മൃഗീയ വാസനകൾക്കു മുൻപിൽ കവിത 
Literature

മൃഗീയ വാസനകൾക്കു മുൻപിൽ കവിത

കവിത പരമ്പരാഗതമായി ഒരാൾ ധരിച്ചു വച്ചിട്ടുള്ള ധാരണകളല്ല. അത് ഒരു കവി കണ്ടെത്തേണ്ടതാണ്.

അക്ഷരജാലകം | എം.കെ. ഹരികുമാർ

പതിറ്റാണ്ടുകളായി ശീലിച്ചു വന്ന കാവ്യബോധം, അല്ലെങ്കിൽ കാവ്യജന്യമായ വികാരം ഇപ്പോഴും അതേ രീതിയിൽ ചിലയിടങ്ങളിൽ തുടരുന്നുണ്ട്. വൈകാരികമായ മടുപ്പ് കവിതയ്ക്കും ബാധകമാണ്. കവിത പരമ്പരാഗതമായി ഒരാൾ ധരിച്ചു വച്ചിട്ടുള്ള ധാരണകളല്ല. അത് ഒരു കവി കണ്ടെത്തേണ്ടതാണ്. എന്നാൽ പലർ ഉപയോഗിച്ച ഭാഷയിൽ ഒരാൾക്ക് വേണ്ടതായ കവിത കടമായി കിട്ടും. വെറുതെ ഭാഷയെ പിന്തുടർന്നാൽ മതി. കാരണം, കാവ്യഭാഷ നേരത്തെ തന്നെ ഉത്പാദിപ്പിച്ച 'കവിത'യുണ്ട്. ഇതാണ് കവിത എന്നു ധരിച്ചവർ ഏറുകയാണ്. എന്നാൽ ജീവിതത്തിന്‍റെ പരിപ്രേക്ഷ്യം മാറുന്നതിനനുസരിച്ച് വൈകാരികമായ പിന്തുടർച്ച കിട്ടുന്നില്ല.

അമ്പതുവർഷം മുമ്പുള്ള ജീവിതവീക്ഷണം മാറി. അന്ന് ലോകം ഇത്രത്തോളം സ്വയം വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. ലോകത്തിന്‍റെ വളർച്ച അന്ന് എത്ര നിസ്സാരമായിരുന്നു.അതുകൊണ്ട് സാവധാനം പോയാൽ മതിയായിരുന്നു. ഒരു ഒച്ചിന് മാന്യമായ സ്ഥാനം ലഭിക്കുന്നത് അങ്ങനെയാണ്. ഒച്ച് തിടുക്കപ്പെട്ട് പോകുന്നില്ലല്ലോ. ഈ ജീവിതത്തിൽ സാവകാശം സഞ്ചരിച്ചാലും ജീവിക്കാമെന്നു ഒച്ച് തെളിയിക്കുന്നു. ഒച്ചിനു ലോകങ്ങൾ കീഴടക്കാനില്ല. സമയത്തെയും കാലത്തെയും സ്വാഭാവികമായി അനുഭവിച്ചാൽ മതി.അതിനു സമയം ഒരു വെല്ലുവിളിയല്ല. സ്ഥലം അതിനു പ്രലോഭനമല്ല. സ്ഥലകാലങ്ങളുടെ ഭാരമില്ലാതെ ഒച്ചിഴയുന്നു.

ഒച്ചിനെ പോലെ ഇഴഞ്ഞ്

മനുഷ്യൻ ഒച്ചിനെപോലെ ജീവിച്ചിട്ടുണ്ട്. വിഷാദത്തെ, അവൻ ഒച്ചിനെ പോലെ സാവകാശം സമീപിക്കുന്നു. വിഷാദം ആസ്വദിക്കാനും നിശ്ശബ്ദമായി ആലപിക്കാനുമുള്ളതായിരുന്നു. ബഹളങ്ങളിൽ നിന്ന്, നിരാശകളിൽ നിന്ന്, അസംബന്ധങ്ങളിൽ നിന്ന് ഓടിയൊളിക്കാനുള്ള ഒരിടമായിരുന്നു വിഷാദം. കവികൾ വിഷാദത്തെയാണല്ലോ പ്രമേയമാക്കിക്കൊണ്ടിരുന്നത്. ചങ്ങമ്പുഴയെ വിഷാദം പിടികൂടിയിരുന്നു. സ്നേഹിക്കുമ്പോൾ ദുഃഖവും വരുകയാണ്. സ്നേഹിക്കുമ്പോൾ മറ്റൊരാത്മാവുമായി ചേരുകയാണ്.

'നീറ്റുന്നിതെന്മന,മയ്യോ,നീ

മായുന്നോ നീലവാനിൻ

കുളിർപ്പൊൻകിനാവോ ?

തെല്ലിടകൂടിയെൻ മുന്നിലേവം ചിരി-

ച്ചുല്ലസിച്ചാൽ നിനക്കെന്തുചേതം?'

സ്നേഹിക്കുമ്പോൾ മറ്റൊരാത്മാവുമായി ചേരുകയാണ്. എന്നാൽ ലോകം വേർപെടാനുള്ളതാണ്. എല്ലാ സ്നേഹങ്ങളും ഇലകൾ പോലെ താഴെ വീഴും. അപ്പോൾ നാം വേദനിക്കും. സ്നേഹിക്കാനുള്ള ആർത്തി മനുഷ്യനിലുണ്ടെങ്കിൽ അവൻ അതിനായി അലഞ്ഞുകൊണ്ടിരിക്കും. തിരിച്ചടികൾ ഉണ്ടായിക്കൊണ്ടിരിക്കും. യാതൊന്നിനോടും ബന്ധം പുലർത്താതെ അന്യവൽക്കരിക്കാൻ നോക്കുന്ന മനുഷ്യനു താൽക്കാലികമായ ശാന്തിക്ക് സ്നേഹം വേണം. അത് നമ്മോട് തന്നെയുള്ള സ്നേഹമാണ്. ആത്മാനുരാഗം കവികളുടെ പുറത്തേക്കുള്ള വാതിലാണ്. അവനവനെ സ്നേഹിക്കുമ്പോൾ മറ്റുള്ളവരോടും സ്നേഹം തോന്നും. എന്നാൽ എല്ലാ സ്നേഹവും ദുഃഖിക്കാനുള്ളതാണ്. ലോകം അതിന്‍റെ വിചിത്രയുക്തിയും അർത്ഥശൂന്യതയും വെളിപ്പെടുത്തുന്നത് സ്നേഹഭംഗത്തിലൂടെയാണ്.

ലോകത്തിന്‍റെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിനൊത്ത് മനുഷ്യന്‍റെ മനസ്സിലും മാറ്റം വരുന്നു. വേഗത, മറവി, ക്രൂരത, അകൽച്ച, സ്നേഹരാഹിത്യം തുടങ്ങിയവ ശാസ്ത്രസാങ്കേതിക വളർച്ചയുടെ ഫലമായി വികസിക്കും. അതിവേഗം പോകാതിരുന്നാൽ ജീവിതം നഷ്ടപ്പെടും. ജീവിതത്തിനു നിശ്ചിത കാലാവധിയേയുള്ളു. ആ സമയത്തിനുള്ളിൽ പരമാവധി കാര്യങ്ങൾ ചെയ്യാനും കൂടുതൽ കാഴ്ചകൾ കാണാനും നാം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. നഷ്ടപ്പെടുന്ന ഓരോ നിമിഷവും ജീവിതത്തെ പരാജയപ്പെടുത്തുകയാണ്. ഈ ബോധം മൂർച്ഛിച്ചതോടെ നാമെല്ലാം അവിശ്വസനീയമായ വിധം വേഗതയുള്ളവരായി മാറി. അതുകൊണ്ട് വേഗതയ്ക്കു ഒപ്പമെത്താൻ വയ്യാത്തവരെ മനുഷ്യൻ അകറ്റിക്കളയുകയാണ്.

പ്രവാചകമായ പരിപോഷിപ്പിക്കൽ

മനുഷ്യന്‍റെ അമിതവേഗതയും ഭൗതികമായ ജീവിതവീക്ഷണവും കാവ്യബോധത്തെയും കാവ്യജന്യമായ വൈകാരികക്ഷമതയെയും തകർത്തിരിക്കുകയാണ്. ഒരു കവിയുടെ ജീവിതത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഭാവുകത്വം ഇന്നു ബഹുജനങ്ങളെ സ്വാധീനിക്കുന്നില്ല. അതുകൊണ്ട് പഴയകാലത്തെ കാവ്യസമ്പ്രദായങ്ങളെല്ലാം മാറ്റത്തിനു വഴിമാറിക്കൊടുത്തു. പ്രമുഖ അമെരിക്കൻ വിമർശകനും പത്രാധിപരും പരിഭാഷകനുമായ യൂജെൻ ജൊലാസ് ഇങ്ങനെ പറഞ്ഞു: 'ഭാവഗാനത്തിന്‍റെയും കവിതയുടെയും കാലം നിശ്ചയമായും കഴിഞ്ഞിരിക്കുന്നു. സോണറ്റ്, ബല്ലാഡ്, എലിജി, ഓഡ് തുടങ്ങിയവയുടെ കാലഘട്ടവും കഴിഞ്ഞു.പൂർവ്വലോകത്തിന്‍റെയും ആധുനികലോകത്തിന്‍റെയും തനിമ അവതരിപ്പിക്കാൻ പുതിയ രൂപങ്ങൾ ആവശ്യമായിരിക്കുന്നു. ഐതിഹാസികമായ ഭാഷാരസലോകങ്ങൾ കണ്ടെത്തപ്പെടണം.മനുഷ്യവംശത്തിന്‍റെ ആകെയുള്ള ആന്തരികദർശനം പകരുന്നതിനു വർഗ്ഗാതീതമായ ഭാഷ കണ്ടുപിടിക്കേണ്ടതുണ്ട്.കവിത പ്രവാചകമായ പരിപോഷിപ്പിക്കലാവണം. വളരുന്ന പ്രപഞ്ചത്തിലെ വളരുന്ന ബോധത്തിന്‍റെ പ്രശ്നങ്ങളെ അതിനു ഉൾക്കൊള്ളാനാവും.'

കവിതയുടെ രൂപത്തെ കവിക്ക് തീരുമാനിക്കാം. എന്നാൽ വളരുന്ന പ്രപഞ്ചത്തിൽ വളരുന്ന ബോധത്തെ അതിനു അഭിസംബോധന ചെയ്യാനാവുമോ എന്ന പ്രശ്നമാണ് ഉയരുന്നത്. ഇന്നത്തെ മനുഷ്യന്‍റെ മൃഗീയമായ വാസനകളെ, അതിക്രൂരവും ബലിഷ്ടവുമായ ചലനങ്ങളെ അത് എത്രത്തോളം അഭിദർശിക്കുന്നുണ്ട് എന്നു ചിന്തിക്കണം. ഒരു നവമാനവനാണ് ഇന്നുള്ളത്.അണുകുടുംബത്തിന്‍റെയും അണുജീവിതത്തിന്‍റെയും സങ്കീർണതകളിൽപ്പെട്ട് മനുഷ്യൻ പരിണമിക്കുകയാണ്. മനുഷ്യൻ സ്വയം അപമാനവീകരിക്കുകയാണ്. അവനിൽ ഒരു കേന്ദ്രമില്ല. സർഗാത്മക പ്രവർത്തനത്തിനു വേണ്ടിയുള്ള അപമാനവീകരണമല്ല ഇത്. ഭൂരിപക്ഷം സാഹിത്യകൃതികളും മനുഷ്യനെ അപമാനവീകരിക്കുകയാണ്.

സോ.സുകേഷ് എഴുതിയ 'ശ്വസിക്കാനൊരിടം'(പ്രസാധകൻ, നവംബർ )എന്ന കവിത നോക്കുക:

'പ്രപഞ്ചഗുഹാമാളത്തിൽ ആത്മാവിൻ

വിളിക്കു കൊളുത്തി കാത്തിരിക്കുന്നൊരുവൾ

നാക്കുരുകി വാക്കുകൾ നഷ്ടപ്പെട്ട

നിശ്ശബ്ദതയിൽ കാതിനുള്ളി

ലേതോ കടന്നൽക്കുഞ്ഞിൻ മുരളൽ.

ഇറ്റിറ്റുവീഴുന്ന പ്രാണരക്തത്തിൽ

മുറ്റി നിൽക്കുന്ന പാൽമണം

സിരകളിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.'

ഇത്തരം കാവ്യഭാഷ ഇപ്പോൾ ക്ളീഷേയാണെന്നു അറിയിക്കട്ടെ. ഇത് അർത്ഥമുണ്ടെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ അർത്ഥശൂന്യതയെ ആവാഹിക്കുകയാണ്. ഈ കവിത വിശേഷിച്ച് യാതൊരു വികാരവും ജനിപ്പിക്കുന്നില്ല. ഈ ഭാഷ മനുഷ്യബോധത്തിൽ ചലനമുണ്ടാക്കുന്നില്ല. എവിടെയോ കേട്ട കവിതകളുടെ ആവർത്തനശബ്ദമാണിത്. അനുവാചകനിലേക്ക് അസ്ത്രം പോലെ അത് കടന്നു വരുന്നില്ല.

നോവുന്നവന്‍റെ കവിത

കവിത നോവാണ്, നോവിക്കലാണ്.കവിക്ക് നോവുമ്പോഴാണ് എഴുതേണ്ടത്. എന്നാൽ പലരും പറഞ്ഞത് തന്‍റെ നോവായി രൂപാന്തരപ്പെടുത്തരുത്. കവിക്ക് അനുഭവങ്ങളുടെ സാമ്പ്രദായിക ഭാഷണങ്ങൾ മാത്രമേയുള്ളൂവെങ്കിൽ എഴുതാതിരിക്കുന്നതാണ് നല്ലത്. കവിത എഴുതുന്നുന്നതുപോലെ പ്രധാനമാണ് എഴുതാതിരിക്കുന്നതും. എഴുതാതിരിക്കുമ്പോൾ ക്ലീഷേ സൃഷ്ടിക്കുന്നില്ല എന്നാണർത്ഥം.പുതിയ വാക്കുകൾ സൃഷ്ടിക്കപ്പെടണം. പുതിയ പദസംയോജനങ്ങൾ ഉണ്ടാകണം. പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കാൻ വേണ്ടി കവി നിർബാധം തന്‍റെ കാലത്തിന്‍റെ ആഴങ്ങളിലേക്ക് പതിക്കണം. മനുഷ്യമനസ്സിന്‍റെയുള്ളിൽ കടന്നു കയറി അവിടെ കുഴിച്ചുമൂടിയ വികാരങ്ങളുടെയും അർത്ഥങ്ങളുടെയും ശവങ്ങൾ പുറത്തെടുക്കണം.

ആലങ്കോട് ലീലാകൃഷ്ണൻ 'തമസ്സോ മാ'(മാതൃഭൂമി ഓണപ്പതിപ്പ്) എന്ന കവിതയിൽ എഴുതുന്നു:

'ഇരുട്ടാകുന്നൂ സത്യം ;

അപരിമേയം, രാത്രി

മരണംപോലെ വന്നു

ജീവനെ പൊതിയുന്നു

വെറുതെ കിടന്നു ഞാൻ

മണ്ണിനെ പുണരുമ്പോൾ

മരിക്കാൻ കൂട്ടാക്കാതെ

ജീവിതം സ്പന്ദിക്കുമ്പോൾ

ഈയിരുട്ടിലും ദൂരെ

താഴ്വര പുഷ്പിച്ചതി,-

ലേതൊരു നിശാഗന്ധി

വാസനിക്കുന്നൂ നീളെ

അഹംബോധങ്ങൾ തീരെ -

യസ്തമിച്ചിരിക്കുമ്പോൾ

വെളിച്ചും പിറക്കുന്നു...'

ഇരുട്ട് ദുഃഖമാണെന്നും അകലെ പ്രതീക്ഷയുണ്ടെന്നും അഹം ഇല്ലാതായാൽ അറിവ് ഉണ്ടാകുമെന്നും പറയുകയാണ് ലീലാകൃഷ്ണൻ. ഇതിൽ പുതിയതായി യാതൊന്നുമില്ല. ഇത് കവിതയിലെ ക്ളീഷേയാണ്. ഇടശ്ശേരി, പി.കുഞിരാമൻനായർ, അക്കിത്തം, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങിയവർ പറയാത്ത എന്തെങ്കിലും ഈ വരികളിലുണ്ടോ ?കവിത സ്വതന്ത്രമായിരിക്കണം. അത് ഈ കാലത്തിലെ മനുഷ്യരെ എങ്ങനെ സമീപിക്കുന്നു എന്നത് പ്രധാനമാണ്. സമകാല ജീവിതത്തെക്കുറിച്ച് ലീലാകൃഷ്ണനു യാതൊരു വേവലാതിയുമില്ല.

ഇവിടെ കവി അക്കിത്തത്തെ അനുകരിക്കുകയാണ്. അക്കിത്തത്തിനു സ്വതന്ത്രതയുണ്ട്. അദ്ദേഹം 'ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം' എഴുതി. കാലത്തിന്‍റെ ആത്മാവിലേക്കിറങ്ങി പുഴുക്കുത്തുകൾ കാണിച്ചുതന്ന കവിയാണ് അക്കിത്തം. അതുതന്നെ ലീലാകൃഷ്ണനും കാണിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. കവി സ്വന്തമായി കണ്ടെത്തണം.യൂക്ലിൻ ജൊലാസ് പറഞ്ഞതുപോലെ കാവ്യഭാഷ ഇന്നിനെ മാറ്റാൻ കരുത്തുള്ളതാകണം. നാളെയുടെ പ്രവാചകശബ്ദമാവണം. പ്രവാചകമായ പരിപോഷണമാണ് കവിതയിലുണ്ടാകേണ്ടത്. പുതിയ വാക്കുകൾ, സംയോജനങ്ങൾ, ബന്ധങ്ങൾ ഉണ്ടാകണം. പരമ്പരാഗതമായ ഭാഷാരീതിയും അർത്ഥ സംയോജനരീതിയും ആപത്ക്കരമാണ്.

പുതുമയില്ല

അക്കിത്തം തമസ് സുഖപ്രദമാണെന്നു പറഞ്ഞു. ഇനി വരുന്ന കവികൾ അതേറ്റ് പാടരുത്.അക്കിത്തം ഉള്ളിൽ കരഞ്ഞു കൊണ്ടാണ് അത് പറഞ്ഞത്. ഇടശ്ശേരിയും അത് പറഞ്ഞിട്ടുണ്ട്, അതിനുമുമ്പേ, വേറൊരു ഭാഷയിൽ. അവർ കാലത്തിന്‍റെ വേദനകൾ സ്വന്തം വിരലുകളിൽ പോലും അനുഭവിച്ചു. എന്നാൽ പുതിയ കവികൾ തമസ് സുഖപ്രദമാണെന്നു പറഞ്ഞാൽ അർത്ഥശൂന്യമാണ്.ലീലാകൃഷ്ണൻ ഇരുട്ട് സത്യമാണ്, രാത്രി മരണമാണ് എന്നു പറഞ്ഞതിൽ പുതുമയില്ല. ഒരു സാഹിത്യവിദ്യാർഥിയെ, നല്ലൊരു വായനക്കാരനെ ഇത് നിരാശപ്പെടുത്തും. കവിത കാലത്തിന്‍റെ ഉണർവാണ്, ഉണർവ്വാകണം. മാധ്യമങ്ങളും സ്ഥാപനങ്ങളും ശ്രമിച്ചിട്ടും തുറക്കാത്ത തുറുങ്കുകൾ കവിത തുറക്കണം. അപ്പോഴാണ് ആ സ്വരം പ്രാപഞ്ചികമായ ലീലയുടെ ഭാഗമായി വരുന്നത്.

വീരാൻകുട്ടി 'തീക്കളി'

(പ്രസാധകൻ, സെപ്റ്റംബർ) എന്ന കവിതയിൽ

'കുഞ്ഞായിരുന്നപ്പോൾ കണ്ട തീ

എത്ര പാവമായിരുന്നു!.

വിളക്കുമരത്തിന്‍റെ ചില്ലയിലെ

കിളിയെന്നു തോന്നിച്ചു.

പൂത്തിരികളിലേക്ക് പടർന്ന ഉത്സാഹമായി

പടക്കങ്ങളുടെ വീക്ക്

പരിഹരിച്ച ശേഷമുള്ള നിശ്ശബ്ദതയായി'

ഇതിൽ കവിത എന്ന വികാരമേയില്ല. എന്തെങ്കിലും ഒരു വിഷയമുണ്ടോ ?യാതൊരു അർത്ഥവുമില്ലാത്ത പദസംയോജനങ്ങളാണ്. പടക്കത്തിന്‍റെ വിക്കോ? ഇത്തരം കവിതകൾക്ക് മനുഷ്യമനസിനെ സ്പർശിക്കാനാവില്ല.

രജതരേഖകൾ

1) എൺപതുകളിലും തൊണ്ണൂറുകളിലും ജീവിക്കുന്നത് രസമായിരുന്നു. സത്യജിത് റായി തിരുവനന്തപരത്ത് വരുന്നു, അരവിന്ദന്‍റെ 'തമ്പ്' ഇറങ്ങുന്നു, കെ.ആർ. മോഹനന്‍റെയും പി.എ.ബക്കറിന്‍റെയും ചിത്രങ്ങൾ തീയേറ്ററുകളിൽ 'നൂൺഷോ'യായി പ്രദർശിപ്പിക്കുന്നു, കൊച്ചിയിലെ കോഫി ഹൗസുകളിൽ ജയനാരായണനനും ടി.ആറും സാഹിത്യചർച്ച നടത്തുന്നു, ജി.എൻ.പിള്ളയും മാമ്പുഴ കുമാരനും എഴുതുന്നു, കൂത്താട്ടുകുളത്ത് സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കാൻ ബസ്സിൽ എത്തുന്ന നരേന്ദ്രപ്രസാദ്, വി. പി. ശിവകുമാറിന്‍റെ കഥകൾ ചർച്ച ചെയ്യുന്നു, കടമ്മനിട്ട തെരുവിൽ കവിത ചൊല്ലുന്നു, ഒ.വി. വിജയന്‍റെ കാർട്ടൂണുകൾ, ജോൺ എബ്രഹാമിന്‍റെ ചലച്ചിത്രസാഹസങ്ങൾ, ഐ.വി ശശി, സോമൻ, ജയഭാരതി കൂട്ടുകെട്ട്... അസാധാരണവും മാസ്മരികവും ഭ്രാന്തവുമായിരുന്നു ആ കാലം.

2) അന്തരിച്ച വിമർശകൻ ബാലചന്ദ്രൻ വടക്കേടത്തിനെക്കുറിച്ച് ഡോ.സി. ഗണേഷ് എഴുതിയ 'മതേതര മാനവിക മൂല്യങ്ങളിൽ ഉറച്ചുനിന്ന സാഹിത്യവിമർശകൻ'(പ്രസാധകൻ, നവംബർ) എന്ന ലേഖനം ഉചിതമായി. ബാലചന്ദ്രൻ ഒത്തുതീർപ്പിനും സ്തുതിക്കും നിന്നുകൊടുക്കാതെ എഴുതുകയാണ് ചെയ്തത്.അത് അദ്ദേഹത്തിനു പല പ്രതിബന്ധങ്ങളും സൃഷ്ടിച്ചുവെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. വിമർശനത്തെ പാദസേവയായി കാണുന്നവർക്ക് ഒരു താക്കീതായിരുന്നു വടക്കേടത്ത്. അദ്ദേഹത്തിന്‍റെ സാഹിത്യവിമർശനപരമായ ചിന്തകളിലേക്ക് ലേഖകൻ കടക്കുന്നില്ലെങ്കിലും ഇത്രയുമെങ്കിലും എഴുതിയല്ലോ.

3) അന്തരിച്ച നടൻ ടി.പി. മാധവനെക്കുറിച്ച് ഗാന്ധിഭവൻ ട്രസ്റ്റി പുനലൂർ സോമരാജൻ 'സ്നേഹരാജ്യ'ത്തിൽ എഴുതിയ ലേഖനം ഒരു ഓർമ്മപ്പെടുത്തലും നൊമ്പരവുമായി. 'ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു. ഇനി ഒന്നും ബാക്കിയില്ല എന്ന ചിന്തയോടെയാണ് 2016 ഫെബ്രുവരി 28ന് മാധവേട്ടൻ ഗാന്ധിഭവനിലെത്തുന്നത്. അപ്പോൾ തികച്ചും അവശനും ആശയറ്റവനും ആലംബഹീനനുമായിരുന്നു അദ്ദേഹം.'

ഗാന്ധിഭവൻ ഉണ്ടായിരുന്നതുകൊണ്ട് ടി. പി. മാധവന് അതിജീവനം സാധ്യമായി എന്നു ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നു. ഗാന്ധിഭവൻ പോലെയുള്ള സ്ഥാപനങ്ങൾ എല്ലാ താലൂക്കുകളിലും ഉണ്ടാവട്ടെ. വാർദ്ധക്യം ആനയുടെ അന്ധതയാണ്.

4) ഗാന്ധിജിയെക്കുറിച്ച് അഗസ്റ്റിൻ കുട്ടനെല്ലൂർ എഴുതിയ ലേഖനം (ഗാന്ധി എന്ന ആധുനികാനന്തര തത്ത്വചിന്തകൻ, സഹോദരൻ, നവംബർ) സമകാലിക പ്രസക്തിയുള്ളതാണ്. ഗാന്ധിജി പ്രകൃതിയെ നശിപ്പിക്കാനല്ല സംരക്ഷിക്കാനാണ് പറഞ്ഞതെന്നു ലേഖകൻ ഓർമ്മിപ്പിക്കുന്നു.

5) കഥാകൃത്ത് എസ്.ആർ. ലാലുമായുള്ള അഭിമുഖം (പുതിയകാല ടെക്നോളജി നമ്മുടെ ഭാഷയെയും സാഹിത്യത്തെയും വളർത്തുന്നതിനു സഹായകമാകുന്നുണ്ട്, അജീഷ് ജി. ദത്തൻ, പച്ചമലയാളം, നവംബർ) സമകാലികജീവിതത്തെ സ്പർശിക്കുന്നു. ചോദ്യങ്ങളിൽ നിന്നു ലാൽ ഒളിച്ചോടുന്നില്ല. ഒരു സംഭാഷണം നോക്കുക: 'പുസ്തകങ്ങൾക്കും മനുഷ്യന്‍റേതുപോലുള്ള ഒരു ജീവിതമുണ്ട്. ചില മനുഷ്യർ പെട്ടെന്ന് വലിയ ഓളമുണ്ടാക്കി പിന്നീടങ്ങ് കാണാതാകും. അതുപോലെ തന്നെയാണ് പുസ്തകങ്ങളും. നല്ല പുസ്തകങ്ങൾ അതിന്‍റെ ആന്തരികബലത്താൽ ദൂരങ്ങൾ സഞ്ചരിച്ചുകൊള്ളും.'

ചിലരെ നാം തുടരെ വിളിക്കുകയോ കാണുകയോ വേണ്ട. അവരുടെ സ്നേഹം ഒരു നിക്ഷേപമായിരിക്കും. നല്ല പുസ്തകങ്ങൾ തിരിച്ചറിയപ്പെടാനാണ് പ്രയാസം. പരസ്യങ്ങളില്ലെങ്കിൽ ഇന്നു പുസ്തകങ്ങൾ ആരെങ്കിലും വാങ്ങുമോ? സോപ്പും ഫോണും പരസ്യം ചെയ്യുന്നതു പോലെയാണ് ഇന്നു പുസ്തകങ്ങളും പരസ്യം ചെയ്യുന്നത്. ഉള്ളടക്കം ആർക്കും ഒരു പ്രശ്നമല്ല.

6) മനുഷ്യനു എല്ലാം താങ്ങാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് അവൻ ആത്മഹത്യ ചെയ്യുന്നത്. ഒരു തേനീച്ചയേക്കാൾ ദുർബലനാണ് മനുഷ്യൻ.അമെരിക്കൻ എഴുത്തുകാരൻ സോൾ ബെല്ലോ പറഞ്ഞു: മനുഷ്യർക്ക് വലിയ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാനാവില്ല ;അതുപോലെ വല്ലാത്ത അസംബന്ധവും സത്യത്തിന്‍റെ ദുരുപയോഗവും ഉൾക്കൊള്ളാനാവില്ല.'

7) സാഹിത്യകൃതി അതിന്‍റെ കാലത്തോടു സംസാരിക്കണം. ഇറ്റാലിയൻ നാടകകൃത്ത് ദാരിയോ ഫോ പറഞ്ഞു: നാടകമാകട്ടെ, സാഹിത്യമാകട്ടെ, കലാപ്രകടനമാകട്ടെ അത് അതിന്‍റെ കാലത്തിനു വേണ്ടി സംസാരിക്കുന്നില്ലെങ്കിൽ വ്യർത്ഥമാണ്.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം