ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ച സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്തു. എസ് ഇമ്രാൻ പാഷ, കെ സന്തോഷ്, ഇബ്രാഹിം ബാഷ, സി പ്രശാന്ത്, അഷറഫ് ബാഷ, മുഹമ്മദ് ഫൈസൽ, പതിനെഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കാളാഴ്ച വെല്ലൂർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയെയാണ് ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞുവെച്ചത്. കോട്ടക്കുള്ളിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് പറയുകയും പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന പെൺക്കുട്ടിടെയും സുഹ്യത്തിന്‍റെയും ദൃശങ്ങൾ അക്രമി സംഘത്തിലുള്ളയാൾ തന്നെയാണ് പകർത്തിയതും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. തുടർന്ന് സംഭവം വൈറലാവുകയും ആക്രമികൾക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടായി. ഇതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിലായവരിൽ കൂടുതൽ പേരും ഓട്ടോ ഡ്രൈവർമാരാണ്.പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പ്രതികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പരിശോധനയ്ക്കായി നൽകി. മതവികാരം വ്രണപ്പെടുത്തിയതുൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചാർത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് കോട്ടയിൽ പൊലീസ് പരിശോധന ശക്തമാക്കി.