ബംഗളൂരു: രാമനഗരിയിൽ ഫാം ഹൗസിൽ നിന്ന് തലയോട്ടികളും അസ്ഥികളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ജൊഗരദൊഡി സ്വദേശി ബലറാമിനെ അറസ്റ്റ് ചെയ്തു.
ഫാംഹൗസിൽ നിന്ന് 25 മനുഷ്യതലയോട്ടികളും നൂറിലേറെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. ദുർമന്ത്രവാദത്തിനായിട്ടാണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നതെന്നാണ് പൊലീസിന്‍റെ സംശയം. ഗ്രാമത്തിലെ ശ്മശാനത്തിൽ ബലറാം തലയോട്ടികളുപയോഗിച്ച് മന്ത്രവാദം നടത്തുകയാണെന്ന പരാതിയെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥരും, പൊലീസും ചേർന്ന് ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്.
രണ്ടു ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൂടാതെ സംഭവസ്ഥലത്തുനിന്ന് അസ്ഥികൾകൊണ്ട് നിർമിച്ച കസേരയും കണ്ടെത്തി. പൂർവികരുടെ കാലം തൊട്ടേ ഇവിടെ തലയോട്ടികളും അസ്ഥികളും ഉള്ളതാണെന്നാണ് ബലറാം അവകാശപ്പെടുന്നത്.