Jesus Christ with a cat AI-generated image
Literature

'ക്യാറ്റി'നുമുണ്ടൊരു കഥ പറയാന്‍

ക്രൈസ്റ്റും ക്യാറ്റും തമ്മിലുള്ള ശൈശവകാല ബന്ധത്തിലൂടെ ഈ ഉലകത്തില്‍ പൂച്ചയുടെ പ്രാധാന്യത്തിനൊരു അനിഷേധ്യമായ ഊന്നല്‍ ലഭിച്ച സ്ഥിതിക്ക് ഇനി കഥ തുടങ്ങാം...

Anoop K. Mohan

അനൂപ് മോഹൻ

ഒരു ഇറ്റാലിയന്‍ നാടോടിക്കഥയുണ്ട്.

Una storia popolare italiana afferma che la stessa

notte in cui Maria diede alla luce Gesù, un gatto di

Betlemme diede alla luce un gattino

ചെറുതെങ്കിലും എത്ര മനോഹരമായ കഥ, അല്ലേ. പണ്ട് പണ്ടെന്നു പറഞ്ഞു തുടങ്ങുന്ന, കാലഗണന കലഹിച്ചു നില്‍ക്കുന്ന ഇത്തരം കഥകളില്‍ നിന്നു വര്‍ത്തമാനകാലത്തിലേക്ക് എത്തുന്നതില്‍പ്പരമൊരു ആധികാരികതയില്ല. പഴയകാലത്തിന്‍റെ ഏതെങ്കിലുമൊരു ഐതിഹ്യത്തെരുവില്‍ കൊണ്ടു പോയി കെട്ടിത്തന്നെ തുടങ്ങാം.

ബത്‌ലഹേമിൽ കന്യാ മറിയം യേശു ക്രിസ്തുവിനു ജന്മം നൽകിയ അതേ രാത്രിയില്‍ തന്നെ ഒരു പൂച്ച അതിന്‍റെ കുഞ്ഞിനും ജന്മം നല്‍കിയിരുന്നു എന്നാണ് മുകളില്‍ പറഞ്ഞ ഇറ്റാലിയന്‍ നാടോടിക്കഥയുടെ മലയാള പരിഭാഷ. ഡിസംബറിന്‍റെ ആ തണുത്ത പുലരിയില്‍ ഉണ്ണിയേശുവിനു തണുത്തപ്പോള്‍ ആ പൂച്ചക്കുഞ്ഞ് പുല്‍ക്കൂട്ടില്‍ ക്രിസ്തുവിനോട് ചേര്‍ന്നു കിടന്നുവെന്നൊരു ഊഷ്മളമായ കൂട്ടിച്ചേര്‍ക്കലുമുണ്ട് ഈ കഥയ്ക്ക്.

ക്രൈസ്റ്റും ക്യാറ്റും തമ്മിലുള്ള ശൈശവകാല ബന്ധത്തിലൂടെ ഈ ഉലകത്തില്‍ പൂച്ചയുടെ പ്രാധാന്യത്തിനൊരു അനിഷേധ്യമായ ഊന്നല്‍ ലഭിച്ച സ്ഥിതിക്ക് ഇനി കഥ തുടങ്ങാം.

ഡിസ്‌ക്ലെയ്മര്‍

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും പൂച്ചകളുമായോ മനുഷ്യരുമായോ സാദൃശ്യം തോന്നുകയാണെങ്കില്‍ അതു യാദൃച്ഛികം മാത്രമല്ല. ഒരുരുള ചോറ് കൊടുത്താല്‍ നായ ജീവിതകാലം മുഴുവന്‍ നന്ദി കാണിക്കുമെന്നും, പൂച്ചയ്ക്കു നന്ദിയില്ലെന്നുമുള്ള മനുഷ്യ മുന്‍വിധികള്‍ മാറ്റിനിര്‍ത്തുക.

4000 വര്‍ഷങ്ങള്‍ക്കു മുമ്പേ നാല് കാലില്‍

പൂച്ചകളുടെ മൃതശരീരങ്ങൾ സംരക്ഷിച്ചു സൂക്ഷിച്ച പുരാതനമായ ക്യാറ്റ് മമ്മികൾ ഈജിപ്റ്റിൽ നിന്നു കണ്ടെടുത്തപ്പോൾ.

മാര്‍ജാരനും മനുഷ്യനുമായുള്ള സഹവാസം തുടങ്ങുന്നതു ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു ഗൂഗ്ള്‍ സാക്ഷ്യപ്പെടുത്തുന്നു. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് പുരാതന ഈജിപ്റ്റിലാണു വളര്‍ത്തു പൂച്ചയെന്ന വിശേഷണത്തിലൂടെ പൂച്ചകള്‍ വീടുകളിലേക്ക് കയറിപ്പറ്റിയത്. അതിനു വളരെ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മെസപ്പൊട്ടോമിയയില്‍ പൂച്ചകളുടെ സാന്നിധ്യമുണ്ടായിരുന്നത്രേ. മൂസ എന്നൊരു പൂച്ചയെ പ്രവാചകന്‍ വളര്‍ത്തിയിരുന്നതായും ഐതിഹ്യമുണ്ട്. ജപ്പാനില്‍ പ്രത്യേക വിഭാഗം പൂച്ചയെ ഭാഗ്യത്തിന്‍റെ അടയാളമായി കരുതിയിരുന്നു.

ഇനി ഇന്ത്യയിലേക്ക് നാലു കാലില്‍ വീഴുകയാണെങ്കില്‍ത്തന്നെ, മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ പൂച്ചപരാമര്‍ശങ്ങളുണ്ട്. ലോകത്ത് എല്ലായിടത്തു നിന്നുമുള്ള മിക്ക പഴയകാല പെയ്ന്‍റിങ്ങുകളിലും ആലേഖനങ്ങളിലുമൊക്കെ താഴെയൊരു പൂച്ചയും പ്രത്യക്ഷപ്പെടാറുണ്ട്.

നയതന്ത്രങ്ങളുടെ പൊന്നുരുക്കിന്നിടത്തെ പൂച്ച

The Presidential cat - വൈറ്റ് ഹൗസിലെ പൂച്ച, വില്ലോ.

ഇടവഴിയിലെ പൂച്ചയ്‌ക്കേ മിണ്ടാപ്പൂച്ചയെന്ന അപഖ്യാതിയുള്ളൂ. പ്രസിഡന്‍ഷ്യല്‍ ക്യാറ്റ് എന്ന വിശേഷണത്തോടെ അമെരിക്കയിലെ വൈറ്റ് ഹൗസിലൊരു പൂച്ചയുണ്ട്. വില്ലോ എന്നാണു പേര്. പെന്‍സില്‍വാനിയയിലെ കര്‍ഷകന്‍റെ പൂച്ചയെന്ന പൂര്‍വകാലത്തില്‍ നിന്ന് അമെരിക്കയുടെ അധിപന്‍റെ വര്‍ത്തമാനകാലത്തിലേക്കു സ്വപ്‌നസമാനമായ പ്രമോഷന്‍ കിട്ടിയ ദ ഫസ്റ്റ് ക്യാറ്റാണ് വില്ലോ. വൈറ്റ് ഹൗസില്‍ വില്ലോയ്ക്ക് സുരക്ഷാ പരിധികളില്ല, ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ വില്ലോ തലയ്ക്കു മുകളില്‍ കയറിയിരിക്കുമെന്നു ജോ ബൈഡന്‍ പറഞ്ഞത് അടുത്തകാലത്താണ്. ബൈഡന്‍റെ ജന്മനാടായ വില്ലോ ഗ്രോവിന്‍റെ പേരാണു പൂച്ചയ്ക്കു നല്‍കിയത്. നയതന്ത്രങ്ങളുടെ പൊന്നുരുക്കുന്നിടത്ത് കാര്യമുള്ള പെണ്‍പൂച്ചയാണ് വില്ലോയെന്ന് നിസംശയം പറയാം.

മുമ്പ് ജോര്‍ജ് ഡബ്ല്യു. ബുഷിന്‍റെ ഭരണകാലത്താണ് വൈറ്റ് ഹൗസിലേക്ക് ആദ്യമായൊരു പൂച്ചയെത്തുന്നത്. ആ പൂച്ചയ്ക്കു പേരിട്ടപ്പോള്‍ കേരളത്തില്‍ ബുഷിന്‍റെ കോലം കത്തിച്ച സംഭവം വരെയുണ്ടായിരുന്നു. എന്തിനെന്നല്ലേ, പൂച്ചയുടെ പേര് ഇന്ത്യ എന്നായിരുന്നു. ഒഫീഷ്യല്‍ നെയിം ഇന്ത്യ എന്നായിരുന്നെങ്കില്‍ വില്ലി എന്നായിരുന്നു വിളിപ്പേര്. എന്തായാലും 2009ല്‍ പതിനെട്ടാം വയസില്‍ ഇന്ത്യപ്പൂച്ച പരലോകം പൂകി.

ഉന്മാദത്തിന്‍റെ മഷി നിറച്ച മാന്ത്രികപ്പൂച്ച

The Indian Cat - BN Goswamy

കലാചരിത്രകാരനും നിരൂപകനുമായ പദ്മഭൂഷണ്‍ ബി.എന്‍. ഗോസ്വാമി അടുത്തകാലത്ത് എഴുത്തിന്‍റെ വഴിയില്‍ ഒരു അപ്രതീക്ഷിത വഴിമാറല്‍ നടത്തി. അടുത്തകാലത്ത് അദ്ദേഹത്തിന്‍റെയൊരു പുസ്തകം പുറത്തിറങ്ങി. ദ ഇന്ത്യന്‍ ക്യാറ്റ് സ്റ്റോറീസ്, പെയ്ന്‍റിങ്‌സ്, പോയട്രി ആന്‍ഡ് പ്രോവെര്‍ബ്‌സ്. ഇന്ത്യന്‍ കലയിലും സാഹിത്യത്തിലും സംസ്‌കാരത്തിലും പൂച്ചകള്‍ ഉലാത്താനിറങ്ങിയതിന്‍റെ അക്ഷരസാക്ഷ്യം. കഥകളിലും കവിതകളിലും പെയ്ന്‍റിങ്ങുകളിലും വരെ പൂച്ചകള്‍ എത്തിയതിന്‍റെ വിവരണമാണ് ഈ പുസ്തകം. ലോകസാഹിത്യത്തിലും പൂച്ചകള്‍ ഇടംപിടിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ മാന്ത്രികപ്പൂച്ച എന്നൊരു കഥ തന്നെയുണ്ട്. 1968ലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. ബഷീറിന്‍റെ വീട്ടില്‍ എത്തിച്ചേര്‍ന്ന ഒരു പൂച്ചയില്‍ നിന്ന് ആരംഭിക്കുന്ന കഥ അതിതീവ്രമായ ഉന്മാദാവസ്ഥയില്‍ നിന്നു പിറവി കൊണ്ടതാണ്. എഴുതുമ്പോള്‍ അരികിലൊരു പൂച്ചയിരിക്കുന്ന ഒ. വി. വിജയന്‍റെ ചിത്രം ഇന്നു മലയാളിയുടെ മനസില്‍ നിന്നു മാഞ്ഞിട്ടില്ല.

എ ക്യാറ്റ് സ്റ്റഡി

Master of facial expressions

പൂച്ചകള്‍ അറിയുന്നില്ലെങ്കിലും, പൂച്ചകളെക്കുറിച്ചുള്ള പഠനങ്ങള്‍ ഓരോ കാലത്തിലും പുറത്തുവരാറുണ്ട്. പൂച്ചയ്ക്ക് 276ഓളം മുഖഭാവങ്ങളുണ്ടെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന ഒരു പഠനത്തില്‍ പറയുന്നു. മാസ്റ്റര്‍ ഓഫ് ഫേഷ്യല്‍ എക്‌സ്പ്രഷന്‍ എന്നാണു നല്‍കിയിരിക്കുന്ന വിശേഷണം. സഹപൂച്ചകളുമായി ആശയവിനിമയത്തിനും അഗ്രഷന്‍ പ്രകടിപ്പിക്കാനുമൊക്കെയാണ് ഈ ഭാവങ്ങള്‍. പൂച്ചഭാവങ്ങളില്‍ 45 ശതമാനം സൗഹൃദം പ്രകടിപ്പിക്കാനും, 37 ശതമാനം ദേഷ്യപ്രകടനത്തിനുമാണെന്ന് ഈ പഠനം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് കന്‍സാസിലെ മെഡിക്കല്‍ വിദ്യാര്‍ഥിയും, ഇപ്പോള്‍ കണ്‍സള്‍ട്ടന്‍റ് പൂച്ചോളജിസ്റ്റുമായ ലോറന്‍ സ്‌കോട്ട് വ്യക്തമാക്കുന്നു.

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്- ദ നാടന്‍ പൂച്ച

കോട്ടയത്ത് എത്ര മത്തായിരുമാരുണ്ട് എന്നു ചോദിക്കുന്നതു പോലെ, പട്ടികളില്‍ എത്ര ടിപ്പു നാമധാരികളുണ്ട് എന്നതു പോലെ പൂച്ചകളിലെ സര്‍വസാധാരണമായ പേരായിരുന്നു കുറിഞ്ഞി എന്നത്. നായകളുടെ ബ്രീഡ് ചോദിക്കുന്നതു പോലെ പൂച്ചകളുടെ വംശമഹിമ തേടുന്നതു കുറവാണ്. എങ്കിലും പേര്‍ഷ്യന്‍ കാറ്റും സവന്നയുമൊക്കെ പോലെ ഉന്നതകുലജാതരമായ മാര്‍ജാരന്മാരും കുറവല്ല. കേരളത്തിലെ വീടുകളിലേക്കു ചേക്കേറുന്ന പൂച്ചകളിലേറെയും റോഡ് ക്രോസാണ്. ഏതെങ്കിലുമൊക്കെ 'റോഡ് ക്രോസ്' ചെയ്തു വന്ന്, അറച്ചു നില്‍ക്കാതെ വീട്ടിലേക്കു കയറി, വീട്ടുകാരുടെ സ്‌നേഹം വാത്സല്യവുമൊക്കെ പിടിച്ചുപറ്റി, പിറ്റേദിവസം തൊട്ട് അധികാരം സ്ഥാപിക്കുന്നവര്‍. നാടന്‍പ്പൂച്ച എന്നു പറയാം.

An Indian royal cat

ഒരിടത്തൊരു 'റോഡ് ക്രോസ്' പൂച്ച

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിലാണ് (അതങ്ങനെയേ വരൂ, പണ്ടു തൊട്ടേ നടക്കുന്ന കഥകളെല്ലാം ഗ്രാമത്തിലാണല്ലോ). റോള്‍ഡ് ഗോള്‍ഡിന്‍റെ നിറമുള്ള ഒരു പൂച്ച വീട്ടില്‍ വന്നു കയറുന്നു. വരവിന്‍റെ സ്വര്‍ണമാണെങ്കിലും പൂച്ചയ്ക്കു സ്വര്‍ണം എന്നു തന്നെ പേരു നല്‍കി. സ്വര്‍ണത്തിന്‍റെ വാലില്‍ ഒരു കെട്ടുണ്ടായിരുന്നു. ആരോ വാലു പിടിച്ചു കെട്ടിവച്ച പോലൊരു മാനുഫാക്ചറിങ് ഡിഫക്റ്റ്. കണ്ണടച്ചു പാലു കുടിക്കില്ല, മോഷ്ടിക്കില്ല, ശാന്തഭാവം, അനുസരണ, ആക്രാന്തമില്ലായ്മ തുടങ്ങി അടക്കവുമൊതുക്കവുമുള്ള പൂച്ചയ്ക്കു വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ അപൂര്‍വ മാര്‍ജാരജന്മം. വലിയ താമസമില്ലാതെ ആ വീട്ടിലെ കുട്ടിയുടെ അരുമയായി സ്വര്‍ണം മാറി. ഭക്ഷണം, ഉറക്കം, ഭക്ഷണം ഉറക്കം. അതിങ്ങനെ റിപ്പീറ്റ് ചെയ്തു വരുന്ന ജീവിതചര്യ. ഒരു സുപ്രഭാതത്തില്‍ സ്വര്‍ണം അപ്രത്യക്ഷമായി. പട്ടി പിടിച്ചെന്നും, എക്‌സൈറ്റ്‌ന്‍റൊന്നുമില്ലാത്തെ ജീവിതത്തില്‍ മനം മടുത്ത് കിണറ്റില്‍ ചാടിയെന്നുമൊക്കെ സാധ്യതകളുടെ ഭൂപടം നിരത്തി വീട്ടുകാര്‍.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം...

നാലഞ്ചു വീടുകള്‍ക്കപ്പുറത്തൊരു വീടിന്‍റെ തിണ്ണയില്‍ സ്വര്‍ണത്തെ ആ കുട്ടി കണ്ടെത്തി. വാലിലെ കെട്ടു കണ്ട് സ്വര്‍ണം തന്നെയുന്നറപ്പിച്ചു. ആദ്യം പേരു വിളിച്ചു നോക്കി. മൈന്‍ഡില്ല. പിന്നെ സ്ഥിരം പൂച്ചയെ വിളിക്കുന്ന ശബ്ദമുണ്ടാക്കി, കണ്ടഭാവമില്ല. ആലുവ മണപ്പുറത്ത് കണ്ട പരിചയമില്ല, 'ഇന്നലെ' സിനിമയില്‍ സുരേഷ് ഗോപിയെ കണ്ട ശോഭനയെ പോലെ.

അന്നു തീര്‍ന്നതാ തിരുമേനീ, അന്യൻ വിയര്‍ക്കുന്ന കാശും കൊണ്ട് മീനും തിന്ന്, പാലും കുടിച്ച് നടക്കുന്ന പളുപളുത്ത രോമപ്പൂച്ചകളോടുള്ള....

ഉറച്ച തീരുമാനമെടുത്തെങ്കിലും പിന്നെയും പിന്നെയും പൂച്ച പടി കടന്നെത്തുന്ന പദനിസ്വനം ആവർത്തിച്ചു കൊണ്ടേയിരുന്നു. അകന്നു പോകുമ്പോഴും മരണപ്പെടുമ്പോഴും അറുത്തുമുറിച്ചു കളയുമെന്നുറപ്പിക്കുമ്പോഴും അതങ്ങനെ അവസാനിക്കുകയില്ല. ഈ കഥ തുടങ്ങിയതു പോലെ പണ്ടേ തുടങ്ങിയതല്ലേ ആ സഹവാസം.

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218