'ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല...' 
Literature

'ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല...'

അഡ്വ. ചാര്‍ളി പോള്‍

പൊതുവേ പ്രസംഗത്തിന്‍റെ അവസാനം പറഞ്ഞുശീലിച്ച വാചകമാണ് "ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല...' എന്നത്. "ഞാന്‍ നീട്ടുന്നില്ല', "ഞാന്‍ അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല', "ഞാന്‍ സുദീര്‍ഘമായി പറഞ്ഞു പോകുന്നില്ല' എന്നിങ്ങനെ പല രീതിയില്‍ പറയുന്നവരുണ്ട്. ചിലര്‍ പ്രസംഗം ആരംഭിക്കുമ്പോള്‍ തന്നെ "ഞാന്‍ ദീര്‍ഘമായി പറയാനാഗ്രഹിക്കുന്നില്ല' എന്ന് സൂചിപ്പിക്കുകയും എന്നാല്‍ പ്രസംഗം നീട്ടുകയും ദീര്‍ഘമായി പറയുകയും ചെയ്യുന്നവരാണ്. "മതി, നിര്‍ത്തൂ' എന്ന് പറയിച്ചിട്ടേ ഇക്കൂട്ടര്‍ അടങ്ങൂ. പ്രസംഗം നീണ്ടു പോകുമ്പോള്‍ സംഘാടകർ കുറിപ്പു കൊടുക്കുന്നതു കാണാറുണ്ടല്ലോ. കൈയടിച്ച് ചിലര്‍ പ്രതിഷേധം സൂചിപ്പിക്കാറുമുണ്ട്.

'മിതം ച സാരം ച വചോഹി വാഗ്മിതാ' എന്നാണ് പ്രസംഗത്തെക്കുറിച്ചുള്ള ചൊല്ല്. മിതവും സാരവത്തുമായ രീതിയില്‍ പറയുന്നതാണ് വാഗ്മിത്വം. വാക്കുകള്‍ ചുരുക്കിയും അര്‍ത്ഥം സംഗ്രഹിച്ചും പറയുന്നവനാണ് വാഗ്മി. പരത്തിപ്പറയുന്നതും ദീര്‍ഘമായി പറയുന്നതും ശ്രോതാക്കളെ ബോറടിപ്പിക്കും. ദീര്‍ഘിപ്പിക്കുന്നില്ല എന്ന പരാമര്‍ശവും ഒഴിവാക്കേണ്ടതാണ്. ഇടിവെട്ടി പെയ്യുന്ന മഴ പെട്ടെന്ന് അവസാനിക്കും പോലെ ഉപസംഹാരം കടന്നുവരണം. കഷ്ടം, പെട്ടെന്ന് നിർത്തികളഞ്ഞല്ലോ, ഇനിയും തുടര്‍ന്നിരുന്നെങ്കില്‍ എന്ന് ശ്രോതാക്കള്‍ക്ക് തോന്നണം. വികാരത്തിന്‍റെ പരമകാഷ്ഠയില്‍ ശ്രോതാക്കളെ എത്തിച്ച ശേഷം അമ്പെന്ന പോലെ അവസാന വാക്കുകള്‍ എയ്തുവിടാം. അവ ലക്ഷ്യത്തില്‍ തറയ്ക്കുന്നതും ആവേശകരവും ഹൃദയസ്പര്‍ശിയുമായാല്‍ നന്ന്. "The last impression is the lasting impression' എന്ന ചൊല്ല് അന്വർഥമാക്കുക. ശ്രോതാക്കളെ അഭിനന്ദിച്ച് പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രസംഗത്തിന് വിരാമമിടാന്‍ കഴിഞ്ഞാല്‍ തകര്‍പ്പനായിരിക്കും.

പ്രഗത്ഭരായവർ പോലും അറിഞ്ഞോ അറിയാതേയോ ആവര്‍ത്തിക്കുന്ന ചില ശൈലികളും പ്രയോഗങ്ങളും തഴക്കദോഷങ്ങളും പ്രസംഗകലയുടെ ഗുണമേന്മയെ സാരമായി ബാധിക്കാറുണ്ട്. അവയൊക്കെ ഉന്നതരായവര്‍ ചെയ്യുന്നതുകൊണ്ട് അതെല്ലാം ശരിയെന്ന് ധരിച്ച് മറ്റുള്ളവരും ആവര്‍ത്തിക്കുന്നു. അവതരണ ത്തിലെ വൈകല്യങ്ങള്‍ കേള്‍വിക്കാരില്‍ പ്രത്യക്ഷത്തില്‍ തന്നെ മോശമായ അഭിപ്രായം രൂപീകരിക്കാന്‍ ഇട നല്കും. ഇവ ഒഴിവാക്കിയാലേ ലക്ഷണമൊത്ത പ്രസംഗകനാകുവാന്‍ സാധിക്കൂ.

