എറണാകുളം: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂര്‍ പെരിഞനം തേരുപറമ്പില്‍ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25) ഇതേ വിലാസത്തിൽ താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവർന്നത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെ യുവാവ് അനു എന്ന പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെൺകുട്ടിയെ നേരിൽ കാണുന്നതിനായി കോലഞ്ചേരിയിലെത്തിയ ഇയാളെ പെൺകുട്ടിക്ക് മെസ്സേജ് അയച്ചിരുന്നോ എന്ന് ചോദിച്ച് സഹോദരന്മാർ ആണെന്നും ഞങ്ങൾക്ക് പരാതിയുണ്ടെന്നും പറഞ്ഞ് യുവാവിനെ വണ്ടിയിൽ ബലമായി പിടിച്ചു കയറ്റി. സഹോദരിക്ക് മെസ്സേജ് അയച്ചതിന് പൊലീസിൽ പരാതി കൊടുക്കും എന്ന് പറഞ്ഞ് അടിച്ച് കത്തിയും കമ്പിയും കാണിച്ച് ഭീഷണിപ്പെടുത്തിയും യുവാവിന്‍റെ പക്കൽ നിന്നും 23000 രൂപ അക്കൗണ്ട് വഴിയും പേഴ്‌സിലെ പണവും കവർന്നെടുത്ത ശേഷം റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്.പി ടി.പി.വിജയന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ കീഴടക്കുകയായിരുന്നു.
ഇവർ 3 പേരും വർഷങ്ങളായി ബാംഗ്ലൂരിലും ഗോവയിലും ആയി താമസിച്ചു വരികയായിരുന്നു. 2021 മുതൽ ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു സ്വകാര്യ കമ്പനി ജീവനക്കാരനെ ഭീഷണിപ്പെടുത്തി കയ്യിലെ സ്വർണ്ണ ചെയിനും എടിഎമ്മിൽ നിന്ന് 19000 രൂപയും കൈക്കലാക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ഇവർ സമാനമായ മറ്റൊരു കേസിലും പ്രതികളാണെന്ന് കണ്ടിത്തിയിട്ടുണ്ട്.