എം.ബി. സന്തോഷ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരുമ്പോൾ വയനാടും പാലക്കാടും നിലനിർത്തിയാൽ യുഡിഎഫിന് ആശ്വാസം. ചേലക്കര നിലനിർത്താനായാൽ സിപിഎമ്മിന് പിടിച്ചുനിൽക്കാം. പാലക്കാട്ട് രണ്ടാം സ്ഥാനത്തെത്തിയാൽ ബിജെപിക്കും ന്യായീകരണങ്ങൾ നിരത്താം. ഈ തൽസ്ഥിതിക്കപ്പുറമാണ് ഫലമെങ്കിൽ അത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ഘടകമാവും എന്നതാണ് മുന്നണികളെ ഉത്കണ്ഠപ്പെടുത്തുന്നത്. നാടിളക്കി പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തെക്കാൾ പോളിങ് കുറഞ്ഞത് മൂന്നു മുന്നണികളെയും ആശങ്കപ്പെടുത്തുന്നു.
ചേലക്കര നിലനിർത്തുകയും പാലക്കാട് പിടിച്ചെടുക്കുകയും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാനാവുകയും ചെയ്താൽ എൽഡിഎഫിന് "വീണ്ടും തുടർഭരണം' എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം. പാലക്കാട്ട് രണ്ടാം സ്ഥാനത്തെത്തിയാലും നിലവിൽ മൂന്നാമതുള്ള മുന്നണിക്ക് നേട്ടമാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് വാദിക്കാൻ എൽഡിഎഫിനെ ഇത് സഹായിക്കും.
നേരെ മറിച്ച് കാൽനൂറ്റാണ്ടിലേറെയായി കൊണ്ടുനടക്കുന്ന ചേലക്കര നഷ്ടമായാൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുതൽ സംസ്ഥാനത്ത് ആഞ്ഞുവീശിയത് സംസ്ഥാന സർക്കാരിനെതിരായ വികാരമാണെന്ന് എൽഡിഎഫിന് സമ്മതിക്കേണ്ടിവരും. മാത്രമല്ല, വർധിത വീര്യത്തോടെ നിയമസഭയ്ക്കകത്തും പുറത്തും ആഞ്ഞടിക്കുന്ന പ്രതിപക്ഷത്തെ നേരിടാൻ സംസ്ഥാന സർക്കാരിന് വിയർക്കേണ്ടി വരികയും ചെയ്യും. കേരളാ കോൺഗ്രസ് (എം), ആർജെഡി, എൻസിപി ഉൾപ്പെടെയുള്ള "ജനാധിപത്യ'കക്ഷികൾ മുന്നണിമാറ്റം ആലോചിക്കാനുമിടയുണ്ട്.
ചേലക്കര പിടിച്ചെടുക്കുകയും വയനാടും പാലക്കാടും നിലനിർത്തുകയും ചെയ്താൽ "അടുത്ത സംസ്ഥാന ഭരണം' എന്ന ഉറപ്പോടെ മുന്നോട്ട് കുതിക്കാൻ യുഡിഎഫിന് സാധിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ ഇത് യുഡിഎഫിനെ സഹായിക്കും.പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ ജനവിധിക്ക് തുടർച്ചയാണ് ഈ തെരഞ്ഞെടുപ്പുകൾ എന്ന് സ്ഥാപിക്കാൻ ഇതോടെ യുഡിഎഫിന് കഴിയും. മൂന്നിടത്തും ജയിച്ചാൽ കോൺഗ്രസിലും യുഡിഎഫിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടുതൽ കരുത്തനാവും.
പാലക്കാട് കൈമോശം വന്നാൽ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ രൂക്ഷമായ കൊഴിഞ്ഞുപോക്ക് വ്യാപകമാവും. അതിനുമപ്പുറം കോൺഗ്രസ് പടലപ്പിണക്കങ്ങളിൽ വട്ടം തിരിയും. വി.ഡി സതീശനും ഷാഫി പറമ്പിലിനും എതിരെ സ്വന്തം കക്ഷിയിൽനിന്നുതന്നെ കടന്നാക്രമണം ശക്തമാവും.പാർലമെന്‍റ് തെരഞ്ഞെടുപ്പുമുതൽ കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുന്ന മുസ്‌ലിം ലീഗുൾപ്പെടെയുള്ള ഘടകകക്ഷികൾ നിലപാട് വീണ്ടും പരിശോധിച്ചുകൂടെന്നുമില്ല.
തൃശൂരിന് പിന്നാലെ പാലക്കാട്ടും താമരവി ടർന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പാർട്ടിയുടെ ആധികാരിക ശബ്ദമാവും.അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന എതിർപക്ഷക്കാർക്ക് മുട്ടുമടക്കേണ്ടിവരും. പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയാലും വലിയ പരുക്കേൽക്കാനിടയില്ല. മൂന്നാമതായാൽ ബിജെപിക്ക് തിരിച്ചടിയാവും. അതോടെ,നിലവിലെ ഗ്രൂപ്പുപോര് കടുക്കാനാണ് സാധ്യത.