ധന്യ മോഹന്‍ 
Crime

കോടികൾ തട്ടിയെടുത്ത് ധന്യ നേടിയത് 4 കാറും ആഡംബര വീടും; തട്ടിപ്പിനായി മാത്രം 5 അക്കൗണ്ടുകൾ

ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട് 2 കോടി രൂപയുടെ ദുരൂഹ ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

തൃശൂർ: മണപ്പുറം ഗ്രൂപ്പിന്‍റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്‍റ് ലിമിറ്റഡിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത ധന്യാ മോഹൻ വാങ്ങിയത് നാല് കാറും ആഡംബര വീടും. സ്ഥാപനത്തിലെ അസിസ്റ്റന്‍റ് മാനേജരായിരുന്ന ധന്യ മോഹൻ ഇപ്പോൾ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ധന്യയെ വലപ്പാട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. തട്ടിയെടുത്ത പണം ആഡംബര വീടും കാറും വാങ്ങാനും ഓൺലൈൻ ട്രേഡിങ്ങിനും ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വലപ്പാട് ധന്യയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കാർ, സ്കൂട്ടർ, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലത്താണ് ധന്യ ആഡംബര വീട് നിർമിക്കുന്നത്. ഇവിടെ പാർക്കിങ്ങിനായി മാത്രം സ്ഥലം വാങ്ങിയിട്ടുണ്ട്. ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട് 2 കോടി രൂപയുടെ ദുരൂഹ ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. സ്വന്തം പേരിലുള്ള അഞ്ച് അക്കൗണ്ടുകൾ അടക്കം 8 അക്കൗണ്ടുകളിലേക്കാണ് ധന്യ പണം കൈമാറ്റം ചെയ്തിരിക്കുന്നത്.

വലപ്പാട് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 80 ലക്ഷം രൂപയുടെ ക്രമക്കേടാണ് ആദ്യം കണ്ടെത്തിയത്. അധികം വൈകാതെ തന്നെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ധന്യ വലപ്പാടുള്ള വീട്ടിലേക്ക് പോയി. അവിടെ നിന്ന് വീടു പൂട്ടി സ്ഥലം വിടുകയായിരുന്നു.

വിശദമായി നടത്തിയ പരിശോധനയിലാണ് 20 കോടി രൂപയുടെ തിരിമറി കണ്ടെത്തിയത്. ഓൺലൈനായി പണം നൽകുന്നതിനൊപ്പമാണ് ധന്യ സ്വന്തം അക്കൗണ്ടുകളിലേക്കും പണം മാറ്റിയിരുന്നത്. പിന്നീട് ഈ പണം അച്ന്‍റെ മൂന്നു അക്കൗണ്ടുകളിലേക്കും ഭർത്താവിന്‍റെ രണ്ട് അക്കൗണ്ടുകളിലേക്കും മാറ്റി. ഇതു സംബന്ധിച്ച രേഖകളും നശിപ്പിച്ചിരുന്നു. അഞ്ചു വർഷമായി ഈ വിധത്തിൽ തട്ടിപ്പു നടത്തി വരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. 18 വർഷമായി ധന്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.വാടകവീട്ടിലായിരുന്നു ആദ്യം താമസം. പിന്നീട് ആറു വർഷം മുൻപ് വലപ്പാട് തിരുപുഴഞ്ചേരിയിൽ ഒരു വീട് വാങ്ങി. ഇതിനു പുറകേയാണ് കൊല്ലത്ത് ആഡംബര വീട് നിർമിക്കുന്നത്.

കൊല്ലം സ്റ്റേഷനിൽ ഹാജരായതിനു ശേഷം വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ധന്യയെ കാണാനായി നിരവധി പേർ ചുറ്റുപാടും തടിച്ചു കൂടിയിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...