ഓരോ കാലഘട്ടത്തിന് അനുസരിച്ചാണു സാഹിത്യരചനകളുടെ സ്വഭാവം മാറുന്നത്. മണിപ്രവാളത്തിന്റെയും ചമ്പുവിന്റെയും തുള്ളലിന്റെയും കാലത്ത് അതിനുപറ്റിയ കൃതികളുണ്ടായി. രാമപുരത്ത് വാര്യർ ഇന്നാണു ജീവിച്ചിരിക്കുന്നതെങ്കിൽ അദ്ദേഹം വഞ്ചിപ്പാട്ട് എഴുതുകയില്ല. പകരം പുതിയ കാലത്തിന് അനുസരിച്ച് എഴുതുമായിരുന്നു. രാമപുരത്ത് വാര്യരുടെ ജീവിതകാലം അദ്ദേഹത്തിന്റെ സാഹിത്യാവബോധത്തെ നിയന്ത്രിക്കുകയായിരുന്നു. ഒരു കാലം ഉൽപാദിപ്പിക്കുന്ന സവിശേഷ മാനസികാവസ്ഥയുണ്ട്. പ്രവൃത്തികളുടെയും പ്രതികരണങ്ങളുടെയും ആത്മാവ് പ്രധാനമാണ്. കാലത്തിന്റെ അടിയിലുള്ള ഉത്ക്കണ്ഠകളും ആകുലതകളും തിരിച്ചറിയണമെങ്കിൽ പ്രത്യേക സിദ്ധി വേണം. നിരീക്ഷണബോധത്തിന്റെ പരമമായ അർഥത്തിൽ അതു കണ്ടെത്തണം. യുഗചേതന എന്നു പറയുന്നത് ആ കാലഘട്ടത്തിലുള്ളവർ പൊതുവേ പങ്കിടുന്ന വികാരമാണ്.
എല്ലാവർക്കും വിനിമയയോഗ്യമായതും യഥാർഥത്തിലുള്ളതുമായ ബാഹ്യലോകത്തിന്റെ പ്രത്യേകതകൾ മനസിലാക്കുമ്പോഴാണ് അതു സംഭവിക്കുന്നത്. എന്നാൽ ഇതിനുമപ്പുറമാണ് ഉന്നതവും സൂക്ഷ്മവുമായ സാഹിത്യാവബോധത്തിലേക്ക് എത്തിച്ചേരുക എന്നത്.
ഈ കാലഘട്ടം എങ്ങനെയാണു കടന്നു പോകുന്നതെന്ന് അറിയേണ്ടതുണ്ട്. എല്ലാവരും പതിവുപോലെ ജീവിക്കുകയും, അവരുടേതായ പ്രശ്നങ്ങളിൽ നങ്കൂരമിട്ടുകൊണ്ട് തന്നെ കാലഘട്ടത്തിന്റെ പൊതുവായ മനോഗതി അനുസരിക്കുകയും ചെയ്യുകയാണ്. ഒരു മനുഷ്യൻ അവന്റെ ഭാഗധേയത്തെ നിർണയിക്കുന്നതിന് എങ്ങനെയെല്ലാം സ്വയം മറന്നും സാഹസികമായും ഇടപെടുന്നു എന്നതു പ്രധാനമാണ്. മൂടിവയ്ക്കപ്പെട്ടതും അമർത്തപ്പെട്ടതുമായ വിഷാദങ്ങളെ പരിശോധിക്കേണ്ടി വരും.
