വിൽസൺ മേച്ചേരി ചാലക്കുടി നഗരസഭാ ലൈബ്രറിയിൽ. 
Literature

പുസ്തകങ്ങളെ നെഞ്ചോടു ചേർത്ത് വിത്സൻ മേച്ചേരി

ഷാലി മുരിങ്ങൂർ

ചാലക്കുടി: ജൂണ്‍ 19- കേരളീയര്‍ വായനാ ദിനമായി ആചരിക്കുന്ന ദിവസം. മലയാളികളെ വായനസംസ്‌കാരം പഠിപ്പിച്ച പി.എന്‍. പണിക്കരുടെ ചരമദിനം. വായന മരിക്കുന്നില്ലെന്നതിന് ഒരു ഉദാഹരണമാണ് വിത്സൻ മേച്ചേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ചാലക്കുടി നഗരസഭാ ലൈബ്രറിയിലെ നിത്യ സന്ദർശകനാണ് ഇദ്ദേഹം. നഗരസഭാ ലൈബ്രറിയിൽ കുട്ടികളും യുവാക്കളും പ്രായമായവരുമൊക്കെയായി ധാരാളം പേർ വായിക്കാനായി വന്നിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത് കുറഞ്ഞ് വരുകയാണെന്ന് ഇദ്ദേഹം പറഞ്ഞു.

എംഎ പഠന സമയത്ത് പൊളിറ്റിക്കൽ സയൻസ് പ്രധാന വിഷയമായി എന്നതാണ് വായനയുടെ അഗാധ നീലിമയിലേക്കുള്ള എടുത്തുചാട്ടത്തിന്‌ നിമിത്തമായത്. വായനയുടെ ചക്രവാളം ഒറ്റ പത്രവായനയിൽ ഒതുങ്ങുന്നതല്ലെന്നും ഒന്നിലധികം മലയാള പത്രങ്ങളും ചുരുങ്ങിയത് ഒരു ഇംഗ്ലീഷ് പത്രവും ആനുകാലികങ്ങളുമൊക്കെ വായിച്ച് വേണം ക്ലാസിൽ വരാനെന്നും അധ്യാപകർ നിർദേശിച്ചപ്പോൾ അതിനുള്ള വഴി തേടിയുളള യാത്ര എത്തിപ്പെട്ടത് നഗരസഭാ ലൈബ്രറിയിലാണ്.

1990ലാണ് സഹപാഠിയായിരുന്ന സഞ്ജയ് മൂത്തേടനോടൊപ്പം ലൈബ്രറിയിലേക്ക് ആദ്യമായി പ്രവേശിച്ചത്. പിന്നീട് സുഹൃത്തുക്കളുമൊത്ത് വൈകുന്നേരങ്ങളിൽ ലൈബ്രറിയിൽ സമയം ചെലവഴിക്കുന്നത് ശീലമായി. എല്ലാ ദിവസവും വൈകിട്ട് 7നുള്ള ദൂരദർശൻ വാർത്ത കൂടി കണ്ടതിന് ശേഷമായിരിക്കും പിരിയുക. പിന്നീട് കൂട്ടുകാരൊക്കെ പല വഴിക്ക് പിരിഞ്ഞെങ്കിലും വിത്സൻ തന്‍റെ പതിവ് ഇപ്പോഴും തുടരുന്നു.

മിക്കവാറും ദിവസങ്ങളിൽ രാവിലെ 9നും അല്ലാത്ത ദിവസങ്ങളിൽ വൈകുന്നേരങ്ങളിലുമാണ് പതിവ് സന്ദർശനം. അന്ന് ടെലിവിഷൻ വളരെ വിരളമായിട്ടേ വീടുകളിൽ ഉണ്ടായിരുന്നുള്ളൂ. 1991 മെയ് 21ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് പിന്നീടുള്ള ദിവസങ്ങളിൽ അതുമായ ബന്ധപ്പെട്ട വാർത്തകളും അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുമൊക്കെ റീഡിങ്ങ് റൂമിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിൽ ആകാംക്ഷയോടെ കൂട്ടുകാരുമൊത്ത് കണ്ടതും ചർച്ചകളിൽ ഏർപ്പെട്ടതുമൊക്കെ ഇപ്പോഴും ഒരു നൊമ്പരമായും മനസിൽ മായാത്ത മുദ്രയായി കിടക്കുകയാണെന്ന് വിത്സൻ പറയുന്നു.

അന്ന് തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും മലയാള പത്രങ്ങൾക്ക് പുറമേ ഇംഗ്ലീഷ് പത്രങ്ങളും വായിക്കാനായി വിദ്യാർഥികളും ഉദ്യോഗാർഥികളുമൊക്കെ ധാരാളം വന്നിരുന്നു. എന്നാൽ ഇപ്പോൾ 800ൽപരം അംഗങ്ങളുണ്ടെങ്കിലും ഓൺലൈനിൽ എല്ലാ വിവരങ്ങളും ലഭിക്കുന്നതിനാലും മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം കൊണ്ടുമൊക്കെ വിദ്യാർഥികളും ഉദ്യോഗാർഥികളുമൊക്കെ ലൈബ്രറിയിൽ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. മുമ്പ് ലൈബ്രറിയും റീഡിങ്ങ് റൂമും നിറയെ വായനക്കാരുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ സ്ഥിരമായി വരുന്നവരിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും കുറവാണെന്ന് വിത്സൻ പറയുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി മാധ്യമ രംഗത്തും ചാലക്കുടിയുടെ പൊതു രംഗത്തും സജീവ സാന്നിധ്യമായ വിത്സൻ മേച്ചേരി.

ലൈബ്രറിയുടെ വളർച്ചക്ക് വേണ്ടി കൂടി രൂപം കൊണ്ട നടുമുറ്റം സാംസ്കാരിക വേദിയുടെ ഭരണ സമിതി അംഗമെന്ന നിലയിൽ ലൈബ്രറിയുടെ വളർച്ചയ്ക്കായി നഗരസഭയുടെ സഹകരണം ആവശ്യമായ മേഖലകളിൽ ഉറപ്പാക്കാൻ ശ്രദ്ധിക്കാറുണ്ട്.

സാധാരണയായി ഞായറാഴ്ചകളിൽ ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നതിനാൽ തിങ്കളാഴ്ച ലൈബ്രറി തുറക്കാറില്ല. നഗരസഭ ചെയർമാൻ എബി ജോർജിനോട് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ വർഷം മുതൽ തിങ്കളാഴ്ചകളിലും എല്ലാ ഒഴിവ് ദിവങ്ങളിലും റീഡിങ് റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് നഗരസഭ തയ്യാറായത് വായനക്കാർക്ക് വലിയ ആശ്വാസമായി.

നഗരസഭാ ലൈബ്രറിയിൽ ഇപ്പോൾ 27000ത്തിൽ പരം പുസ്തകങ്ങളും പതിനഞ്ചോളം പത്രങ്ങളും വായനയ്ക്ക് ലഭ്യമാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള കുട്ടികൾ മാതൃഭാഷയായ മലയാളം വായിക്കാൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ വലിയ വേദന തോന്നാറുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും അൽപ്പ സമയം ലൈബ്രറി സന്ദർശിച്ച് വായനയ്ക്ക് സമയം കണ്ടെത്തിയാൽ നല്ല ഉച്ചാരണശുദ്ധി കൈവരിക്കാനാകുമെന്നുമാണ് വിത്സന്‍റെ അഭിപ്രായം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു