ചൈനയിലെ സാഹിത്യാന്തരീക്ഷത്തിൽ നിന്നു മാറി സ്വന്തം ആത്മതാപങ്ങളുടെ പുൽവേരുകൾ തേടിയ എഴുത്തുകാരനാണ് ഗാവോ സിങ്ജിയാൻ. അദ്ദേഹത്തിന്റെ "സോൾ മൗണ്ടൻ' എന്ന നോവൽ സ്വയം ആരാണെന്നു ചോദിക്കുന്ന മഹർഷി പാരമ്പര്യത്തിന്റെ പുതിയൊരു സൗന്ദര്യാത്മക ഭാഷ്യം ചമയ്ക്കുകയാണു ചെയ്തത്. ജീവിതത്തിന്റെ മിഥ്യകൾ, നാം അംഗീകരിച്ചാലും ഇല്ലെങ്കിലും, ആഫ്രിക്കൻ പായൽ പോലെ പടരുകയാണ്. കുറെ മിഥ്യകളെ തെരഞ്ഞുപിടിച്ചു നശിപ്പിക്കാം. എന്നാൽ വീണ്ടും മിഥ്യകൾ വരുകയായി. ജീവിതത്തെ മിഥ്യാമുക്തമാക്കുക എളുപ്പമല്ല. അതുകൊണ്ട് മിഥ്യകളിൽ തന്നെ അമർന്ന് പോവുകയാണ് നാം. വഴക്കടിക്കാനും പിരിയാനും വീണ്ടും യോജിക്കാനും നമ്മെ സഹായിക്കുന്നത് ഈ മിഥ്യകൾ തന്നെയാണ്.
ഗാവോ സിങ്ജിയാൻ ഈ ലോകബോധത്തിന്റെ, പ്രാചീനമായ വ്യക്തിസാക്ഷാത്കാരത്തിന്റെ വനസ്ഥലികളിലൂടെ നടന്ന് മിഥ്യാമുക്തി നേടാനായി എഴുതിക്കൊണ്ടിരുന്നു. സിങ്ജിയാന്റെ "സോൾ മൗണ്ടനു' നൊബേൽ സമ്മാനം ലഭിച്ചത് 2000ലാണ്. സ്വന്തം ആത്മാവിൽ പ്രവാസിയായി അലഞ്ഞ സിങ്ജിയാൻ കല, സൗന്ദര്യശാസ്ത്രം, സൃഷ്ടി തുടങ്ങിയ വിഷയങ്ങളിൽ സ്വന്തം മാനിഫെസ്റ്റോ എന്നു പറയാവുന്ന തരത്തിലുള്ള ആശയങ്ങൾ അവതരിപ്പിച്ച എഴുത്തുകാരനാണ്. "എയ്സ്തെറ്റിക്സ് ആൻഡ് ക്രിയേഷൻ' എന്ന പേരിൽ അദ്ദേഹം എഴുതിയ പുസ്തകത്തിൽ എഴുത്തുകാരന്റെ നില, കഥയുടെ ശില്പം, നാടകവേദിയുടെ പ്രാഗത്ഭ്യം, കലാകാരന്റെ സൗന്ദര്യബോധം, പരിസ്ഥിതിയും സാഹിത്യവും, പ്രത്യയശാസ്ത്രവും സാഹിത്യവും, സ്വാതന്ത്ര്യവും സാഹിത്യവും എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
രാഷ്ട്രീയം ഇടപെടുന്നു
ഒരു നാടകകൃത്ത് എന്ന നിലയിൽ പ്രസിദ്ധനാണ് ഗാവോ സിങ്ജിയാൻ. 1987ൽ അദേഹം പാരീസിലേക്ക് താമസം മാറ്റി. തന്റെ നാടകങ്ങൾ പ്രസിദ്ധീകരിക്കാൻ ഹോങ്കോങ്ങിലും തൈവാനിലുമുള്ള പ്രസാധകരെ കിട്ടിയത് അക്കാലത്താണ്. 17 നാടകങ്ങൾ പുസ്തകരൂപത്തിൽ വന്നു. ഇതിൽ മിക്കതും നേരത്തേ തന്നെ ഫ്രഞ്ച്, സ്വീഡിഷ്, കൊറിയൻ, ജാപ്പനീസ് ഭാഷകളിൽ പ്രസിദ്ധീകരിച്ചവയാണ്.
90കളുടെ തുടക്കത്തിൽ തന്നെ ചൈനീസ് ഭരണകൂടത്തിന് അപ്രിയനായിത്തീർന്ന അദ്ദേഹം വിദേശത്താണ് തന്റെ സർഗപ്രതിഭ തെളിയിച്ചത്. ചൈനയുടെയും യൂറോപ്പിന്റെയും കലാപാരമ്പര്യത്തെ അറിഞ്ഞ സിങ്ജിയാൻ തന്റേതായൊരു സൗന്ദര്യശാസ്ത്ര ചിന്തയ്ക്ക് തുടക്കമിട്ടത് സ്വാഭാവികമാണ്.
സാഹിത്യത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് സിങ്ജിയാൻ പറയുന്ന കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: "ആധുനിക ജനാധിപത്യത്തിൽ പോലും സാഹിത്യത്തിൽ രാഷ്ട്രീയം ഇടപെടുന്നുണ്ട്. ആഗോളവൽക്കരണത്തിന്റെ സമ്മർദ്ദം എഴുത്തുകാരന്റെ മേലുണ്ട്. അതുകൊണ്ട് ഇടത്തോട്ടോ വലത്തോട്ടോ ചായാത്ത ഒരു എഴുത്തുകാരന് തന്റെ ശബ്ദം മാധ്യമങ്ങളിലൂടെ കേൾപ്പിക്കാൻ ഇത് പ്രതിബന്ധം സൃഷ്ടിപ്പിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ എഴുത്തുകാരനു സൃഷ്ടിപരമായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ നിന്നു വിടുതൽ നേടി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം വളരെ പരിമിതപ്പെട്ടിരിക്കുകയാണ്. '
ഇത് ജനാധിപത്യ വ്യവസ്ഥയിലെ കക്ഷിരാഷ്ട്രീയത്തിൽ എഴുത്തുകാരന് ഒരു പക്ഷം ചേരേണ്ടതിന്റെ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്. എഴുത്തുകാരന് യാതൊരു സ്വാതന്ത്ര്യവും ഇനി ബാക്കിയില്ല. രാഷ്ട്രീയ പാർട്ടികൾ അധികാരമുപയോഗിച്ച് എഴുത്തുകാരെ ഭയപ്പെടുത്തുകയും വരുതിയിലാക്കി നിർത്തുകയും ചെയ്യുന്നു. അവർ എഴുത്തുകാരെ രാഷ്ട്രീയവൽക്കരിക്കുകയല്ല, അരാഷ്ട്രീയവൽക്കരികയാണ്. എഴുത്തുകാർക്ക് ഇഷ്ടം പോലെ പുരസ്കാരം കിട്ടുന്നതും സംഘടനകളിൽ ഭാരവാഹിത്വം നൽകുന്നതും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള അവസരം ഒരുക്കുന്നതും അവരെ ഭൗതികമായി നിയന്ത്രിക്കാനുള്ള ഉപകരണങ്ങളായി മാറുകയാണ്. ഇത്രയും സൗകര്യം ലഭിക്കുമ്പോൾ അവന് പെട്ടെന്ന് ഉപേക്ഷിക്കാനാവുന്നത് തന്റെ കൈയിലുള്ള സ്വാതന്ത്ര്യം മാത്രമാണ്. സ്വാതന്ത്ര്യം മാത്രമേ നഷ്ടപ്പെടാനുള്ളു. കിട്ടാനുള്ളതോ കൈ നിറയെ പ്രമോഷനുകൾ!.
അരാഷ്ട്രീയവത്ക്കരണം
അതുകൊണ്ടുതന്നെ എഴുതാൻ അറിയാത്തവരും എഴുത്തുകാരാകാൻ ചാടിയിറങ്ങുന്നു, അവർ യഥേഷ്ടം പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട്. ഇത് അവരെ അരാഷ്ട്രീവൽക്കരിക്കയാണ് ചെയ്യുന്നത്. സ്വതന്ത്രമായി നിരീക്ഷിച്ച് അഭിപ്രായം പറയാനോ എഴുതാനോ കഴിയാത്ത അവസ്ഥയാണിത്. എന്നാൽ അതിന്റെ പരിമിതിയോ പരാധീനതയോ ആരും അറിയുന്നു പോലുമില്ല ; പകരം, നിറഞ്ഞ സംതൃപ്തിയാണ് കിട്ടുന്നത്. സിങ്ജിയാൻ എഴുതുന്നു: "സാഹിത്യം അവസാനമില്ലാത്ത ഒരു നദിയാണ്. എഴുത്തുകാർ അതിലെ ഏകാന്ത സഞ്ചാരികളാണ്. മനുഷ്യരാശിയുടെ ഭൗതികവും ആത്മീയവുമായ ലോകത്തെക്കുറിച്ചുള്ള അറിവിനു വേണ്ടി കഷ്ടപ്പെടുകയാണ് അവർ. ഇതാണ് അവർ ആവിഷ്കരിക്കാൻ പരിശ്രമിക്കുന്നത്. ഇത് അന്തമില്ലാത്ത ഒരു വീഥിയാണ്. എന്തെന്നാൽ സാഹിത്യത്തിലൂടെ ലഭിച്ച, ലോകത്തെക്കുറിച്ചും മനുഷ്യജീവികളെക്കുറിച്ചുള്ള അറിവ് ഒരിടത്തും അവസാനിക്കുന്നില്ല. '
ഷേക്സ്പിയർ എഴുതിയതിനു തുല്യമായി മനുഷ്യമനസിനെക്കുറിച്ചു അഗാധമായ കാഴ്ചകൾ വേറെങ്ങും കിട്ടുകയില്ല. എന്നാൽ ഷേക്സ്പിയർ എഴുതിയതുകൊണ്ട് മനുഷ്യൻ പൂർണമായി പഠിക്കപ്പെട്ടു എന്ന് അർഥമില്ല. ഇനിയും അനന്തമായി പഠിക്കാൻ പലതും അവശേഷിക്കുന്നു. ആരുടെയും വാക്കുകൾ അന്തിമമല്ല. സിങ്ജിയാൻ പറയുന്നത് പൊളിറ്റിക്കൽ കറക്റ്റ്നെസിനെക്കുറിച്ചല്ല (രാഷ്ട്രീയമായ ശരി), ഹിസ്റ്റോറിക്കൽ കറക്റ്റ്നെസിനെ (ചരിത്രപരമായ ശരി) കുറിച്ചാണ്. ഒരു കലാകാരൻ തന്റെ സൗന്ദര്യാത്മകമായ അനുഭവമാണ് കലാസൃഷ്ടിയിലേക്ക് കൊണ്ടുവരുന്നത്. അപ്പോൾ അവൻ ഒരുന്മാദാവസ്ഥയിലായിരിക്കും. അവന്റെ മുൻപിൽ ചരിത്രപരമായ ശരികളില്ല. അവിടെ നവീനമായ കാഴ്ചകൾ മാത്രമേയുള്ളൂ. ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുപിടുത്തങ്ങളും അതിശയങ്ങളും സംഭവിക്കുന്നു. ശരിയായ രീതിയിൽ ഒരു രൂപം ഉരുത്തിരിഞ്ഞു കഴിഞ്ഞാൽ, പിന്നെ അത് കാലത്തിനപ്പുറത്തേക്കാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കലയുടെ മേഖലയെ യുദ്ധത്തിന്റെയോ വിപ്ലവത്തിന്റെയോ മേഖലയാക്കരുതെന്നാണ് സിങ്ജിയാൻ പറയുന്നത്. പൂർണമായി പാരമ്പര്യത്തെ നിഷേധിക്കുന്നതിൽ അർഥമില്ല. സൗന്ദര്യബോധത്തെ സംബന്ധിച്ചുള്ള വിധിതീർപ്പുകൾ മാറിവരുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഇതിനു കാരണമാകുന്നത് ധാർമിക വിധിന്യായങ്ങളും രാഷ്ട്രീയ ശരികളുമാണ്. 'കലയിൽ ധാർമികവാദത്തിന് ഒരു സ്ഥാനവുമില്ല. കലയെ, അത് പുരോഗമനാത്മകമാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ശരിയല്ല. കല ഒരു കായിക മത്സരമല്ല; അത് വിലയിരുത്തപ്പെടേണ്ട ആവശ്യം പോലുമില്ല. അവിടെ ഒരു വിജയിയോ പരാജിതനോ ഇല്ല. കലാകാരന്മാർ അവരുടെ രചനകൾ പരമാവധി നന്നാക്കിയ ശേഷം പിന്മാറുകയാണ് ചെയ്യുന്നത്'- സിങ്ജിയാൻ എഴുതുന്നു.
പുതിയ ക്രമം
കലയുടെ രംഗത്ത് ആരെയും അട്ടിമറിക്കേണ്ടതില്ല. എത്ര വർഷം പഴക്കമുള്ളതായാലും, കലാസൃഷ്ടിക്ക് അതിന്റെ ആകർഷണം വീണ്ടെടുക്കാനാവും. ഒരു സാഹിത്യകാരന് ഈ ലോകത്തിന്റെ ഗതിയെക്കുറിച്ച് പഴുതടച്ച ഒരു വിശദീകരണവും നൽകാനില്ല. ഈ ലോകത്തെക്കുറിച്ച് സംസാരിക്കുക മാത്രമാണ് അയാൾ ചെയ്യുന്നത്. ഈ ലോകം അപൂർണമാണെന്ന് അറിഞ്ഞുകൊണ്ടാണ് ഒരാൾ എഴുതുന്നത്. കുഴഞ്ഞ് മറിഞ്ഞ ലോകത്തു നിന്ന് എഴുത്തുകാരൻ തന്റേതായ ഒരു ക്രമം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതാകട്ടെ, സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഒരു സാഹിത്യസൃഷ്ടിയെ സത്യം എന്ന അളവുകോൽ കൊണ്ട് അളക്കുന്നതിനെയും സിങ്ജിയാൻ എതിർക്കുന്നു.
രാഷ്ട്രീയ ശരിയെയും നന്മനിമകളെക്കുറിച്ചുള്ള ധാരണകളെയും മറികടക്കാനാണ് ഒരു യഥാർഥ എഴുത്തുകാരൻ രചനയിലേക്ക് നീങ്ങുന്നത്. അവിടെ വൈകാരികമായ, വ്യക്തിഗതമായ നിർണയങ്ങൾക്കാണ് പ്രാധാന്യം. ലോകത്തെ ഏതാനും സാമൂഹ്യ നിരീക്ഷകരും രാഷ്ട്രീയനേതാക്കളും തീരുമാനിക്കുകയോ നിർവചിക്കുകയോ ചെയ്യുന്നതിൽ ഒതുങ്ങാൻ ഒരുക്കമല്ല. ഇതാണ് അയാളുടെ ഉള്ളിലെ തീ.
"എഴുത്തുകാരൻ മനുഷ്യജീവിതത്തെക്കുറിച്ച് ഒരു വിധിയും പുറപ്പെടുവിക്കുന്നില്ല. ഈ ലോകത്തെ മാറ്റിമറിക്കാനായി യാതൊന്നും ചെയ്യുന്നില്ല. അയാൾക്ക് ആ കഴിവില്ല; എന്നാൽ ലോകത്തെ മാറ്റാനുമാവില്ല. ' -സിങ്ജിയാൻ പറയുന്നു. അയാൾ സൃഷ്ടിക്കുന്ന സൗന്ദര്യാത്മകമായ അനുഭവങ്ങൾ ഏതു കാലത്തും പ്രസക്തമാകുമോ എന്നതാണ് അയാളുടെ മുന്നിലുള്ള പ്രശ്നം. ഷേക്സ്പിയറുടെ കഥാപാത്രങ്ങൾ ഈ ചോദ്യത്തിനു പര്യാപ്തമായ ഉത്തരം നൽകുന്നുണ്ട്.
ഉത്തര രേഖകൾ
1) ഇന്ത്യൻ ദർശനത്തെ അനുഭൂതിയാക്കി മാറ്റിയ ഏറ്റവും മികച്ച കൃതി ഏതാണ്?
ഉത്തരം: അത് ജർമൻ - സ്വിസ് സാഹിത്യകാരനായ ഹെർമർ ഹെസെയുടെ "സിദ്ധാർഥ'യാണ്. ശരിക്കും ഒരു ഇന്ത്യൻ അനുഭവം. എല്ലാ ഗുരുക്കന്മാരെയും ഉപേക്ഷിച്ച് ജീവിതത്തിന്റെ സത്യം തേടിയ സിദ്ധാർഥന് അത് അവസാനം കിട്ടുന്നു. അവൻ ഓംകാരം സ്വയം മനസിലാക്കുന്നു, ഒരു നദി ഒഴുകുന്ന ശബ്ദത്തിലൂടെ. ശാന്തി നേടിയ സിദ്ധാർഥനെ ചുംബിക്കുന്ന ഗോവിന്ദനു പരിവർത്തനം സംഭവിക്കുന്നു. അയാൾ അപാരമായ ഒരു പ്രപഞ്ചലീല കാണുകയാണ്. ഒരു മീനിൽ അയാൾ നവജാത ശിശുവിന്റെയും കൊലപാതകിയുടെയും മുഖങ്ങൾ കാണുന്നു. കാലത്തിലൂടെ എല്ലാം പുനർജനിക്കുകയും കെട്ടുപിണയുകയും ചെയ്യുന്നത് അയാൾ മനസിലാക്കുന്നു. ജന്മത്തിന്റെ പൊരുൾ ഇതൾ വിടർത്തുന്ന അനുഭവം.
2) പൊളിറ്റിക്കൽ കറക്റ്റ്നസ് (Political correctness) എന്നു പറയുന്നത് ഒരു സാമൂഹ്യ മര്യാദ മാത്രമാണ്. ഒരു കലാകാരന് അത് പാലിക്കാനാവില്ല. ഒരു സ്ത്രീയുടെ നഗ്നചിത്രം വരച്ചത് എന്തിനാണെന്ന് ഫ്രഞ്ച് കലാകാരൻ റെന്വെയോട് ചോദിക്കുന്നത് വിവരക്കേടാണ്. കലാകാരൻ അവന്റെ വഴിക്കാണ് നീങ്ങുന്നത്. അവന് ആരെയും ബോധ്യപ്പെടുത്താനില്ല. സ്വന്തം ബോധ്യങ്ങൾ പ്രധാനമാണ്. അവന് പലതും പോസ്റ്റ്മോർട്ടം ചെയ്യണം. പി. വത്സല ഒരു അഭിമുഖത്തിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസം. 3) തന്റെ പ്രതിബദ്ധത സ്വന്തം മനസിനോട് മാത്രമാണെന്ന് പറയുന്നത് പ്രസക്തമാണ്. ദിലീഷ് പോത്തൻ, ലിജോ ജോസ് എന്നീ സംവിധായകരുടെ സെറ്റിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന വാക്ക് കടന്നു വരാറില്ലെന്ന് സംവിധായകൻ രഞ്ജിത്ത് ഒരഭിമുഖത്തിൽ പറഞ്ഞത് ഇതിനോട് ചേർത്ത് കാണണം. കാലഹരണപ്പെട്ട സങ്കേതങ്ങളും പദങ്ങളുമാണ് ഇന്ന് മാധ്യമങ്ങളും ചില വിമർശകരും ഉപയോഗിക്കുന്നത്. സമൂഹത്തിലെ ആരെയും നോവിക്കാതെ, വിമർശിക്കാതെ എഴുതണമെന്ന് പറയുന്നതിൽ അർഥമില്ല.
3) വർധിച്ചു വരുന്ന സാഹിത്യോത്സങ്ങൾ സൂചിപ്പിക്കുന്നത് നമ്മുടെ സാഹിത്യകൃതികളുടെ നിലവാരം ഉയർന്നു എന്നല്ലേ?
ഉത്തരം: സാഹിത്യോത്സവങ്ങളും സാഹിത്യകൃതികളുടെ നിലവാരവും തമ്മിൽ ബന്ധമില്ല. നമ്മൾ സമ്പന്നരായി എന്നാണ് ഉത്സവങ്ങൾ സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ ഒരു പുസ്തകം പ്രകാശനം ചെയ്യാൻ പോലും സാധാരണ എഴുത്തുകാരന് പ്രയാസമായിരുന്നു. ഇപ്പോൾ പ്രകാശന ചടങ്ങുകൾ വലിയ മാമാങ്കങ്ങളായി. ഇത്തരം ചടങ്ങുകളിൽ ഭക്ഷണവും ഉറപ്പാക്കുകയാണ്. ഇന്നത്തെ സാംസ്കാരിക പ്രവർത്തകർക്ക് അഭിമാനിക്കാനും അതിജീവിക്കാനുമുള്ള ഒരേയൊരു കവാടമാണ് പുസ്തകപ്രകാശനം. അത് ഇന്ന് ഒരു മതാചാരമാണ്.
4) കവിത മൂർച്ചയുള്ള കത്തിമുന പോലെയാകേണ്ടതുണ്ടോ?
ഉത്തരം: കവിതയിൽ ചമൽക്കാരം സാധാരണമാണെങ്കിലും ചമത്കാരം പോലും ലജ്ജിച്ചു തലതാഴ്ത്തി പിൻവാങ്ങുന്ന സന്ദർഭങ്ങളുണ്ട്. അത് കവിത സത്യത്തിലേക്ക് തുളച്ചിറങ്ങുമ്പോഴാണ് സംഭവിക്കുന്നത്. നവീനകാലത്ത് കവിത എല്ലാറ്റിന്റെയും മൂടുപടങ്ങൾ അഴിച്ചു മാറ്റാനുള്ള സങ്കേതമായി മാറുന്നത് സ്വാഗതം ചെയ്യണം. ഒ.പി. സുരേഷ് എഴുതിയ "ഛെ' (ഗ്രന്ഥാലോകം, ഒക്റ്റോബർ) സമകാല ജീവിതത്തെ തുറന്നുകാണിക്കുന്ന കവിതയാണ്. എല്ലാം നിലവാരപ്പെട്ട്, ജീവിതപ്പെരുമാറ്റം വെറും അനുഷ്ഠാനമായി തകർന്നുവീഴുന്ന ഈ കാലത്തെ കവി നിശിതമായി പരിഹസിക്കുന്നു, തുറന്നു കാണിക്കുന്നു:
"എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നതും
അങ്ങനെ പോകുന്നു എന്ന് പറയുന്നതും
ഔദ്യോഗിക അഭിവാദനങ്ങൾ.
ചോദിക്കുന്നവരും പറയുന്നവരും
പല ഷിഫ്റ്റുകളുള്ള ഒരൊറ്റ ഫാക്റ്ററിയിലെ
പരസ്പര ബഹുമാനമുള്ള ശമ്പളക്കാർ.
വീട്, ഓഫീസ്, വിനോദകേന്ദ്രങ്ങൾ
പരിമിത മുദ്രയുള്ള ത്രികോണ പ്രയാണങ്ങൾ
എവിടെയും മുദ്രിതമാകുകയില്ല.
അരക്ഷിതമായ ഒരുണ്മയെന്നോണം
മറ്റെവിടെയോ ജീവിതം തിരയുന്നവർ
കഥാപുസ്തകത്തിൽ പോലും ഇല്ലാതായി'.
ഇതിൽ കൂടുതൽ ചമത്കാരം ജീവിതം അർഹിക്കുന്നില്ലെന്ന ക്രൂരമായ പരിഹാസമാണ് കവിതയിലുള്ളത്. ഒടുവിലത്തെ വരികളിൽ അത് പൂർത്തിയാകുന്നു.
"കിട്ടുന്ന ശമ്പളത്തിനൊത്ത്
ജീവിച്ചുകൊണ്ടേയിരിക്കണം.
പണിമുടക്കമില്ല, രാജിയില്ല'
ജീവിതം ഒരു ചടങ്ങു മാത്രമായിരിക്കുന്നു. അത് രക്തം വറ്റിയ മനുഷ്യരുടെ പൊള്ളയായ പ്രകടനമായിക്കഴിഞ്ഞു. പരിശോധനയിൽ രോഗമൊന്നുമില്ല. എന്നാൽ ഒട്ടും ജീവനില്ല. നാട്യങ്ങൾ മുറപോലെ നടക്കുന്നു.