കല ഉപഭോഗവസ്തു
ലോകമഹായുദ്ധങ്ങൾ മനുഷ്യമനസിൽ സൃഷ്ടിച്ച വികാരങ്ങൾ അപകടകരമായിരുന്നു. മാനവരാശിക്ക് ഇനി മോചനമില്ല എന്ന ചിന്ത പടർന്നു. ലോകം ഇനി പഴയതു പോലെ കേന്ദ്രീകൃതമായി നീങ്ങുകയില്ല എന്ന ധ്വനി പ്രധാനമായിരുന്നു. സ്വപ്നങ്ങൾക്കുമേൽ അതു ഭീഷണിയുയർത്തി. എന്നാൽ ഈ ലോകയുദ്ധങ്ങൾക്കിടയിൽ അനുകൂലമായതു ചിലതു സംഭവിച്ചു. ഇന്ത്യയ്ക്കും അതുപോലുള്ള ചില രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ചു. പുതിയ രാജ്യങ്ങൾ ഉണ്ടായപ്പോൾ പരിപ്രേക്ഷ്യം മാറി, മനുഷ്യാനുഭവത്തിൽ വികാസമുണ്ടായി.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യാനുഭവത്തിന്റെ ആധിപത്യവും കേന്ദ്രീകരണവും നഷ്ടമായതോടെ പഴയ ഭാവുകത്വത്തിനു മങ്ങലേറ്റിരിക്കയാണ്. കലയുടെ മാജിക്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അനായാസം പുതിയ ഭാവുകത്വം സൃഷ്ടിക്കപ്പെടുകയാണ്. അതു തിരിച്ചറിയാൻ വൈകിയേക്കും. കലാകാരന്റെ കർത്തൃത്വം ഇല്ലാതായിരിക്കുന്നു. ഗാലറികളിലും മ്യൂസിയങ്ങളിലും സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ കേവല കലയുടെ അവസാനത്തെ താവളമായി മാറിയിരിക്കുന്നു. അതു സാധാരണ ജീവിതത്തെ സ്വാധീനിക്കുന്നില്ല. ബിനാലെ പോലെയുള്ള വേദികളിൽ ആയിരക്കണക്കിനാളുകൾ കണ്ടുവെന്നു പറയുന്ന ചിത്രങ്ങൾ, ഇൻസ്റ്റലേഷനുകൾ, ശില്പങ്ങൾ സമൂഹമനസിൽ ശേഷിക്കുന്നതായി കാണുന്നില്ല. ആളുകൾ അതെല്ലാം കാണുന്നത് ഒരു ഉപഭോക്തൃ മനോഭാവത്തോടെയാണ്. അത് ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ്. ഒരു കലാവസ്തുവിന്റെ ആസ്വാദനം അവിടെ നടക്കുന്നുണ്ടോ എന്നു സംശയമാണ്. കലാവസ്തുക്കൾ ശേഖരിച്ച് പ്രദർശിപ്പിക്കുന്ന ഇടങ്ങൾ വിനോദസഞ്ചാരത്തിന്റെ ഭാഗമാണിന്ന്.
ദാനം ചെയ്ത കൈയിൽ
ആശയങ്ങൾ ഇല്ലാതാവുകയും ക്രമീകരണത്തിനു പ്രാധാന്യം കൈവരികയും ചെയ്തിരിക്കുകയാണല്ലോ. ഒരു ഇൻസ്റ്റലേഷൻ ഏതെല്ലാം വസ്തുക്കൾ കൊണ്ടാണു തയാറാക്കപ്പെട്ടത് എന്നതെല്ലാം ഒരു കൗതുകത്തിനപ്പുറം ഒന്നുമല്ല. ആളുകളെ സ്വാധീനിക്കാത്ത ലക്ഷക്കണക്കിനു കലാവസ്തുക്കൾ നിരക്കുകയാണ്. അതെല്ലാം വീഡിയോയിൽ, ഫോട്ടോയിൽ സൂക്ഷിക്കുകയാണ് പിന്നീട്. ഇന്നു മനുഷ്യരുടെ ബോധതലത്തിലെ ഭാവുകത്വപരമായ ഉദ്വേഗങ്ങൾ സമൂലമായി മാറിക്കഴിഞ്ഞു. എന്നാൽ അതിനനുസരിച്ചുള്ള സാഹിത്യസൃഷ്ടികൾ ഉണ്ടാകുന്നില്ല. വൈകാരികക്ഷമതയില്ലാതെയാണു മിക്ക എഴുത്തുകാരും എഴുതിക്കൊണ്ടിരിക്കുന്നത്. അവർക്ക് ഒന്നും മനസിലാകുന്നില്ല. ഇന്നത്തെ ജീവിതത്തിന്റെ ആഴത്തിലേക്കു നോക്കണം. എത്രമാത്രം അലിഖിതവും അവ്യവസ്ഥാപിതവുമാണ് ഈ ജീവിതമെന്നു നോക്കണം. അതിവേഗത മനുഷ്യന്റെ എല്ലാ ചലനങ്ങളെയും ബാധിച്ചിരിക്കുന്നു. പെട്ടെന്നു പ്രേമിക്കുന്നു, പെട്ടെന്ന് ഉപേക്ഷിക്കുന്നു. വൈദ്യശാസ്ത്രം ഉത്തര- ഉത്തരാധുനികമായ സാഹചര്യങ്ങളാണു സൃഷ്ടിച്ചിരിക്കുന്നത്. ഒരാളുടെ കിഡ്നിയോ, കരളോ യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാൾക്കു നൽകുമ്പോൾ ജീവിതം മാറിമറിയുകയാണ്. ബന്ധമോ സ്വന്തമോ അല്ല അവിടെ കാണാനാകുന്നത്. മാനവികത പുതിയ വഴിതേടുകയാണ്. അമേരിക്കയിലുള്ള രോഗിക്ക് മൂലകോശം മാറ്റിവയ്ക്കാൻ വേണ്ടി കേരളത്തിൽ ഒരേ രക്തഗ്രൂപ്പിൽപ്പെട്ടവരുടെ ക്യാമ്പ് സംഘടിപ്പിക്കുന്നത് പുതിയ ജീവിതത്തിന്റെ ഭാവുകത്വത്തെ നിർണയിക്കുന്ന പല ഘടകങ്ങളിലൊന്നാണ്. മനുഷ്യരെ കൂട്ടിയിണക്കുന്ന പുതിയ മൂല്യങ്ങൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.
അവയവങ്ങൾ ദാനം ചെയ്യുന്നവർ അത് സ്വീകരിച്ചവരെ പിന്നീട് കാണുന്നത് എത്ര വിചിത്രമായ അനുഭവമാണ് !.ഏതാനും മാസങ്ങൾക്കു മുൻപ് ഒരു സ്ത്രീ, മരിച്ചു പോയ തന്റെ ഭർത്താവിന്റെ കൈ ശരീരത്തിൽ തുന്നിച്ചേർത്ത ഒരു യുവാവുമായി സംസാരിക്കുന്നതു കണ്ടു. അവർ ഭർത്താവിന്റെ ആ കൈയിൽ സ്പർശിച്ചപ്പോൾ എന്തെല്ലാം വികാരങ്ങളായിരിക്കും മനസിലൂടെ കടന്നു പോയിട്ടുണ്ടാവുക. ഭർത്താവ് മരിച്ചെങ്കിലും കൈ മരിച്ചില്ല; കണ്ണുകൾ പിന്നെയും ജീവിക്കുകയാണ്. ഒരാളുടെ കണ്ണുകൾ നൂറ്റാണ്ടുകളിലൂടെ പലർക്കായി മാറ്റിവയ്ക്കപ്പെടുമ്പോൾ പുതിയൊരു അതിജീവനരഹസ്യം അനാവൃതമാകുകയാണ്. മരിക്കാത്ത കണ്ണുകൾ പ്രതിനിധീകരിക്കുന്നതു മരിക്കാത്ത മനുഷ്യനെയല്ലേ ?
പുതിയ ഭാവുകത്വം
ആളുകൾ ഇപ്പോൾ സഞ്ചാരികളായി മാറിയിരിക്കുന്നു. സ്വന്തം നാട്ടിൽ സ്ഥിരമായി ഒരിടത്തു താമസിക്കുന്നവർ കുറഞ്ഞു വരികയാണ്. കലാവസ്തുക്കളുടെ നിർമാണമല്ല, തൊഴിലാണ് മനുഷ്യന്റെ അടയാളം. സോഷ്യൽ മീഡിയയിൽ മനുഷ്യർക്കു മറ്റൊരു വ്യക്തിത്വമാണ് വിധിക്കപ്പെടുന്നത്. സ്വയം മറച്ചുവെച്ച് ആരെയും ചീത്ത പറയാം; ശരീരം വേണ്ട. യൂട്യൂബ് ചാനലുകളിലൂടെ നേരും നുണയും വിളിച്ചു പറയാം. ഇതൊക്കെ സ്വാതന്ത്ര്യത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളല്ലെങ്കിൽ പിന്നെന്താണ്? രാഷ്ട്രീയപാർട്ടികൾ പോലും മാറി. അവർ ടെലിവിഷൻ വാർത്താചാനലുകളുടെ മുഖ്യസമയം അപഹരിച്ച് പ്രചരണം നടത്തുകയാണ്.
വാർത്തയുടെ നേരം പാർട്ടികളുടെ നിയന്ത്രണത്തിലാണ്. പാർട്ടികളുടെ പ്രതിനിധികൾ കൂടിയിരുന്നു ചർച്ച ചെയ്താൽ പരിഹരിക്കാവുന്നതാണ് സകല രാഷ്ട്രീയപ്രശ്നങ്ങളുമെന്നു തീരുമാനിക്കപ്പെടുകയാണ്. ഇവിടെ സ്വതന്ത്രരായ മനുഷ്യർക്കു ചാനലുകളിൽ റോളൊന്നുമില്ല. സ്വതന്ത്രമായ അഭിപ്രായങ്ങൾ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം പഴകി ദ്രവിച്ച കൊടിക്കൂറ മാത്രമാണിന്ന്. ജീവിതത്തെക്കാൾ വലിയ പ്രതിഛായ ഉപഭോക്തൃ വസ്തുക്കൾക്ക് വന്നു ചേർന്ന കാലമാണിത്. പുതിയ പരിപ്രേക്ഷ്യം ഇങ്ങനെയാണുണ്ടാവുന്നത്. ഒരു വാഷിങ് മെഷീന് വാറന്റിയുണ്ട്. അത് കേടായാൽ വീട്ടിൽ വന്നു നന്നാക്കി തരും. വാഷിങ് മെഷീന് നമ്മേക്കാൾ സൗന്ദര്യമുണ്ട്, സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് അതിന് വാറന്റിയുള്ളത്. മനുഷ്യർക്കു വാറണ്ടിയില്ലല്ലോ. മനുഷ്യൻ എല്ലായിടത്തും ക്യാമറകളുടെ നിയന്ത്രണത്തിലാണ്. മൊബൈൽ ഫോൺ ഉള്ളതുകൊണ്ട് ബഹുരാഷ്ട്ര കമ്പനികൾ നമ്മെ വീട്ടിലും നിരീക്ഷിക്കുന്നു. നാം എന്തു ചെയ്യുന്നു, എവിടെ പോകുന്നു, ആരോടെല്ലാം സംസാരിക്കുന്നു, നമ്മൾ എന്തിനെയെല്ലാം സ്നേഹിക്കുന്നു, എന്തെല്ലാം വായിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം നിരീക്ഷിക്കപ്പെടുന്നു. ഇതാണു പുതിയ ഭാവുകത്വം. ഇത് ഉൾക്കൊള്ളാൻ എഴുത്തുകാർക്കു പ്രയാസമായിരിക്കും. കുറെ സമയമെടുക്കും അതു മനസിലാക്കാൻ.
പ്രമുഖ ലാറ്റിനമേരിക്കൻ സാഹിത്യകാരനായ കാർലോസ് ഫ്യുവന്റിസ് പറഞ്ഞു: 'ഞാൻ റെഡിമെയ്ഡ് വായനക്കാർക്ക് വേണ്ടി എഴുതപ്പെട്ട പുസ്തകങ്ങളിൽ വിശ്വസിക്കുന്നില്ല. ഞാൻ സൃഷ്ടിച്ചേക്കാവുന്ന വായനക്കാരിലാണ് എന്റെ കണ്ണ്. അതിനു വായനക്കാരെ സൃഷ്ടിക്കുകയാണ് വേണ്ടത്, വായനക്കാർ എന്താണോ പ്രതീക്ഷിക്കുന്നത് അതു കൊടുക്കുന്നതിനു പകരം. മറ്റുള്ളവരുടെ പ്രതീക്ഷ നിറവേറ്റാൻ എഴുതേണ്ടിവരുകയാണെങ്കിൽ അതെന്നെ ബോറടിപ്പിച്ചു കൊല്ലും.'
ഫ്യുവൻറിസ് പറഞ്ഞതു നമ്മളും ഉൾക്കൊള്ളണം. പുതിയ സാഹചര്യം, പരിപ്രേക്ഷ്യം അറിഞ്ഞ്, അതിന്റെ അഗാധതകൾ ചികഞ്ഞ് പുതിയ മനുഷ്യനെ അന്വേഷിക്കുക. അപ്പോൾ പുതിയ വായനക്കാർ ഉണ്ടാവുക തന്നെ ചെയ്യും.
മനോഹര വർമ്മയുടെ കഥ
റബർ മരങ്ങളിൽ കൊത്തിയപ്പോൾ മരപ്പശ കൊക്കിൽ കുടുങ്ങിയ മരംകൊത്തിയുടെ കഥയാണ് മനോഹരവർമ്മ 'മരംകൊത്തി '(തസ്രാക്ക് ഡോട്ട് കോം,മെയ്) എന്ന കഥയിലൂടെ അവതരിപ്പിക്കുന്നത്. തന്റെ കൊക്കിലെ പശ മാറ്റിയെടുക്കുന്നതിനു കണ്ണിൽ കണ്ടവരെയെല്ലാം മരംകൊത്തി കൊത്തി മുറിവേല്പിപ്പിച്ചു. അതു നാട്ടിലുണ്ടാക്കിയ നടുക്കവും വെപ്രാളവും കഥാകൃത്ത് ഒരു തൽസമയ കമന്ററി പോലെ വിവരിച്ചിരിക്കുകയാണ്. പത്രപ്രവർത്തകനായ മനോഹരവർമ്മ ഒരു പത്രവാർത്തയിൽ നിന്നാണ് ഈ കഥ കണ്ടെടുത്തതെന്ന് അറിയിക്കുന്നു. മരംകൊത്തിയെ എങ്ങനെ കൊല്ലണമെന്ന് ആലോചിക്കാൻ പഞ്ചായത്ത് സമിതിയിൽ ചർച്ച സംഘടിപ്പിച്ചു. മരംകൊത്തിയിൽ നിന്നുള്ള ആക്രമണം ചെറുക്കാൻ പുറത്തിറങ്ങുന്നവരെല്ലാം ഹെൽമെറ്റ് ധരിക്കുന്ന സാഹചര്യം വരെയുണ്ടായി.
ഗ്രാമത്തിൽ മരംകൊത്തിയെ ചുറ്റിപ്പറ്റിയുണ്ടായ ചർച്ച കഥാകൃത്ത് നന്നായി വിശദീകരിക്കുന്നു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങിയ ഈ കാലത്ത് ഈ കഥയ്ക്കു പ്രസക്തിയുണ്ട്. മനുഷ്യൻ ചെയ്യുന്ന തെറ്റുകളെ പ്രകൃതി പിന്തുടരുന്നതിന്റെ പ്രതീകാത്മകമായ അർഥം ഇതിലുണ്ട്.
പ്രേംചന്ദിന്റെ ജോൺ എബ്രഹാം
പത്രപ്രവർത്തകനായ പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോൺ' എന്ന ഡോക്യുഫിക്ഷൻ ശ്രദ്ധ നേടുന്നു. പ്രമുഖ സംവിധായകനായ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ഈ ഫിലിമിനു പ്രസക്തിയുണ്ട്.
ഇതിനെക്കുറിച്ച് ചലച്ചിത്രവിമർശകൻ എം. സി. രാജനാരായണൻ എഴുതിയ ലേഖന(കലാപൂർണ, മെയ്, ജോണിന്റെ യാത്രകൾ, ജോണിലേക്കും)ത്തിൽ ഇങ്ങനെ വായിക്കാം: ജോണിനെക്കുറിച്ച് കേട്ടറിഞ്ഞ, പ്രചാരം നേടിയ പല കഥകളും സത്യത്തിന്റെ വെള്ളിവെളിച്ചത്തിൽ പോയി മറയുന്നു, തിരുത്തപ്പെടുന്നു. ജോൺ ജോണായി മാത്രം ജീവിച്ചതുകൊണ്ട് തന്നെ ശരിതെറ്റുകൾ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. എല്ലാം നമ്മുടെ ചിന്തകൾക്കനുസൃതമായി മാറിമറിയുന്നു -നന്മതിന്മകളും ശരിതെറ്റുകളും ഗുണവും ദോഷവുമെല്ലാം." അഗ്രഹാരത്തിലെ കഴുതൈ ,അമ്മ അറിയാൻ തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങളിലൂടെ ജോൺ തന്റേതായ ഒരു കലാലോകമാണ്, സൗന്ദര്യത്തിന്റെ തലത്തിൽ പരിചയപ്പെടുത്തിയത്.
വിഷ്ണുപ്രസാദിന്റെ കവിത
എം. ആർ. വിഷ്ണുപ്രസാദ് എഴുതിയ 'യൂണിവേഴ്സിറ്റി ഒന്നാം ദിവസം'(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ,മെയ് 21-27) ഹൃദ്യമായ അനുഭവമാണ്. യൂണിവേഴ്സിറ്റിയിൽ ചെന്ന ആദ്യ ദിവസം തന്നെ പഠിതാവിന് അത് വനമായി തോന്നുന്നു. സൂക്ഷ്മദൃക്കുകൾക്ക് അത് മനസിലാകും. കവിതയിൽ നിന്ന്:
'പിന്നെയും വനത്തിലൂടെ നടന്നു.
അവൾ കുട്ടിക്കാലത്ത് വിറക്
വെട്ടാൻ പോയ
വഴിത്താരയിലൂടെ നടന്ന
ഞങ്ങൾ ഇലകളെ പൂരിപ്പിച്ചു.
വെളിച്ചത്തെ പൂരിപ്പിച്ചു
സായംസന്ധ്യയെ പൂരിപ്പിച്ചു
ജാതിയും മതവും
വിദ്യാഭ്യാസയോഗ്യതയും
പൂരിപ്പിച്ചു.
അങ്ങനെ ഒന്നാം ദിവസം പൂർത്തിയാക്കി.'
ആധുനിക സംസ്കൃതിയുടെ വന്യതയത്രയും ഈ വരികളിൽ, കാലുഷ്യമില്ലാതെ, കോറിയിടാൻ കവിക്കു കഴിഞ്ഞിരിക്കുന്നു.
ഉത്തരരേഖകൾ
1)റേഡിയോയിൽ കേട്ട മനോഹരമായ ഒരു ഗാനം ഓർത്തെടുക്കാമോ ?
ഉത്തരം: എം. ജി. രാധാകൃഷ്ണൻ ഈണം നൽകിയ 'ഘനശ്യാമ സന്ധ്യാഹൃദയം' എന്ന ഗാനം എന്നും ഓർക്കും. രാധാകൃഷ്ണൻ റേഡിയോയിലൂടെ പഠിപ്പിച്ച പാട്ടാണിത്. അത് പിന്നീട് യേശുദാസ് ആലപിച്ചു.
2)അരവിന്ദൻ സംവിധാനം ചെയ്ത ഏത് ചിത്രമാണ് വീണ്ടും കാണാനാഗ്രഹിക്കുന്നത്?
ഉത്തരം: തമ്പ്. അതിലെ ദൃശ്യങ്ങളും സംഗീതവും ഫ്രെയിമിൽ ലയിച്ചു ചേർന്ന പോലെ തോന്നി.
3)കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ സൃഷ്ടിപ്രക്രിയയിൽ കൂടുതൽ വ്യാപ്തി കൈവരിച്ച കാലഘട്ടം ഏതാണ്?
ഉത്തരം: ഏറ്റവും കുറച്ചുകാലത്തിനിടയിൽ ഏറ്റവും സാർത്ഥകമായി സൃഷ്ടിപ്രക്രിയയിൽ ഏർപ്പെടുകയും സമയത്തെ പൂർണമായും ഉപയോഗപ്പെടുത്തുകയും ചെയ്ത പ്രതിഭ പി. പത്മരാജനാണ്. അദ്ദേഹം ഒരേസമയം ഒരു കാല്പനികനും അന്യനുമായിരുന്നു.
4)ഒരു യഥാർഥ ചിത്രകാരൻ കുതിരയെ വരയ്ക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?
ഉത്തരം: വർണ്ണങ്ങളുടെയും വരകളുടെയും വിന്യാസത്തിലൂടെ ആ കലാകാരൻ ഒരു രമ്യത സൃഷ്ടിക്കും. അങ്ങനെ ആ കുതിര സത്യമായി അനുഭവപ്പെടും, ഒരു വസ്തുതയെന്നതിനപ്പുറം. അതിനു വിരുദ്ധമായതെല്ലാം ഒഴിവാക്കി, ആ ഒരൊറ്റ ചിത്രം ആത്യന്തികമായ ഐക്യത്തെ സ്ഥാപിക്കുന്നു - രബീന്ദ്രനാഥ് ടാഗോർ പറഞ്ഞതാണിത്.
5)ഏറ്റവും സ്വാധീനിച്ച, വശീകരിച്ച ശബ്ദം ആരുടേതാണ്?
ഉത്തരം: കെ.പി.എ.സി. സുലോചനയുടേത്. ഒരു ആൾക്കൂട്ടത്തിലോ, തിരക്കിനിടയിലോ, യാത്രയുടെ ഏകാന്തതയിലോ സുലോചനയുടെ ഗംഭീരമായ ആ ശബ്ദം-ചെപ്പു കിലുക്കണ ചങ്ങാതി-കേട്ടാൽ പെട്ടെന്നു സ്ഥലകാലബോധമുണ്ടാവും. നമ്മുടേതെന്നു പറയാവുന്ന എന്തോ ഒന്ന് അടുത്തെത്തിയ പോലെ അനുഭവപ്പെടും.
6)സത്യജിത് റായിയെ ലോകസിനിമ എങ്ങനെയാണ് കാണുന്നത്?
ഉത്തരം: ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകനായല്ല, ലോകത്തിലെ ഏറ്റവും വലിയ പത്ത് സംവിധായകരിലൊരാളായാണ് അവർ കാണുന്നത്. സിനിമയുടെ നൂറാം വർഷം പ്രമാണിച്ച് ബ്രിട്ടീഷ് ചലച്ചിത്ര വിമർശകൻ ഡെറക് മാൽക്കം ലോകത്തിലെ വിവിധ ഭാഷകളിൽ നിന്നു നൂറ് ചിത്രങ്ങൾ തെരഞ്ഞെടുത്തപ്പോൾ അതിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു ചിത്രം സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി'യാണ്. (പഥേർ പാഞ്ചാലി എന്ന് ഉച്ചരിക്കുന്നത് റായി ഇന്റർവ്യുവിൽ പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് )