ചാലക്കുടി: നിധിയുണ്ടെന്നു വിശ്വസിപ്പിച്ചു കോഴിക്കോട് നാദാപുരം സ്വദേശികളെ ചാലക്കുടിയിലെത്തിച്ചു 4 ലക്ഷം രൂപ തട്ടിയ ഇതര സംസ്‌ഥാന സംഘാംഗങ്ങളായ നാലുപേർ പിടിയിൽ. പെരുമ്പാവൂരിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ആസാം സ്വദേശികളായ ജെസിബി ഡ്രൈവർ മുഹമ്മദ് സിറാജുൽ ഇസ്ലാം (26 വയസ് ), അബ്ദുൽ കലാം (26 വയസ്) ഗുൽജാർ ഹുസൈൻ (27 വയസ്), മുഹമ്മദ് മുസ്മിൽ ഹഖ് (24 വയസ്) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന്റെ നിർദേശ പ്രകാരം ചാലക്കുടി ഡി. വൈ. എസ്. പി. കെ. സുമേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇതിലൊരാൾ കൈയ്ക്കും കാലിനു പരുക്കേറ്റതിനെ തുടർന്നു പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് അടിയന്തത ശസ്ത്രക്രിയ നടത്തിയെന്നും അപകടനില തരണം ചെയ്തെന്നുമാണു സൂചന. പണം തട്ടിച്ചു ഓടുന്നതിനിടയിൽ റെയിൽവേ പാലത്തിൽ നിന്നും ചാടിയതിനെ തുടർന്നാണ് ഇയാൾക്ക് പരിക്ക് പറ്റിയത്. നാദാപുരം സ്വദേശികളായ രാജേഷ് ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്.
ഞായറാഴ്ച രാത്രിയാണു നാടകീയ സംഭവങ്ങളുടെ തുടക്കം. നാദാപുരത്തു മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അസം സ്വദേശി പരിചയക്കാരായ നാദാപുരം സ്വദേശികളോടു തങ്ങളുടെ സുഹ്യത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചതായി അറിയിക്കുകയും ത്യശൂരിലെത്തി ഏഴു ലക്ഷം രൂപ നൽകിയാൽ വൻ ലാഭത്തിനു സ്വർണം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. അങ്ങനെ മലയാളികളായ രണ്ടു പേരും അസം സ്വദേശിയും കാറിൽ സ്വർണ ഇടപാടിനായി തൃശുരിലെത്തി. അസം സ്വദേശി അവിടെ വച്ചാണു മറ്റു 3 പേരെ വിളിച്ചു വരുത്തുന്നത്. എന്നാൽ അവിടെ വച്ചു സ്വർണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ ഇവരോട് ചാലക്കുടി റെയിൽവേ സ്‌റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു. 6 പേരും കാറിൽ റെയിൽവേ സ്റ്റെഷനിലെത്തി, അവിടെ വച്ച് മുൻ കൂറായി 4 ലക്ഷം നൽകാമെന്നും സ്വർണം വിറ്റ ശേഷം ബാക്കി തുക നൽകാമെന്നും ഇരുവരും കരാറായി. എന്നാൽ 4 ലക്ഷം രൂപ കയ്യിൽ കിട്ടിയാൽ മാത്രമേ നിധിയിലെ സ്വർണം നൽകു എന്നും പറഞ്ഞു.
അങ്ങനെ തുക കൈക്കലാക്കി സ്വർണമാണെന്നു പറഞ്ഞ് പൊതി കൈമാറി. ഈ സമയത്ത് മലയാളികൾ ലഭിച്ച ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശിയും അയാളുടെ സുഹൃത്തു ക്കളാണെന്നു പറഞ്ഞ് എത്തിയ വരും പണവുമായി ട്രാക്കിലൂടെ ഓടി പ്ലാറ്റ്ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടർന്നെങ്കിലും പിടികൂടാനാനില്ല. തുടർന്നാണ് രാജേഷ് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത് ആദ്യം കാർ വാങ്ങാനായാണ് എത്തിയതെന്നും അതി നാണു പണം നൽകിയതെന്നുമാണു സ്റ്റേഷനിൽ പറഞ്ഞത് കൂടുതൽ ചോദ്യം ചെയ്തതോടെയാണു നിധി യുടെ കഥ വെളിപ്പെട്ടത്.
ഇതിനിടയിലാണ് രാത്രി ഒരു മണിയോടെ ചെന്നെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ചാലക്കുടി പുഴക്ക് മുകളിലൂടെ ട്രെയിൻ പോകുമ്പോൾ നാലുപേർ പുഴയിലേക്ക് ചാടിയെന്ന് വെളിപ്പെടുത്തുന്നത് തുടർന്ന് അഗ്നിസുരക്ഷാ സേനയുടെ സ്‌കൂബ ടീം അടക്കം തിരച്ചിൽ നടത്തുകയും ചെയ്തു
എന്നാൽ തട്ടിപ്പുകാർ അതിന് മുൻപേ വിദഗ്‌ധമായി മുങ്ങിയിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ പരുക്കേറ്റവർ അടക്കമുള്ള സംഘം മുരിങ്ങൂരിൽ നിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെട്ടതായി വിവരം ലഭിച്ചു തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി അങ്കമാലി പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ബസ് സ്റ്റാൻഡുകൾ ആശുപത്രികൾ മുതലായവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ആസാം സ്വദേശിയായ ഒരാൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി സ്ഥലത്ത് വീണ് പരിക്കേറ്റതായി അറിയിച്ച് അഡ്മിറ്റായതായി കണ്ടെത്തുകയും ഇയാളുടെ വിവരങ്ങൾ ശേഖരിച്ച് പരാതിക്കാരോട് ചോദിച്ചപ്പോൾ സംഘത്തിലൊരാൾ ആശുപത്രിയിൽ ചികിത്സയിലുള്ള ആൾ തന്നെയെന്ന് ഉറപ്പിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റുള്ളവരെ തിരിച്ചറിഞ്ഞ് മൂവാറ്റുപുഴ, പേഴക്കാപ്പിളി, പ്രായിപ്ര, മണ്ണൂർ, വട്ടക്കാട്ടുപടി പെരുമ്പാവൂർ ടൗൺ, പോഞ്ഞാശേരി ചെമ്പറക്കി മുതലായ സ്ഥലങ്ങളിൽ വടക്കേയിന്ത്യൻ സ്വദേശികളുടെ ക്യാംപുകൾ കേന്ദ്രീകരിച്ച് പുലർച്ചെവരെ നടത്തിയ പരിശോധനയിലാണ് ഫോൺ സ്വിച്ചോഫ് ചെയ്ത് നാട്ടിലേക്ക് മുങ്ങാൻ തയ്യാറെടുത്തു കൊണ്ടിരുന്ന മറ്റുള്ളവരെ പിടികൂടിയത്.
ചാലക്കുടി ഡിവൈ എസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവൻ, സബ് ഇൻസ്പെക്ടർ ആൽബിൻ തോമസ് വർക്കി, ഡാൻസാഫ്- ക്രെംസ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ജില്ലാ ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ ഒ.എച്ച് ബിജു, സൈബർ സെൽ ഉദ്യോഗസ്ഥരായ ഷനൂസ്, സിൽജോ ചാലക്കുടി പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജോഫി ജോസ്, ഷാജഹാൻ യാക്കൂബ്, എഎസ്ഐ ജിബി പി. ബാലൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.ആർ സുരേഷ്കുമാർ എന്നിവരാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ചാലക്കുടി പുഴയിൽ ട്രെയിൻ തട്ടി ആളുകൾ പുഴയിൽ വീണെന്ന വാർത്ത കാട്ടുതീപോലെ പ്രചരിച്ചതിനാൽ പൊലീസും ഫയർ ആൻ്റ് റെസ്ക്യൂ, സ്കൂബാ ഡൈവിങ് സംഘങ്ങളും ചാലക്കുടി മുതൽ എറണാകുളം ജില്ലാതിർത്തിവരെ പുഴയിൽ പുലർച്ചെ മുതൽ പരിശോധനയിലായിരുന്നു. പുഴയിൽ വീണെന്നു കരുതിയവർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതായി സ്ഥിതീകരിച്ച ശേഷമാണ് പരിശോധന നിർത്തിവച്ചത്. പിടിയിലായ പ്രതികളെ തെളിവെടുപ്പും മറ്റും പൂർത്തിയാക്കി കോടതി മുമ്പാകെ ഹാജരാക്കും. നിധിലഭിച്ചെന്നും മറ്റു രീതിയിലും ഉള്ള അവിശ്വസനീയമായ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു