Literature

പൊന്ന്യം ചന്ദ്രന്‍റെ നിറങ്ങൾ പ്രതിഷേധിക്കുമ്പോൾ

പൊന്ന്യത്തിന്‍റെ നിറങ്ങൾക്ക് രാഷ്‌ട്രീയമുണ്ട്. അത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അലറി വിളിക്കുന്നു.

എം.കെ. ഹരികുമാർ

ഒരു സാമൂഹികജീവി എന്ന നിലയിൽ പ്രതികരിച്ചും വരച്ചും ചിന്തിച്ചും ഇടപെട്ടുമാണ് പൊന്ന്യം ചന്ദ്രൻ എന്ന ചിത്രകാരൻ ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ എത്രയോ ചിത്രപ്രദർശനങ്ങൾ ഞാൻ കണ്ടു. ഞാൻ ആദ്യമായി ആ ചിത്രങ്ങൾ കാണുന്നത് എറണാകുളത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ ഗാലറിയിലായിരുന്നു, രണ്ടായിരാമാണ്ടിന്‍റെ തുടക്കത്തിൽ. അന്ന് തന്‍റെ ചിത്രങ്ങളുടെ മൗനഭാഷയെക്കുറിച്ചും അതിൽ താൻ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്ന രൗദ്രഭാവങ്ങളുടെ വൈചിത്ര്യത്തെക്കുറിച്ചും പൊന്ന്യം സംസാരിച്ചത് ഓർക്കുകയാണ്.

ബ്രഷ് കൈയിലെടുക്കുമ്പോൾ ഒരു സൗന്ദര്യപക്ഷപാതി എന്ന നിലയ്ക്കൊപ്പം ഈ ലോകത്തിന്‍റെ, രാജ്യത്തിന്‍റെ പ്രശ്നങ്ങളോട് പ്രതികരിക്കാനും പൊന്ന്യം തയ്യാറാവുന്നു. വലിയ ചിത്രകാരന്മാർ അങ്ങനെ ചെയ്തിട്ടുണ്ട്. പിക്കാസോയുടെ 'ഗ്വർണിക്ക' സ്പാനീഷ് യുദ്ധത്തിനോടുള്ള പ്രതികരണമായിരുന്നല്ലോ. പെയിന്‍റിംഗ് ഒരു പ്രചരണമോ സന്ദേശമോ ആഹ്വാനമോ അല്ല. എന്നാൽ, അതിന് കാലത്തെ ആവാഹിക്കാനാവും. മനുഷ്യന്‍റെ ഉത്തരവാദിത്വവും ജീവിത ലക്ഷ്യവും ആ പ്രതികരണങ്ങളിലുണ്ട്. ലോകം ഉതിർക്കുന്ന ചിന്തകളെ വേർതിരിച്ചെടുത്ത് അർത്ഥവത്തായി സന്നിവേശിപ്പിക്കാൻ ചിത്രകാരന് കഴിയും.

പൊന്ന്യം ചന്ദ്രൻ

കഴിഞ്ഞ ദിവസം പൊന്ന്യത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ചിത്രപ്രദർശനം കതിരൂർ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. അവിടെ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ കലാപരമായ മേന്മകൊണ്ട്, ഉച്ചത്തിൽ വിളിച്ചു പറയുന്ന രാഷ്‌ട്രീയമായ ഉള്ളടക്കം കൊണ്ട് അത് ധാരാളം പേരുടെ ശ്രദ്ധയാകർഷിച്ചു. ഫാസിസത്തിനെതിരെ എന്ന് പേരിട്ട ഈ ചിത്രപ്രദർശനം ചോദ്യം ചെയ്യുന്നത് ഏകാധിപത്യ പ്രവണതകളെയാണ്. ജനാധിപത്യപരമായി അധികാരത്തിൽ വരുന്ന ചിലർ ക്രമേണ അത് സർവ്വാധികാരവും ഗർവ്വുമായി രൂപാന്തരപ്പെടുത്തുന്നു.

ജനാധിപത്യം ഇന്ന് പ്രതിസന്ധിയിലാണ്.ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലെത്തുന്നവർ തന്നെ ജനാധിപത്യത്തിനെതിരെ നിലപാടെടുക്കുന്നു. ജനങ്ങൾ ആരോട് പരാതി പറയും? ''അധികാരം നിലനിർത്താൻ ഫാസിസ്റ്റ് ശക്തികൾ സ്വരൂപിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുകളും മതതീവ്രസംഘടനകൾ രാഷ്‌ട്രീയാധികാരം കൈയാളാനായി ലോകമെങ്ങും നടത്തുന്ന മനുഷ്യത്വവിരുദ്ധ നിലപാടുകളും തന്‍റെ ചിത്രരചനയ്ക്ക് പ്രേരകമായിട്ടുണ്ട്'' എന്നു പൊന്ന്യം പറയുന്നത് ശ്രദ്ധിക്കണം. താനൊരു പ്രതിബദ്ധ ചിത്രകാരനാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയാണ്. പൊന്ന്യത്തിന്‍റെ നിറങ്ങൾക്ക് രാഷ്‌ട്രീയമുണ്ട്. അത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അലറി വിളിക്കുന്നു. നിറങ്ങൾ സൗമ്യവും തനതുമായ ഭാവം വിട്ട് കുറേക്കൂടി രൂക്ഷമായ പ്രതികരണങ്ങളിൽ ഏർപ്പെടുകയാണെന്നു തോന്നും, ഈ ചിത്രങ്ങൾ കണ്ടാൽ.

പത്തു പാനലുകളുള്ള ഈ ചിത്രം ഒരു കലാകാരന്‍റെ പ്രക്ഷുബ്ധമായ മനസ്സിനെയാണ് വരച്ചിടുന്നത്. ചരിത്രത്തെ ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള ഇടിവെട്ടായി സ്വീകരിക്കാനാണ് പൊന്ന്യത്തിന്‍റെ ശ്രമം. അതുകൊണ്ട് തന്നെ പെട്ടെന്ന് സുഖിപ്പിക്കുന്ന രൂപങ്ങൾ ഇതിലില്ല.ഒരു ഇറച്ചിക്കടയിലേക്ക് നോക്കുന്ന ഭയം ഇതിൽ ചിലയിടങ്ങളിൽ കൺമിഴിക്കുന്നുണ്ട്.എല്ലാം തച്ചുതകർക്കുന്ന ഫാസിസ്റ്റ് അധികാര ദാഹത്തിന്‍റെ കൈകൾ ചോരകൊണ്ട് ഭിത്തിയിൽ പതിപ്പിക്കുന്നത് എന്താണെന്ന് വരച്ചിടാൻ ശ്രമിക്കുകയാണ്.

ഇന്നത്തെ കാലത്ത് ഒരു കലാകാരന്, ജനാധിപത്യം എല്ലാ സൗഭാഗ്യങ്ങളും കൊണ്ടുവരുമെന്ന് കരുതി വെറുതെ വോട്ട് ചെയ്തുകൊണ്ട് പതുങ്ങിയിരിക്കാനാവില്ല .അവൻ തന്‍റെ മനസ്സാക്ഷിയോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും.വ്യക്തിപരമായ ദുഃഖങ്ങളിൽ കഴുത്തറ്റം മുങ്ങിക്കിടക്കാൻ അവൻ ഇഷ്ടപ്പെടുകയില്ല. അവന് സാമൂഹികമായ ജീവിതത്തെക്കുറിച്ച് രാവും പകലും ചിന്തിക്കേണ്ടിവരും. തനിക്ക് കിട്ടുന്ന പ്രത്യേക പരിഗണനയും സുരക്ഷയും മറ്റുള്ളവർക്കും കിട്ടുന്നുണ്ടോ എന്ന് അവൻ ചിന്തിക്കും.

ലോകജീവിതമാണ് അവന്‍റെ ഫ്രെയിം. അതിനുള്ളിൽ അവൻ ആലേഖനം ചെയ്യുന്നത് മനുഷ്യനെന്ന ജീവിയുടെ മുന്നിലുള്ള യാത്രയും അതിന്‍റെ പ്രതിബന്ധങ്ങളുമാണ്.ഇത് കലാകാരൻ ജീവിക്കുന്നു എന്നതിന്‍റെ തെളിവുകൂടിയാണ്. ഈ രാഷ്‌ട്രീയവിവക്ഷകളെ അവന് അവഗണിക്കാനാവില്ല. പൊന്ന്യം ചന്ദ്രൻ ഈ ഗണത്തിൽപ്പെട്ട ഒരു ചിത്രകാരനാണ് .ഒരുപക്ഷേ, മലയാള ചിത്രകാരന്മാരിൽ അനീതിക്കും ഏകാധിപത്യത്തിനും അമിതമായ ദുരയ്ക്കും തിന്മയ്ക്കുമെതിരെ പോരാടുന്നവരിൽ പ്രധാനിയാണ് പൊന്ന്യം ചന്ദ്രൻ.അദ്ദേഹം തന്‍റെ സ്വന്തം നിറങ്ങൾ വികസിപ്പിച്ചിരിക്കുന്നു. ആ നിറങ്ങൾ പ്രകൃതിയിലുള്ളതല്ല .അത് ജനങ്ങളുടെ മനസ്സിനുള്ളിലെ ഭീതിയെ തുറന്നു വിട്ടിരിക്കുകയാണ് .അതേസമയം അത് സ്നിഗ്ദ്ധമായ ഒരു മനുഷ്യാവസ്ഥയെ നമ്മളിലേക്ക് അടുപ്പിച്ചു നിർത്തുകയാണ്. മൃഗമാംസത്തിന്‍റെ നിറം എങ്ങനെയാണ് പൊന്ന്യം സ്വീകരിച്ചത്. ? ഈ ചിത്രങ്ങൾ കണ്ടപ്പോൾ എന്‍റെ മനസ്സിലൂടെ പാഞ്ഞുപോയ ഒരു കത്തിമുനയാണത്. ഉള്ളിൽ നീറ്റലുണ്ടാക്കുന്ന നിറം . അത് മാംസത്തിന്‍റെ ചുവപ്പാണ്; അതിനൊപ്പം കറുത്ത നിറവും ചേരുകയാണ്. വെട്ടിപ്പിളർന്നു വെച്ചിരിക്കുന്ന ഒരു മൃഗത്തിന്‍റെ ശരീരത്തിനുള്ളിലേക്ക് നിരാശ്രയനായ പൗരൻ നോക്കുകയാണ്, ഭയത്തോടെ . എവിടെയാണ് നമ്മെ വിമോചിപ്പിക്കുന്ന ജനാധിപത്യ സംരക്ഷകൻ എന്ന അന്വേഷണമാണ് അത് തുടങ്ങിവയ്ക്കുന്നത്.

"നിങ്ങളിൽ ഒരു മുറിവില്ലെങ്കിൽ ജീവിച്ചിരിക്കുന്നു എന്ന് എങ്ങനെയാണ് നിങ്ങൾക്കു ഉറപ്പിക്കാനാവുക " എന്ന് എഡ്വേർഡ് ആൽബിയുടെ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്. നമ്മളിലെ മുറിവുകളാണ് നമ്മെ ജീവിപ്പിക്കുന്നത്.ആ മുറിവുകൾ നമ്മെ ഉണർത്തുകയാണ്. ഈ ലോകത്ത് എല്ലാവർക്കും സാഹോദര്യത്തോടെ,സ്നേഹത്തോടെ കഴിയാമെന്നിരിക്കെ അത് നശിപ്പിക്കാനാണ് ചിലരുടെ ശ്രമം.ഹമാസിന്‍റെ ആക്രമണത്തിന്‍റെ പേര് പറഞ്ഞ് പാവപ്പെട്ട കുട്ടികളെയും സ്ത്രീകളെയും വൃദ്ധജനങ്ങളെയും ആശുപത്രിയിൽ കയറി വെടിവെച്ചു കൊല്ലുന്ന നടപടി എങ്ങനെ ന്യായീകരിക്കും? ഹമാസിനെ തിരിഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുകയാണെങ്കിൽ അതിൽ ഒരു യുദ്ധവീര്യമുണ്ട് .ഇങ്ങനെ ശാന്തമായി ഒഴുകുന്ന എല്ലാ നദികളെയും അധികാരഗർവ്വുള്ളവർ ചോരകൊണ്ട് കലക്കി കളയുന്നു. അവർ അശാന്തിയിൽ നിന്ന് സുഖം കണ്ടെത്തുകയാണ്.

പൊന്ന്യത്തിന്‍റെ മനസ്സിൽ വർഷങ്ങളായി അടിഞ്ഞു കിടക്കുന്ന ബോധ്യമാണിവിടെ കലാമൂല്യമുള്ള ചിത്രമായി പരിണമിക്കുന്നത്. അദ്ദേഹം എന്നും ചവിട്ടിമെതിക്കപ്പെടുന്നവരുടെയും നിരാലംബരുടെയും ശബ്ദമായിരുന്നു. ജീവിച്ചിരിക്കുന്നതിന്‍റെ അർത്ഥം മനസ്സിലാക്കിയ കലാകാരനാണ് അദ്ദേഹം. നിറങ്ങളിലും രൂപങ്ങളിലും അനിർവചനീയമായ കാരുണ്യമാണ് അദ്ദേഹം ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ഭയത്തിന്‍റെ സുകുമാരകല ഒരിടത്ത് വികസിക്കുമ്പോൾ അതിനു മറുവശത്ത് ദയയാണ് ;നിസ്സീമമായ ദയ .ജീവിതം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.തെറ്റുകൾ തിരുത്തപ്പെടണം .കൂട്ടായ പരിശ്രമത്തിലൂടെ മുന്നേറണം. അവിടെ വ്യക്തിയുടെ പരിമിതി ഒരു പ്രശ്നമല്ല. അത് സമൂഹത്തിന്‍റെ ശരീരത്തിലെ അനേകം കൈകളിൽ ഒന്നാണ്. അങ്ങനെ ആ കൈകൾക്ക് വലിയ ശക്തി കിട്ടുന്നു.

ഏകാധിപത്യത്തോടും ഫാസിസത്തോടും ചേർന്ന് നിൽക്കുന്ന ഒരു ചിത്രകാരന് ഇന്ന് പ്രസക്തിയില്ല. അവനെ യഥാർത്ഥ കലാകാരന്മാർ അംഗീകരിക്കുകയില്ല. മഹാനായ സറിയലിസ്റ്റ് ചിത്രകാരൻ സാൽവദോർ ദാലിക്ക് അതാണ് സംഭവിച്ചത്. ദാലി Persistence of Memory,The Enigma of Hitler,The Elephants,The Burning Giraffe തുടങ്ങിയ ചിത്രങ്ങളിലൂടെ താൻ ഒരു അരാജകവാദിയാണെന്ന് തെളിയിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്‍റെ പ്രവൃത്തികളിൽ നിറയെ വൈര്യദ്ധ്യമായിരുന്നു.ഹിറ്റ്ലറുടെ ആരാധകനായിരുന്ന ദാലി സ്പാനീഷ് ഏകാധിപതി ഫ്രാൻസിസ്കോ ഫ്രാങ്കോയുമായി നല്ല അടുപ്പത്തിലായിരുന്നു. ഫ്രാങ്കോയുടെ കൂട്ടക്കൊലകളെ ദാലി എതിർത്തില്ല;പകരം അയാളുടെ പ്രീതി നേടാനാണ് ശ്രമിച്ചത്.ദാലിയെ വൃത്തികെട്ട മനുഷ്യൻ (disgusting human being) എന്ന് വിളിച്ചത് മഹാനായ നോവലിസ്റ്റ് ജോർജ് ഓർവെല്ലാണ്. ഓർവെൽ ഒരു ലേഖനം തന്നെയെഴുതി.പണത്തിനും പ്രതാപത്തിനും വേണ്ടി അലഞ്ഞവനാണ് ദാലിയെന്ന് ഓർവെൽ അതിൽ കുറ്റപ്പെടുത്തുന്നുണ്ട്. ദാലിയുടെ ഹിറ്റ്ലർ പ്രേമവും ഫാസിസ്റ്റ് ചായ്‌വും ചൂണ്ടിക്കാട്ടി സറിയലിസ്റ്റ് സൈദ്ധാന്തികനായ ആന്ദ്രേ ബ്രട്ടൻ സറിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. ഒരു കലാകാരന് ചേരുന്ന പ്രവൃത്തിയായിരുന്നില്ല ദാലിയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ വ്യക്തിപരമായ ലഹരികളിൽ മുഴുകുകയും ഏകാധിപതികളെ വാഴ്ത്തുകയും ചെയ്ത ദാലി അത് മറയ്ക്കാൻ സറിയലിസ്റ്റ് ശൈലി ഉപയോഗപ്പെടുത്തി. അതേസമയം ചെക്ക് ചിത്രകാരന്മാരായ അഡോൾഫ് ഹോഫ്മീസ്റ്റർ (Adolf Hoffmeister) ആന്‍റോണിൻ പെൽക് എന്നിവർ ഹിറ്റ്ലറെയും മുസ്സോളിനിയെയും ഫാസിസ്റ്റ് വാഴ്ചയുടെ പേരിൽ കളിയാക്കി ചിത്രങ്ങൾ വരച്ചു.ഇത് പരക്കെ സ്വീകരിക്കപ്പെട്ടു.

പൊന്ന്യം ചന്ദ്രൻ അവിടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.അദ്ദേഹം ആഗോള ചിത്രകലയുടെ പാരമ്പര്യത്തിന്‍റെ സർഗാത്മകമായ, പ്രക്ഷോഭാത്മകമായ സരണിയോട് ചേർന്ന് നിന്ന് മാനവരാശിക്ക് വേണ്ടി ബ്രഷ് ചലിപ്പിക്കുകയാണ്. പൊന്ന്യം ഒരിക്കലും മൗനമായിരുന്നിട്ടില്ല. നേരിനു വേണ്ടി തന്‍റെ ശബ്ദം പരമാവധി ഉച്ചത്തിൽ കേൾപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തിൽ പൊന്ന്യത്തിനു ധാരാളം കാണികളുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരനായിരിക്കുന്നതുകൊണ്ട് പൊന്ന്യത്തിന് ലോകത്തിന്‍റെ നീതികേടുകൾ പെട്ടെന്ന് മനസ്സിലാകുന്നുണ്ടായിരിക്കാം. ഏറ്റവും അടിയിലേക്ക് താഴ്ത്തപ്പെടുന്നവന്‍റെ വേദന അദ്ദേഹത്തിന് സംവേദനക്ഷമമാണ്. ഗാന്ധിജിയെ വെടിവെച്ചുകൊന്നത് അദ്ദേഹത്തിന്‍റെ മനസ്സിൽ ഇപ്പോഴും നൊമ്പരത്തിന്‍റെ കനലായി അവശേഷിക്കുകയാണ്.

1939-1945 രണ്ടാം ലോക മഹായുദ്ധകാലഘട്ടത്തിൽ ഫ്രാൻസിൽ വിദ്യാർഥിയായിരുന്ന മാഹിക്കാരൻ മിച്ചിലോട്ട് മാധവനെ ചിത്രത്തിൽ ഒരു സംസാരിക്കുന്ന ബിംബമാക്കി ഉൾപ്പെടുത്തിയത് പൊന്ന്യത്തിന്‍റെ കൂറ് വ്യക്തമാക്കുന്നതാണ്. മാധവനെ നാസികൾ കൊലപ്പെടുത്തുകയാണ് ചെയ്തത്. മാധവൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഗാന്ധിവധം പൊട്ടിയ കണ്ണടയിലൂടെയും 'ഹേ റാം' എന്ന പ്രാർത്ഥനയിലൂടെയും പൊന്ന്യം ചിത്രീകരിക്കുകയാണ്. പൊന്ന്യത്തിന്‍റെ നിറങ്ങൾ ഒരു യൂണിവേഴ്സാണ്. ആ യൂണിവേഴ്സിൽ ഗാന്ധിജിയുടെ കണ്ണട ഒരു ചിത്രകലയുടെ ഭാഷയാണ്‌.

നാല്പതടി നീളവും ആറടി വീതിയുമുള്ള ഈ കൂറ്റൻ പാനൽ കേരളത്തിന്‍റെ പശ്ചാത്തലത്തിൽ നൂതനമാണ്. ഇന്ത്യയിൽ ഇതുപോലെ ധീരവും ആധികാരികവും ആധുനികവുമായ ഒരു പ്രദർശനമുണ്ടായിട്ടില്ല എന്ന് തിരിച്ചറിയണം. ക്രുദ്ധരായ അധികാരിവർഗ്ഗത്തോട് അരുതേ എന്ന് പറയുന്ന വർണക്കൂട്ടാണ് പൊന്ന്യം ചന്ദ്രന്‍റെ ഫാസിസത്തിനെതിരെ എന്ന ചിത്രപ്രദർശനം. അത് കാണികളുടെ മനസ്സിൽ കെട്ടിക്കിടക്കുന്ന ഭയവും ഭഗ്നബിംബങ്ങളും പുറത്തുകൊണ്ടുവരുകയാണ്.അന്‍റോണിയോ ഗ്രാംഷിയുടെ ഒരു പ്രസ്താവന ഓർക്കുകയാണ്:"പഴയത് മരിക്കുകയാണ്,എന്നാൽ പുതിയതിനു ജനിക്കാനാവുന്നുമില്ല .ഇതാണ് ഇന്നത്തെ പ്രതിസന്ധിയുടെ കാതൽ.' ഈ പ്രശ്നത്തെ ആഴത്തിൽ ഉൾക്കൊള്ളുന്ന ചിത്രങ്ങളാണ് പൊന്ന്യം ചന്ദ്രന്‍റേത്.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം