സ്വന്തം ലേഖകൻ
മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ: എം.ബി. രാജേഷ്
ഷാർജ: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ നേരത്തെ ഉണ്ടായ പൊട്ടിത്തെറികൾ ഇനിയും തുടരുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഷാർജ എക്സ്പോ സെന്‍ററിൽ ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ ഓണാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജേഷിന്‍റെ അഭിപ്രായം തള്ളിക്കളയുന്നുവെന്നും, സ്വന്തം പാളയത്തിലെ പട ആദ്യം ഒതുക്കിയിട്ടു മതി കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും കാര്യം പറയാനെന്നും വി.കെ. ശ്രീകണ്ഠൻ ഷാർജയിൽ തന്നെ മറുപടിയും നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ ഓണാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ശ്രീകണ്ഠനും.
ശനിയാഴ്ച പാലക്കാട്ട് നടത്തിയ റോഡ് ഷോ എൽഡിഎഫിന്‍റെ കുതിപ്പാണ് കാണിക്കുന്നതെന്നും രാജേഷ് അവകാശപ്പെട്ടു. വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ ജയിച്ചത് പോലെ ഈ തെരഞ്ഞെടുപ്പിലും അദ്ഭുതകരമായ വിജയം എൽഡിഎഫ് നേടുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ അഗ്നിപർവതം പുകുഞ്ഞു കൊണ്ടിരിക്കുകയാണ്. അത് പൊട്ടിത്തെറിക്കുന്ന ലക്ഷണങ്ങൾ കാണുന്നു. ശനിയാഴ്ച മാത്രം ചെറുപ്പക്കാരായ രണ്ടു നേതാക്കളാണ് കോൺഗ്രസ് വിട്ടു പുറത്തു വന്നത്- ഷാനിബും വിമലും. തങ്ങളുടെ മേൽ സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കാം, എന്നാൽ ജനങ്ങൾക്കുമേൽ പറ്റില്ല എന്ന് ചെറുപ്പക്കാരനായ ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ പറഞ്ഞതും നമ്മൾ കേട്ടു- എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.
അടക്കിപ്പിടിച്ച അമർഷവുമായാണ് കോൺഗ്രസ് പ്രവർത്തകർ കഴിയുന്നത്. അത് ബിജെപിക്ക് ഗുണമാവാതിരിക്കാൻ പറ്റിയ സ്ഥാനാർഥിയെയാണ് തങ്ങൾ നിർത്തിയിട്ടുള്ളതെന്നും രാജേഷ് വ്യക്തമാക്കി. കോൺഗ്രസിലെ അസംതൃപ്തിയാണ് തൃശൂർ ലോകസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം, ആ അസംതൃപ്തി പാലക്കാട് എൽഡിഎഫിന് ഗുണകരമായി മാറുമെന്നും, മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും പറഞ്ഞു.
സ്വതന്ത്രരെ മുൻപും എൽഡിഎഫ് പിന്തുണച്ചിട്ടുണ്ടെന്നും, ടി.കെ. ഹംസയെയും കെ.ടി. ജലീലിനേയും പരാമർശിച്ച് മന്ത്രി പറഞ്ഞു. അതേസമയം, പി.വി. അൻവറിനെ ഒരു കാലത്ത് ഏറ്റവുമധികം എതിർത്ത മാധ്യമങ്ങൾ ഒറ്റ രാത്രി കൊണ്ട് അദ്ദേഹത്തെ പാടിപ്പുകഴ്ത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മത്സരം കോൺഗ്രസും ബിജെപിയും സിപിഎമ്മും തമ്മിൽ: വി.കെ. ശ്രീകണ്ഠൻ
അതേസമയം, എൽഡിഎഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർഥിയെക്കുറിച്ച് പറയുകയാണെങ്കിൽ, അതവരുടെ ഗതികേടാണെന്നാണ് ശ്രീകണ്ഠൻ തിരിച്ചടിച്ചത്. ഒരുപാട് പേർ സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും സ്ഥാനാർഥികളാവാൻ ആഗ്രഹിച്ചെങ്കിലും, ഇപ്പോൾ ഞങ്ങളിൽ നിന്നും ഒരാൾ പിരിഞ്ഞു പോയപ്പോൾ അയാളെ സ്ഥാനാർഥിയാക്കിയ അവസ്ഥയെ കുറിച്ച് മറ്റെന്താണ് പറയേണ്ടത് -അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ചില കല്ലും മുള്ളുമൊക്കെയുണ്ടാകും. അതൊക്കെ പിന്നീട് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെയാകും. കോൺഗ്രസും യുഡിഎഫും ശക്തമാണ്. ഇതിലും വലിയ ഭൂകമ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടും വളരെ ശാന്തമായി കോൺഗ്രസിനെയും യുഡിഎഫിനെയും പാലക്കാട്ടെ വോട്ടർമാർ വിജയിപ്പിച്ചിട്ടുണ്ട്.
ഈ ഉപ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിന്‍റെ വിലയിരുത്തലാകും. കേരളത്തിലെ ജനാധിപത്യ, മതേതര സംവിധാനം ഇന്ത്യക്കാകെ മാതൃകയാണ്. എന്നാൽ, അടുത്ത കാലത്തായി വർഗീയ, ഫാസിസ്റ്റുകളുമായി അവിശുദ്ധ ബാന്ധവം ഉണ്ടാക്കിയതിന് തെളിവാണ് പൂരം കലക്കൽ. അതിന്‍റെ പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് വരണം.
ഇവിടെ വർഗീയ ചേരിതിരിവും , ഭിന്നിപ്പിന്‍റെ രാഷ്ട്രീയവും വേണോ എന്ന് ജനം തീരുമാനിക്കട്ടെ. ഉത്തരേന്ത്യയിലെ രാഷ്ട്രീയമല്ല ഇവിടെ വേണ്ടതെന്ന് തെളിയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാകും പാലക്കാട്ടേതെന്നും ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നും ശ്രീകണ്ഠൻ പറഞ്ഞു.
പാലക്കാട്ടെ മത്സരം കോൺഗ്രസും ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും നവംബർ 23ന് റിസൾട്ട് വരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.