കൊച്ചി: പ്രായമേറിയ സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകളിൽ ആക്രി പെറുക്കാനെന്ന വ്യാജേന അതിക്രമിച്ച് കയറി മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. കോതപറമ്പ് ജമീല കോട്ടേഴ്സിൽ താമസിക്കുന്ന മലപ്പുറം ഏറാംതോട് വലമ്പൂർ ചേറാട്ടുപള്ളത്ത് വീട്ടിൽ അജിത്ത് (31) ആണ് വടക്കേക്കക്കര പോലീസിന്‍റെ പിടിയിലായത്. ജൂലൈ 12ന് ചേന്ദമംഗലം കരിപ്പായി കടവ് ഭാഗത്ത് തനിയെ താമസിക്കുന്ന 82 വയസ്സുള്ള വൃദ്ധയുടെ വീട്ടിൽ, ആക്രി പെറുക്കാൻ എന്ന വ്യാജേന അതിക്രമിച്ച് കയറി കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്തു.
ഓഗസ്റ്റ് 21 ന് മുണ്ടുരുത്തി ഭാഗത്ത് തനിച്ച് താമസിക്കുന 76 വയസ്സുള്ള സ്ത്രീയെ തള്ളി വീഴ്ത്തി സ്വർണാഭരണം കവർച്ച ചെയ്തു. ഇയാൾ സ്ഥിരമായി ആക്രി പെറുക്കാനും പഴങ്ങൾ വിൽക്കാനും എന്ന വ്യാജേന ചേന്ദമംഗലം ഭാഗത്ത് ഉൾ ഗ്രാമങ്ങളിൽ എത്തി വൃദ്ധകൾ തനിയെ- താമസിക്കുന്ന വീടുകൾ കണ്ടുവയ്ക്കും.
തുടർന്ന് വീട്ടിലെത്തി അവരെ ആക്രമിച്ച ശേഷം ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയാണ് പതിവ്. പ്രതിയുടെ ഗുഡ്സ് ഓട്ടോറിക്ഷയുടെ മുൻവശത്തെയും വശങ്ങളിലേയും നമ്പറുകൾ ചുരണ്ടി മാറ്റിയ നിലയിലായിരുന്നു. വടക്കേക്കര പോലീസ് ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്ത ആഭരണങ്ങൾ പെരിന്തൽമണ്ണയിൽ ഉള്ള ഒരു ജ്വല്ലറിയിൽ കൊണ്ടുപോയി വിൽക്കുകയാണ് ചെയ്തിരുന്നത്. കവർച്ച നടത്തിയ സ്വർണ്ണം ഉരുക്കിയ നിലയിലായിരുന്നു. പ്രതി കവർച്ച നടത്താൻ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പ്രതി വിൽപ്പന നടത്തിയ സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. ഇയാൾ സമാന കുറ്റകൃത്യങ്ങൾ മറ്റിടങ്ങളിൽ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുന്നു.
സമാന രീതിയിൽ കുഞ്ഞിത്തൈ ഭാഗത്ത് രണ്ടാഴ്ച മുമ്പ് ഒരു വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണം കവർച്ച ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കേക്കര ഇൻസ്പെക്ടർ കെ ആർ ബിജു ,എസ് ഐ മാരായ എം എസ് ഷെറി ,അഭിലാഷ്,ഗിരീഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ് , സിവിൽ പോലീസ് ഓഫീസർമാരായ സ്വരാഭ്, ജിനുമോൻ. ജിനു പ്രകാശ്,ബിജിൽ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.