മുംബൈ: ഭർത്താവ് ഫഹദ് അഹമ്മദ് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ബോളിവുഡ് നടി സ്വര ഭാസ്കർ. 99 ശതമാനം ചാർജുള്ള ബാറ്ററികൾ ബിജെപിയെ സഹായിച്ചെന്നാണ് നടിയുടെ ആക്ഷേപം. അണുശക്തി നഗർ മണ്ഡലത്തിൽ എൻസിപി (എസ്പി) സ്ഥാനാർഥിയായിരുന്ന ഫഹദ് അഹമ്മദ്, അജിത് പവാർ നയിക്കുന്ന എൻസിപിയുടെ സന മാലിക്കിനോടാണു പരാജയപ്പെട്ടത്. 3372 വോട്ടുകൾക്കാണു സനയുടെ വിജയം.
17,18, 19 റൗണ്ടുകളിൽ 99 ശതമാനം ബാറ്ററി ചാർജുള്ള വോട്ടിങ് യന്ത്രങ്ങൾ തുറന്നതോടെ ബിജെപി പിന്തുണയുള്ള സന മാലിക്കിന് ലീഡ് ലഭിച്ചെന്ന് സ്വര ഭാസ്കർ സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു. എങ്ങനെയാണ് ഒരു മെഷീന്‍റെ ബാറ്ററിക്ക് ദിവസം മുഴുവൻ 99 ശതമാനം ചാർജ് ലഭിക്കുന്നതെന്നും സ്വര.
ഫഹദ് അഹമ്മദും ഇതേ ആരോപണമുന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ കടുത്ത നിലപാടുകൾ പരസ്യമായി പ്രഖ്യാപിക്കുന്ന നടിയാണു സ്വര ഭാസ്കർ.