വെസ്റ്റ്മിനിസ്റ്റർ ആബിയുടെ അകത്തളം. 
Literature

സ്മരണകളിരമ്പുന്ന ചരിത്ര സങ്കേതം - വെസ്റ്റ്മിനിസ്റ്റർ ആബി

അജയൻ

''ജീവിതത്തിന്‍റെ അവസാന അധ്യായമാണ് മരണം, അനശ്വരതയുടെ ആദ്യത്തെയും''

വെസ്റ്റ്മിനിസ്റ്റർ ആബിക്കുള്ളിൽ സ്പഷ്ടമായൊരു അശരീരി പോലെ മനസിൽ തെളിഞ്ഞുവന്ന വാക്കുകൾ അതായിരുന്നു.... അമൂല്യ നിധികളായി ഭൂതകാലത്തെ സംരക്ഷിക്കുന്ന, സ്മരണകളുടെ സങ്കേതമാണിത്.

എഡി 1066 മുതൽ, കിരീടധാരണങ്ങളും വിവാഹങ്ങളും മുതൽ അന്ത്യകർമങ്ങൾ വരെ, ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ സകല പ്രതാപങ്ങൾക്കും പരിദേവനങ്ങൾക്കും സാക്ഷ്യം വഹിച്ച വെസ്റ്റ്മിനിസ്റ്റർ ആബി. ലണ്ടൻ നഗരത്തിന്‍റെ ഹൃദയഭാഗത്താണ് ഇതു നിലകൊള്ളുന്നത്. ചക്രവർത്തിമാരുടെ മാത്രമല്ല, ഇംഗ്ലണ്ടിന്‍റെ തേജോപുഞ്ജങ്ങളായി കണക്കാക്കുന്ന മറ്റു ഭരണാധികാരികളുടെയും ഡ്യൂക്കുമാരുടെയും ശാസ്ത്രജ്ഞരുടെയും എഴുത്തുകാരുടെയുമെല്ലാം ഓർമകൾ കൂടിക്കലർന്നു കിടക്കുന്നതാണ് ഈ സങ്കേതം. അവരുടെയെല്ലാം പൈതൃകമാണ് ഇവിടത്തെ വിശുദ്ധമായ ചുവരുകൾക്കുള്ളിൽ പ്രതിഫലിക്കുന്നത്. ചാൾസ് ഡാർവിൻ അടക്കമുള്ള മഹാ പ്രതിഭകളുടെ ശവകുടീരത്തിൽ ചവിട്ടാതെ ശ്രദ്ധിച്ചു മാത്രം നടക്കാവുന്ന ഒരിടം.

ചാൾസ് ഡാർവിന്‍റെ കല്ലറ

വെസ്റ്റ്മിനിസ്റ്റർ ആബിയുടെ ഉദ്ഭവം നിഗൂഢമാണ്. പത്താം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഇവിടെ ഒരു സന്ന്യാസി മഠം നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇവിടെ ആദ്യത്തെ വലിയ കെട്ടിടം കമ്മിഷൻ ചെയ്യുന്നത് എഡ്വേർഡ് രാജാവാണ് (King Edward the Confessor), 1040ൽ. ഇന്ന് ഇതേ ആബിക്കുള്ളിൽ ആ രാജാവും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഇപ്പോൾ കാണുന്ന പ്രൗഢമായ പള്ളിയുടെ നിർമാണം തുടങ്ങിയത് 1245ൽ, ഹെൻറി മൂന്നാമന്‍റെ ഭരണകാലത്താണെന്ന് ചരിത്രം പറയുന്നു. ഇന്നും നിലനിൽക്കുന്ന മഹത്തായൊരു വാസ്തുശിൽപ്പ പൈതൃകത്തിന്‍റെ നാന്ദിയായിരുന്നു അത്. കാലം പോറലേൽപ്പിക്കാത്ത മനോഹാരിതയും, അതിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന സമൃദ്ധമായ ചരിത്രവും ലോകത്തിന്‍റെ വിവിധ കോണുകളിൽനിന്നുള്ള സന്ദർശകരെ ദിവസേന ഇവിടേക്ക് ആകർഷിക്കുന്നു. എൻട്രി ടിക്കറ്റ് എടുക്കുന്നതിനുള്ള നീണ്ട ക്യൂ ഇവിടെ പതിവാണെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പറഞ്ഞറിഞ്ഞു.

ഈ മഹാസൗധത്തിലേക്ക് കാലെടുത്തു വച്ചപ്പോൾ അറിയാതെ ഉള്ളിലൊരു ആദരം പിടിമുറുക്കി. അക്ഷരാർഥത്തിൽ ചരിത്രം ഉറങ്ങിക്കിടക്കുന്ന മൊസെയ്ക്ക് നിലം. നിശബ്ദമായൊരു ക്ഷാമപണത്തോടെയല്ലാതെ ഒരു ചുവട് പോലും മുന്നോട്ടുവയ്ക്കാനാവില്ല.

അകത്തളത്തിന്‍റെ ആഡംബരം

ജ്യാമിതീയ ഗോഥിക് ശൈലിയിലാണ് കെട്ടിടം. 11 ഇതളുകളുള്ള നടുത്തളം കൂടിച്ചേരലുകൾക്കുള്ള വിശാലമേഖലയായി കിടക്കുന്നു. പാർശ്വത്തിലെ മുറികളെ അലങ്കരിക്കുന്ന, കൈകൊണ്ടു നിർമിച്ച സ്ഫടികത്തിൽ തീർത്ത ബഹുശാഖികളായ തൂക്കുവിളക്കുകൾ, തേജസുറ്റ അകത്തളങ്ങളെ കൂടുതൽ പ്രഭാപൂരിതമാക്കുന്നു. വെണ്ണക്കൽ സ്തംഭങ്ങൾ അകത്തളത്തിന്‍റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു.

എഡ്വേർഡ് രാജാവിന്‍റെ സമാധിപീഠത്തിനും പ്രധാന അൾത്താരയ്ക്കും മുൻപ്, പ്രശസ്തമായ റോമൻ കോസ്മറ്റി കുടുംബത്തിന്‍റെ കലാചാതുരി പാകിവച്ച തറ. 700 വർഷം പഴക്കമുള്ള ഈ നിലം ബഹുവർണത്തിലുള്ള മുപ്പതിനായിരത്തോളം കണ്ണാടിച്ചില്ലുകളും കല്ലുകളും വിരിച്ചാണ് അദ്ഭുതാവഹമായ ദൃശ്യവിരുന്നൊരുക്കിയിട്ടുള്ളത്.

മധ്യകാല ഇംഗ്ലീഷ് ചർച്ചുകളിൽ പതിവായിരുന്ന വിശുദ്ധരുടെ കുടീരങ്ങളിൽ ഭൂരിഭാഗവും നവോത്ഥാന കാലഘട്ടത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു. വിശുദ്ധ എഡ്വേർഡിന്‍റേതു മാത്രം വെസ്റ്റ്മിനിസ്റ്റർ ആബിയിൽ സുരക്ഷിതമായി തുടരുന്നു.

ഐസക് ന്യൂട്ടന്‍റെ കല്ലറയിലെ മാർബിൾ ഫലകം.

ഏകദേശം 3,300 പേരുടെ ഓർമകളെയാണ് ആബിയുടെ തറനിരപ്പിനു താഴെ അനശ്വരമായി ആവാഹിച്ചിരുത്തിയിട്ടുള്ളത്. ചരിത്രത്തിൽ മായാമുദ്ര പതിപ്പിച്ച ആ മഹാരഥൻമാരിൽ ചാൾസ് ഡാർവിനെ കൂടാതെ, ശാസ്ത്രജ്ഞരായ ഐസക് ന്യൂട്ടണും സ്റ്റീഫൻ ഹോക്കിങ്ങും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ചരിത്രമുദ്ര ചാർത്തിയ പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്ലിയും നടൻമാരായ ഡേവിഡ് ഗാരിക്കും ലോറൻസ് ഒലിവിയറുമെല്ലാം ഉൾപ്പെടുന്നു. ഇംഗ്ലണ്ടിന്‍റെയും സ്കോട്ട്ലൻഡിന്‍റെയും ബ്രിട്ടന്‍റെയും പതിനെട്ട് ചക്രവർത്തിമാർ വേറെ.

രാജ്ഞിയുടെ വജ്ര ജൂബിലി ഗാലറി

വജ്ര ജൂബിലി ഗാലറിയിലെ എലിസബത്ത് രാജ്ഞിയുടെ പോർട്രെയ്റ്റ്.

സന്ന്യാസിമാരുടെ പഴയ ഡോർമിറ്ററി 2018 ജൂണിൽ എലിസബത്ത് രാജ്ഞിയുടെ വജ്ര ജൂബിലി ഗാലറിയാക്കി മാറ്റിയിരുന്നു. അതിനടിയിൽ ചരിത്രത്തിന്‍റെ നിധികൾ സൂക്ഷിച്ചുവച്ചിരിക്കുന്ന മ്യൂസിയം. ബ്രിട്ടീഷ് ചക്രവർത്തിമാരുടെയും അവരുടെ പട്ടമഹിഷിമാരുടെയും യഥാർഥ വലുപ്പത്തിലുള്ള പ്രതിമകൾ കാണാം. അവരുടെയൊക്കെ വിലാപയാത്രകൾക്ക് ഉപയോഗിച്ചതോ ശവകുടീരങ്ങൾക്കു മുകളിൽ പ്രദർശിപ്പിച്ചതോ ഒക്കെയാണ് ഈ പ്രതിമകൾ. ഉടമകളുടെ അതേ വേഷഭൂഷാദികളാണ് പല പ്രതിമകളെയും ഇപ്പോഴും അണിയിച്ചിരിക്കുന്നത്.

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാഗ്ന കാർട്ടയുടെ താൾ.

രാജാവ് നിയമത്തിന് അതീതനല്ലെന്ന പ്രഖ്യാപനത്തിലൂടെ, ഇംഗ്ലീഷ് ചരിത്രത്തിലെ ഏറ്റവും സുപ്രധാന രേഖകളിലൊന്നായി മാറിയ, മാഗ്ന കാർട്ടയുടെ താളുകളും മ്യൂസിയത്തിലുണ്ട്. 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിനെടുത്ത പോർട്രെയ്റ്റും സൂക്ഷിച്ചിരിക്കുന്നത് ഇവിടെത്തന്നെ.

കാവ്യമൂല

പോയറ്റ്സ് കോർണറിലെ സന്ദർശകരുടെ തിരക്ക്.

തെക്കേ കവാടത്തിൽ, പുറത്തേക്കുള്ള വാതിനു തൊട്ടടുത്ത്, പ്രശസ്തമായ പോയറ്റ്സ് കോർണർ. നൂറിലധികം കവികളുടെയും എഴുത്തുകാരുടെയും സാഹിത്യസപര്യയുടെ ആത്മാക്കളാണ് അവിടെ കുടികൊള്ളുന്നത്. സ്മൃതികുടീരങ്ങളിലെ തീവ്രസ്മരണകൾക്കൊപ്പം അവരിൽ ചിലരുടെ ഭൗതികശരീരത്തിന്‍റെ തിരുശേഷിപ്പുകളും അവിടെ അന്ത്യവിശ്രമം കൊള്ളുന്നു.

1400ൽ സ്ഥാപിച്ച ജെഫ്രി ചൗസറുടെ കല്ലറയാണ് ആദ്യം, പിന്നെ 1599ൽ സ്ഥാപിക്കപ്പെട്ട എഡ്മണ്ട് സ്പെൻസറുടെ കല്ലറ. അതും കഴിഞ്ഞ് ചാൾസ് ഡിക്കൻസ്, ജെയ്ൻ ഓസ്റ്റിൻ, ബ്രോണ്ടെ സിസ്റ്റേഴ്സ്, മാത്യു അർനോൾഡ്, ജെറാർഡ് മാൻലി ഹോപ്കിൻസ് തുടങ്ങി ആധുനിക സാഹിത്യ ജീനിയസുകളിൽപ്പെടുന്ന സി.എസ്. ലൂയിസ്, ടെഡ് ഹ്യൂസ്, ഫിലിപ് ലാർക്കിൻ എന്നിവർ വരെ ഇവിടത്തെ ദീപ്തമായ ഓർമകളിൽ ജീവിക്കുന്നു.

പോയറ്റ്സ് കോർണറിൽ അന്ത്യവിശ്രമം കൊള്ളുന്ന എഴുത്തുകാരുടെ കല്ലറകൾ - ഒരു കൊളാഷ്.

സന്ദർശകർ തിരക്കുകൂട്ടാതെ നടന്നു നീങ്ങുമ്പോൾ അന്തരീക്ഷം അടക്കിപ്പിടിച്ച സംഭാഷണങ്ങളുടെ മൃദുമർമരങ്ങളാൽ ഘനീഭൂതമാകും. കാതോർത്താൽ, പ്രിയപ്പെട്ട എഴുത്തുകാരുടെ ഇഷ്ടപ്പെട്ട വരികൾ അവയ്ക്കിടയിൽ തെളിഞ്ഞു കേൾക്കാം.

പുറത്തേക്കുള്ള പടിക്കെട്ടുകളിറങ്ങുമ്പോൾ മനസിൽ സമ്മിശ്ര വികാരങ്ങളുടെ നനുത്ത സ്പർശങ്ങൾ മുട്ടിവിളിക്കും. ഒരു സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തതിന്‍റെ ഹൃദയവേദന, അതിന്‍റെ മുറിവുകളിൽ ഉത്തേജനത്തിന്‍റെ ഉന്മാദം പൊടിയുന്നതുപോലെ, ചരിത്രം നെയ്തുവച്ച ചിത്രകമ്പളം കണ്ടിറങ്ങിയതിന്‍റെ ആനന്ദം നിറയും.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു