വായിച്ചാലേ വളരൂ... Representative image
Literature

വായിച്ചാലേ വളരൂ...

ബുദ്ധിയുടെയും മനസിന്‍റെയും വളര്‍ച്ചയ്‌ക്കൊപ്പമേ ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും ഉണ്ടാവൂ. ബുദ്ധിയുടെയും മനസിന്‍റെയും വളര്‍ച്ചയ്ക്കുള്ള വളമാകുന്നത് വായനയാണ്. ഇതു തിരിച്ചറിഞ്ഞ് മലയാളിയെ അക്ഷരത്തിന്‍റെ വെളിച്ചത്തിലേക്കും വായനയുടെ അത്ഭുതലോകത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി ആചരിക്കുന്നു.

എന്താണ് വായന

വായന ചിലര്‍ക്കൊരു വിനോദമാണ്. ചിലര്‍ക്കാകട്ടെ ലഹരിയും. വായന വിനോദവും ലഹരിയുമാക്കിയവര്‍ക്ക് ഭാവനയുടെ അതിരുകള്‍ തകര്‍ത്ത് വിസ്മയങ്ങളുടെ ലോകത്തേക്ക് പറക്കാനുള്ള ചിറക് മുളയ്ക്കുന്നു. പല കാലത്തിലൂടെ, പല രാജ്യങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, ജീവിതരീതികളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ അനേകായിരം മനുഷ്യ മനസുകളിലൂടെ, ചിന്തകളിലൂടെ ഒരായുസ്സുകൊണ്ടു പറന്നു തീര്‍ക്കാനുള്ള അത്ഭുത സൂത്രമാണ് വായന. വായന പല തരത്തിലുണ്ട്. പുസ്തകങ്ങള്‍ വായിക്കുന്നതുപോലെ തന്‍റെ ചുറ്റുപാടുകളും വായിക്കാം, പ്രകൃതിയെ വായിക്കാം, നല്ല മനുഷ്യരെ വായിക്കാം.വായനാ ശീലം ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയില്ലെങ്കില്‍ അതു പിന്നെ പരിശീലിക്കുക ബുദ്ധിമുട്ടാണ്. പാഠപുസ്തകങ്ങളൊഴിച്ച് മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ ദിവസേന ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണം.അങ്ങിനെയെങ്കില്‍ ജീവിതകാലം മുഴുവന്‍ ആ നല്ല ശീലം നിങ്ങളെ പിന്‍തുടരും.

എന്തു വായിക്കും?

മനസിന്‍റെ ആരോഗ്യത്തിനും ബുദ്ധിയുടെ വികാസത്തിനും ഹൃദയത്തിന്‍റെ നൈര്‍മ്മല്യത്തിനും സഹായിക്കുന്ന, അറിവിന്‍റെ വിശാലതയും ആഴവും കൂട്ടുന്ന, ധര്‍മ്മ ബോധം ഉണര്‍ത്തുന്ന, നമ്മെ കര്‍മ്മോന്മുഖരാക്കുന്ന പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു വായിക്കണം. നോവലുകളും കവിതകളും ചെറുകഥകളും നമ്മുടെ ഭാഷാപരമായ കഴിവുകളെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ധാര്‍മ്മിക ചിന്തയുണര്‍ത്തി, കാര്യങ്ങളെ വിവേചിച്ചറിഞ്ഞ് നല്ല മനുഷ്യരാകാന്‍ സഹായിക്കും.നല്ല ജീവചരിത്ര ഗ്രന്ഥങ്ങള്‍ നമ്മെ നേര്‍വഴി കാണിക്കും. പുരാണകഥകള്‍ സത്യം, ധൈര്യം, നീതിബോധം എന്നി ഗുണങ്ങളുണ്ടാക്കും.ചരിത്ര പുസ്തകങ്ങള്‍ ഓരോ നാടിന്‍റെയും സംസ്‌കാരവും നേട്ടവും തിരിച്ചറിയുന്നതിനും നമ്മുടെ പുരോഗതിക്ക് തടസം നില്‍ക്കുന്ന കാര്യങ്ങളെ വിവേചിച്ചറിയാനും സഹായിക്കും. ഭൂമിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും അറിയാന്‍ ഭൂമിശാസ്ത്രം സഹായിക്കും. അധ്യാപകരോടും രക്ഷിതാക്കളോടും വായനാശീലമുള്ള മുതിര്‍ന്നവരോടും ഇത്തരം നല്ല പുസ്തകങ്ങള്‍ ഏതെന്നു ചോദിച്ച് മനസിലാക്കുക. നിങ്ങളുടെ തൊട്ടടുത്ത ഗ്രാമീണ വായനശാലയില്‍ നിന്നോ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നോ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കുക ചീത്ത പുസ്തകങ്ങള്‍ മനസിനെ ദുഷിപ്പിക്കും വികാരങ്ങളെ മലിനമാക്കും. ജീവിതം നരകമാക്കും.

വായിക്കുമ്പോള്‍

വായിക്കാനായി പുസ്തകം തിരഞ്ഞെടുക്കുമ്പോള്‍ തന്‍റെ പ്രായം, ആവശ്യം എന്നിവയനുസരിച്ച് നിലവാരം ഉയര്‍ന്നുവരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.വായിക്കുന്നതോടൊപ്പം വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. തന്‍റെ അതുവരെയുള്ള ജീവിതത്തില്‍ നിന്നു സ്വരൂപിച്ച അനുഭവങ്ങളും അറിവുകളും ആ ചിന്തകളോടൊപ്പം നിങ്ങള്‍ക്ക് അതിരുകളില്ലാത്ത ഭാവനയുടെ ലോകം തുറന്നുതരും. വായനയില്‍ നിങ്ങള്‍ സജീവമായി ഇടപെടുന്നത് അപ്പോള്‍ മാത്രമാണ്.വായിക്കുമ്പോള്‍ തന്നെ അതില്‍ നിരൂപണ ബുദ്ധിയോടെ ഇടപെടുകയും വേണം. പുസ്തകത്തിലെ ആശയങ്ങളെ വിശകലനം ചെയ്ത് അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുക, ശരിയും തെറ്റും ബലവും ദൗര്‍ബല്യവും മനസിലാക്കുക, തള്ളേണ്ടതു തള്ളുക, കൊള്ളേണ്ടത് ഉള്‍ക്കൊള്ളുക എന്നിങ്ങനെ കൃതികളെ സ്വന്തം കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും വേണം. പുസ്തക നിരൂപണവും വിമര്‍ശനക്കുറിപ്പും ആസ്വാദനാനുഭവവുമെല്ലാം തിരിച്ചറിയാന്‍ ഇത്തരത്തിലുള്ള വായന നിങ്ങളെ സഹായിക്കും.

പുസ്തകം വിരല്‍ത്തുമ്പില്‍

വായിക്കാനിഷ്ടപ്പെടുന്ന വിഖ്യാതകൃതികളന്വേഷിച്ച് നിങ്ങള്‍ ലൈബ്രറികളും പുസ്തകക്കടകളും അന്വേഷിച്ചു നടക്കേണ്ട. പണം കൊടുത്തും സൗജന്യമായും വായിക്കാവുന്ന പുസ്തകങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ലോകത്തെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം ഇതിനായി വെബ്‌സൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ടേബ് ലറ്റിലോ കമ്പ്യൂട്ടറിലോ നേരിട്ടോ, പി.ഡി.എഫ് ഫയലുകള്‍ ലോഡ് ചെയ്ത് പ്രിന്‍റെടുത്തോ ഈ പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്.

പുസ്തകങ്ങള്‍ ആത്മമിത്രങ്ങള്‍

മറ്റെല്ലാം നമ്മെ കൈവെടിഞ്ഞുവെന്നുവരാം, എന്നാല്‍ നല്ല ഗ്രന്ഥങ്ങള്‍ എന്നും നമ്മുടെ നല്ല മിത്രങ്ങളായിരിക്കും എന്നു പറഞ്ഞത് ഡോക്ടര്‍ രാധാകൃഷ്ണനാണ്. ലൈബ്രറിയില്‍ നിന്നെടുക്കുന്ന ഇത്തരം പുസ്തകങ്ങള്‍ കരുതലോടെ വൃത്തിയോടെ കൈകാര്യം ചെയ്യണം. ആയിരക്കണക്കിനു മനസുകള്‍ക്ക് വെളിച്ചം പകരേണ്ട സൂക്ഷി പ്പുകളാണവ. അവയിലെ പേജുകള്‍ മടക്കിയും ചിത്രങ്ങള്‍ വെട്ടിയും അഴുക്ക് പറ്റിച്ചും വികൃതമാക്കരുത്. ലൈബ്രറിയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങള്‍ നിശ്ചിത ദിവസത്തിനുള്ളില്‍ തന്നെ തിരികെകൊടുക്കണം. എവിടെവരെ വായിച്ചു എന്നറിയാന്‍ വേസ്റ്റ് പേപ്പര്‍ കീറി പേജുകള്‍ക്കിടയില്‍ വച്ചാല്‍ മതി.

പി.എന്‍. പണിക്കര്‍

1909ല്‍ കോട്ടയത്ത നീലംപേരൂരിലാണ് പി.എന്‍. പണിക്കര്‍ ജനിച്ചത്. അച്ഛന്‍ പുതുവായില്‍ നാരായണപ്പണിക്കര്‍, അമ്മ ജാനകിയമ്മ. കൂട്ടുകാരോടൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് പി.എന്‍. പണിക്കര്‍ നാട്ടിലൊരു വായനശാലയുണ്ടാക്കിയത് 1926-ലാണ് - തന്‍റെ 17-ാം വയസില്‍. സനാതനധര്‍മ്മം വായനശാല എന്നായിരുന്നു ലൈബ്രറിയുടെ പേര്. അത് വിജയിച്ചതോടെ മറ്റു പ്രദേശങ്ങളിലും ഇത്തരം വായനശാലകള്‍ രൂപീകരിക്കാന്‍ അദ്ദേഹം നേതൃത്വം കൊടുത്തു.

കേരള ത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകള്‍ രൂപീകരിക്കാനും അവ വായനശാലകള്‍ മാത്രമായി ഒതുങ്ങാതെ അതത് ദേശത്തെ സാംസ്‌കാരിക കേന്ദ്രങ്ങളായി ഉയര്‍ത്താനും അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. തിരുവിതാംകൂറിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് ഗ്രന്ഥശാലാസംഘം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തതും പിന്‍.എന്‍.പണിക്കരാണ്.

1977-ല്‍ ഗ്രന്ഥശാലാ സംഘത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവില്‍ വന്നതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായാണ്.കേരളത്തിലെ നിരക്ഷരത തുടച്ചുനീക്കുന്നതിന് ആദ്യം മുന്‍കൈയെടുത്തതും പി.എന്‍. പണിക്കരാണ്. ഇതിനായി കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിയായ കാന്‍ ഫെഡ് രൂപീകരിച്ചു. കാന്‍ഫെഡിന്‍റെ നേതൃത്വത്തില്‍ വായനശാലകളിലൂടെയും ക്ലബുകളിലൂടെയും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. എഴുത്തു പഠിച്ച് കരുത്തരാകുക, വായിച്ചു വളരുക, ചിന്തിച്ച് പ്രബുദ്ധരാകുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേരളത്തിനു നല്‍കിയതും അദ്ദേഹമാണ്.

വായന എന്നും!

വായനാശീലം ഒരുദിവസം മാത്രം പൊടിതട്ടിയെടുക്കേണ്ട ഒന്നല്ല. ചൊട്ടയിലേ വളര്‍ത്തിയെടുക്കേണ്ട ഏറ്റവും പ്രധാന ശീലമാണ്. വായനയിലൂടെ മാത്രമേ പുതിയ ആശയങ്ങളുമായി പരിചയപ്പെടാനാകൂ. പുതിയ ആശയങ്ങള്‍, സങ്കല്പങ്ങള്‍, സ്വപ്നങ്ങള്‍, ചിന്തകള്‍, അറിവുകള്‍, അനുഭവകഥകള്‍, പ്രവര്‍ത്തനരീതികള്‍, വിജയപരാജയകഥകള്‍ ഇങ്ങനെ നൂറുകണക്കിനുള്ള വിവരങ്ങളുമായി നാം നിരന്തരം പരിചയപ്പെടണം. അതിന് വായനയുമായി ചങ്ങാത്തത്തിലാകണം. ദിവസം ഒരു മണിക്കൂറെങ്കിലും പാഠപുസ്തകത്തിനപ്പുറമുള്ള വായനയ്ക്കായി സമയം കണ്ടെത്തുക. ഇതിന് നാം ഒരു തയാറെടുപ്പ് നടത്തേണ്ടതുണ്ട്.

