തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ വീട്ടിലെത്തി യുവതിക്കെതിരേ വെടിയുതിർത്ത സംഭവത്തിൽ വനിതാ ഡോക്‌ടർ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളെജിലെ ഡോ. ദീപ്തിമോള്‍ ജോസിനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്രിട്ടിക്കല്‍ കെയര്‍വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെയാണ് ആശുപത്രി പരിസരത്തു നിന്നു കസ്റ്റഡിയിലെടുത്തത്.
ദീപ്തിമോള്‍ ജോസും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സുജീത്തും ദീപ്തിയും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പിന്നീട് പ്രശ്നങ്ങളായി മാറിയത്.
മാസങ്ങളോളം ദീർഘിച്ച തയാറെടുപ്പിനു ശേഷമാണ് തിരക്ക് കുറഞ്ഞ ദിവസംനോക്കി കഴിഞ്ഞ ഞായറാഴ്ച പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചത്.
ആക്രമണത്തിനുപയോഗിച്ച എയർപിസ്റ്റൾ ഓൺലൈനായാണ് വാങ്ങിയത്. പിസ്റ്റൾ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്‍റർനെറ്റിൽ നോക്കി മാസങ്ങൾ പരിശീലനം നടത്തിയിരുന്നു. ഡോക്ടറായതിനാല്‍ ശരീരത്തിലേല്‍ക്കുന്ന പരുക്കിനെക്കുറിച്ചും മരണസാധ്യതയും അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ബന്ധുവിന്‍റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പർ പ്ലറ്റ് ഒട്ടിക്കുകയായിരുന്നു.
സംഭവ ദിവസംതന്നെ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. കൊല്ലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദീപ്തിയെ കസ്റ്റഡിയിലെടുത്തത്.