തിരുവനന്തപുരം: മാല മോഷണ കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 36 വർഷത്തിനു ശേഷം പാറശാല പൊലീസ് പിടികൂടി. പാപ്പനംകോട് അരുവാക്കോട് മിനി ഹൗസിൽ അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് (57) ആണ് പിടിയിലായത്.
1988-ൽ ഉദിയൻകുളങ്ങര സ്റ്റാൻലി ആശുപത്രിയിലെ ജീവനക്കാരിയുടെ ഒന്നര പവൻ മാല പൊട്ടിച്ചെടുത്ത കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം നാട് വിടുകയായിരുന്നു. ഈയാൾക്കായി പാറശ്ശാല പൊലീസ് പലതവണ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി അൻപതോളം മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്.