Representative image for Indian Rupee coins Image by Freepik
Crime

മണി ചെയിൻ: 1630 കോടി രൂപയുടെ തട്ടിപ്പിന് വഴിയൊരുങ്ങുന്നു

അജയൻ

കൊച്ചി: മൾട്ടി ലെവൽ മാർക്കറ്റിങ് എന്ന വ്യാജേന, ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഉൾപ്പെട്ട വൻ തട്ടിപ്പിൽ കേരളത്തിലെ ലക്ഷക്കണക്കിനാളുകൾക്ക് 1630 കോടി രൂപ നഷ്ടപ്പെടാൻ സാധ്യത തെളിയുന്നു. ഇത്തരത്തിൽ കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായി മാറാനിടയുണ്ടെന്നു വ്യക്തമായിട്ടും ഇതു തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളില്ല. 2023 ജൂണിൽ തന്നെ പരാതികൾ നൽകിയിട്ടും, ഫണ്ട് വകമാറ്റാൻ കമ്പനിയെ അനുവദിക്കുകയാണ് അധികൃതർ ചെയ്തതെന്നും വ്യക്തമാകുന്നു.

125 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആരോപിച്ച് കമ്പനി ഡയറക്റ്റർ കെ.ഡി. പ്രതാപനെ 2023 ഡിസംബറിൽ തന്നെ അറസ്റ്റ് ചെയ്തിരുന്നതാണ്. എന്നാൽ, തുടർ നടപടികൾ പരിമിതമായി. ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം ഇയാളെ പിടികൂടി രണ്ടാഴ്ചയ്ക്കുശേഷം തൃശൂർ ജില്ലാ കലക്റ്റർ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിച്ചു. കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് സൂചന. വഞ്ചിക്കപ്പെട്ട കൂടുതലാളുകൾ പരാതികളുമായി രംഗത്തെത്തുമെന്നാണു കരുതുന്നത്.

മണി ചെയിൻ തട്ടിപ്പുകൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുള്ള മുൻ പൊലീസ് സൂപ്രണ്ട് പി.എ. വൽസൻ പോലും പറയുന്നത്, 2023 ജൂണിൽ താൻ പരാതി നൽകിയെങ്കിലും തന്‍റെ മുൻ സഹപ്രവർത്തകരിൽ നിന്ന് നിരാശാജനകമായ പ്രതികരണമാണ് ലഭിച്ചതെന്നാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച വത്സൻ, പ്രതാപനെയും ഭാര്യ ശ്രീനയെയും എതിർകക്ഷികളാക്കി ഹർജി നൽകി. 14 തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട പ്രതാപന്‍റെ ചരിത്രവും അതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണമെന്നു കാണിച്ച് പോലീസ് ആസ്ഥാനത്ത് നിന്നുള്ള സർക്കുലറുകളും വത്സൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ബന്ധപ്പെട്ടവരാരും ഇതുവരെ അദ്ദേഹത്തെ ബന്ധപ്പെടുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മിൽ ബന്ധമുണ്ടെന്ന സംശയമാണ് ഇതിലൂടെ ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്ക് കത്തും നൽകിയിട്ടുണ്ട്.

തുടക്കത്തിൽ ചിട്ടി ആക്റ്റ് പ്രകാരം ഫയൽ ചെയ്ത കേസിൽ പിന്നീട് ഒടുവിൽ കൂടുതൽ കഠിനമായ ശിക്ഷകൾ ഉൾപ്പെടുന്ന ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം (BUDS) നിരോധന നിയമം കൂടി ഉൾപ്പെടുത്തി. ഈ അനധികൃത പദ്ധതിയിൽ തങ്ങളുടെ സമ്പാദ്യം നിക്ഷേപിച്ച ഇരകളിൽ നിന്ന് തനിക്ക് നിരവധി ഫോൺ കോളുകൾ ലഭിച്ചതായി മുൻ എംഎൽഎ അനിൽ അക്കരയും വെളിപ്പെടുത്തുന്നു. ഫണ്ട് വകമാറ്റാൻ കമ്പനി ഡയറക്റ്റർമാർക്ക് അധികൃതർ മതിയായ സമയം നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഹൈറിച്ച് ഓൺലൈൻ ഷോപ്പ്, വിവിധ ഉത്പന്നങ്ങൾ വിൽക്കുന്നു എന്ന വ്യാജേനയാണ് കേരളത്തിൽ 78 ശാഖകളും രാജ്യവ്യാപകമായി 675-ലധികം ഷോപ്പുകളും ഉണ്ടെന്ന അവകാശവാദത്തോടെ മണി ചെയിൻ ബിസിനസ് നടത്തിയത്. ഒടിടി ബിസിനസിലും അവർ ഏർപ്പെട്ടിരുന്നു, കൂടാതെ ചില അനുബന്ധ സ്ഥാപനങ്ങൾ ക്രിപ്‌റ്റോകറൻസികളും കൈകാര്യം ചെയ്തു. ഫണ്ടിന്‍റെ ഒരു പ്രധാന ഭാഗം ക്രിപ്‌റ്റോകറൻസി ഇടപാടുകളിലേക്ക് മാറ്റിയിട്ടുണ്ടാകുമെന്ന് അനിൽ അക്കര ആശങ്ക പ്രകടിപ്പിക്കുന്നു. ഇത് സംസ്ഥാന-ദേശീയ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കാൻ കഴിയുന്ന സമഗ്രമായ അന്വേഷണത്തിന്‍റെ ആവശ്യകതയെയാണ് ചൂണ്ടിക്കാട്ടുന്നത്.

ഫണ്ടുകൾ വകമാറ്റുകയും വസ്തുവകകൾ അറ്റാച്ച് ചെയ്യുകയും ചെയ്യുന്നതിനാൽ, നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ചുരുങ്ങിയ സാധ്യതകൾ മാത്രമാണ് ശേഷിക്കുന്നതെന്നും അക്കര ആശങ്ക പ്രകടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സമീപകാലത്തു നടത്തിയ കേരളീയം പരിപാടിയിൽ ഈ കമ്പനി ഡയറക്റ്റർക്ക് എത്രത്തോളം പങ്കുണ്ടായിരുന്നു എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