പാലക്കാട്: പാലക്കാടിന്‍റെ മണ്ണും മനസ്സും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഷാഫി പറമ്പില്‍ എംപി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങള്‍ക്കില്ലെന്നും അത് ജനങ്ങള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സ് കൊണ്ടാണെന്നും, നിയമസഭയ്ക്ക് അകത്തും പുറത്തും ഉറച്ച ശബ്ദമായി മാറാൻ രാഹുൽ മാങ്കൂട്ടത്തിലിന് സാധിക്കുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യരോട് ഫേസ്ബുക്ക് പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ പറയണമെന്ന എം.ബി. രാജേഷിന്‍റെ പ്രസ്താവനയ്ക്കുളള മറുപടിയും ഷാഫി നൽകി. അദ്ദേഹം കണ്ടെത്തിയ സ്ഥാനാർഥിയെ ആദ്യം അക്കാര്യം ഉപദേശിക്കണമെന്നും കേരളത്തിന്‍റെ മുഖ്യമന്ത്രിയെ വിമർശിച്ച കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും ഷാഫി പറഞ്ഞു
എല്‍ഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നു. പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു. വെറുപ്പിന്‍റെ ഫാക്ടറി ഉപേക്ഷിച്ച് ഭിന്നിപ്പിന്‍റെയും വിഭാഗീയതയുടെയും ഐഡിയോളജി കളഞ്ഞ്, വാക്കുകളിൽ ഖേദം രേഖപ്പെടുത്തി ജാള്യത തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധിയുടെ പൊളിറ്റിക്സിനും നാടിന്‍റെ മതേതര ബോധത്തോടുമൊപ്പം സഞ്ചരിക്കാനെടുത്ത തീരുമാനം ഇന്നത്തേക്കും ഇരുപത്തിമൂന്നം തീയതിലേക്കും പ്രസക്തമാണ്. കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.