ബദ്ലാപുർ: നഴ്സറി സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നതിനെത്തുടർന്ന് ആഹ്ളാദ പ്രകടനവുമായി നാട്ടുകാർ. മധുര വിതരണം നടത്തിയാണ് ബദ്ലാപുർ നിവാസികൾ സന്തോഷം പങ്കുവച്ചത്.
നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മഹാരാഷ്‌ട്ര സർക്കാരിനെ വലിയ സമ്മർദത്തിലാക്കിയ സംഭവമായിരുന്നു ബലാത്സംഗ കേസ്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് 11 മണിക്കൂർ വൈകിയതിനെ ബോംബെ ഹൈക്കോടതി നേരത്തെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു.
പൊലീസ് വാനിൽ കൊണ്ടുപോകുകയായിരുന്ന പ്രതി അക്ഷയ് ഷിൻഡെ തോക്ക് പിടിച്ചുവാങ്ങി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചെന്നും, അങ്ങനെയാണ് ഇയാൾ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
എന്നാൽ, പൊലീസ് പറയുന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് പ്രതിയുടെ ബന്ധുക്കളുടെ ഭാഷ്യം. ശരിയായ അന്വേഷണം നടക്കുന്നതു വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ഇവർ പറയുന്നു.
അതേസമയം, തെളിവ് നശിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമത്തിന്‍റെ ഭാഗമായാണ് പ്രതിയെ വെടിവച്ചു കൊന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പ്രതി വധശിക്ഷയ്ക്ക് അർഹരാണ്. എന്നാൽ, അയാളെ വെടിവച്ചു കൊന്നത് സംശയാസ്പദമാണെന്ന് എൻസിപി (എസ്പി) നേതാവ് ശരദ് പവാർ.
പ്രതി അക്ഷയ് ഷിൻഡെ സ്കൂളിൽ വച്ച്, നാല് വയസ് വീതം പ്രായമുള്ള രണ്ട് നഴ്സറി കുട്ടികളെ ലൈംഗികമായി ആക്രമിച്ചെന്നാണ് കേസ്. സ്കൂളിലെ തൂപ്പുകാരനായിരുന്ന ഈ ഇരുപത്തിനാലുകാരനാണ് തോക്ക് പിടിച്ചുവാങ്ങി ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
'എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ' എന്നറിയപ്പെടുന്ന പ്രദീപ് ശർമ എന്ന പൊലീസ് ഉദ്യോഗസ്ഥനൊപ്പം ജോലി ചെയ്തിട്ടുള്ള പൊലീസുകാരനാണ് ഇയാളെ വെടിവച്ചു കൊന്നതെന്നും സൂചന.