പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ബുധനാഴ്ച ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് കേന്ദ്രങ്ങളില്‍ മോക് പോളിങ് നടക്കുന്ന സമയത്ത് ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കണ്ടു. ആരോപണ പ്രത്യാരോപണങ്ങളും കൊണ്ടു പിടിച്ച പ്രചാരണങ്ങള്‍കൊണ്ടും നിറഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിയും ആവേശവും ആത്മവിശ്വാസവും പുലര്‍ത്തിയിട്ടുണ്ട്. വിവാദങ്ങള്‍ മൂന്ന് മുന്നണികളെയും ഉലച്ചിട്ടുണ്ട്.
ജനവിധി എന്താകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂള്‍ ബുത്ത് നമ്പര്‍ 88ലാണ് ഇടത് സ്ഥാനാര്‍ഥി പി. സരിന്‍റെ വോട്ടിങ്. പാലക്കാടിന്‍റെ മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന തെരഞ്ഞടുപ്പാണ് നടക്കുന്നതന്ന് പി. സരിന്‍ പറഞ്ഞു.
യുഡിഎഫ് ശുഭപ്രതീക്ഷയിലാണെന്ന് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. മാറ്റം കൊണ്ടുവരാന്‍ പോകുന്ന ചരിത്രപരമായ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 100290 പേർ സ്ത്രീകളാണ്.