"എന്‍റെ ഓര്‍മ ശരിയാണെങ്കില്‍' എന്നത് രാഷ്‌ട്രീയ രംഗത്തുള്ളവരുടെ സ്ഥിരം പല്ലവിയാണ്. ഒരുക്കമില്ലാതെ പറയുന്ന പ്രസംഗത്തിലാണ് ഇപ്രകാരം പറയേണ്ടിവരുന്നത്. നിരായുധനായി യുദ്ധക്കളത്തിലേക്കു പോകുന്ന പടയാളിയെപ്പോലെയാണ് ഒരുങ്ങാതെ പോകുന്ന പ്രസംഗകന്‍. ഒരുങ്ങാതെ പ്രസംഗത്തിന് പോകരുത്. വിഷയത്തെ അടിസ്ഥാനമാക്കി എന്ത്, എന്തിന്, എങ്ങനെ, എപ്പോള്‍, എത്രത്തോളം എന്നിങ്ങനെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്തണം. സംബോധന, ആമുഖം, വിഷയാപഗ്രഥനം, ഉപസംഹാരം, എന്നീ ക്രമത്തില്‍ പ്രസംഗത്തിന്‍റെ ഒരു സ്ഥൂലരൂപം തയാറാക്കണം. അതനുസരിച്ച് സമഗ്രമായ തയാറെടുപ്പ് നടത്തണം. പറയാനുള്ളതിനെക്കുറിച്ച് ബോധ്യമുണ്ടാകുക, ബോധ്യം വരാതെ ഒന്നും പറയാതിരിക്കുക എന്ന ചിന്ത പ്രസംഗകനുണ്ടായിരിക്കണം. നന്നായി ഒരുങ്ങിയാല്‍ ആത്മവിശ്വാസം വർധിക്കും. പറയാന്‍ ഉദ്ദേശിക്കുന്നവ വസ്തുതാപരമായി ശരിയാണോ എന്നറിയാന്‍ രേഖകള്‍ പരിശോധിച്ചും മറ്റുള്ളവരോട് തിരക്കിയും കൃത്യത വരുത്തിയാല്‍ "ഓര്‍മ ശരിയാണെങ്കില്‍' എന്ന് പറയേണ്ടിവരില്ല.

"എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല' എന്ന് ചിലര്‍ പ്രസംഗത്തിന്‍റെ തുടക്കത്തിലേ പറയും. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കില്‍ പ്രസംഗിക്കാന്‍ മുതിരരുത്. എന്തെങ്കിലും പറയാനുണ്ടെന്ന് ബോധ്യം വരാതെ പ്രസംഗിക്കരുതെന്നാണ് പ്രമാണം. എനിക്ക് സവിശേഷമായി ചില കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാനുണ്ട് എന്ന ഭാവത്തിലാകണം പ്രസംഗത്തിന് മുതിരേണ്ടത്.

"എനിക്ക് കൂടുതലായി ഒന്നും പറയാനില്ല', "വിഷയസംബന്ധമായി ഇത്രയേ പറയാനുള്ളൂ, തത്കാലം നിർത്തട്ടെ' ഈ പ്രയോഗങ്ങള്‍ പ്രസംഗകന്‍റെ സ്റ്റോക്ക് തീര്‍ന്നു എന്ന ധ്വനിയാണ് സൃഷ്ടിക്കുന്നത്. "നിങ്ങളുടെ വിലയേറിയ സമയം പാഴാക്കിയതില്‍ ഖേദിക്കുന്നു'. "ഞാന്‍ നിങ്ങളെ മുഷിപ്പിക്കുകയില്ലെന്ന് കരുതട്ടെ.' "എന്‍റെ പ്രസംഗം അധിക പ്രസംഗമായില്ലെന്ന് കരുതട്ടെ.' "നിങ്ങളുടെ ക്ഷമ ഞാന്‍ പരീക്ഷിക്കുന്നില്ല', "ഞാന്‍ നിർത്തുകയാണ് നല്ലതെന്ന് തോന്നുന്നു'. "ഏതോ മഹാന്‍ എവിടേയോ പറഞ്ഞപോലെ', "വെറുതെ പറഞ്ഞു എന്നേയുള്ളൂ, ശരിയാണോ എന്നെനിക്കറിയില്ല'. "എന്താ പറയുക എന്നെനിക്കറിയില്ല' തുടങ്ങിയ പ്രയോഗ ങ്ങളും പ്രസംഗത്തിന്‍റെ മാറ്റ് കുറയ്ക്കും. അവയും ഒഴിവാക്കേണ്ടതാണ്.

(ലേഖകന്‍റെ ഫോൺ: 8075789768)

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