മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: അജിത് പവാറിനെതിരെ സഹോദര പുത്രൻ യുഗേന്ദ്ര പവാർ മത്സരിക്കുന്നു  
Polls & Bypolls - 2024

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: അജിത് പവാറിനെതിരെ സഹോദര പുത്രൻ യുഗേന്ദ്ര പവാർ മത്സരിക്കുന്നു

ജയന്ത് പാട്ടീൽ ഇസ്ലാംപൂരിൽ നിന്ന് മത്സരിക്കും. ജിതേന്ദ്ര അവഹാദ് മുംബ്രയിൽ നിന്ന് മത്സരിക്കും. അനിൽ ദേശ്മുഖ് കാറ്റോലിൽ മത്സരിക്കും

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഒക്ടോബർ 24 വ്യാഴാഴ്ചയാണ് എൻസിപി-എസ്പി പുറത്തിറക്കിയത്. ബാരാമതിയിൽ സംസ്ഥാന ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെതിരെ സഹോദര പുത്രൻ യുഗേന്ദ്ര പവാറിനെ രംഗത്തിറക്കിയാണ് ശരദ് പവാറിന്‍റെ എൻ സി പി വിഭാഗം സീറ്റ് പിടിക്കാൻ ശ്രമിക്കുന്നത്. ഇത്‌ കൊണ്ട് തന്നെ ബാരാമതി നിയമസഭാ മണ്ഡലത്തിലേ പോരാട്ടം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു. യുഗേന്ദ്ര പവാർ ബാരാമതി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് എൻസിപി-ശരദ്ചന്ദ്ര പവാർ വിഭാഗം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. "പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ നിർദേശപ്രകാരം എൻസിപി എസ്പിയുടെ ആദ്യ പട്ടിക ഞാൻ പ്രഖ്യാപിക്കുകയാണ്. ജയന്ത് പാട്ടീൽ ഇസ്ലാംപൂരിൽ നിന്ന് മത്സരിക്കും. ജിതേന്ദ്ര അവഹാദ് മുംബ്രയിൽ നിന്ന് മത്സരിക്കും. അനിൽ ദേശ്മുഖ് കാറ്റോലിൽ മത്സരിക്കും. രോഹിത് പവാർ കർജത് ജാംഖേഡിൽ നിന്നും രോഹിണി ഖഡ്‌സെ മുക്തൈനഗറിൽ നിന്നും മത്സരിക്കും," ജയന്ത് പാട്ടീൽ പറഞ്ഞു.

ശരദ് പവാർ സ്ഥാപിച്ച വിദ്യാ പ്രതിഷ്ഠാൻ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ട്രഷററായാണ് നിലവിൽ യുഗേന്ദ്ര പവാർ പ്രവർത്തിക്കുന്നത്. ഏതാനും മാസങ്ങളായി യുഗേന്ദ്ര പവാർ ബാരാമതിയിലെ പല യോഗങ്ങളിലും പങ്കെടുത്തിരുന്നു.

കൂടാതെ, ബാരാമതിയിലും പരിസര പ്രദേശങ്ങളിലും വനവൽക്കരണം, ജലസംരക്ഷണം തുടങ്ങിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശര്യൂ ഫൗണ്ടേഷനിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഏർപ്പെടുകയും ചെയ്തിരുന്നു.ഇതിനോടൊപ്പം ബാരാമതി താലൂക്ക് കുസ്തിഗീർ സംഘിൻ്റെ പ്രസിഡന്‍റ് സ്ഥാനം കൂടി വഹിക്കുന്നുണ്ട് യുഗേന്ദ്ര.

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 20 നും വോട്ടെണ്ണൽ നവംബർ 23 നും നടക്കും.

ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ബംഗളൂരു

പാലക്കാട് 16, ചേലക്കര 9, വയനാട്ടിൽ 21; ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു

'ആനകളെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്ത, തിമിംഗലം കരയിലെ ജീവിയല്ലാത്തത് ഭാഗ്യം'‌; വിമർശിച്ച് ഹൈക്കോടതി

രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ ഇടം നേടി വളർത്തുനായയും സുഹൃത്ത് ശന്തനുവും പാചകക്കാരനും

കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു; മലമ്പുഴയിൽ ഉരുൾപ്പൊട്ടലെന്ന് സംശയം