞത്തിൻ
യാഗവേദിയിൽ നിറയോൻ'
3) കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കെ. ബാലകൃഷ്ണൻ എഴുതിയ ലേഖനം 'സാഹിത്യനഗരത്തിലൂടെ ഒരു യാത്ര'(ഗ്രന്ഥാലോകം, ഒക്ടോബർ ) ശ്രദ്ധേയമായി. പത്രമോഫീസുകളും പുസ്തകശാലകളും പ്രസാധകരും കലാകാരന്മാരും നിറഞ്ഞ ഒരു നഗരം. നഗരത്തെ, ചരിത്രത്തെ ഓർത്തെടുക്കുകയാണ് ലേഖകൻ. ബഷീർ, എസ്. കെ. പൊറ്റെക്കാട്, എൻ.വി, തിക്കോടിയൻ, കക്കാട്.... തുടങ്ങിയവരെ ഓർക്കുന്നു.
4) ജോസഫ് ആന്‍റണിയുടെ ഫോസിൽ അസ്ഥികൂടം 'ലൂസി'യെക്കുറിച്ചുള്ള ദീർഘലേഖനവും റഷ്യൻ എഴുത്തുകാരൻ പാസ്റ്റർനാക്കിനെക്കുറിച്ചുള്ള ദീർഘ ജീവചരിത്രലേഖനവും മാതൃഭൂമി ആഴ്ചപ്പതിപ്പിനെ നിർവ്വികാരതയിലേക്കും പ്രാചീന തയിലേക്കും കൊണ്ടുപോയി. ഇത്തരം കാര്യങ്ങൾ ഇൻറർനെറ്റിൽ കിട്ടുമെന്നിരിക്കെ ഈ അസുഖകരമായ ദൈർഘ്യം ഒഴിവാക്കാവുന്നതാണ്. ഇതിനു പിന്നാലെ 'നാട്ടുഗദ്ദിക'യും കടന്നുവരുകയാണ്!.
5) വെറുതെ ഒരു ലേഖനം എഴുതിയാലോ ഒരു നോവൽ സംഘടിപ്പിച്ചാലോ എഴുത്തുകാരനാവുകയില്ല. ഒരു നോവൽ എഴുതുന്നയാളിന്‍റെ മൗലികമായ ആത്മാർത്ഥതയും ഭാഷാപരമായ സിദ്ധിയും പ്രധാനമാണ്.
6) ഒരിക്കലും പരാജയപ്പെടാത്തവരെ എനിക്കിഷ്ടമല്ല. അവരുടെ മഹത്വത്തിനു ജീവനില്ല. അതിനു വലിയ മൂല്യമില്ല. ജീവിതം അതിന്‍റെ സൗന്ദര്യം അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തിട്ടില്ല - റഷ്യൻ എഴുത്തുകാരൻ പാസ്റ്റർനാക്ക് പറഞ്ഞു.
7) അമെരിക്കൻ തിരക്കഥാകൃത്തും സംവിധായകനുമായ ജോസ് വെദൺ പറഞ്ഞു, താൻ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് അവരായി ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്താണെന്ന്. 'എനിക്ക് ഭയമുള്ളതിനെക്കുറിച്ച് ഞാൻ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് എഴുതുന്നത് ' -അദ്ദേഹത്തിന്‍റെ വാക്കുകൾ.