വായനക്കുറ്റം | എൻ.കെ. ഷീലയുടെ കവിത 
Literature

വായനക്കുറ്റം | എൻ.കെ. ഷീലയുടെ കവിത

എൻ.കെ. ഷീല

മഴക്കാലത്താണ് പലവിധ

ജ്വരങ്ങളെപ്പോലെ

വായനജ്വരവുമധികമാവുക

പുറത്ത് തോരാപാരെ മഴപെയ്യുമ്പോൾ

അകത്ത് അരയ്ക്കൊപ്പം വലിച്ചിട്ട

പുതപ്പിനുള്ളിൽ വായനയുടെ

ഋതുപ്പകർച്ച

കുനുകുനാ നിരന്ന വരികൾക്കിടയിലൂടെ

നനു നനുന്നങ്ങനെ

ഇഴഞ്ഞിറങ്ങും മനസ്സ്.

പതിയെ പുറത്തെമഴ

അകത്താകും

വായനയുടെചൂട് പെയ്യും.

പുതപ്പ് എങ്ങോ മറയും.

പതിതപങ്കജത്തിൽ നിന്ന്

ഏണിപ്പടികൾ കയറി

കുട്ടനാട് മുഴുവനലയും.

മിണ്ടാപ്പെണ്ണിനോട് പറയ് പറയ് എന്ന്

പ്രോത്സാഹിപ്പിക്കും.

മായന്‍റെയും ബീരാന്‍റെയും ഇടയിൽ

പിടയുന്ന ഉമ്മാച്ചുവിനെ

ചേർത്തണയ്ക്കും.

ഒറോതയിലെത്തുമ്പോൾ

മഴകുറഞ്ഞോ? എന്ന് പുറത്തേക്ക്.

അമ്മിണിയ്ക്കും കുട്ട്യേടത്തിയ്ക്കും

കൂടെച്ചേർന്ന് കരയും.

കറിക്കത്തിയിൽ മറുകരിയുമ്പോൾ

അയ്യോയെന്ന് ഓളിയിടും.

അതിരാണിപ്പാടത്തു നിന്ന്

ശ്രീധരനോടൊപ്പം പിന്നെയും

പ്രവാസക്കാലം.

നിരാശ തോന്നിയത്

വിമലയുടെ മഞ്ഞുകൊണ്ടുള്ള

കാത്തിരിപ്പിലാണ്.

അവഗണന പുകഞ്ഞത്

രണ്ടാമൂഴക്കാരന്‍റെ മകന്‍റെ

ചാക്കാലയിലാണ്.

സങ്കടം പെരുമഴയായത്

വെള്ളായിയപ്പന്‍റെ യാത്രയിൽ

ഇല്ലായ്മയിലെ ചങ്കൂറ്റമായത്

പ്രകാശം പരത്തുന്ന പെൺകുട്ടി.

മുറിഞ്ഞസ്നേഹത്തിന്‍റെ വിടവിൽ

കണ്ണീരുപ്പൊഴിച്ച് നീറ്റിച്ചു

ഭ്രാന്തൻ വേലയുധന്‍റെ

അശാന്ത മനസ്സ്.

കണ്ണീരിൽ ചിരിയുടെ

പ്രകാശമോടിച്ച്

ബേപ്പൂർ സുൽത്താൻ

മാരിവിൽ ചന്തം വിതറി

നിലാവു വീഴ്ത്തി

'സി'യുമെത്തി.

വെള്ളിയാങ്കല്ല് വരെ തുമ്പികളായ്

പറന്ന്‌പറന്നങ്ങനെ

നൊമ്പരതീരമണഞ്ഞു.

ജരിതയുടെ ദുഃഖവും

ഗാന്ധാരിയുടെ വിലാപവും

കരളുരുക്കി.

നളിനിയോടൊപ്പം രാഗരസത്തോടെ

മല്ലിക കൊരുത്തു

നിഷ്കളങ്കതയുടെ

കിളിക്കൊഞ്ചൽ കേട്ടു.

ചങ്ങാലിപ്രാവിന്‍റെ നിലയറ്റ ദുഃഖം

എടുത്തുചാട്ടത്തിന്‍റെ

വിങ്ങലായി.

പിന്നെയും കവിത കനകച്ചിലങ്കകിലുക്കി രസിപ്പിച്ചു

കിലുക്കം കേൾപ്പിക്കാതെ

മറച്ചുവെച്ച്

ഒളിച്ചുവെച്ച്

കൗമാരം ചെയ്ത

വായനക്കുറ്റത്തിന്

ഇവരാണ്

ഉത്തരവാദികൾ

ചിരിച്ചു മറിഞ്ഞ്

കരഞ്ഞു കലങ്ങി

ഭാവം പകർന്ന വായനാകൗമാരത്തെ

മുതിർന്നവർ

ആദർശ രാഷ്‌ട്രത്തിന്

പുറത്താക്കി

കുറ്റമേൽക്കാൻ

ഉത്തരവാദികളെ മാറ്റി മാറ്റി

ഇടയിൽ വിചാരണകേട്ട്

ഇന്നും തുടരുന്നു

വായനക്കുറ്റം

വായനജ്വരത്തിന്‍റെ

വൈറസുകൾ രൂപംമാറി

ജ്വരം തീവ്രമാവുകയാണ്

പ്രതിഷേധങ്ങൾക്കും

പ്രതിരോധിക്കാനാവാതെ.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു