തിരുവനന്തപുരം:മൂന്നാം ടേമിലേക്ക് എൽഡിഎഫ് സർക്കാർ പോകുമെന്നതിന്‍റെ സൂചനയാണ് ഉപ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉപതെരഞ്ഞെടുപ്പ് ഫലം കേരള സർക്കാരിനെതിരായ വിധിയെഴുത്താകുമോ എന്നു ചോദിച്ചവർക്കുള്ള മറുപടിയാണിത്. തെരഞ്ഞെടുപ്പിൽ ഒരു ഭരണവിരുദ്ധവികാരവും പ്രകടിപ്പിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പാലക്കാട് യുഡിഎഫ് ജയിച്ചത് എല്ലാ വർഗീയ ശക്തികളെയും ചേർത്ത് ഒരു മഴവിൽ സഖ്യം പോലെ പ്രവർത്തിച്ചത് കൊണ്ടാണ്. യുഡിഎഫിനു വേണ്ടി പ്രവർത്തിച്ച ഏറ്റവും വലിയ വിഭാഗം ജമാഅത്തെ ഇലസ്‌ലാമിയും എസ്ഡിപിഐയുമാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുൻപ് തന്നെ പാലക്കാട് ആദ്യം ആഹ്ലാദ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. കോൺഗ്രസിന്‍റെ വിജയത്തിൽ എസ്ഡിപിഐക്കും ജമാഅത്തെ ഇസ്‌ലാമിക്കുമുള്ള പങ്ക് അവർ തന്നെ പ്രകടനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു.
പാലക്കാട് മുനിസിപ്പാലിറ്റിയിലടക്കം ബിജെപിയുടെ വോട്ട് വലിയ തോതിൽ കുറഞ്ഞു. അതിന്‍റെ ഗുണഭോക്താവാരാണെന്ന് വ്യക്തം. ഇടതുപക്ഷത്തെ മുഖ്യ ശത്രുവായിക്കണ്ട് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും യോജിച്ചു പ്രവർത്തിക്കുന്നതാണ് പാലക്കാട് കണ്ടത്. വയനാട്ടിലെ യുഡിഎഫ് വിജയം പ്രതീക്ഷിച്ചതാണ്. മൂന്നു മണ്ഡലത്തിലും ബിജെപിയുടെ പരാജയം ആഹ്ലാദം ഉണ്ടാക്കുന്നതാണ്. പാലക്കാട് ഡോ. പി. സരിൻ മികച്ച സ്ഥാനാർഥിയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ മുതൽക്കൂട്ടായ അദ്ദേഹത്തെ രാഷ്ട്രീയ പോരാട്ടത്തിന്‍റെ മുൻപന്തിയിൽ നിർത്തി മുന്നോട്ട് പോകുമെന്ന് ഗോവിന്ദൻ അറിയിച്ചു
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റേത് ഉജ്വലമായ വിജയമാണ്. എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും വർഗീയ വാദികളുടെയും അതിനെ പിന്തുണക്കുന്ന മാധ്യമ ശൃംഖലകളുടെയും എതിർപ്പുകളെ അതിജീവിച്ചുകൊണ്ടാണ് എൽഡിഎഫ് വിജയം. കേരള രാഷ്ട്രീയം ഏങ്ങോട്ടേക്കാണെന്നതിന് വ്യക്തത നൽകുന്ന തെരഞ്ഞെടുപ്പ് വിജയമാണ് ചേലക്കരയിലേത്. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും കേരളത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ എൽഡിഎഫിന് നിർണായക ചുമതല നിർവഹിക്കാനുണ്ടെന്നു തന്നെയാണ് ചേലക്കര തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.