ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ നേരിട്ട തിരിച്ചടി മറികടന്ന് ഇന്ത്യ മുന്നണി അതിശക്തമായി തിരിച്ചുവരുന്നു. കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും ഉൾപ്പെട്ട സഖ്യം ഇപ്പോൾ 50 സീറ്റിൽ ലീഡ് ചെയ്യുന്നു. ആകെ 81 സീറ്റിൽ ലീഡ് നില അറിവാകുമ്പോൾ ബിജെപിയുടെ ലീഡ് 29 സീറ്റിലേക്ക് ചുരുങ്ങി.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് ഒന്നു പൊരുതാൻ പോലും അവസരം നൽകാതെ ഭരണ മുന്നണിയുടെ അസാമാന്യ മുന്നേറ്റം.
ആകെയുള്ള 288 സീറ്റിലും ലീഡ് നില അറിവായപ്പോൾ 218 ഇടത്തും ലീഡുമായി മൃഗീയ ഭൂരിപക്ഷത്തിലേക്കാണ് ബിജെപിയും ശിവസേനയും എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യം നീങ്ങുന്നത്.
കോൺഗ്രസും ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻസിപിയുടെ ശരദ് പവാർ വിഭാഗവും ഉൾപ്പെടുന്ന വഹാവികാസ് അഘാഡി സഖ്യത്തിന് 57 സീറ്റിൽ മാത്രമാണ് ലീഡ്.
ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 81 സീറ്റിലെയും ലീഡ് നില അറിവാകുമ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം 46 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിന് ലീഡുള്ളത് 32 സീറ്റിൽ.
വലിയ പ്രതീക്ഷ വച്ചുപുലർത്തിയ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വൻ തിരിച്ചടി നേരിടുന്നു. 278 സീറ്റിലെ ലീഡ് നില അറിവാകുമ്പോൾ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യമാണ് 211 സീറ്റിലും ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സഖ്യത്തിന് ലീഡ് 63 സീറ്റിൽ മാത്രം.
ഝാർഖണ്ഡിൽ ബിജെപി സഖ്യം 44 സീറ്റിലും കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും ഉൾപ്പെടുന്ന ഇന്ത്യ സഖ്യം 29 സീറ്റിലും മുന്നിൽ.
മഹാരാഷ്ട്രയിൽ ബിജെപി സഖ്യം 163 സീറ്റിന്‍റെ വ്യക്തമായ ലീഡിൽ. കോൺഗ്രസ് സഖ്യം 82 സീറ്റിൽ ലീഡ് ചെയ്യുന്നു.
ഝാർഖണ്ഡിൽ ആകെ സീറ്റ് 81, ഭൂരിപക്ഷത്തിന് ആവശ്യം 41.
ബിജെപി സഖ്യം 21 സീറ്റിലും കോൺഗ്രസ് സഖ്യം 16 സീറ്റിലും ലീഡ് ചെയ്യുന്നു
മഹാരാഷ്ട്രയിൽ ആകെ സീറ്റ് 288, ഭൂരിപക്ഷത്തിന് ആവശ്യം 145, ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം 117 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി 23 സീറ്റിൽ മാത്രം മുന്നിൽ.
മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരളം അടക്കം 13 സംസ്ഥാനങ്ങളിലെ 46 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ശനിയാഴ്ച അറിയാം. കേരളത്തിലെ വയനാട്, മഹാരാഷ്‌ട്രയിലെ നന്ദേദ് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം.