ഏവൻ നദിക്കരയിലെ ഇതിഹാസഭൂമിയിൽ...
വില്യം ഷേക്സ്പിയറുടെ ജന്മഗൃഹം. Ajayan | Metro Vaartha
Literature

ഏവൻ നദിക്കരയിലെ ഇതിഹാസഭൂമിയിൽ...

അജയൻ

ജീവിതം ചലിക്കുന്ന വെറുമൊരു നിഴൽ മാത്രം,

വേദിയിൽ ക്ഷണിക നേരമതിൽ

അഹന്തയുമാശങ്കയും,

അതുകഴിഞ്ഞാൽ അപ്രസക്തമെല്ലാം...

വില്യം ഷേക്‌സ്‌പിയറുടെ ജന്മസ്ഥലമായ സ്ട്രാറ്റ്ഫഡ്-അപ്പോൺ-ഏവനിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾത്തന്നെ കാണാം കവിയുടെ ശിൽപ്പം. മാക്‌ബത്തിൽ നിന്നുള്ള അതിപ്രശസ്തമായ വരികൾ അതിനു താഴെ കൊത്തിവച്ചിരിക്കുന്നു. അഞ്ചാം നാടകത്തിലെ അഞ്ചാം രംഗം, ഭാര്യയുടെ ദുരന്തപൂർണമായ അന്ത്യമറിഞ്ഞ് പരിതപിക്കുന്ന മാക്ബത്ത്. അതിനു ശേഷമുള്ള വരികളാണ് കൂടുതൽ പ്രശസ്തമായത്: ''ജീവിതമേതോ വിഡ്ഢി പറഞ്ഞ കഥ, യാതൊന്നിനെയും അടയാളപ്പെടുത്താതെ, നിറയെ ബഹളവും രോഷവും മാത്രം''- കലുഷിതമായ ജീവിതക്കൊടുങ്കാറ്റ് ആവാഹിച്ചിരുത്തുന്ന ചിന്ത.

വില്യം ഷേക്‌സ്‌പിയറുടെ ജന്മസ്ഥലമായ സ്ട്രാറ്റ്ഫഡ്-അപ്പോൺ-ഏവനിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾത്തന്നെ കാണാം കവിയുടെ ശിൽപ്പം

കവി ജനിച്ചു ജീവിച്ച, തന്‍റെ അനശ്വരമായ രചനകൾ നടത്തിയ, ആ വീട് കാണാൻ ലോകത്തിന്‍റെ നാനാഭാഗങ്ങളിൽനിന്നുള്ളവരാണ് ദിവസേന അവിടെ എത്തിച്ചേരാറുള്ളതെന്ന് പ്രദേശവാസികളിൽ നിന്നറിഞ്ഞു. ചരിത്രമുറങ്ങുന്ന ഈ കെട്ടിടം ഏറ്റെടുത്ത് പുനരുദ്ധരിച്ചത് ഷേക്‌സ്പിയർ ബർത്ത്പ്ലേസ് ട്രസ്റ്റാണ്. ഇപ്പോൾ ഈ വീട് സംരക്ഷിക്കുന്നതും, അസംഖ്യം സന്ദർശകർക്ക് മാർഗനിർദേശം നൽകി, ഇതിഹാസതുല്യനായ നാടകകാരന്‍റെ ജീവിതത്തിലൂടെയും കാലഘട്ടത്തിലൂടെയും നടത്തിക്കുന്നതും ഈ ട്രസ്റ്റ് തന്നെ.

അരയന്നങ്ങൾ നീന്തിത്തുടിക്കുന്ന ഏവൻ നദി.

അരയന്നങ്ങൾ നീന്തിത്തുടിക്കുന്ന ഏവൻ നദിക്കരയിൽ, ഷേക്‌സ്പിയർ പ്രതിമയ്ക്കു ചുറ്റും അദ്ദേഹത്തിന്‍റെ നാടകങ്ങളിൽ നിന്നുള്ള നാല് പ്രസിദ്ധ കഥാപാത്രങ്ങളുടെ ശിൽപ്പങ്ങൾ - ഫോൾസ്റ്റാഫ്, ലേഡി മാക്ബത്ത്, ഹാംലെറ്റ്, പ്രിൻസ് ഹാൽ. 1988ൽ ഇവിടെ കുടിയിരുത്തിയതാണ് നാലു പേരെയും.

ഷേക്സ്പിയർ കഥാപാത്രങ്ങളായ ലേഡി മാക്ബത്തിന്‍റെയും ഹാമലെറ്റിന്‍റെയും ശിൽപ്പങ്ങൾ.

കാലാതിവർത്തിയായ കഥാപാത്രങ്ങളുടെ വെങ്കലശിൽപ്പങ്ങൾക്കു മുന്നിൽ പോസ് ചെയ്ത് ഫോട്ടോകളെടുക്കാൻ തിരക്കുകൂട്ടുന്നവർ മഹത്തായൊരു ഭൂതകാലവുമായുള്ള തങ്ങളുടെ ആത്മബന്ധം കൂടിയാണ് കെട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നത്.

ഷേക്സ്പിയർ കഥാപാത്രമായ ഫോൾസ്റ്റാഫിന്‍റെ ശിൽപ്പത്തിനൊപ്പം ലേഖകൻ.

വിനോദസഞ്ചാരികൾ തിങ്ങിനിറഞ്ഞ, ചുറ്റിവളഞ്ഞു കിടക്കുന്ന റോഡാണ് ഷേക്‌സ്‌പിയറുടെ വീട്ടിലേക്കു നയിക്കുന്നത്. ഏതാനും മിനിറ്റ് നടന്നാൽ, ഇഷ്ടികയും മരവുംകൊണ്ട് തീർത്ത മനോഹര സൗധത്തിലെത്താം. ചരിത്ര സ്മാരകത്തിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നു. ഉള്ളിൽ ഷേക്‌സ്‌പിയർ കാലഘട്ടം അപ്പാടെ പുനർനിർമിച്ചിരിക്കുന്ന കാഴ്ച. പോയ കാലത്തിന്‍റെ കഥകൾ തുളുമ്പുന്ന ആലഭാരങ്ങൾ. പ്രമുഖ സന്ദർശകരുടെ കൈയൊപ്പ് പേറുന്ന ചില്ലു ജാലകം; ചാൾസ് ഡിക്കൻസും തോമസ് കാർലൈലും വാൾട്ടർ സ്കോട്ടും ജോൺ കീറ്റ്സും അടക്കമുള്ള പ്രതിഭാശാലികളുടെ വിരൽവഴക്കം പേറുന്നുണ്ടത്. ഷേക്‌സ്‌പിയറുടെ അച്ഛൻ നടത്തിയിരുന്ന കൈയുറ നിർമാണശാലയും ഈ വീടിനുള്ളിൽ തന്നെ.

ഷേക്‌സ്‌പിയറുടെ നാനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇവിടെ പ്രദർശിപ്പിച്ചിരുന്ന അദ്ദേഹത്തിന്‍റെ കൃതികളുടെ ആദ്യ വാള്യം ഇപ്പോൾ എടുത്തുമാറ്റിയിരിക്കുന്നു.

1846ൽ അവസാനത്തെ അനന്തരാവകാശിയും മരിച്ച്, ഷേക്‌സ്‌പിയറുടെ ജൈവിക പൈതൃകം അവസാനിച്ചതോടെ വിൽപ്പനയ്ക്കു വച്ചിരുന്നതാണ് ഈ വീട്. അമേരിക്കൻ വ്യവസായി പി.ടി. ബാർനം ഈ വീട് വാങ്ങി കല്ലോടുകല്ല് യുഎസിലേക്കു പറിച്ചുനടാൻ തയാറായിരുന്നു. എന്നാൽ, ചരിത്രപരമായ ഈ നിധിയുടെ സംരക്ഷണത്തിന് ബ്രിട്ടീഷ് പാർലമെന്‍റ് ഒരു ബിൽ തന്നെ പാസാക്കി. അതിലൂടെയാണ് ഷേക്‌സ്‌പിയർ ബർത്ത്പ്ലേസ് ട്രസ്റ്റ് രൂപീകരിക്കപ്പെടുന്നത്. ചാൾസ് ഡിക്കൻസ് അടക്കമുള്ളവരുടെ ഉദാര സംഭാവനകളുടെ സഹായത്തോടെ മൂവായിരം പൗണ്ടിന് ട്രസ്റ്റ് ഈ വീട് വിലയ്ക്കു വാങ്ങി. ഇന്നത് പ്രൗഢമായൊരു ഭൂതകാലത്തിന്‍റെ അനശ്വര സാക്ഷ്യമായവിടെ നിലകൊള്ളുന്നു.

ഷേക്സ്പിയറുടെ മാമ്മോദീസയുടെയും മരണത്തിന്‍റെയും രജിസ്റ്റർ എൻട്രി കോപ്പികൾ.

ഏവൻ നദീതീരത്തു കൂടി നടന്നാൽ ഹോളി ട്രിനിറ്റി ചർച്ചിലെത്താം. ഷേക്‌സ്‌പിയറുടെ മാമ്മോദീസയും സംസ്കാരവും നടത്തിയത് അവിടെയായിരുന്നു. 1564ൽ മാമ്മോദീസ മുക്കിയതിന്‍റെയും, 1616ൽ സംസ്കാരം നടത്തിയതിന്‍റെ രജിസ്റ്റർ എൻട്രി കോപ്പികൾ സന്ദർശകർക്കായി ഉള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്, നാമകരണം ചെയ്ത യഥാർഥ അക്ഷരങ്ങൾ സഹിതം. ഷേക്‌സ്‌പിയർ മാത്രമല്ല, അദ്ദേഹത്തിന്‍റെ ഭാര്യ ആൻ, മറ്റു കുടുംബാംഗങ്ങൾ, എല്ലാവരും ഇവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു.

അടക്കിയ സ്ഥലത്തിനടുത്ത് വചനം: ''നല്ലവനായ സുഹൃത്തേ, ഈ മണ്ണ് കുഴിക്കുന്നതിന് യേശുവിന്‍റെ നാമത്തിൽ എന്നോടു ക്ഷമിക്കുക. ഈ കല്ലുകൾ തൊടാതെ പോകുന്നവർ അനുഗ്രഹിക്കപ്പെട്ടവർ, എന്‍റെ അസ്ഥികൾ ഇളക്കിമാറ്റുന്നവർ ശപിക്കപ്പെട്ടവർ.''

വില്യം ഷേക്സ്പിയറുടെയും ഭാര്യ ആനിന്‍റെയും കല്ലറകൾ.

ഈ വാണിജ്യ നഗരത്തിൽ, പള്ളിക്കുള്ളിൽ തന്നെ കല്ലറകൾ ഉറപ്പാക്കാൻ ഷേക്‌സ്‌പിയറുടെ പണത്തിനു സാധിച്ചു. 1210ൽ സ്ഥാപിക്കപ്പെട്ട പള്ളിയാണിത്. ഷേക്‌സ്‌പിയറുടെ കാലം മുതൽ വായിച്ചുപോരുന്നത് എന്നു കരുതപ്പെടുന്ന ചെയിനിട്ട ബൈബിൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. 1623ൽ കവിയുടെ ഭാര്യ തന്നെ സ്ഥാപിച്ച അദ്ദേഹത്തിന്‍റെ അർധകായ പ്രതിമയും ഇവിടെയുണ്ട്.

ഷേക്സ്പിയറുടെ ഭാര്യ ആൻ സംഭാവന ചെയ്ത അർധകായ പ്രതിമ.

തിയെറ്ററും പബ്ബുകളും ഭക്ഷണശാലകളും കൗതുകവസ്തുക്കൾ വിൽക്കുന്ന കടകളുമൊക്കെയായി തിരക്കേറിയ ഈ മേഖലയിൽ തെരുവ് പ്രകടനക്കാരും ഏറെയുണ്ട്. ഷേക്‌സ്‌പിയർ കഥാപാത്രങ്ങളുടെ വേഷമിട്ട കലാകാരൻമാരും വിനോദ പരിപാടികൾ നടത്തുന്നവരും സംഗീതജ്ഞരുമെല്ലാം ചേർന്ന് അന്തരീക്ഷത്തിൽ ഈണവും താളവും തമാശകളും നിറയ്ക്കുന്നു, എല്ലാം കുറച്ച് നാണയത്തുട്ടുകൾക്കു വേണ്ടി. ഷേക്‌സ്‌പിയറുടെ വീടിനടുത്ത് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളുടെ വേഷമിട്ട്, സംഭാവന സ്വീകരിക്കാൻ കാർഡ് ബോർഡ് പെട്ടികൾ വച്ച് കാത്തുനിൽക്കുന്നവർ.

വില്യം ഷേക്സ്പിയറുടെ 'പ്രേതം' എന്നവകാശപ്പെടുന്ന വേഷത്തിൽ സംഭാവന പ്രതീക്ഷിച്ചു നിൽക്കുന്നയാൾ.

പള്ളിയിൽ വിവാഹിതരായി നേരേ ഷേക്‌സ്‌പിയർ ഭവനത്തിനു മുന്നിൽ ഒരുമിച്ച് ഫോട്ടോ പകർത്താൻ വന്ന നവദമ്പതികൾ അവിടത്തെ ചരിത്രപരമായ ജീവിതവൈവിധ്യത്തിന്‍റെ ചിത്രകമ്പളത്തിലേക്ക് തങ്ങളുടെ പ്രണയത്തെക്കൂടി ചേർത്തുവയ്ക്കുന്നുണ്ടായിരുന്നു.

ഷേക്സ്പിയറുടെ ജന്മഗൃഹത്തിനു മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നവദമ്പതികൾ.

സന്ധ്യ മയങ്ങിത്തുടങ്ങിയതോടെ സ്ട്രാറ്റ്ഫോഡ്-അപ്പോൺ-ഏവൻ കൂടുതൽ സജീവമായി. വേനൽപ്പകലിന്‍റെ അന്ത്യയാമങ്ങൾ തീർത്ത പ്രകാശവിതാനം തെരുവിൽ ഉത്സവക്കാഴ്ചയൊരുക്കി. കുറേപ്പേർ വിവിധ വിനോദങ്ങളിൽ മുങ്ങാങ്കുഴിയിട്ടപ്പോൾ, മറ്റു ചിലർ ഏവൻ നദിയിൽ വഞ്ചികൾ തുഴഞ്ഞുപോയി. ഇനിയും കുറച്ചു പേർ, എക്കാലത്തെയും മഹാനായ നാടകകൃത്തിന്‍റെ നാട്ടിൽ, അനശ്വരമായൊരു ഭൂതകാല സാഹിത്യസമൃദ്ധിയുടെ സാരസംഹിതയിലേക്ക് സ്വയം ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു....

നീറ്റ് ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡ‍ിൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ

സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു മരണം

കുട്ടി ക്രിക്കറ്റിൽ ഗ്രാൻഡ് ഫിനാലെ: ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇറങ്ങുന്നു

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്