മുംബൈ: ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയിൽ വൻ വിജയം ആഘോഷിക്കുമ്പോൾ പരാജയത്തിന്‍റെ വൻ കുഴിയിൽ വീണു പോയിരിക്കുകയാണ് മഹാ വികാസ് അഘാടി(എംവിഎ). മഹാരാഷ്ട്രയിൽ 226 സീറ്റുകളിലാണ് മഹായുതി മുന്നേറഅറം തുടരുന്നത്. ബിജെപി ഒറ്റയ്ക്ക് 124 സീറ്റുകളിൽ മുന്നേറുന്നുണ്ട്. മഹായുതിക്ക് ഇത്ര വലിയ വിജയം നേടിക്കൊടുത്തത് കോൺഗ്രസാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ശരദ് പവാറിന്‍റെ എൻസിപി, ഉദ്ദവ് താക്കറേയുടെ ശിവ് സേന (യുബിടി) എന്നിവരാണ് എംവിഎ യിൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്നത്. പ്രചാരണത്തിൽ വന്ന പാളിച്ചകൾ സഖ്യത്തെ ഒന്നോടെ പിഴുതെറിയുമ്പോൾ വിമർശനത്തിന്‍റെ അമ്പുകൾ വന്നു തറയ്ക്കുന്നത് കോൺഗ്രസിനു മേലാണ്. സവർക്കർ വിവാദവും, ദുർബലമായ സംഘാടനവും , സഖ്യത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളുമെല്ലാം എംവിഎയുടെ പരാജയത്തിനു കാരണമായി ചൂണ്ടിക്കാട്ടാം.
സവർക്കെതിരേ രാഹുൽ ഗാന്ധി നിരന്തരമായി നടത്തിയിരുന്ന പങ്കാളിയായ വിമർശനങ്ങൾ സഖ്യത്തിൽ ഒപ്പമുണ്ടായിരുന്ന ശിവ്സേന (യുബിടി)യെ പ്രതിസന്ധിയിലാക്കി. അതു മാത്രമല്ല സഖ്യത്തിന് ഹിന്ദുത്വ വിരുദ്ധമുഖവുമുണ്ടാക്കി. ഈ സാഹചര്യത്തെ ബിജെപി കാര്യമായി തന്നെ ഉപയോഗപ്പെടുത്തി. സവർക്കറോടുള്ള ശിവസേനയുടെ സമീപനത്തെ പ്രധാനമന്ത്രി മോദി അടക്കമുള്ളവർ ചോദ്യം ചെയ്തതോടെ സഖ്യത്തിൽ വലിയ വിള്ളലുണ്ടായി.
കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയിട്ടും ഇത്തവണ ആ താളം നില നിർത്താൻ കോൺഗ്രസിനായില്ല. സഖ്യത്തിന്‍റെ പ്രചാരണ നയം അവ്യക്തമായിരുന്നു. അതു കൊണ്ടു തന്നെ സഖ്യ കക്ഷികൾ പ്രതിസന്ധിയിലായി.
സീറ്റ് വിഭജനത്തിൽ രാഹുൽ ഗാന്ധിക്കുണ്ടായ അതൃപ്തിയും സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കിയിരുന്നു. കോൺഗ്രസിന് ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്നത് വിദർഭയായിരുന്നു. 62 നിയമസഭാ സീറ്റുകളും 10 ലോക്സഭാ മണ്ഡലങ്ങളും അടങ്ങുന്ന മേഖല. ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വെറും രണ്ടു സീറ്റുകളാണ് ഇവടെ നിന്ന് നേടിയത്. കോൺഗ്രസ് അഞ്ച് സീറ്റുകളും എൻസിപിയും ശിവ്സേന (യുബിടി)യും ഓരോ സീറ്റ് വീതവും നേടി. പക്ഷേ ഇത്തവണ ആ പ്രതീക്ഷകൾ അസ്ഥാനത്തായി.
പക്ഷേ തെരഞ്ഞെടുപ്പു ഫലത്തിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ശിവ്സേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത്. ഇതു ജനങ്ങളെഴുതിയ വിധിയാണെന്ന് അംഗീകരിക്കില്ലെന്നാണ് സഞ്ജയ് ആരോപിക്കുന്നത്. എങ്ങനെയാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ എല്ലാം എംഎൽഎ മാരും വിജയിക്കുന്നത്, എങ്ങനെയാണ് വഞ്ചന കൊണ്ട് മഹാരാഷ്ട്രയുടെ മുഴുവൻ കോപം ഏറ്റു വാങ്ങിയ അജിത് പവാർ വിജയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മഹായുതി സഖ്യം നേടിയ വൻ വിജയം ബിജെപിയുടെ ശക്തിയെ ഒന്നു കൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി പദത്തിലെത്തുമെന്ന സൂചനകൾ ലഭിച്ചു കഴിഞ്ഞു. മഹായുതി സഖ്യത്തിൽ ബിജെപി 125 സീറ്റുകളിലും, ശിവ്സേന 56 സീറ്റുകളിലും എൻസിപി 35 സീറ്റുകളിലുമാണ് മുന്നേറുന്നത്. മഹി വികാസ് അഘാടിയിൽ കോൺഗ്രസ് 21 സീറ്റുകളിലും ശിവ്സേന(യുബിടി) 17 സീറ്റുകളിലും എൻസിപി(എസ്പി) 13 സീറ്റുകളിലും മുന്നേറുന്നു.