ഒന്നാമതായി വേണ്ടത് എന്താണെന്നോ? നല്ല പുസ്തകങ്ങളുടെ ഒരു മുന്‍ഗണനാലിസ്റ്റ് ഉണ്ടാക്കല്‍തന്നെ. ചീത്ത പുസ്തകങ്ങള്‍ നമ്മുടെ മനസ്സിനെ ചീത്തയാക്കും. അതിനാല്‍ നല്ല പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. അതിന് മുതിര്‍ന്നവരുടെ സഹായം തേടാം. അധ്യാപകരോടോ രക്ഷിതാക്കളോടോ ചോദിച്ച് വേണം ഈ ലിസ്റ്റ് തയാറാക്കാന്‍. നിങ്ങള്‍ നാലഞ്ചു വര്‍ഷം പഠിക്കാനും പ്രയോഗിക്കാനും പോകുന്ന വിഷയങ്ങള്‍കൂടി കണക്കിലെടുത്തുവേണം ലിസ്റ്റുണ്ടാക്കാന്‍. ഉദാഹരണമായി പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും എല്ലാ ക്ലാസിലും പഠിക്കാനുണ്ട്. അതിനാല്‍ ലിസ്റ്റില്‍ ഇത്തരം കുറച്ച് പുസ്തകങ്ങള്‍ നിര്‍ബന്ധമായും വേണം.

മൂല്യബോധം വളര്‍ത്തുന്ന പുരാണകഥകള്‍, സാമൂഹ്യബോധം വളര്‍ത്തുന്ന ചരിത്രകഥകള്‍, ശാസ്ത്രത്തിന്‍റെ ആവേശകരമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ശാസ്ത്രസാഹിത്യരചനകള്‍, മഹാന്മാരുടെ ജീവചരിത്രങ്ങള്‍, സാഹിത്യാസ്വാദനശേഷി വളര്‍ത്തുന്ന ഉത്തമസാഹിത്യരചനകള്‍ തുടങ്ങിയവയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. അതില്‍നിന്നും മുന്‍ഗണനാക്രമത്തില്‍ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നോ ഗ്രാമീണവായനശാലകളില്‍നിന്നോ എടുക്കാം. ചെറിയ ചെറിയ സമ്പാദ്യങ്ങളുണ്ടാക്കി പുസ്തകങ്ങള്‍ വിലകൊടുത്തു വാങ്ങി വീട്ടില്‍ സ്വന്തമായി ഒരു ലൈബ്രറി ഉണ്ടാക്കുകയുംചെയ്യാം. പുസ്തകങ്ങള്‍ ഒരു നല്ല സമ്പാദ്യം കൂടിയാണ്. 'വായിക്കാതെ വളര്‍ന്നാല്‍ വളയും' എന്നേ കുഞ്ഞുണ്ണിമാസ്റ്റര്‍ എഴുതിയുള്ളൂ. എന്നാല്‍ 'വായിക്കാതെ വളര്‍ന്നാല്‍ തുലയും' എന്ന് അത് തിരത്തേണ്ട കാലം ആയി. കുഞ്ഞുണ്ണിമാസ്റ്ററിന്‍റെ കാലത്തേതില്‍ നിന്നും ലോകം മാറിയപ്പോഴാണ് അത്തരമൊരവസ്ഥ ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഉണരുക! വായിക്കുക! വിളയുക! തുലയാതെ തല ഉയര്‍ത്തി ജീവിക്കുക!

അറിയാമോ?

  1. ലോകത്തെ ആദ്യ ഗവേഷണ ലൈബ്രറി 1602-ല്‍ ഓക്‌സ്‌ഫഡില്‍ സ്ഥാപിച്ച ബോഡ്‌ലിയന്‍ ലൈബ്രറി.

  2. നളന്ദ, തക്ഷശില, വിക്രംശില തുടങ്ങിയ പുരാതന ഭാരതീയ സര്‍വകലാശാലകളിലെ ലൈബ്രറികള്‍ ലോകപ്രശസ്തമായിരുന്നു.

  3. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുള്ള രാജകീയ പ്രന്ഥശാല - നേപ്പാളിലെ ഡര്‍ബാര്‍ ലൈബ്രറി

  4. ഇന്ത്യയുടെ ദേശീയ ലൈബ്രറി എന്നറിയപ്പെടുന്നത് - കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറി (1836 ല്‍ സ്ഥാപിതമായി)

  5. കേരളത്തിലെ ആദ്യ ഗ്രന്ഥാലയം - ട്രാവന്‍കൂര്‍ പബ്ലിക് എലൈബ്രറി (1829 ല്‍ സ്ഥാപിതമായി)

ഡിജിറ്റല്‍ ലൈബ്രറിയുടെ മേന്മകള്‍

  1. ഏതു സമയത്തും ഉപയോഗിക്കാം.

  2. എവിടെവെച്ചും ഇന്‍റര്‍നെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടറിന്‍റെ സഹായത്താല്‍ വിവരങ്ങള്‍ തേടാം.

  3. ഒരേസമയം ഒന്നിലധികം പേര്‍ക്ക് ഒരേ വിവരം ലഭ്യമാക്കാം.

  4. സ്ഥലസൗകര്യം പ്രശ്‌നമല്ല.

  5. ആവശ്യമായ വിവരങ്ങള്‍ വളരെ വേഗം കണ്ടെത്താം.

വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങള്‍

  1. പാളയില്‍നിന്ന് പ്ലാസ്റ്റിക്കിലേക്ക് (കുഞ്ഞുണ്ണി)

  2. കാവുതീണ്ടല്ലേ (സുഗതകുമാരി)

  3. അമ്മയെ മറന്നുപോകുന്ന ഉണ്ണികള്‍ (കെ. അരവിന്ദാക്ഷന്‍)

  4. ഞാനൊരു നിശബ്ദ കൊലയാളി (ഡോ. മാത്യു കോശി പുന്നയ്ക്കാട്)

  5. കുടിവെള്ളം (കെ. അജയകുമാര്‍)

  6. നമ്മുടെ ജലവിഭവങ്ങള്‍ (റാം)

  7. പ്ലാസ്റ്റിക്കും പരിസ്ഥിതിയും (ഡോ. എ. ബിജുകുമാര്‍, ഡോ. ആര്‍. അജയകുമാര്‍)

  8. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം (പൊക്കുടന്‍)

  9. ഹരിതചിന്തകള്‍ (എം.കെ. പ്രസാദ്)

  10. ഭൂമിക്ക് ഒരു അവസരം നല്‍കൂ. (പി.പി.കെ. പൊതുവാള്‍)

  11. ഭൂമിക്ക് പനി (പി.എസ്. ഗോപിനാഥന്‍ നായര്‍)

  12. പ്രകൃതി സംരക്ഷണം (പ്രൊഫ. എം.കെ. പ്രസാദ്)

  13. നമുടെ ആരോഗ്യം നമ്മുടെ പരിസ്ഥിതി (അജിത് വെണ്ണിയൂര്‍)

  14. ഒറ്റ വൈക്കോല്‍ വിപ്ലവം (ഫുക്കുവോക്ക)

  15. പ്രകൃതിയിലേക്ക് മടങ്ങാന്‍ (ഫുക്കുവോക്ക)

  16. സുന്ദരികളും സുന്ദരന്‍മാരും (ഉറൂബ്)

  17. ഒരു ദേശത്തിന്‍റെ കഥ (എസ്.കെ. പൊറ്റെക്കാട്ട്)

  18. ജീവിതപ്പാത (ചെറുകാട്)

  19. അരങ്ങുകാണാത്ത നടന്‍ (തിക്കോടിയന്‍)ബാല്യകാല സ്മരണകള്‍ (മാധവിക്കുട്ടി)

  20. നാലുകെട്ട് (എം.ടി. വാസുദേവന്‍ നായര്‍)

  21. രണ്ടാമൂഴം (എം.ടി. വാസുദേവന്‍ നായര്‍)

  22. ഇനി ഞാന്‍ ഉറങ്ങട്ടെ (പി.കെ. ബാലകൃഷ്ണന്‍)

  23. ഭാരത പര്യടനം ( കുട്ടിക്കൃഷ്ണമാരാര്‍)

  24. കണ്ണീരും കിനാവും (വി.ടി. ഭട്ടതിരിപ്പാട്)

  25. കാടുകളുടെ താളം തേടി (സുജാത ദേവി)

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു