കോഴഞ്ചേരി: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിന്‍റെ വേഷം ധരിച്ചെത്തിയ യുവതി, ഇവിടെ പ്രസവശുശ്രൂഷയിലായിരുന്ന മറ്റൊരു യുവതിയെ കൊല്ലാൻ ശ്രമിച്ചു. ആശുപത്രിയിലെ ജീവനക്കാരെ പ്രതിയെ തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിച്ചു.
കായംകുളം സ്വദേശി അനുഷയാണ് പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. സ്നേഹയുടെ ഭർത്താവ് അരുണിന്‍റെ സുഹൃത്താണ് ഇരുപത്തഞ്ചുകാരിയായ അനുഷയെന്ന് പൊലീസ്.
നഴ്സിന്‍റെ വേഷത്തിൽ സ്നേഹയുടെ മുറിയിലെത്തിയ അനുഷ, മരുന്നില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പെടുക്കാൻ ശ്രമിക്കുകയായിരുന്നു. യഥാർഥത്തിൽ സ്നേഹ ഇതിനു മുൻപു തന്നെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തിരുന്നതാണ്. നവജാത ശിശുവിന്‍റെ ചികിത്സയ്ക്കായാണ് ഇവിടെ തുടർന്ന്. അതുകൊണ്ടുതന്നെ സ്നേഹയുടെ അമ്മയ്ക്ക് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു.
സിറിഞ്ചിൽ മരുന്നില്ലെന്നു കണ്ടതോടെ അവർ ബഹളം വച്ചു. തുടർന്നാണ് ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവയ്ക്കുന്നതും വിവരം പൊലീസിൽ അറിയിക്കുന്നതും.
കാലി സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ഷൻ എടുത്താൽ ഓക്സിജൻ ധമനികളിൽ കടന്ന് ഹൃദയാഘാതമുണ്ടായി ആൾ മരിക്കുന്ന 'എയർ എംബോളിസം' എന്ന പ്രതിഭാസത്തെക്കുറിച്ച് മനസിലാക്കിയായിരുന്നു അനുഷയുടെ ആസൂത്രണം എന്നാണ് പൊലീസ് കരുതുന്നത്. ഫാർമസിസ്റ്റായി പരിശീലനം നേടിയിട്ടുള്ള ആളാണ് അനുഷ.