കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റിന്‍റെ പേര് വ്യാജമായി ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ് രംഗത്ത്. ഹൈപ്പർ മാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചരണം നടത്തുന്നത്.
ഇതിനു മുമ്പും ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റ് ലിങ്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലുലു ഗ്രൂപ്പിന്‍റെ പേരിൽ ഇല്ലാത്ത സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്കുകൾ അയച്ചാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലുലുവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും തുടർന്ന് സമ്മാനം ലഭിച്ചതായി തെറ്റിധരിപ്പിച്ച് പൂർണമായ അഡ്രസ് നൽകാനും ആവശ്യപ്പെടുന്നു. കൂടാതെ പ്രൊമോഷന്‍ ലിങ്ക് അഞ്ച് വാട്സ് ആപ് ഗ്രൂപ്പുകളിലേക്കോ ഇരുപതുപേർക്കോ അയക്കാൻ ആവശ്യപ്പെടും.
ഐഫോൺ അടക്കമുള്ള സമ്മാനങ്ങൾ മോഹിച്ച് നിരവധി പേരാണ് ഇത്തരത്തിലുള്ള വ്യാജ ലിങ്കുകൾ ഫോർവേഡ് ചെയ്യുന്നത്. ഓൺലൈൻ തട്ടിപ്പിൽ അകപ്പെടാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് ലുലു ഗ്രൂപ്പ് അഭ്യർഥിക്കുന്നത്.