ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ്, ജസ്ന File
Crime

ജസ്ന തിരോധാനം: തെളിവുകളുമായി അച്ഛൻ, തുടരന്വേഷണം പരിഗണിക്കും

ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും കേസില്‍ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും പിതാവ് അവകാശപ്പെടുന്നു

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് ഫോട്ടോകൾ അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേല്‍ മുമ്പാകെയാണ് കോടതി നിര്‍ദേശ പ്രകാരം മുദ്ര വെച്ച കവറില്‍ തെളിവുകള്‍ ഹാജരാക്കിയത്. തെളിവുകള്‍ സ്വീകരിച്ച കോടതി സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവിട്ടു. കേസില്‍ തുടരന്വേഷണ ഹർജി കോടതി പരിഗണിക്കും.

സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ പിതാവ് ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ ജസ്നയുടെ പിതാവ് നല്‍കിയ തടസ ഹർജി പരിഗണിക്കവേ കോടതിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.

തുടര്‍ന്ന്, കോടതി ഉത്തരവ് പ്രകാരം ഇന്നലെ മുദ്രവച്ച കവറില്‍ പിതാവ് തെളിവുകള്‍ ഹാജരാക്കുകയാായിരുന്നു. ഇതോടെ, പിതാവ് ജെയിംസ് നല്‍കിയ തെളിവുകള്ളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മില്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്‍റെ കാര്യത്തില്‍ സിജെഎം കോടതി ഉത്തരവിടുക.

പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് സിബിഐ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും കേസില്‍ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും പിതാവ് അവകാശപ്പെടുന്നു. ജെസ്‌നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തെളിവ് കയ്യിലുണ്ടെന്നും കോടതിയില്‍ കൈമാറിയെന്നുമാണ് പിതാവ് പറയുന്നത്.

അതിനിടെ, കേസില്‍ കക്ഷി ചേരണം എന്ന് ആവശ്യപ്പെട്ട് സമൂഹിക പ്രവര്‍ത്തകന്‍ രഘുനാഥന്‍ നായര്‍ നല്‍കി ഹർജിയില്‍ കോടതി വാദം കേട്ടു. അന്വേഷണഘട്ടത്തില്‍ ഇദ്ദേഹത്തിന്‍റെ മൊഴി എടുത്തതായും മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമല്ലെന്നും ആവശ്യമായ തെളിവ് ഇല്ലാത്തതിനാലാണ് ഇയാളെ ഒഴിവാക്കിയതെന്നും കേസ് ഡയറി കോടതിയില്‍ ഹാജരാക്കി സിബിഐ വാദിച്ചു.

സുപ്രീം കോടതിക്ക് സത്യം ബോധ്യമായി: ഷഹീൻ സിദ്ദിഖ്

ചെന്നൈ വിമാനത്താവളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

'ഡൽഹിയിൽ കൃത്രിമ മഴ വേണം'; അനുവാദം തേടി ഡൽഹി സർക്കാർ, മറുപടി നൽകാതെ കേന്ദ്രം

ഓസ്ട്രേലിയൻ പര്യടനം: ഷഫാലിയെ പുറത്താക്കി, മിന്നു മണി ഇന്ത്യൻ ടീമിൽ

എം.എസ്‌. സുബ്ബലക്ഷ്‌മി പുരസ്‌കാരം ടി.എം. കൃഷ്‌ണയ്ക്ക് നൽകുന്നത് തടഞ്ഞ് ഹൈക്കോടതി