ഡോ. സഞ്ജീവൻ അഴീക്കോട്
എഴുപത്തിയേഴു വർഷങ്ങൾക്ക് മുമ്പ് ദേശീയപതാകയെ വന്ദിക്കാൻ ബ്രിട്ടീഷ് മലബാറിൽ, കോലത്തുനാട്ടിൽ സ്വന്തമായൊരു പാട്ടുണ്ടായിരുന്നു. ആളുന്തിരാഗമെന്നു വിളിപ്പേരുള്ള കൃഷ്ണഗാഥാ വൃത്തമായ മഞ്ജരിയിൽ എഴുതപ്പെട്ടൊരു പാട്ട്. ആ പാട്ട് ആദ്യമായി പാടിയത് ഭാരതത്തിന്‍റെ സ്വാതന്ത്ര്യദിനപ്പുലരിയിൽ തളിപ്പറമ്പിലെ കൂവേരിഫർക്കയിലായിരുന്നു. ഉത്തരകേരളീയരിൽ പലരുമിപ്പോൾ ആ പതാകാ ഗാഥ തന്നെ മറന്നുപോയി. എന്നാൽ ആ പാട്ടിന്‍റെ വരികളുമായി അങ്ങ് അമേരിക്കയിലെ കാലിഫോർണിയയിൽ ഒരമ്മയിരിപ്പുണ്ട്... ചെറുകുന്ന് തെക്കുമ്പാട് വീട്ടിൽ നാരായണിയമ്മയുടെ പേര മകൾ എഴുപതു പിന്നിട്ട നാണിക്കുട്ടിയമ്മ.
ആ ഗാഥ ഒരു കൊച്ചുപാട്ടു പുസ്തകമായി പിന്നെ കണ്ണൂരിൽ നിന്നും 77 വർഷം മുമ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പാട്ടു പുസ്തകത്തിലെ രണ്ടു പേജ് അമേരിക്കൻ യാത്രയ്ക്കിടെ നാണിക്കുട്ടിയമ്മയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. ആ അമ്മ പഴയകോലത്തുനാട്ടുകാരോട് ചോദിക്കുകയാണ്; "കോൺഗ്രസ്സുകാരെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ ഉത്തര കേരള മണ്ണിന്‍റെ സ്വന്തമായ ആ പച്ചപ്പാട്ട്. ?"
വന്ദേഹം, മാതരം"
'ദൈവാധിലാഭജന്യം'
കലിത്തീയ്യതി
കൈവന്നതിക്കൊടി രാജ്യഭാരം
എന്നതു മൂലം നാമെല്ലാരുമൊന്നിച്ചു
വന്ദിച്ചു കൊള്ളേണമിപ്പതാകാം
വന്ദേഹം മാതരം, വന്ദേ പരാംബികാം
വന്ദേഹമത്ഭുതസാര
ഗർഭാം
വന്ദേഹം ഗാന്ധിജി സൽഗുരു നിർമ്മിതാം
വന്ദേഹം ഭാരത സല്പതാകാം
വന്ദേഹമിന്ത്യാഭരണവിഭൂഷിതാം
വന്ദേഹം സർവാർത്ഥ സിദ്ധിപ്രദാം
വന്ദേഹം ദാരിദ്ര്യദുഃഖവിനാശിനീം
വന്ദേഹം മംഗളസന്ദായിനീം"-
എന്നുമംഗളം പാടി അവസാനിപ്പിക്കും വിധത്തിലാണ് ആ ത്രിവർണ്ണപതാകാവന്ദനം എന്ന പച്ചപ്പാട്ട് എഴുതിയിട്ടുള്ളത്..
സ്വാതന്ത്ര്യത്തിന്‍റെ 78 -ാം വാർഷികം ആഘോഷിക്കാൻ നാടൊരുങ്ങുമ്പോൾ അമേരിക്കയിലിരുന്ന് ആ അമ്മ മനസ്സ് നഷ്ടപ്പെട്ടപാട്ടുവരികൾ ഓർത്തെടുക്കാനുള്ള ശ്രമത്തിലാണ്.. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ. തളിപ്പറമ്പ് കൂവേരി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1947 ഓഗസ്റ്റ് 15 വെള്ളിയാഴ്ചയാണ് ആദ്യമായി ആ വന്ദനഗാഥ പാടിയത്. പിന്നീടത് ഉത്തര കേരളത്തിലെങ്ങും പ്രചാരമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളിലും മഹാത്മാ ജി- നെഹറു ജി ജയന്തികളിലും മറ്റു വിശേഷ ദിനങ്ങളിലും ഏറെക്കാലം ആലപിക്കപ്പെട്ടു.
പാട്ടെഴുതിയ കവി ചെറുകുന്ന് സ്വദേശി
കൂവേരി അംശം റിട്ടയേർഡ് മേനവനും സംസ്കൃത പണ്ഡിതനും യോഗ ശാസ്ത്ര ഗുരുവും കവിയുമായിരുന്ന, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിനടുത്ത പുരാതന തവാടായ മാങ്കീൽ കിഴക്കേവീട്ടിൽ എം.കെ കൃഷ്ണൻ നായരാണ് ത്രിവർണ പതാകാ വന്ദനം എന്ന തലക്കെട്ടിൽ ആ പാട്ട് എഴുതിയത്.
പച്ചപ്പാട്ട്
കാവ്യത്തെ പച്ചപ്പാട്ടെന്നാണ് കവി വിശേഷിപ്പിക്കുന്നത്. തെളിമലയാളത്തിൽ , ജനപ്രിയഗാഥാ വൃത്തത്തിൽ, മഞ്ജരിയിൽ രചിച്ചതുകൊണ്ടാവാം പച്ചപ്പാട്ട് എന്നു വിശേഷിപ്പിക്കാൻ കാരണം. '
"താൻ തീർത്ത പച്ചപ്പാട്ട് ഷൾഗുണയുക്തനായ ഗാന്ധിമഹാത്മജിക്കു സൽഗുരു പോലെ സമർപ്പിക്കുന്നേൻ" - എന്ന് ആമുഖത്തിൽ കവി പറയുന്നുണ്ട്.
ത്രിവർണ്ണപതാകയുടെ മാഹാത്മ്യം വിളിച്ചോതുന്ന ഈ പാട്ട് കൊച്ചു കിടാങ്ങൾക്ക് പാഠപുസ്തകമാകണം. അതിനു വേണ്ടി കാവ്യം ഭംഗിയായി അച്ചടിക്കാൻ കൈയ്യിൽ വേണ്ടത്ര പണമില്ല. ഉള്ള കാശുകൊണ്ട്
കവി ആ കൃതി സ്വാതന്ത്ര്യം കിട്ടി നാലുമാസത്തിനു ശേഷം അച്ചടിച്ചുപ്രസിദ്ധീകരിക്കുകയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലെ സ്റ്റാർ പ്രസ്സിൽ നിന്ന് 1947 ഡിസംബർ മൂന്നിനാണ് ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. വെറും മുന്നൂറു കോപ്പികൾ മാത്രം.. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കമ്മിറ്റികൾ വഴി പിന്നീട് പല പതിപ്പുകളും ഒരു പക്ഷേ, ഉണ്ടായിട്ടുണ്ടാകാം. പതാകപ്പാട്ടിന്‍റെ അവസാന പാദങ്ങളിൽ
"ഥോം തദ്ധിന്തക" എന്ന താളം ചേർത്ത് ആൺകുട്ടികൾക്ക് കോൽക്കളിക്കു ചിന്തുപാട്ടായും പെൺകുട്ടികൾക്ക് കുമ്മിയടി പാട്ടായും സ്ത്രീകൾക്ക് കൃഷ്ണഗാഥാ രീതിയിൽ പാടി രസിക്കാനും ഉപയോഗിക്കാനും കൂടിയാണ് " ഇത്തരമൊരു പാട്ട് ജനപ്രിയമായ ഈണത്തിൽ രചിച്ചതെന്നു കവി എടുത്തു പറഞ്ഞിട്ടുമുണ്ട്. ചുരുക്കത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ വടക്കൻ കേരളത്തിലെങ്ങും ഈ പാട്ട് പ്രചരിച്ചിരുന്നു.
കവിയുടെനിറസങ്കല്പം
മഹാത്മജിയും സ്വാതന്ത്ര്യ സമര സേനാനികളും ദേശീയപതാക രൂപകല്പന ചെയ്ത പിംഗളി വെങ്കയ്യ അടക്കമുള്ളവരും ചേർന്ന് വർണങ്ങൾക്കു കല്പിച്ച ആശയങ്ങൾക്കു പുറമെ യോഗശാസ്ത്ര പ്രകാരമുണ്ടായ ഉൾക്കാഴ്ചയിൽ കവിക്കുണ്ടായ നിറബോധ്യത്തിന്‍റെ ഒരു വ്യാഖ്യാനം കൂടി നടത്താൻ ശ്രമിച്ചിട്ടുണ്ട്. മഹത്തായ ആശയങ്ങളുടെ നിറമുദ്രയാണ് മൂവർണക്കൊടി. സത്വ,രജ,തമോ
ഗുണങ്ങളെയാണ് ആ മൂന്നുവർണങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. ചുവപ്പും വെളുപ്പും കറുപ്പും ചേർത്തു ചമച്ച മൂവർണക്കൊടിയിലെ പച്ചനിറത്തിനുള്ളിൽ കറുപ്പും ഉൾച്ചേർന്നിരിക്കുന്നുണ്ട്. മഞ്ഞയും കറുപ്പും ചേർത്താൽ പച്ചവർണ്ണമായല്ലോ. കവി തന്‍റെ അറിവുറയും നിറബോധം അങ്ങനെ അരക്കിട്ടുറപ്പിക്കുകയാണ്. സത്വ,രജോ ,തമോ എന്നീ മുഗ്ഗുണവർണങ്ങൾ ഒന്നുചേർന്നാൽ ഓംകാരമായ പ്രണവമന്ത്രമായെന്നും കവി വ്യാഖ്യാനിക്കുന്നു. മാത്രമല്ല ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരെ മുദ്രണംചെയ്യുന്നതാണീ വർണത്രയം. യോഗശാസ്ത്രവീക്ഷണത്തിലും കവി മൂവർണത്തെ നോക്കിക്കാണുന്നുണ്ട്. മനുഷ്യ ശരീരത്തിലെ ശ്രേഷ്ഠനാഡിയായ സുഷ്മ്നയെ
ഭാരതപതാകയിൽ കവി ആവാഹിച്ചു കുടിയിരുത്തുകയാണ്. ഇതുവഴി പതഞ്ജലി മഹർഷിയുടെ യോഗശാസ്ത്രം പഠിച്ച നല്ലൊരു യോഗവിദ്യാനിപുണൻ കൂടിയാണ് കവിയെന്ന് വ്യക്തമാകുന്നു.
ദൈവാധിലാഭജന്യം; കലിദിന സംഖ്യ
1947 ഓഗസ്റ്റ് 15 ലെ കലിദിനസംഖ്യ കൂടി പാട്ടിൽ അടയാളപ്പെടുത്തിയതും ശ്രദ്ധേയം . അന്ന് കലിദിനസംഖ്യ പ്രകാരം - 1843948 - ആണ്. ഈ സംഖ്യ അടയാളപ്പെടുത്തുന്ന വാക്കാണ് 'ദൈവാധിലാഭജന്യം'. കവി ഓർമ്മിക്കുന്നു, ദൈവാധി ലാഭജന്യമാണ് ഭാരത സ്വാതന്ത്ര്യം. ആയതിനാൽ എല്ലാവരും ഒന്നിച്ചു പതാക വന്ദനംനടത്തേണ്ടതാണ്. പാരതന്ത്ര്യത്തിലകപ്പെട്ട ഭാരതീയരെ വീണ്ടെടുപ്പാനാണ് ധീരനും യോഗിവര്യനുമായ ഗാന്ധിജി മഹാശയങ്ങൾ ഉൾക്കൊള്ളിച്ച ഈ മൂവർണക്കൊടി ദേശപതാകയാക്കിയതെന്നും കവി പ്രത്യേകം എടുത്തു പറയുന്നുമുണ്ട്.
കവിയുടെ വ്യക്തിജീവിതം കാതിൽ കടുക്കനും മുൻകുടുമയുള്ള അരോഗദൃഢഗാത്രനായിരുന്നു കവി. രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യ തെക്കും പാടുവീട്ടിൽ നാരായണിയമ്മ 50-ാം വയസ്സിൽ അന്തരിച്ചു. ഇവർക്ക് അഞ്ചു മക്കൾ. ജനാർദ്ദനൻ നായർ, ശ്രീദേവിയമ്മ, മാധവിക്കുട്ടിയമ്മ, ഗോപാലൻ നായർ, കേശവൻ നായർ. രണ്ടാമത്തെ ഭാര്യ മുള്ളിക്കോട്ട് വീട്ടിൽ മാധവിയമ്മ. ഇവർക്ക് രണ്ടു മക്കൾ ലക്ഷ്മിയമ്മയും കൃഷ്ണൻ നായരും. ഇതിൽ ലക്ഷ്മിയമ്മയുടെ മകനാണ് ഹോംഗോങ്ങ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച്ഡി നേടി ഡയറ്റ് പ്രിൻസിപ്പലായി വിരമിച്ച വിദ്യാഭ്യാസ വിചക്ഷണനും വിവർത്തകനുമായ ഡോ. എം.വി. മുകുന്ദൻ. കവിക്കൊപ്പം ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ഒന്നിച്ചു ഒരു വീട്ടിൽ വളരെ സന്തോഷത്തോടെയാണത്രെ കഴിഞ്ഞത്.
കവിയുടെ അന്ത്യം ഉത്തരായനത്തിൽ
യോഗശാസ്ത്രഗുരു കൂടിയായ കവി തന്‍റെ എൺപത്തിയൊമ്പതാം വയസ്സിൽ 1963 ലാണ് അന്തരിച്ചത്. അവസാന കാലത്ത് മരണത്തെ സ്വയം വരിക്കാൻ ശരീരത്തെ പ്രാപ്തമാക്കിയത്രെ. ആഹാരങ്ങൾ കുറച്ചു കൊണ്ട് സമാധിയാകാൻ തയ്യാറായി, യോഗിവര്യനെ പോലെ ഉത്തരായനത്തിലെ ഏകാദശി കാത്തു കിടക്കുകയായിരുന്നു അച്ചപ്പൻ എന്നാണ് ഡോ. എം വി മുകുന്ദന്‍റെ അമ്മ അക്കാലത്ത് പറഞ്ഞതത്രെ.
എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചുള്ള അന്ത്യ യാത്രാ നിമിഷങ്ങളിൽ ലക്ഷ്മിക്കുട്ടിയമ്മയും മറ്റെല്ലാ കുടുംബാംഗങ്ങളും ചുറ്റുമിരുന്ന് പുരാണ പാരായണം നടത്തിയതും ഡോ മുകുന്ദൻ ഓർമ്മിച്ചെടുത്തു.
പച്ചപ്പാട്ട് നഷ്ടപ്പെട്ടത് അമേരിക്കൻ യാത്രയിൽ
കവിയുടെ ഭാര്യമാരിലൊരാളായ നാരായണിയമ്മയുടെ പേരമകൾ തെക്കുംപാട് വീട്ടിൽ നാണിക്കുട്ടിയമ്മ പത്താം ക്ലാസ് പാസായ ഉടനെ കല്യാണം കഴിഞ്ഞു ഭർത്താവായ രവീന്ദ്രൻ നായർക്കൊപ്പം മലേഷ്യയിലെത്തി. മലേഷ്യയിൽ എഞ്ചിനിയറായ രവീന്ദ്രൻ പിന്നെ കുടുംബ സമേതം അമേരിക്കയിലേക്ക്
കുടിയേറുകയായിരുന്നു. കവിയുടെ സഹോദരിയുടെ മകനാണ് നാണിക്കുട്ടിയമ്മയെ വിവാഹം ചെയ്ത രവീന്ദ്രൻ നായർ. മുപ്പതുവർഷങ്ങൾക്കു മുമ്പ് ചെറുകുന്ന് അന്ന പൂർണേശ്വരി ക്ഷേത്ര ഉത്സവത്തിന്
അവർ നാട്ടിൽ വന്നപ്പോഴാണ് പഴയ പുസ്തകങ്ങൾക്കൊപ്പം അമ്മാവന്‍റെ ത്രിവർണ പതാകഗാഥ എന്ന കൊച്ചു പുസ്തകവും അമേരിക്കയിലേക്ക് കൊണ്ടുപോയത്. ഇപ്പോൾ കാലിഫോർണിയയിൽ എൻവയൺമെന്‍റൽ എൻജിനിയറായ മകൾക്കൊപ്പം താമസിക്കുന്ന നാണിക്കുട്ടിയമ്മ നിധി പോലെ സൂക്ഷിച്ചപഴയ കാവ്യം വീണ്ടുമെടുത്തു നോക്കിയപ്പോഴാണ് രണ്ടു പേജ് നഷ്ടപ്പെട്ടതറിഞ്ഞത്. ഉടൻതന്നെ പാട്ടിന്‍റെ പൂർണരൂപം ചോദിച്ച് സഹോദരൻ ഡോ. എം.വി. മുകുന്ദനെ ഫോണിൽ വിളിച്ചു.
ചിതൽ തിന്ന പാട്ട്
ചപ്പാരപ്പടവ് കൂവേരി പടപ്പേങ്ങാട് തറവാട്ടു വീട്ടിൽ പുസ്തകത്തിന്‍റെ കോപ്പി സൂക്ഷിച്ചിരുന്നുവെങ്കിലും ഡോ.മുകുന്ദൻ വീടു മാറിയപ്പോൾ അതു നഷ്ടപ്പെട്ടുവത്രെ. രാഹുൽ സംകൃത്യായന്‍റെ വോൾഗസെ ഗംഗ എന്ന ഹിന്ദി കൃതി 1975 ൽ ഇ.കെ. നാരായണൻ പോറ്റി മലയാളത്തിൽ വിവർത്തനം ചെയ്തു ചിന്ത പബ്ലിഷേഴ്സ് വോൾഗ മുതൽ ഗംഗവരെ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ വിവർത്തന കൃതിക്കുള്ളിലാണ് അമ്മയുടെ അച്ഛപ്പന്‍റെ പാട്ട് ഡോ. മുകുന്ദൻഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നതത്രെ.
ഇംഗ്ലീഷ് സാഹിത്യത്തിൽ എം എയും ബി എഡും എംഎഡുംകരസ്ഥമാക്കിയ മുകുന്ദൻ പിന്നെ
ഹോംഗോങ്ങിൽ പി എച്ച്ഡി പഠനത്തിനു പോയി. അപ്പോഴേക്കും തറവാട്ടിലെ തന്‍റെ കൊച്ചു ലൈബ്രറി ചിതൽ വന്നു നശിച്ചിരുന്നു. അങ്ങനെ കോലത്തുനാട്ടിലെ ആദ്യത്തെ പതാകാ ഗാനം ചിതലിനു തീറ്റയായി...
പക്ഷേ, എഴുപതു പിന്നിട്ട നാണിയമ്മയുടെ കൈയ്യിൽ യു എസിൽ ആ കൊച്ചുപുസ്തകത്തിലെ പേജുകൾ ഭദ്രമായുണ്ട്. നഷ്ടപ്പെട്ട പേജുകൾ കൂടി കണ്ടെത്തിപാട്ടിന്‍റെ പൂർണരൂപം പുനഃ പ്രസിദ്ധീകരിക്കണമെന്നാണ് നാണിക്കുട്ടിയമ്മയും ഡോ. മുകുന്ദനും ആഗ്രഹിക്കുന്നത്.
കവിയുടെ മക്കളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 95 പിന്നിട്ട ഇളയ മകൻ തളിപ്പറമ്പ് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന പുളിമ്പറമ്പിലെ കേശവൻ നായരുടെ വീട്ടിലെ ശേഖരത്തിൽ പാട്ടുപുസ്തകമില്ല. കൂവേരിയിലും പരിസരത്തും പലരോടും തിരക്കി. ഫലമുണ്ടായില്ല. ആ നഷ്ടപ്പെട്ട താളുകൾ കൂടി കണ്ടുപിടിച്ചേ പറ്റൂ.. നാണിക്കുട്ടിയമ്മ പറഞ്ഞു.
1947 ൽ പ്രസിദ്ധീകരിച്ച കൊച്ചുപുസ്തകത്തിനുള്ള അന്വേഷണത്തിന്നായി നാണിക്കുട്ടിയമ്മയും ഡോ. എം വി മുകുന്ദനും സി.എം. എസ്. ചന്തേര മാഷ് സ്മാരകസംഘവഴക്ക ഗവേഷണപീoത്തെ സമീപിക്കുകയായിരുന്നു. അതിനിടയിൽ മുൻ ഡയറ്റ് പ്രിൻസിപ്പൽ കൂടിയായ ഡോ. എം.വി. മുകുന്ദൻ കൽക്കത്തയിലെ നാഷണൽ ലൈബ്രറിയിൽ ഇമെയിൽ മുഖാന്തരം അന്വേഷിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. സുഹൃത്തുക്കളുമായി കവി ആശയവിനിമയം നടത്തിയത് സംസ്കൃത ശ്ലോകത്തിലൂടെയായിരുന്നുവത്രെ. മാത്രമല്ല കവി കുടുംബാംഗങ്ങൾ സംസ്കൃതകാവ്യങ്ങളും പുരാണഗ്രന്ഥങ്ങളും അക്ഷരസ്ഫുടതയോടെ പാരായണം ചെയ്യുമായിരുന്നു.
അക്ഷരശ്ലോക മത്സരങ്ങളിലും സജീവമായിരുന്നുവത്രെ. കവി ക്ഷേത്രങ്ങളെക്കുറിച്ചും മറ്റും സംസ്കൃത ശ്ലോകങ്ങൾ രചിച്ചതായി പഴമക്കാർ ഓർക്കുന്നുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കവിതകളും പാട്ടുകളും ലേഖനങ്ങളും സൂക്ഷിച്ചു വച്ച മലബാറിലെ പഴയ ലൈബ്രറികളിലോ ദേശസ്നേഹികളുടെ ശേഖരത്തിലോ പഴയകോൺഗ്രസ് ഓഫീസുകളിലെ രേഖകൾക്കിടയിലോ എം.കെ കൃഷ്ണൻ നായരുടെ ദേശീയ പതാകവന്ദനഗാഥ എന്ന കൊച്ചുപുസ്തകം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണപീഠത്തെ അറിയിക്കണമെന്ന് ഡയറക്ടർ അഭ്യർഥിച്ചു.
ഫോൺ: 9447113410
വിലാസം: സി.എം എസ്. ചന്തേരമാഷ് സ്മാരക സംഘവഴക്ക ഗവേഷണപീഠം, വരപ്രസാദം, സെൻട്രൽ അഴീക്കോട് കണ്ണൂർ 670009