മാഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പുത്തന്‍ കണ്ടുപിടിത്തങ്ങളുടെ ആശ്ചര്യം മായും മുന്‍പ് ഞെട്ടിക്കുന്ന സംഭവങ്ങൾ. സ്കൂൾ അവധി കഴിഞ്ഞ് ക്ലാസിലേക്ക് തിരികെ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികളെ കാത്തിരുന്നത്, എഐ ഉപയോഗിച്ച് നിർമിച്ച അവരുടെ തന്നെ അശ്ലീല ചിത്രങ്ങളായിരുന്നു.
സ്പെയിനിലെ ആൽമെന്‍ഡറാലെജോയിലെ ഒരു കൂട്ടം അമ്മമാരാണ് പരാതിയുമായി പൊലീസിനരികിൽ എത്തിയത്. നഗ്നരായ നിലയിലുള്ള പെൺമക്കളുടെ ചിത്രങ്ങൾ അയച്ച് കിട്ടിയെന്നാണ് പരാതി വിശദമാക്കുന്നത്. എഐയുടെ സഹായത്തോടെ തയാറാക്കിയ ഇത്തരത്തിൽ ഒരു ഡസനിലേറെ കുട്ടികളുടെ ചിത്രങ്ങളാണ് അവർക്കു തന്നെ ലഭിച്ചത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഹൈക്കോർട്ട് ജസ്റ്റിസ് വക്താവ് ബുധനാഴ്ച വ്യക്തമാക്കി. സംഭവത്തിൽ ചിലരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എഐ ഉപയോഗിച്ച നടത്തുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ ഒരു സൂചന മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.