കൊച്ചി: മൂവാറ്റുപുഴ, പേഴക്കപ്പിള്ളിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മലപ്പുറത്ത് നിന്ന് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ മുളവൂർ പേഴക്കപ്പിള്ളി കരയിൽ കല്ലാമല വീട്ടിൽ നവാസ് ഹസൻ (ബദ്രി നവാസ് 48) നെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ മലപ്പുറത്തെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. നവാസും വെട്ടറ്റയുവാവിന്റെ സുഹൃത്തും ആയിട്ടുള്ള കുടുംബവഴക്കാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്.
പള്ളിപ്പടിയിൽ പുതിയതായി ആരംഭിച്ച ഹോട്ടലിൽ എത്തിയ യുവാവും സുഹൃത്തുക്കളും പ്രതിയും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനിടയിൽ ഹോട്ടലിലെ അടുക്കളയിലേക്ക് ഓടികയറിയ പ്രതി കത്തി എടുത്തുകൊണ്ട് വന്ന് വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ യുവാവ് ആദ്യം സബൈൻ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി ആശുപത്രിയിലും ചികിത്സ തേടി. ഇപ്പോൾ ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരവിഭാഗത്തിൽ ചികിത്സയിൽ ആണ്.
തുടർന്ന് പ്രതി ഒളിവിൽപ്പോയി. മുവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എം. ബൈജുവിന്റെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐമാരായ വിഷ്ണു രാജു, പി സി ജയകുമാർ, സീനിയർ സിപിഓമാരായ മീരാൻ, ബിബിൽ മോഹൻ, കെ എ അനസ് എന്നിവർ ഉണ്ടായിരുന്നു.