Crime

നിരവധി ക്രിമിനൽ കേസുകളുള്ള പ്രതിയെ കാപ നിയമപ്രകാരം ജില്ലയിൽനിന്നും പുറത്താക്കി

ഉത്തരവ് ലംഘിക്കപ്പെട്ടാൽ രേഖാമൂലം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 'അറിയപ്പെടുന്ന റൗഡി' യെ കാപ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവനുസരിച്ച് പെരുനാട് മാടമൺ കൊട്ടൂപ്പാറ ചരുവിൽ വീട്ടിൽ അരുൺ സത്യ(34)നാണ് ജില്ലയിൽ നിന്ന് പുറത്താക്കപ്പെട്ടത്. കാപ നിയമം 15(1)(a) പ്രകാരമാണ് നടപടി.

ഈ കാലയളവിൽ കോടതികാര്യങ്ങൾക്കായും, വളരെ അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കും ജില്ലാ പോലീസ് മേധാവിയുടെ മുൻ‌കൂർ അനുമതി വാങ്ങി ജില്ലയിൽ പ്രവേശിക്കാം. ഉത്തരവ് ലംഘിക്കപ്പെട്ടാൽ രേഖാമൂലം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

കാപ നിയമത്തിലെ 3(1) വകുപ്പുപ്രകാരം അധികാരപ്പെട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ ഈവർഷം ഫെബ്രുവരി 25 ലെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഡി ഐ ജിയുടെ ഉത്തരവ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 5 ക്രിമിനൽ കേസുകളിൽ പ്രതിയായ അരുൺ അറിയപ്പെടുന്ന റൗഡിയും, റാന്നി ഡി വൈ എസ് പിയുടെ ഉത്തരവിനെതുടർന്ന് റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുള്ളയാളുമാണ്.

പിതാവിൻ്റെ തല അടിച്ചുപൊട്ടിക്കുകയും, ഭാര്യയെയും മൂന്നര വയസ്സുള്ള കുഞ്ഞിനേയും ഉപദ്രവിക്കുകയും മറ്റും ചെയ്തതിനും, സ്ത്രീയെ ഉപദ്രവിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമം, മുതിർന്ന പൗരന്മാരുടെ സംരക്ഷണനിയമം, ബാലനീതി നിയമം തുടങ്ങിയ നിയമങ്ങളനുസരിച്ച് രജിസ്റ്റർ ചെയ്ത അടിപിടി, ഭീഷണി, അന്യായ തടസ്സം, കുറ്റകരമായ നരഹത്യാശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, മുതിർന്ന പൗരന്മാരെ ഉപദ്രവിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണിയാൾ. ഈ കേസുകളെല്ലാം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചവയാണ്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയർത്തുകയും, സ്വൈര്യജീവിതത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്തുവന്ന പ്രതിക്കെതിരെ തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ബോണ്ട്‌ വ്യവസ്ഥകൾ പുറപ്പെടുവിപ്പിച്ചിരുന്നതും, എന്നാൽ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും ക്രിമിനൽ കേസിൽ ഇയാൾ പ്രതിയാകുകയും ചെയ്തു. തുടർന്നാണ് ജില്ലാ പോലീസ് മേധാവി നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട്‌ സമർപ്പിച്ചതും, ഡി ഐ ജിയുടെ ഉത്തരവുണ്ടായതും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?