ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ഓംചേരി എന്‍.എന്‍ പിള്ള 76 വര്‍ഷത്തിലേറെയായി ഡല്‍ഹിയിലായിരുന്നു താമസം. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ നിരവധി കൃതികൾ രചിച്ചു.
1924 ഫെബ്രുവരി ഒന്നിന് വൈക്കം ടിവി പുരം മൂത്തേടത്തുകാവ് ഓംചേരിയില്‍ നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്‍റെ സഹോദരിയും എഴുത്തുകാരിയുമായ പരേതയായ ലീലാ ഓംചേരിയാണ് ഭാര്യ. മകന്‍ എസ്.ഡി. ഓംചേരി (ശ്രീദീപ് ഓംചേരി). മകള്‍ ദീപ്തി ഓംചേരി.
1951ലാണ് അദ്ദേഹം ആകാശവാണി മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി ഡല്‍ഹിയിലെത്തിയത്. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍ ചുമതലകളും ഏറ്റെടുത്തു. 1972ൽ എഴുതിയ പ്രളയമെന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2010ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ആകസ്മികം എന്ന പേരിൽ പുറത്തിറക്കിയ ഓർമക്കുറിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വൈക്കം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവ അദ്വൈതാശ്രമത്തിൽ താമസിച്ചു രണ്ടു വർഷം സംസ്‌കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു. കോട്ടയം സിഎംഎസ് കോളെജിലെ ഇന്‍റർമീഡിയറ്റ് പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിൽ നിന്ന് ഇസ്‌ലാമിക് ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തിലും എറണാകുളം ലോ കോളെജിൽ നിന്നുംബിരുദമെടുത്തു.
അമെരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റി, യുഎസ്എ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണം. ഓള്‍ ഇന്ത്യ റേഡിയോ, ഡിഎവിപി, സെന്‍സേഴ്സ് ഓഫിസ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനെജ്മെന്‍റ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി, ഉസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായി. സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - നാടകം (1972), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്‌കാരം (2010), കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്നാ അവാര്‍ഡ് (2012), നാട്യഗൃഹ അവാര്‍ഡ് (2014), കേരള സര്‍ക്കാരിന്‍റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പ്രഥമ കേരള പ്രഭാ പുരസ്‌കാരം (2022) എന്നിവ ലഭിച്ചിട്ടുണ്ട്.