ഡോ. സഞ്ജീവൻ അഴീക്കോട്
തിരുവനന്തപുരം: അനന്തപുരിയിലെ ആയില്യ സായാഹ്നം. പകലിന്‍റെ വേവും ചൂടും മാറി. കന്നിമഴ പെയ്തിറങ്ങി. അരങ്ങ് കുളിർത്തു. തനതു താളത്തിന്‍റെ പശ്ചാത്തലത്തിൽ ശിഷ്യരുടെ ആട്ടവും പാട്ടും ഒപ്പം ഉത്സവക്കൊടിയുമുയർന്നു. തനതുനാടക ആചാര്യനും നാട്യശാസ്ത്ര കുലപതിയുമായ പദ്മഭൂഷൺ കാവാലം നാരായണ പണിക്കർക്ക് ശിഷ്യരുടെ കാണിക്ക.
കുരുത്തോലച്ചമയങ്ങളും തോരണാലങ്കാരങ്ങളും... വെള്ളയമ്പലം വിസ്മയ മാക്സ് അനിമേഷൻ കാമ്പസ് അക്ഷരാർത്ഥത്തിൽ കപില വസ്തുവായി. കാവാലം സംസ്കൃതി ഒരുക്കിയ അവനവൻ കടമ്പ പുരസ്കാര സമർപ്പണചടങ്ങ് നാട്യഗുരുവിനുള്ള ശ്രദ്ധാഞ്ജലിയായി....
കൊട്ടാരത്തിൽ നിന്ന് ഭാര്യയേയും മകനെയും മാത്രമല്ല ഭൗതികമായ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് സിദ്ധാർത്ഥ രാജകുമാരൻ പടി ഇറങ്ങുകയാണ്... ജീവിതത്തിന്‍റെ അസ്ഥിരതയറിഞ്ഞ് ബോധി വൃക്ഷച്ചുവട്ടിലേക്ക്... കാവാലം ഗുരുനാഥന്‍റെ വരികളുടെ പശ്ചാത്തലത്തിൽ ശിഷ്യ കൂടിയായ പ്രശസ്ത നർത്തകിയും ഗവേഷകയുമായ മേതിൽ ദേവിക മോഹിനിയാട്ടമായി ആ രംഗം പകർന്നാടി.
കാവാലം സംസ്കൃതിയുടെ മൂന്നാമത് അവനവൻ കടമ്പ പുരസ്കാരം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നു സ്വീകരിച്ച ശേഷമാണ് മേതിൽ ദേവിക അരങ്ങുണർത്തിയത്. ഗുരുനാഥന്‍റെ പേരിലുള്ള പുരസ്കാരലബ്ധിയിലുള്ള അവരുടെ സന്തോഷവും നന്ദിയും ഗുരുഭക്തിയും ഒക്കെ കളിയാടും നാട്യവിരുന്ന്.
സിദ്ധാർത്ഥ രാജകുമാരൻ എല്ലാം ഉപേക്ഷിച്ച് ബോധി വൃക്ഷച്ചുവട്ടിലേക്ക്. ആ ബോധി യാത്ര - തന്‍റെ സ്വതസിദ്ധ ശൈലിയിൽ എഴുതിയ കാവാലം വരികൾക്ക് മേതിൽ ജീവൻ പകർന്നപ്പോൾ വിണ്ണിൽ നിന്ന് മണ്ണരങ്ങിലേക്ക് ഗുരുവിന്‍റെ ആത്മപ്രകാശമെത്തി.
സിദ്ധാർത്ഥൻ ബുദ്ധനായ കഥ ഒമ്പതു വർഷം മുമ്പാണ് മോഹിനിയാട്ടമാക്കണമെന്ന് ഗുരുനാഥനോട് അഭ്യർത്ഥിച്ചതത്രെ. കപില വസ്തുവിലെ കൊട്ടാരത്തിൽ നിന്ന് ആദ്യമായി ജനതയുടെ പ്രശ്നങ്ങളും ദുരിതങ്ങളും കണ്ട സിദ്ധാർത്ഥ രാജകുമാരനുണ്ടായ ഭാവ മാറ്റം. ആ രാത്രിയിലെ രാജകുമാരന്‍റെ മനസ്സ്. എന്തൊക്കെയോ ചെയ്യാനുണ്ടെന്ന ഉൾവിളി ബോധി വൃക്ഷച്ചുവട്ടിലേക്ക് എല്ലാം ത്യജിച്ച് ഇറങ്ങാനുള്ള പശ്ചാത്തലം ഇതുമാത്രം എടുത്ത് ഒരു മോഹിനിയാട്ടം ചെയ്യണം എന്നായിരുന്നു ദേവികയുടെ ആവശ്യം.
അതിനെന്താ തടസം; ആവാമല്ലോ?
ഏതൊക്കെയാ ദേവികയുടെ മനസ്സിലുള്ളത്? വേണ്ടത്?
പറഞ്ഞോളൂ
ഗുരുവിന്‍റെ പ്രചോദനാത്മക മറുപടി.
ദേവിക ഫോണിലായിരുന്നു ഇക്കാര്യം സംസാരിച്ചത്.
സിദ്ധാർത്ഥൻ എല്ലാം ത്യജിച്ച് കൊട്ടാരം വിട്ടിറങ്ങുന്ന ആ കഥാമുഹൂർത്തം
കാവാലം അഞ്ചാറുമിനിട്ടിനുള്ളിൽ ചരണവും പല്ലവിയും അനുപല്ലവിയും ഒക്കെചൊല്ലി. ധ്വന്യാർത്ഥ ഭാവപ്രകാശം പകരും വരികൾ പെട്ടെന്നു വാർന്നൊഴുകുകയായിരുന്നു
കർണാടക സംഗീതജ്ഞൻ ബി.ശശികുമാറിന്‍റെ സഹായത്താൽ നവകം എന്ന താളത്തിൽ അവ ഉടനെ ചിട്ടപ്പെടുത്തുകയും ചെയ്തു... പക്ഷേ, മോഹിനിയാട്ടമായി അരങ്ങത്തു എത്തിയില്ല. നാട്യംസാക്ഷാത്കരിക്കും മുമ്പ് കാവാലം ഗുരുനാഥൻ വിണ്ണിരങ്ങിലേക്ക് യാത്രയായി.
തന്നെ തേടി കാവാലം സംസ്കൃതിയുടെ പുരസ്കാരമെത്തിയപ്പോഴാണ് സിദ്ധാർത്ഥ രാജകുമാരന്‍റെ ബോധി നടനയാത്രയ്ക്ക് നാട്യ മുഹുർത്തം കൈവന്നത്. മേതിൽ ദേവികയുടെ ശിഷ്യനും മോഹിനിയാട്ട പഠിതാവുമായ അജീഷാണ് കാവാലത്തിന്‍റെ വരികൾ ആലപിച്ചത്. ഇടയ്ക്കയും മദ്ദളവുമായി സജിത്തും പപ്പനും അകമ്പടി സേവിച്ചു.
കപിലവസ്തുവിലെ സിദ്ധാർത്ഥ കഥയുടെ മോഹിനിയാട്ട പകർന്നാട്ടത്തെ ഒരു റിഹേഴ്സൽ മാത്രമായി കരുതിയാൽ മതിയെന്നു പറഞ്ഞാണ് ദേവിക അരങ്ങിലെത്തിയത്. നാട്യ വീഡിയോ ആരും പൂർണമായി പകർത്തരുതെന്നും അഭ്യർത്ഥിച്ചു. ഒരു പാട് കാര്യങ്ങൾ അതിലിനിയും ചേർക്കേണ്ടതുണ്ട്. എങ്കിലും സഹൃദയർ മനസ്സിന് നാട്യ പൂർണിമ തന്നെയായിരുന്നു.
വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണ നും കലാധരനും കാവാലം ശ്രീകുമാറുമടക്കമുള്ള കാവാലം ശിഷ്യരടങ്ങുന്ന പണ്ഡിത സദസ്സിനു മുന്നിലാണ് ആ കന്നി നാട്യം പൗർണമി പ്രകാശമായി ഉദിച്ചത്. കാവാലം ഗുരുനാഥന്‍റെ വരികളുടെ ഭാവാർത്ഥ നാട്യപ്രസാദം.
പതിനേഴാം വയസ്സിൽ ആദ്യമായി കാവാലം കളരിയിൽ എത്തിയതും നർത്തകി സിതാര ബാലകൃഷ്ണനൊപ്പം ഗുരുനാഥന്‍റെ ക്ലാസിലിരുന്നതും മേതിൽ ദേവിക അനുസ്മരിച്ചു. സംഗീത നാടക അക്കാദമിയുടെ അഭിമുഖ്യത്തിൽ അന്തർ ദേശീയ മോഹിനിയാട്ട ശില്പ ശാലയിലാണ് കാവാലം കല ആദ്യമായി പഠിച്ചതെന്ന് മേതിൽ ദേവിക ഓർത്തെടുത്തു.
''അന്ന് 15 പേരായിരുന്നു ശില്പശാലയിൽ. നട്ടുച്ച നേരത്താവും ലക്ചറർ ഡെമോൺസ്ട്രേഷൻ. മിക്ക ദിവസങ്ങളിലും ഊണു കഴിഞ്ഞാൽ ക്ലാസ്സിൽ പിന്നെ മയക്കം. നർത്തകി സിതാര ബാലകൃഷ്ണന്‍റെ അരികെയായിരുന്നു ഞാൻ ഇരുന്നത്. ക്ലാസിനിടയിൽ സിത്താരയുടെ ദുപ്പട്ട മറച്ച് ഞാൻ സുഖമായി മയങ്ങും. ഡെമോൺസ്ട്രേഷൻ പുരോഗമിക്കുന്നത് മയക്കത്തിൽ അറിയുന്നുണ്ടാവും. അങ്ങിനെയിരിക്കെ ഒരു ദിവസം ശില്പശാലയിൽ നർത്തകിയുടെ മയക്കം പത്ര ഫോട്ടോഗ്രഫർ ഒപ്പിയെടുത്തു. പിറ്റേന്ന് പത്രദ്വാരാ അത് നാടറിഞ്ഞു. വീട്ടുകാർ വിളിച്ചു. ദേഷ്യപ്പെട്ടു. ചുരുക്കത്തിൽ ആ ചിത്രം ബോധോധയത്തിന് കാരണമായി. പക്ഷേ, എന്നിട്ടും പാതി മയക്കം വിട്ടുമാറിയില്ല. പകൽ സോദോഹാരണ ക്ലാസ്സും വൈകീട്ട് അവതരണവുമായിരുന്നു. ഒരു ദിവസം പെട്ടെന്ന് കാവാലം ഗുരുനാഥന്‍റെ വായ്ത്താരിയും താളവും ശബ്ദവും കേട്ട് ഞെട്ടിയുണർന്നു. അല്ല കാവാലം എന്നെയുണർത്തി. അതോ മോഹിനിയാട്ടം എന്നെ ഉണർത്തിയതോ?'' തന്‍റെ കാവാലം കളരിയനുഭവം പങ്കുവച്ച് മേതിൽ ദേവിക അനുസ്മരിച്ചു.
സോപാന സംഗീതത്തിന്‍റെ കേരളത്തനിമ തിരിച്ചു പിടിക്കാനുള്ള തീവ്ര ഗവേഷണത്തിലായിരുന്നു കാവാലം സാർ. കാവാലത്തിന്‍റെ മോഹിനിയാട്ടം സോപാന സംഗീത വഴിയായിരുന്നു. ആ വഴി എന്‍റെതുമായി.പിന്നെ സിതാര ബാലകൃഷ്ണനൊപ്പം മോഹിനിയാട്ടത്തിന്‍റെ സോപാനവഴിയിലേക്ക് പതിയെ പതിയെ കയറുകയായിരുന്നു. എന്നോട് പലരും ചോദിക്കാറുണ്ട് എന്താണ് മോഹിനിയാട്ടം തെരഞ്ഞെടുക്കാനുള്ള കാരണം. അതിന്‍റെ സൗണ്ടും കേരളീയ താള പദ്ധതിയുമാണ് കാരണം. ആ വഴി തുറന്നിട്ടത് കാവാലം ഗുരുനാഥനാണ്. കേരളീയ താള പദ്ധതിയിലൂടെമോഹിനിയാട്ട ത്തിന്‍റെ സാധ്യത അതിവിശാലമാണ്.
മോഹിനിയാട്ട മേക്കപ്പും വേഷപ്പകർച്ചയുമില്ലാതെ സ്വാഭാവികമായി ആ നാട്യം അനന്തപുരിയിൽ ദേവിക സമർപ്പിച്ചപ്പോൾ നീണ്ട കരഘോഷം.
ദേവികയുടെ മോഹിനിയാട്ടത്തിനു പിന്നാലെ ശിവഗംഗാ തത്ത്വം പകർന്നാടി കാവാലം മോഹിനിയാട്ടസേവയുമായി സിതാര ബാലകൃഷ്ണനുമെത്തി. പ്രൗഢം ധ്വനി സാന്ദ്രം. കാവാലം മോഹിനിയാട്ട ഗവേഷണത്തിൽ നിർണായക പങ്കു വഹിച്ച വിഖ്യാതനർത്തകി ഡോ. കനക് റെലെയുടെ ശിഷ്യകൂടിയായ സിതാരയുടെ സർഗചേതനയുടെ പകർന്നാട്ടം നാട്യ തത്ത്വമായി.
ചുരുക്കത്തിൽ ദേവികയും സിതാരയും മോഹിനിയാട്ട സേവയിലൂടെ കാവാലം സംസ്കൃതിപ്പെരുമ ഒരിക്കൽ കൂടി അനന്തപുരിയെ ഓർമ്മിപ്പിക്കുകയായിരുന്നു.
കാവാലം സംസ്കൃതി ചെയർമാൻ എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേതിൽ ദേവികയ്ക്ക് അവനവൻ കടമ്പ പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. കാവാലം നാടകങ്ങളുടെ ജീവനാഡിയും ആദ്യകാല ശിഷ്യനും പ്രശസ്ത കലാകാരനുമായ കലാധരനെയും
യോഗം ആദരിച്ചു. സുശീല നെടുമുടി വേണു, കാവാലം ശ്രീകുമാർ, പ്രദീപ് പനങ്ങാട്, കാവാലം സംസ്കൃതി സാരഥികളായ കാവാലം സജീവ്, സജി കമല പ്രസംഗിച്ചു.
താളപ്പെരുക്കത്തിൽകൊടിക്കൂറയേറ്റി കാവാലം പാട്ടുകളിലൂടെ ആരംഭിച്ച ചടങ്ങ് പാട്ടരങ്ങിന്നൊടുവിൽ കൊടിയിറക്കി ദേശീയ ഗാനം ആലപിച്ചാണ് സമാപിച്ചത്. പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറും കാവാലം സജീവും പാട്ടരങ്ങിന് നേതൃത്വം നല്കി. കാവാലം സ്കൂൾ ഓഫ് മ്യൂസിക് വിദ്യാർത്ഥികളും സോപാനം കലാകാരന്മാരും ശിഷ്യരും ചടങ്ങിൽ സംബന്ധിച്ചു.