ഭവനഭേദനമൊക്കെ പഴഞ്ചൻ; ഇതിന്‍റെ പതിനഞ്ചിരട്ടി സൈബർ തട്ടിപ്പിൽ നഷ്ടമാകുന്നു 
Crime

ഭവനഭേദനമൊക്കെ പഴഞ്ചൻ; അതിന്‍റെ പതിനഞ്ചിരട്ടി പണം സൈബർ തട്ടിപ്പുകളിൽ നഷ്ടമാകുന്നു

വ്യാജ ലിങ്കുകൾ അയച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുനടത്തുന്ന ലിങ്ക് ഫ്രോഡ് രീതിയിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത്.

തൃശൂർ: സൈബർ തട്ടിപ്പിൽ ഇരയാകുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും പുതിയതരം തട്ടിപ്പുകളെയും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെയും കുറിച്ച് ബോധവാൻമാരാകേണ്ടത് അത്യാവശ്യമാണെന്നും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ. വ്യാജ ലിങ്കുകൾ അയച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുനടത്തുന്ന ലിങ്ക് ഫ്രോഡ് രീതിയിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത്. വീടുകൾ കുത്തിത്തുറന്നുള്ള മോഷണങ്ങളിൽ നഷ്ടപെടുന്ന തുകയേക്കാൾ 15 ഇരട്ടിയിലധികം തുകയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടപെടുന്നത്.

ഓഹരി വിപണി പോലുള്ള വ്യാപാര സാധ്യതകളിൽ ഇരയാകുന്ന ട്രേഡ് ഫ്രോഡ്, ഒടിപി ഷെയർ ചെയ്ത് പണം നഷ്ടപെടുന്ന ഒടിപി ഫ്രോഡ് എന്നീ രീതികളിലും പണം നഷ്ടപെടുന്നവരാണ് പിന്നീടുള്ളത്. ജോബ് ഫ്രോഡ്, അന്വേഷണ വിഭാഗത്തിലെ ഓഫീസർ ചമഞ്ഞ് വ്യാജ ഫോൺ, വീഡിയോ കോളിലൂടെ കബളിപ്പിക്കുന്ന ഇംപേഴ്സണേഷൻ, ഷോപ്പിങ്ങ് ഫ്രോഡ് എന്നിവയിലൂടെയും പണം നഷ്ടപ്പെടുന്ന പരാതികൾ വരുന്നുണ്ട്. ആൾമാറാട്ട കോളുകളിലൂടെയുള്ള രീതികൾ ഏറെ കരുതിയിരിക്കേണ്ടതാണ്.

സമ്മാനങ്ങൾ, ലോട്ടറി എന്നിവയിൽ ആകർഷിക്കുന്ന ഗിഫ്റ്റ് ഫ്രോഡ്, ഫേക്ക് അക്കൗണ്ട് ഫ്രോഡ്, ഗൂഗിൾ പേ ഫ്രോഡ്, ലോൺ ആപ് ഫ്രോഡ് എന്നീ രീതികളിലും പണം നഷ്ടപെടുന്നുണ്ട്. രണ്ടു കോടി രൂപയിലധികം നഷ്ടപ്പെട്ട കേസ് വരെ തൃശൂർ സിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1930 എന്ന നമ്പരിൽ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്തവരുടെ കേസുകളിൽ അക്കൗണ്ട് ഫ്രീസ് ചെയ്ത് പണം തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കേസിൽ ഒൻപതര ലക്ഷം രൂപ തിരിച്ചെടുക്കാനും സാധിച്ചു.

ദൃശ്യ - ശ്രാവ്യ മാധ്യമങ്ങളിലൂടേയും മറ്റു ആകർഷകരമായ നിരവധി ബോധവത്ക്കരണങ്ങളുമായി പൊലീസ് സൈബർ സുരക്ഷാ നിർദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെങ്കിലും, സൈബർ കുറ്റകൃത്യങ്ങളും അവരുടെ പുതിയ രീതികളും ജനങ്ങൾ മനസിലാക്കുന്നില്ല. കേരള പൊലീസിന്‍റെയും ജില്ലാ പൊലീസ് വിഭാഗങ്ങളുടെയും സമൂഹ മാധ്യമ പേജുകളിലെ സൈബർ സുരക്ഷാ നിർദേശങ്ങൾ പിന്തുടരുന്നത് പുതിയ തട്ടിപ്പുകളെക്കുറിച്ച് മനസിലാക്കാനും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ മനസിലാക്കാനും സാധിക്കും.

സ്വകാര്യ സാമ്പത്തിക വിവരങ്ങൾ ഒടിപി എന്നിവ പരമാവധി ഷെയർ ചെയ്യാതിരിക്കുക. സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടനെ 1930 എന്ന നമ്പരിൽ വിളിക്കുക. ഇത്തരം സന്ദർഭങ്ങളിൽ എമർജൻസി നമ്പരായ 112ൽ വിളിച്ചും പൊലീസിന്‍റെ സഹായം തേടാവുന്നതാണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?